അദ്ധ്യാത്മസഹായം ഏറ്റവും വലിയ സഹായം
സ്വാമി വിവേകാനന്ദന്റെ പ്രസംഗങ്ങളുടെയും ലേഖനങ്ങളുടെയും മറ്റും സംക്ഷിപ്തസംഗ്രഹമായി പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം പ്രസിദ്ധീകരിച്ച വിവേകാനന്ദ സാഹിത്യസംഗ്രഹം എന്ന കൃതിയിലെ കര്‍മ്മരഹസ്യം എന്ന അദ്ധ്യായത്തില്‍ നിന്നും എടുത്ത ഭാഗങ്ങള്‍ താങ്കളുടെ ചിന്തയിലേക്ക് സമര്‍പ്പിക്കുന്നു.
അന്യന്മാരുടെ ശരീരാവശ്യങ്ങളെ നിവര്‍ത്തിച്ചുകൊടുത്ത്, ആ വിധം അവരെ സഹായിക്കുന്നത് വലിയ കാര്യംതന്നെ. എന്നാല്‍, ആവശ്യത്തിന്റെ വലുപ്പവും സഹായത്തിന്റെ ദൂരവ്യാപകത്വവും അനുസരിച്ച് സഹായത്തിന്റെ മഹത്ത്വം കൂടുന്നു. ഒരാളുടെ ആവശ്യങ്ങള്‍ക്ക് ഇരു മണിക്കൂര്‍ നേരത്തേക്ക് പരിഹരിക്കുന്നത് അയാള്‍ക്ക് ഒരു സഹായം തന്നെ; ഒരു സംവത്സരക്കാലത്തേക്ക് പരിഹരിക്കുന്നത് അതിനേക്കാള്‍ വലിയ സഹായം; എന്നെന്നേയ്ക്കുമായി പരിഹരിക്കുവാന്‍ സാധിക്കുന്നപക്ഷം നിശ്ചയമായും അതായിരിക്കും അയാള്‍ക്ക് ചെയ്തു കൊടുക്കാവുന്നതിലേക്കും ഏറ്റവും വലിയ സഹായം.
ദുഖങ്ങളെ ശാശ്വതമായി ഒഴിവാക്കാന്‍ ആത്മജ്ഞാനത്തിനു മാത്രമേ കഴിയൂ; മറ്റേതുതരം ജ്ഞാനവും ആവശ്യങ്ങളെ അല്പനേരത്തേക്കു നിവര്‍ത്തിക്കുകമാത്രം ചെയ്യും. ആത്മ ജ്ഞാനത്തോടുകൂടി മാത്രമേ ആവശ്യങ്ങളെ ജനിപ്പിക്കുന്ന (അവിദ്യാ) ശക്തി പാടേ നശിക്കുന്നുള്ളൂ. അതുകൊണ്ട് ഒരു മനുഷ്യന് ആദ്ധ്യാത്മികമായി ചെയ്യുന്ന സഹായമാകുന്നു ഏറ്റവും വലിയ സഹായം. ആത്മവിദ്യാപ്രദാതാവാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ പരമോപകാരി; അങ്ങനെ മനുഷ്യര്‍ക്ക് ആദ്ധ്യാത്മസഹായം ചെയ്തിട്ടുള്ളവരെയാണ് ഏറ്റവും വലിയ പ്രഭാവശാലികളായി നാം ഏതുകാലത്തും കാണുന്നത്. എന്തെന്നാല്‍ സകല ജീവിതവ്യവഹാരങ്ങളുടെയും യഥാര്‍ത്ഥമായ അടിസ്ഥാനം ആദ്ധ്യാത്മികതയാകുന്നു. ആദ്ധ്യാത്മികമായി ശക്തനും പൂര്‍ണ്ണനും ആയൊരു മനുഷ്യന് മറ്റേതു വിഷയത്തിലും താന്‍ ഇച്ഛിക്കുന്ന പക്ഷം ശക്തനായിത്തീരാം.
ആദ്ധ്യാത്മികമായ ബലമുണ്ടാകുന്നതുവരെ മനുഷ്യന് ശരീരാവശ്യങ്ങള്‍പോലും ശരിയായി നിറവേറ്റാന്‍ കഴിയുന്നതല്ല. ആദ്ധ്യാത്മസഹായം കഴിഞ്ഞാല്‍ പിന്നെ മുഖ്യമായത് ബുദ്ധിപരമായ സഹായമാകുന്നു. ജ്ഞാനദാനം അന്നദാനത്തെക്കാളും വസ്ത്രദാനത്തെക്കാളും വളരെയധികം ശ്രേഷ്ഠമാണ്. അത് ഒരുവന്റെ ജീവന്‍ രക്ഷിക്കുന്നതിനെക്കാളും ശ്രേഷ്ഠമാകുന്നു; കാരണം, മനുഷ്യന്റെ യഥാര്‍ത്ഥ ജീവിതം ജ്ഞാന മൂലകമാണ്. അജ്ഞാനം മരണവും ജ്ഞാനം ജീവിതവുമാകുന്നു. അജ്ഞാനത്തിലും ദുഖത്തിലും കൂടി തപ്പിത്തടഞ്ഞുകൊണ്ടുള്ള ഇരുളടഞ്ഞ ഒരു ജീവിതമാണ് നയിക്കേണ്ടിവരുന്നതെങ്കില്‍ ആ ജീവിതം തീരെ വിലകുറഞ്ഞതാണ്.
