ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 1

ഏവം പരമ്പരാപ്രാതം
ഇമം രാജര്‍ഷയോ വിദ്യഃ
സ കാലേനേഹ മഹതാ
യോഗോ നഷ്ടഃ പരന്തപ

ശ്ലോകം 2

സ ഏവായം മയാ തേഽദ്യ
യോഗഃ പ്രോക്തഃ പുരാതനഃ
ഭക്തോഽസി മേ സഖാ ചേതി
രഹസ്യം ഹ്യേതദുത്തമം.

അല്ലയോ പരന്തപ, ഇപ്രകാരം പരമ്പരയായി കിട്ടിക്കൊണ്ടിരുന്ന ഈ കര്‍മ്മയോഗം പല രാജര്‍ഷിമാരും (രാജാക്കന്മാര്‍തന്നെ ഋഷികളായിട്ടുള്ളവര്‍ ) നല്ലതുപോലെഅറിഞ്ഞിരിക്കുന്നു. എന്നാല്‍ ഈ യോഗം കാലം നീണ്ടുപോയതോടെ ലോകത്തിനു നഷ്ടമായിപ്പോയി.

നീ എന്റെ ഭക്തനും സ്നേഹിതനുമായതുകൊണ്ട് പണ്ടുതന്നെ വെളിപ്പെടുത്തിയിട്ടുള്ള ഈ യോഗം ഇപ്പോള്‍ ഞാന്‍ നിനക്ക് ഉപദേശിക്കുകയാണ്. ഇതു രഹസ്യവും ശ്രേഷ്ഠവുമാകുന്നു.
അല്ലയോ അര്‍ജ്ജുനാ, അതേ യോഗം തന്നെയാണ് നിനക്കു ഞാന്‍ ഇപ്പോള്‍ ഉപദേശിക്കുന്നത്. അതേപ്പറ്റി നീ അശേഷം സംശയിക്കേണ്ട. ഈ കര്‍മ്മയോഗം എന്റെ അത്യഗാധമായ ജീവിതരഹസ്യമാണ്. എന്നിട്ടും നീ എനിക്ക് ഏറ്റവും പ്രിയങ്കരനായതുകൊണ്ടുമാത്രം ഇതു നിന്നില്‍നിന്നും രഹസ്യമായി വെയ്ക്കുന്നില്ല.

അല്ലയോ പരന്തപ! ( ശത്രുക്കളെ തപിപ്പികുന്നവനേ!) പിന്നീട് പല രാജര്‍ഷിമാരും കര്‍മ്മയോഗം അഭ്യസിക്കുകയും അതില്‍ നിപുണരാവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇതെപ്പറ്റി അറിവുള്ളവരാരും ഇല്ല. മനുഷ്യന്‍ തന്റെ ശരീരത്തിലും ഇന്ദിയസുഖാനുഭവത്തിലും കൂടുതല്‍ അസക്തനായിരിക്കുന്നതുകൊണ്ട്, ആത്മജ്ഞാനത്തെ അവര്‍ വിസ്മരിക്കുന്നു. ഇന്ദിയസുഖങ്ങളാണ് ആനന്ദത്തിന്റെ പാരമ്യത്തിലെത്തിക്കുന്ന ഉപാധിയെന്നു കരുതുന്ന അവന് ആത്മവിശ്വാസംതന്നെ നശിച്ചിരിക്കുന്നു. ഐഹികജീവിതമാണ് ഏറ്റവും വിലപ്പെട്ടതെന്ന് അവന്‍ വിശ്വസിക്കുന്നു. ദിഗംബരരായ മുനിമാര്‍ വസിക്കുന്ന ഗ്രാമത്തില്‍ ആരാണു പട്ടു വസ്ത്രം അണിയാന്‍ ആഗ്രഹിക്കുന്നത്? അന്ധനായി ജനിച്ച ഒരുവന് സൂരായന്റെ വില അറിയാന്‍കഴിയുമോ? ബധിരരായ ഒരു കൂട്ടം ആളുകളുടെ ഇടയില്‍ സംഗീതത്തെ അഭിനന്ദിക്കുന്നത്? അപ്രകാരം ആത്മീയദര്‍ശനത്തെക്കുറിച്ച് അജ്ഞരും സംസാരബന്ധത്തില്‍നിന്ന് വിമുക്തരായി ആത്മീയജീവിതം നയിക്കണമെന്ന് ആഗ്രഹമില്ലാത്തവരും, അജ്ഞാനന്ധകാരത്തില്‍ വട്ടം കറങ്ങുന്നവരുമായ ആത്മാക്കള്‍ക്ക് എന്റെ ദിവ്യഭാവത്തിന്റെ ദര്‍ശനം എങ്ങനെയാണ് സിദ്ധിക്കുന്നത്? എങ്ങനെയാണ് ഈ മോഹജാലം വൃദ്ധി പ്രാപിച്ചതെന്നറിഞ്ഞുകൂടാ. ഇ യോഗമാകട്ടെ ലോകത്തില്‍നിന്ന് അപ്രത്യക്ഷമായിട്ട് ഇപ്പോള്‍ കാലം ഏറെ കഴിഞ്ഞു.

അല്ലയോ ധനുര്‍ദ്ധരാ! നീ സ്നേഹത്തിന്റെ മൂര്‍ത്തീഭാവമാണ്; ഇശ്വരഭക്തിയുടെ ജീവനാഡിയാണ്; സൗഹൃദത്തിന്റെ സ്രോതസ്സാണ്; വിശ്വാസ്യതയുടെ അസ്തിവാരമാണ്. അപ്രകാരമുള്ള നിന്നില്‍ നിന്ന് ഞാന്‍ എന്തെങ്കിലും ഒളിച്ചുവെയ്ക്കുന്നതു ശരിയാണോ? അതുകൊണ്ട് നാം ഒരു വലിയയുദ്ധത്തെ അഭിമുഖീകരിച്ചു നില്കുകയാണെങ്കിലും അതെല്ലാം അല്പ്പനേരം മാറ്റിവച്ചിട്ട് നിന്റെ അജ്ഞതയ്ക്ക് ഞാന്‍ അറുതിവരുത്തുന്നതാണ്. ശല്യത്തെ വകവയ്ക്കാതെ.