അണുവു മുതല്‍ ആന വരെയുള്ളവരൊക്കെ ഇളകി നടക്കുന്നതും, പുല്ലുമുതല്‍ ഭുരുഹപര്യന്തം നിലയില്‍ നില്ക്കുന്നതും ആകുന്നു. എന്നു വേണ്ടാ നമ്മുടെ കണ്ണു, മൂക്കു മുതലായ ഇന്ദ്രിയങ്ങളില്‍നിന്നും ബ്രഹ്മം വരെ ഒക്കെയും ചിത്തും, മണ്ണിനു തൊട്ടു മുലാതിരസ്കരണി വരെ കാണപ്പെടുന്നതൊക്കെയും ജഡവും ആകുന്നു. ഈ ഇരുപിരിവുകളിലുമായി സൂത്രത്തില്‍ കോര്‍ത്തിട്ടിരിക്കുന്ന മണികള്‍പോലെ എല്ലാ വകയും അടങ്ങിക്കിടക്കുന്നു. ഈ ഇരുപിരിവുകളിലുമുള്ള പണ്ടങ്ങളെയൊക്കെയും അറിയിക്കുന്നതിനു പുറപ്പെടുന്ന നാമഭേദം ഒന്ന്. ഇവകളില്‍ നിന്നും ആത്മീയമായും ഭൗതികമായും വെളിപ്പെടുന്ന ശബ്ദഭേദം ഒന്ന്. ഇതു രണ്ടും ചെവിയിലും, താനാശ്രയിച്ചിരിക്കുന്ന പണ്ടം ഇന്നതെന്നുള്ള സൂചനയോടുകൂടി വരുന്ന സ്പര്‍ശഭേദം ത്വക്കിലും, സൂര്യന്‍ ചന്ദ്രന്‍ അഗ്നി മുതലായ ജ്യോതിസ്സുകള്‍ എന്നല്ല, ഇവകളെക്കൊണ്ടു ശോഭിക്കുന്ന സകല പദാര്‍ഥങ്ങളെയും ഏന്തിക്കൊണ്ടു നില്‍ക്കുന്ന വര്‍ണ്ണഭേദം കണ്ണിലും മുന്തിരിങ്ങാപ്പഴം മുതലായ രസവര്‍ഗ്ഗങ്ങളെ ഉള്ളില്‍ അടക്കിക്കൊണ്ടു വരുന്ന രസഭേദം നാവിലും, താനിരുന്നിളകി വരുന്നത് ഇന്നതില്‍ നിന്നാണെന്നു ആ ഗന്ധദ്രവ്യത്തെ അറിയിക്കുന്ന തന്ത്രത്തോടു കൂടി വരുന്ന ഗന്ധഭേദം മൂക്കിലുമായി അടങ്ങിയിരുന്നറിയപ്പെടുന്നു എന്നുള്ളത് സ്പഷ്ടമാകുന്നു.

എന്നാല്‍ ഈ ശബ്ദദിവിഷയം അഞ്ചും ശ്രോത്രം മുതലായ ഇന്ദ്രിയങ്ങളില്‍ നിന്ന് അപ്പോഴപ്പോള്‍ തള്ളി വെളിയില്‍ വന്നിരുന്ന് കാണുന്നതോ അതല്ല ഭൗതികമായി വെളിയില്‍നിര്‍ക്കുമ്പോള്‍ അതില്‍ ഇന്ദ്രിയങ്ങള്‍ വന്നു പറ്റി അറിയപ്പെടുന്നു എങ്കില്‍ ഇതൊരു അസംഭവം തന്നെ. എങ്ങനെയെന്നാല്‍ നമ്മാല്‍ കാണപ്പെടുന്ന ഈ കുടം ഉണ്ടായിട്ടിപ്പോള്‍ ഉദ്ദേശം ഒരു വര്‍ഷത്തിലധികമായിരിക്കുമെന്ന് തോന്നുന്നു. എന്നാല്‍ കാണുന്ന ക്ഷണത്തില്‍ ഉദിച്ചു വിളങ്ങിക്കൊണ്ടിരിക്കുന്ന ഈ കുടം കാണുന്നതിനു മുമ്പില്‍ ഇല്ലായിരുന്നു എന്നല്ലാതെ ഉണ്ടായിരുന്നുവെന്നുള്ളത് ശുദ്ധ അസംബന്ധം തന്നെ. അങ്ങനെയല്ല, ന‍ാം കണ്ടില്ല എന്നേ ഉള്ളൂ. കുടം ഉണ്ടായിരുന്നു എങ്കില്‍ ഇത് ഈ കുടത്തില്‍ കാണുന്ന പഴക്കത്തില്‍ നിന്നും തള്ളിവരുന്നതിലൊരു വ്യവഹാരമാണ്.