ബുദ്ധിപരമായ സഹായം കഴിഞ്ഞാല്‍ കായിക സഹായത്തിനാണ് അടുത്ത സ്ഥാനം. ഇങ്ങനെയിരിക്കെ, പരോപകാരവിഷയത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, കായികസഹായം മാത്രമേ സഹായമായിട്ടുള്ളൂ എന്നുള്ള തെറ്റിദ്ധാരണയുണ്ടാകാതെ നാം സദാസൂക്ഷിക്കണം. ആ സഹായം ഒടുവിലത്തെതാകുന്നു; മാത്രമല്ല ശാശ്വതമായ തൃപ്തിനല്‍കുവാന്‍ കഴിവില്ലാത്തതിനാല്‍ എല്ലാറ്റിലും വച്ച് താഴ്ന്നതുമാകുന്നു. എനിക്ക് വിശന്നാലുണ്ടാകുന്ന വിഷമം ഭക്ഷണം കഴിച്ചാല്‍ തീരും; പക്ഷെ വിശപ്പ് വീണ്ടും ഉണ്ടാകും. മേലില്‍ ആവശ്യങ്ങള്‍ ഒന്നും തോന്നാത്ത വിധം തൃപ്തിയാവുമ്പോഴേ എന്റെ വിഷമതകള്‍ അവസാനിക്കുകയുള്ളൂ. പിന്നീട് വിശപ്പ് എന്നെ വിഷമിപ്പിക്കുകയില്ല; ഒരു കഷ്ടപ്പാടിനും ദുഖത്തിനും എന്നെ ബാധിക്കാനാവില്ല. അതുകൊണ്ട് നമുക്ക് ആത്മബലം ഉണ്ടാവാന്‍ ഉപകരിക്കുന്ന സഹായമാണ് ഏറ്റവും മഹത്തായത്; അത് കഴിഞ്ഞാല്‍ പിന്നെ ബുദ്ധിപരമായ സഹായം, അതിനും താഴെയാണ് ശരീരസംബന്ധമായ സഹായം.
ഇതുവരെ 5 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in





ഓം നമോ വാസുദേവായ
താങ്കളുടെ തുടര്ച്ചേ ആയുള്ള പരിശ്രമങ്ങള്‍ക്ക് വളരെയധികം നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ ചിക്കാഗോവില്‍ നടത്തിയ പ്രസംഗം മലയാള പരിഭാഷയില്‍ ഈ ബ്ലോഗില്‍ അപ്‌ലോഡ് ചെയ്താല്‍ വളരെ നന്നായിരുന്നു.
നന്ദി
ഓം നമോ വാസുദേവായ
വളരെ നന്ദി.
എത്രയും പെട്ടെന്നുതന്നെ ചിക്കാഗോ പ്രസംഗം മലയാളത്തില്‍ ലഭ്യമാക്കാന്‍ ശ്രമിക്കാം.
ചിക്കാഗോ പ്രസംഗങ്ങള്‍ റേഡിയോ ബ്രോട്കാസ്റ്റ് ചെയതത് youtube -ല്‍ ലഭ്യമാണ്. അറിവിലേയ്ക്ക് കൊണ്ട് വരുന്നു. ‘വിവേകാനന്ദ സ്പീച്’, ‘ചികഗോ സ്പീച് വിവേകാനന്ദ ‘ എന്നിങ്ങനെയുള്ള ടാഗുകളില്‍ സേര്‍ച്ച് ചെയ്‌താല്‍ കിട്ടും
പ്രിയപ്പെട്ട ശ്രീ,
വിവേകാനന്ദ സാഹിത്യ സര്‍വസ്വം ഓരോ അധ്യായങ്ങള്‍ പി.ഡി.എഫ് ആയി കിട്ടിയിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. രാമകൃഷ്ണ മഠവുമായി ബന്ധപ്പെട്ടു അത് എല്ലാവര്ക്കും ഓണ്‍ലൈന്‍ വായിക്കാന്‍ സൌകര്യമുണ്ടാക്കാന്‍ ശ്രമിക്കാമോ? ആധ്യല്മിക ഗ്രന്ഥങ്ങള്‍ ഇത്രയും സ്വാംശീകരിച്ച് പറഞ്ഞിരിക്കുന്ന ഒരു വ്യക്തി വേറെ ഇല്ല…. ഇന്നത്തെ തലമുറക്ക് അദ്ദേഹത്തിന്റെ ഓരോ വാക്കുകളും പ്രചോദനം ആകുമെന്നും വിശ്വസിക്കുന്നു…
ഇതിനെകുറിച്ച് തിരുവനന്തപുരത്തെ ശ്രീരാമകൃഷ്ണ ആശ്രമത്തില്‍ അന്വേഷിച്ചിരുന്നു. ഡിജിറ്റല്‍ ഫോമില്‍ ലഭ്യമല്ല. സാഹിത്യ സര്‍വ്വസ്വം പല വാല്യങ്ങളായി 1050 രൂപ വിലയ്ക്ക് പുസ്തകം ആയി ലഭ്യമാണ്. പുറനാട്ടുകര (തൃശ്ശൂര്‍) രാമകൃഷ്ണമഠത്തില്‍ കൂടി സംസാരിച്ചു നോക്കാം, ഇപ്പോള്‍ത്തന്നെ ലഭ്യമാണെങ്കില്‍, അല്ലെങ്കില്‍ ഇനി ലഭ്യമാക്കാന്‍ കഴിയുമെങ്കില്‍ വളരെ നന്നായിരിക്കും.