ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 7
യസ്ത്വിന്ദ്രിയാണി മനസാ
നിയമ്യാരഭതെ ഽ ര്‍ജ്ജുനാ
കര്‍മ്മേന്ദ്രിയൈഃ കര്‍മ്മയോഗം
അസക്തഃ സ വിശിഷ്യതേ
അര്‍ഥം :
അല്ലയോ അര്‍ജ്ജുനാ, ഏതൊരാളാണോ മനസ്സ് കൊണ്ട് ഇന്ദ്രിയങ്ങളെ അടക്കി ഞാന്‍ , എന്റെത് എന്ന ഭാവമുപേക്ഷിച്ചു കര്‍മ്മഫലങ്ങളില്‍ ആസക്തി കൂടാതെ കര്‍മ്മേന്ദ്രിയങ്ങള്‍ കൊണ്ട് സ്വധര്‍മ്മം അനുഷ്ഠിക്കുന്നത് അവന്‍ വിശിഷ്ടനായിത്തീരുന്നു.
ഭാഷ്യം :
അങ്ങിനെയുള്ളവന്‍ ആഗ്രഹങ്ങള്‍ കൈവെടിഞ്ഞവനായിരിക്കും അവന്റെ മനസ്സ് എപ്പോഴും പരബ്രഹ്മത്തില്‍ ലീനമയിരിക്കും. എന്നാല്‍ അവന്റെ ബാഹ്യമായ പെരുമാറ്റം ഒരു സാധാരണക്കാരനെ പോലെ ആയിരിക്കും. അവന്‍ ഒരിക്കലും ഇന്ദ്രിയങ്ങളെ ഭയപ്പെടാത്തത് കൊണ്ട് അതിന്റെ വിഷയങ്ങളില്‍ നിന്നും തടഞ്ഞു വയ്ക്കുന്നില്ല. ധര്‍മ്മാനുസാരമായ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ നിന്നും അവന്‍ ഒരിക്കലും ഒഴിഞ്ഞു മാറുന്നില്ല. അവന്റെ കര്‍മ്മേന്ദ്രിയങ്ങളുടെ വസനകളോ പ്രവര്‍ത്തനങ്ങളോഅവന്‍ അമര്‍ത്തി വെയ്ക്കുകയില്ല. അതേ സമയം അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങള്‍ അവന്റെ മനസ്സിനെ ലേശം പോലും അമര്‍ത്തി വയ്ക്കുന്നതിനു അനുവദിക്കുകയുമില്ല. കാമോന്മാദത്തി്‍ന്റെ മാലിന്യം ഒരിക്കലും അവനെ പങ്കിലമാക്കുകയില്ല. വെള്ളത്തിനു മീതെ പൊങ്ങി കിടക്കുന്നതാമരയിലയില്‍ വെളളം പറ്റാത്തതു പോലെ, ഐഹിക ജീവിതത്തിന്റെ കുരുക്കില്‍ പെട്ട് കിടക്കുമ്പോഴും അവന് അകളങ്കിതമായിരിക്കും. അവന്‍ സംസാര ജീവിയായത് കൊണ്ടു ബാഹ്യമായ ഒരു സാധാരണ മനുഷ്യനെ പോലെ കാണപ്പെടുന്നു. എന്നാല്‍ അവന്റെ യഥാര്‍ത്ഥ മനോഭാവം മനസ്സിലാക്കുന്നതില്‍ ആരും വിജയിക്കുന്നില്ല. ഇപ്രകാരമുള്ള ലക്ഷണമുള്ള ആളെ കാണുകയാണെങ്കില്‍ അയാള്‍ മുക്തനാണെന്ന് അറിയുക. ഇപ്രകാരം കൈവല്യം നേടിയ ഒരാള്‍ വിശിഷ്ടനായ യോഗിയാകുന്നു. അതുകൊണ്ട് ഞാന്‍ നിന്നോട് പറയുകയാണ് നീയും അതുപോലെ ഒരു യോഗിയായിത്തീരണമെന്ന് ആത്മനിയന്ത്രണം പാലിച്ച് സ്ഥിരബുദ്ധിയായിത്തീരുക. കര്‍മ്മേന്ദ്രിയങ്ങള്‍അതിന്റെ വിഷയങ്ങളില്‍ സഹര്‍ഷം വ്യാപരിച്ചു കൊള്ളട്ടെ.