ഇത് നില്‍ക്കട്ടെ. നമ്മാല്‍ കാണപ്പെടുന്ന കുടം നാമില്ലാത്ത ദിക്കില്‍ ഇല്ലായിരുന്നു എന്നല്ലാതെ ഉണ്ടായിരുന്നു എന്നു പറഞ്ഞു കൂടാ. അതല്ലാ ഉണ്ടായിരുന്നു എങ്കില്‍ അവിടെ അപ്പോള്‍ കണ്ടതിലൊരാളും കൂടി വേണ്ടിയിരിക്കുന്നു. അതെങ്ങനെ, കാണുന്ന ദിക്കില്‍ കണ്ടവനുണ്ടെന്നല്ലാതെ കാണാത്ത ദിക്കില്‍ കണ്ടവനുണ്ടായിരുന്നു എന്നു പറയുന്നത്? അങ്ങനെ കണ്ടവനില്ലാ എങ്കില്‍ കാണപ്പെടുന്നതുമില്ല. അപ്പോള്‍ ഈ കുടം ഇതിനു മുമ്പില്‍ ഇല്ലായിരുന്നുവെന്നും ഇപ്പോള്‍ ഈ ക്ഷണത്തില്‍ ഉദിച്ചു വിളങ്ങുന്നു എന്നും വെളിവാകുന്നു.

ഇങ്ങനെ കുടം തന്നെ ഇല്ലാതിരിക്കുമ്പോള്‍ കുടത്തില്‍ നിന്നും തള്ളിവരുന്ന “ഈ കുടം ഉണ്ടായിട്ട് ഒരു വര്‍ഷത്തിലധികമായിരിക്കുന്നു” അന്നുള്ള വ്യവഹാരം എങ്ങനെ നിലനില്‍ക്കുന്നു? അതല്ലാ ഇന്നപ്പോള്‍ നിര്‍മ്മിതമായ ഇന്നയിന്ന ലക്ഷണങ്ങളോടുകൂടിയ ഒരു കുടം ഇന്ന ദിക്കിലിരിക്കുന്നു എന്നിങ്ങനെ ന‍ാം ഒരു ആപ്തനില്‍ നിന്നു ഗ്രഹിച്ചുകൊണ്ടു വന്ന് ഇതാ ഇപ്പോള്‍ ആ അടയാളങ്ങളോടുകൂടിയ ഈ കുടത്തെ കാണുന്നു, അതുകൊണ്ടാണ് അന്നു തൊട്ടിന്നുവരെയുള്ള അളവെടുത്തു നോക്കിയതില്‍ ഇപ്പോള്‍ ഈ കുടം ഉണ്ടായിട്ട് ഒരു സംവത്സരത്തിലധികമായിരിക്കുന്നു എന്നു പറയുന്നത് എങ്കില്‍ അതും ഈ കുടത്തില്‍നിന്ന് ഇപ്പോള്‍ തള്ളിവരുന്നതല്ലാതെ മേല്‍പ്രകാരം ഇതിനു മുമ്പില്‍ ഇല്ലായിരുന്നു എന്നു തന്നെ പറയ‍ാം.

