ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 14

ന മാം കര്‍മ്മാണി ലിമ്പന്തി
ന മേ കര്‍മ്മഫലേ സ്പൃഹാ
ഇതി മാം യോഽഭിജാനാതി
കര്‍മ്മഭിര്‍ന സ ബദ്ധ്യതേ

കര്‍മ്മങ്ങളെന്നും എനിക്ക് ഒരു കളങ്കവും ഉണ്ടാക്കുന്നില്ല; എനിക്ക് കര്‍മ്മഫലത്തില്‍ ആഗ്രഹവുമില്ല. ഇപ്രകാരമുള്ളവനാണു ഞാനെന്ന് യാതൊരുവന്‍ മനസ്സിലാക്കുന്നുവോ അവന്‍ കര്‍മ്മങ്ങളാല്‍ ബദ്ധനായിത്തീരുന്നില്ല.

ശ്ലോകം 15

ഏവം ജ്ഞാത്വാ കൃതം കര്‍മ്മ
പൂര്‍വ്വൈരപി മുമുക്ഷുഭിഃ
കുരു കര്‍മ്മെവ തസ്മാത് ത്വം
പൂര്‍വ്വൈഃ പൂര്‍വ്വതരം കൃതം

ഇപ്രകാരം (അഹങ്കാരം മുതലായവ കൂടാതെ ചെയ്യപ്പെടുന്ന കര്‍മ്മം ബന്ധകരമായി ഭവിക്കുന്നില്ലെന്ന്) അറിഞ്ഞിട്ടും പണ്ടുമുതല്‍ സത്യാന്വേഷികള്‍ കര്‍മ്മം അനുഷ്ഠിച്ചിട്ടുണ്ട്. അതുകൊണ്ട് പൂര്‍വ്വികന്മാര്‍ പണ്ടുചെയ്തുപോന്ന പ്രകാരം നീയും കര്‍മ്മത്തെത്തന്നെ ചെയ്യുക.

ഇപ്രകാരം എല്ലാവിധത്തിലുമുള്ളതായ ജീവിതവ്യവ്യവസ്ഥകളുടെയും ഉല്‍പ്പത്തി എന്നില്‍നിന്നാണെങ്കിലും ഞാന്‍ അതിന്റെ കര്‍ത്താവല്ല. ഇതറിയുന്നവന്‍ എല്ലാബന്ധത്തില്‍ നിന്നും മുക്തനാകും. ഇതറിയാതെ മുന്‍കാലങ്ങളില്‍ പലരും മുക്തിനേടുന്നതിനു വേണ്ടി കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ കര്‍മ്മങ്ങള്‍ക്ക് യാതൊരു ഫലവും സിദ്ധിക്കുകയില്ല. വരണ്ടുണങ്ങിയ വിത്തുകള്‍ വിതച്ചാല്‍ കിളിര്‍ക്കാത്തതുപോലെ ഈകര്‍മ്മങ്ങള്‍ ഫലശൂന്യങ്ങളായി പോകും. ഫലത്തില്‍ ആശവെയ്ക്കാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍കൊണ്ട് ആരും ബന്ധിതരാകുന്നില്ല. അതു മോക്ഷത്തിലേക്കു നയിക്കും. അര്‍ജുനാ,വിവേകിയായ ഒരു സത്യാന്വേഷി കര്‍മ്മത്തേയും അവന്റെ ഇഷ്ടാനിഷ്ടപ്രകാരം വ്യാഖ്യാനിക്കുന്നതു ശരിയല്ല.