ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 9

വീതരാഗഭയക്രോധാഃ
മന്മയാ മാമുപാശ്രിതാഃ
ബഹവോ ജ്ഞാനതപസാ
പൂതാ മദ്ഭാവമാഗതാഃ

രാഗം (ആശ), ഭയം, ക്രോധം എന്നിവയെ പൂര്‍ണ്ണമായി ഉപേക്ഷിച്ചവരും, സദാ മനസ്സിനെ എന്നില്‍ത്തന്നെ വെച്ചിരിക്കുന്നവരും, എല്ലായ്പ്പോഴും എന്നെത്തന്നെ ഉപാസിക്കുന്നവരുമായ വളരെ ആളുകള്‍ ജ്ഞാനം കൊണ്ടും തപസ്സുകൊണ്ടും പരിശുദ്ധന്മാരായി എന്റെ സായൂജ്യത്തെ പ്രാപിച്ചിട്ടുണ്ട്.

ഭൂതവര്‍ത്തമാന കാലങ്ങളെപ്പറ്റി യാതൊരു ആകുലതയും ഇല്ലാത്തവര്‍ രാഗവിമുക്തരാണ്. അവര്‍ ക്രോധത്തിന് അടിപ്പെടുകയില്ല. അവര്‍ ഇന്ദ്രിയവിഷയങ്ങളോട് മമത പുലര്‍ത്തുകയില്ല. അവര്‍ എപ്പോഴും എന്നില്‍ തന്നെ ലീനരായിരിക്കും. എന്നെ സേവിക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ ജീവിക്കുന്നത്. അവര്‍ ആത്മചിന്തനത്തില്‍ മുഴുകിക്കഴിയുന്നു. പരമാത്മജ്ഞാനത്തില്‍ അവര്‍ ആനന്ദം കണ്ടെത്തുന്നു. അവര്‍ പവിത്രമായ കഠിനതപസ്സില്‍നിന്ന് സംജാതമായ മഹത്ത്വത്തിന്റ മിന്നിത്തിളങ്ങുന്ന സങ്കേതങ്ങളാണ്. അവര്‍ അവബോധത്തിന്റെ ആസ്ഥാനങ്ങളാണ്. അവര്‍ പുണ്യപുരുഷന്മാരാണ്. പവിത്രമായ തീര്‍ത്ഥാടനകേന്ദ്രങ്ങളെ അവര്‍ പവിത്രതരമാക്കുന്നു. അങ്ങനെയുള്ളവരും ഞാനും തമ്മില്‍ വ്യത്യാസ്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് അവര്‍ അനായാസേന ഞാനുമായി സാത്മ്യം പ്രാപിക്കുന്നു. ഞങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന യാതൊരു മറകളും ഇല്ല. പിത്തള ക്ളാവു പിടിച്ച് കറുക്കുകയില്ലെങ്കില്‍ കനകത്തെ ആരെങ്കിലും ശ്രദ്ധിക്കുകയോ അതു സമ്പാദിക്കുന്നതിനുവേണ്ടി ശ്രമിക്കുകയോ ചെയ്യുമോ? അതുപോലെ തീവ്രമായ ആത്മീയ സാധനയിലൂടെയും വിശുദ്ധികൈവന്നവര്‍ ജ്ഞാനതപസ്വികളായി ഒടുവില്‍ പരമാത്മസ്വരൂപമായ എന്നില്‍ നിസ്സംശയം എത്തിച്ചേരുന്നു.