അതല്ല ന‍ാം തന്നെ പണ്ടൊരിക്കല്‍ കണ്ടിരുന്ന കുടമാണ് ഇത്. അന്നു കണ്ടിട്ടുള്ള അടയാളങ്ങള്‍ എല്ല‍ാം ഇതാ ഇതില്‍ കാണുന്നു. ആ കുടം തന്നെ ഈ കുടം. അതുകൊണ്ടാണ് ഈ കുടം ഉണ്ടായിട്ടിപ്പോള്‍ ഒരു സംവത്സരത്തിലധികമായിരിക്കുന്നു എന്നു പറയുന്നത് എങ്കില്‍ ഇപ്പോള്‍ നമ്മോടുകൂടിയിരിക്കുന്ന ഈ കുടം അപ്പോള്‍ ഇതുപോലെ നമ്മോടുകൂടി ഇരുന്നിരുന്നു എന്നു, ഇടയില്‍ നശിച്ച് ആ ശുദ്ധശൂന്യത്തില്‍ നിന്നും ഇങ്ങനെ നമ്മോടുകൂടി പൊങ്ങിയിരിക്കുന്നു എന്നും വ്യവഹാരം നേരിടുന്നു. അപ്പോള്‍ ന‍ാം ഇല്ലാതിരുന്ന ശൂന്യത്തിന്റെ അപ്പുറമുള്ള കഥയെ ന‍ാം ഇവിടെ പ്രസംഗിക്കുന്നത് ഭ്രമം കൊണ്ടുതന്നെയെന്നു വരുന്നു. അല്ലെങ്കില്‍ നമ്മുടെ പൂര്‍വ്വജന്മത്തിലുള്ള കഥയുടെ ജ്ഞാപകം നമുക്കിപ്പോള്‍ ഉണ്ടായിരിക്കണം അതില്ലല്ലോ. എന്നാല്‍ അതുപോലെ തന്നെ ഇതും ആലോചിച്ചുനോക്കുമ്പോള്‍ അറിയ‍ാം അതല്ല സുഷുപ്തിയില്‍ നിന്നുണര്‍ന്നു വരുമ്പോള്‍ ആ സുഷുപ്തിയുടെ പൂര്‍വ്വാവസ്ഥയിലുള്ള ജ്ഞാപകം ഉണ്ടായിരുക്കുന്നതുപോലെയെങ്കില്‍ അതു വന്ധ്യയുടെ പുത്രന്‍ ഇല്ലെന്നു പറയുമ്പോള്‍ അല്ല അവന്‍ ശശവിഷാണം പോലെ ഉള്ളവനാണെന്നു പറയുന്നതുപോലെ തീരുന്നു.

