ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 28

തത്വവിത്തു മഹാബാഹോ
ഗുണകര്‍മ്മവിഭാഗയോഃ
ഗുണാ ഗുണേഷു വര്‍ത്തന്തേ
ഇതി മത്വാ ന സജ്ജതേ

ശ്ലോകം29

പ്രകൃതേര്‍ഗുണസംമൂഢാ
സജ്ജന്തേ ഗുണ കര്‍മ്മസു
താനകൃത്സ്നവിദോ മന്ദാന്‍
കൃത്സ്നവിന്ന വിചാലയേത്

അര്‍ഥം :
അല്ലയോ മഹാബാഹോ, ഗുണവിഭാഗത്തിനും കര്‍മ്മവിഭാഗത്തിനുമുപരി ആത്മാവിനെ വേര്‍ തിരിച്ചറിയുന്ന ആളാകട്ടെ, ഇന്ദ്രിയഗുണങ്ങള്‍ വിഷയഗുണങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നു മനസ്സിലാക്കി ഞാന്‍ ചെയ്യുന്നു, ഞാന്‍ അനുഭവിക്കുന്നു, എന്നിങ്ങനെ അവയുമായി കൂടിച്ചേര്‍ന്നു കുഴങ്ങുന്നില്ല.

പ്രകൃതിഗുണങ്ങളാല്‍ മോഹിപ്പിക്കപ്പെട്ടിരിക്കുന്നവര്‍ ‘ഞങ്ങള്‍ ഫലത്തിനായി കര്‍മ്മംചെയ്യുന്നു’ എന്നു വിചാരിച്ച് അതില്‍ അഭിമാനിക്കുന്നു. കര്‍മ്മത്തില്‍ സക്തിയുള്ളവരും കര്‍മ്മഫലത്തെ മാത്രം ദര്‍ശിക്കുന്നവരും മന്ദബുദ്ധികളുമായ ആ മൂഢന്‍മാരെ, എല്ലാം അറിയുന്ന ആത്മജ്ഞാനി വല്ലാതെ പിടിച്ചുകുലുക്കരുത്.

ഭാഷ്യം :
അര്‍ജ്ജുന പ്രകൃതിയിലെ ഗുണ വിഭാഗങ്ങളാണ് കര്‍മ്മ വിഭാഗത്തെ നിയന്ത്രിക്കുന്നത്. പ്രകൃതിയുടെ പരിണാമത്തില്‍ നിന്നുടലെടുക്കുന്ന കര്‍മ്മങ്ങള്‍ ജ്ഞാനിയായ ഒരുവനെ ഒരിക്കലും ബാധിക്കുന്നില്ല. അഹംഭാവത്തിന്റെ അര്‍ത്ഥശൂന്യത മനസ്സിലാക്കിയ അവന്‍ ‍അതില്‍ ‍നിന്നു നിശ്ശേഷം മോചിതനാണ്. തൃഷ്ണയില്‍ നിന്നും മോചിതനായ ജ്ഞാനി ഗുണാതീതനും കര്‍മ്മാതീതനുമായി ഉയര്‍ന്നിട്ടു അവന്റെ ശരീരത്തിലിരുന്നു കൊണ്ട് തന്നെ കര്‍മ്മങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. സൂര്യകിരണങ്ങളുടെ പ്രകാശം കൊണ്ടാണ് ലോകം മുന്നോട്ട് നീങ്ങുന്നതെങ്കിലും ലോകത്തിലെ യാതൊരു സംഭവവും സുര്യനെ ബാധിക്കാത്തതുപോലെ മനുഷ്യരൂപത്തില്‍ കാണുന്ന തത്വവിത് (ആത്മാവിനെതിരിച്ചറിയുന്ന ആള്‍) ഒരിക്കലും കര്‍മ്മങ്ങള്‍ ബന്ധിതനാകുന്നില്ല.

പ്രകൃതിയുടെ വശീകരണത്തില്‍ പെടുകയും പ്രകൃതിഗുണങ്ങളാല്‍ മായാമോഹിതരാവുകയും ചെയ്യുന്നവര്‍ കര്‍മ്മത്തിന്റെ ചുഴിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു-. ഇന്ദ്രിയങ്ങള്‍ പ്രകൃതിഗുണങ്ങളുടെ ആകര്‍ഷണത്തില്‍പെട്ട് സജീവമാകുമ്പോള്‍ അവകള്‍ നടത്തുന്ന കര്‍മ്മങ്ങളൊക്കെ ‘ഞാന്‍ നടത്തുന്നു ‘ എന്നു പാമരന്മാര്‍ വിചാരിക്കുന്നു. അങ്ങിനെയുള്ളവരെ ചലിപ്പിക്കാതിരിക്കുവാന്‍ സമ്പൂര്‍ണ്ണജ്ഞാന സമ്പന്നന്‍ മനസ്സിരുത്തണം.