ഇങ്ങനെ ഒന്നും അല്ലാ എങ്കില്‍ പിന്നെ എങ്ങനെയാണ് ഈ കുടത്തില്‍ ഇപ്രകാരം ഭൂതകാലവ്യവഹാരം നേരിട്ടിരിക്കുന്നത് എന്നു ചോദിച്ചാല്‍ ഈ വര്‍ത്തമാന ക്ഷണത്തില്‍ കുടമുണ്ടായി ഈ വിധത്തിലിരിക്കുന്നതിന് അവകാശം ഇല്ലല്ലോ എന്നുള്ള ഊഹം ഊള്ളില്‍ നിന്നും തള്ളി വെളിയില്‍ വന്ന് കുടത്തില്‍ വീണ് ഇതില്‍ പൂര്‍വ്വകാലീനമായ വ്യവഹാരത്തെ തൊടുത്ത് ഇങ്ങനെ അസംബന്ധമായി വ്യവഹരിക്കുന്നതല്ലാതെ വേറെ ഒന്നുമല്ല. അത് എങ്ങനെയെന്നാല്‍ സ്വപ്നത്തില്‍ ന‍ാം ഒരു വൃക്ഷത്തെ കണ്ടു ചെന്നു അടുത്തു നിന്നുകൊണ്ട് ’ഹാ! ഈ വൃക്ഷമുണ്ടായിട്ട് ഇപ്പോള്‍ ഒരു നൂറു സംവത്സരത്തിലധിക-മായിരിക്കുന്നു’ എന്നു ഉദ്ദേശിക്കുന്നു എങ്കിലും ഇപ്പോള്‍ നോക്കിയാല്‍ ഇന്നലത്തെ സ്വപ്നത്തിലുള്ള വൃക്ഷത്തില്‍ കണ്ട നൂറു സംവത്സരത്തിന്റെ പഴക്കം അസംബന്ധമെന്നും വൃക്ഷം അപ്പോള്‍ സ്വപ്നദൃഷ്ടിയില്‍ നിന്നു വെളിയില്‍ തള്ളിവന്നിരുന്നു കണ്ടതെന്നും സ്വപ്നം ഭൗതികമായി വെളിയിലുണ്ടായിരുന്നതല്ലെന്നു വെളിവാകുന്നു. അതുപോലെ ഈ കുടവും ഇപ്പോള്‍ കണ്ണില്‍ നിന്നു വെളിയില്‍ തള്ളിയിരുന്ന് കാണുന്നതല്ലാതെ ഭൗതികമായി വെളിയിലിരിക്കുന്നതല്ല എന്നു വിശദമാകുന്നു. ഇനി ഇതുപോലെതന്നെ മറ്റുള്ള വിഷയങ്ങളും അതാത് ഇന്ദ്രിയങ്ങളില്‍ നിന്നും അപ്പോഴപ്പോള്‍ വെളിയില്‍ തള്ളിവരുന്നു എന്നുള്ളത് പറയണമെന്നില്ലല്ലോ.

ഹാ! കൊള്ള‍ാം ശരി ഇപ്പോള്‍ ശരീരാദി സകലപ്രപഞ്ചവും ഉള്ളില്‍നിന്നും വെളിയില്‍ തള്ളിവരുന്നു എന്നുള്ളത് നല്ലവണ്ണം അനുഭവമായി. എങ്കിലും ഇതിനും ഒരു സംശയം കൂടിയിരിക്കുന്നു. അതെന്തെന്നാല്‍ തേജോമയ-ങ്ങളായിരിക്കുന്ന ഇന്ദ്രിയങ്ങളില്‍ നിന്ന് തമോമയങ്ങളായ വിഷയങ്ങള്‍ വരുന്നു എങ്കില്‍ ഇതില്‍ സൂര്യങ്കല്‍നിന്നും ഇരുളുപൊങ്ങിവരുന്നു എന്നുള്ള വിരോധം നേരിടുന്നു. അതുകൊണ്ട് അങ്ങനെ പറഞ്ഞുകൂടാ. പിന്നെ ഇന്ദ്രിയങ്ങളോടുകൂടി വരുന്നതിനു വല്ല ന്യായമുണ്ടോ എന്നു നോക്കിയാല്‍ അതും കാണുന്നില്ല. എന്തെന്നാല്‍ അങ്ങനെയെങ്കില്‍ ഇരുളും വെളിവും കൂടി ഒരു ദിക്കിലിരുന്ന് ഒരു സമയം പൊങ്ങിവരുന്നു എന്നു പറയണം. അത് ഒരിക്കലും നടപ്പുള്ളതല്ല.

അയ്യോ, ഇത് എന്തോന്ന് ഇന്ദ്രജാലമാണ് ഈ പ്രപഞ്ചം! വെളിയില്‍ കാണുന്നതുമല്ല ഇന്ദ്രിയങ്ങളില്‍ നിന്നു തള്ളി വരുന്നതുമല്ല, ഇന്ദ്രിയങ്ങളോടുകൂടി വരുന്നതുമല്ല. തിന്നെ എങ്ങനെയാണ് ഇപ്രകാരം നിര്‍ഹേതുകമായി കാണപ്പെടുന്നതെന്നു ചോദിച്ചല്‍ അത് അവിചാരദശയില്‍ കാനല്‍ജലം പോലെ തോന്നുന്നതല്ലാതെ വിചാരിച്ചു നോക്കുമ്പോള്‍ ഇതെല്ല‍ാം ശുദ്ധചിത്തായിത്തന്നെ വിളങ്ങുന്നു. അത് എങ്ങനെയെന്നാല്‍ ഒരു കയറ്റിന്‍കണ്ടത്തില്‍ കല്പിതമായിരിക്കുന്ന നാഗം വെളിച്ചം വരുമ്പോള്‍ അധിഷ്ഠാനമായ കയറ്റില്‍ത്തന്നെ മറയും. അപ്പോള്‍ മുമ്പില്‍ ’ഇത് നാഗം’ എന്നിങ്ങനെ ഇദംവൃത്തിയാല്‍ ഗ്രഹിക്കപ്പെട്ടിരുന്ന കല്പനാനാഗത്തില്‍ നിന്ന് വിട്ട് കണ്ണു ആ കയറ്റില്‍ തന്നെ പറ്റിനിന്ന് വിളങ്ങുന്നതുപോലെ ’അവിചാരദശയില്‍ കാണപ്പെടുന്ന ഈ ശരീരാദി പ്രപഞ്ചം മുഴുവനും ഇപ്രകാരം നിഷ്കാരണമായി അഖണ്ഡചിന്‍മാത്രമായിരുക്കുന്ന ബ്രഹ്മത്തില്‍ ഇരിക്കുന്നതിനു ഒരിക്കലും അവകാശമില്ല’ എന്നിങ്ങനെ ചിന്തിച്ചു ചിന്തിച്ചുണ്ടാകുന്ന ബോധോദയത്തില്‍ ഇതൊക്കെയും അധിഷ്ഠാനമായ ബ്രഹ്മത്തില്‍തന്നെ മറയുന്നു. അപ്പോള്‍ ഇതിമുമ്പില്‍ കണ്ടിരുന്ന കല്‍പിത പ്രപഞ്ചത്തില്‍ നിന്നും വിട്ട്, നിരാധാരമായിരിക്കുന്ന ഇദംവൃത്തി ഊര്‍ദ്ധ്വമുഖിയായി ജീവബോധത്തോടുകൂടെ അഖണ്ഡ-ചിത്തില്‍ ലയിച്ചു ചിത്തുമാത്രമായി വരുന്നു.

പിന്നെയും പൂര്‍വ്വവാസനകള്‍ പെരുത്തു പണ്ടത്തെപ്പോലെ പ്രപഞ്ചം തോന്നും. ഇതും മേല്‍പ്രകാരം ആപാദചൂഡം ചിന്തിച്ചു ചിത്തിലൊടുക്കി ചിത്തായി നില്‍ക്കണം. ഇങ്ങനെ ചെയ്തു ചെയ്തു വരുമ്പോള്‍ അശുദ്ധവാസന ക്ഷയിച്ചു ആധാരമില്ലാതെ ശുദ്ധവാസനയില്‍ തന്‍മാത്രയില്‍തന്നെ അടങ്ങി, ഈ രണ്ടു വാസനകളിലും ബന്ധിച്ചിരുന്ന അഹങ്കാരിയും കെട്ട് പൂര്‍ണ്ണമായി നില്‍ക്കും. ഈ സ്ഥാനം ചിത്തുമല്ല, ജഡവുമല്ല, സത്തുമല്ല, അസത്തുമല്ല. സുഖദുഃഖാദികളായ ദ്വന്ദ്വങ്ങള്‍ ഒന്നുമല്ല. ഇങ്ങനെ അനിര്‍വചനീയമായിരിക്കുന്ന ഇതില്‍നിന്നും സൃഷ്ട്യാദികള്‍ നടന്നും കൊണ്ടിരിക്കുന്നതുതന്നെ അത്യാശ്ചര്യം! ഇതിന്റെ മാഹാത്മ്യം അല്പബോധികളായ ആത്മാക്കള്‍ എന്തറിയുന്നു!

ഹാ ജയ ജയ നടേശ! നടേശ!