ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 25

ദൈവമേവാപരേ യജ്ഞം
യോഗിനഃ പര്യുപാസതേ
ബ്രഹ്മാഗ്നാവപരേ യജ്ഞം
യജ്‍ഞേനൈവോപജുഹ്വതി.

ചില കര്‍മ്മയോഗികള്‍ ഇന്ദ്രാദി ദേവസങ്കല്പങ്ങള്‍ക്കുതന്നെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള യാഗാദി കര്‍മ്മങ്ങള്‍ ചെയ്യുന്നു. മറ്റുചില ജ്ഞാനയോഗികള്‍ ബ്രഹ്മാര്‍പ്പണം തുടങ്ങിയ യജ്ഞോപായത്താല്‍ ജീവാത്മാവിന് ബ്രഹ്മരൂപമായിരിക്കുന്ന അഗ്നിയില്‍ ഹോമം ചെയ്യുന്നു.

ഇപ്രകാരം ഒരുവന്‍ കര്‍മ്മയോഗത്തിനു മുന്‍തൂക്കം നല്‍കി ചെയ്യുന്ന യജ്ഞത്തിന് ദൈവയജ്ഞം എന്നു പറയുന്നു. അവന്‍ അതുവഴി ആത്മാനന്ദം തേടുന്നു. തന്റെ ശരീരം പൂര്‍വ്വകര്‍മ്മങ്ങളെ ആധാരമാക്കിയാണ് സംരക്ഷിക്കപ്പെടുന്നതെന്ന് പൂര്‍ണ്ണബോദ്ധ്യമുള്ള ഒരുവന്‍ ആ ശരീരത്ത പുഷ്ടിപ്പെടുത്തുന്നതിനെപ്പറ്റി ചിന്തിക്കാറില്ല. അങ്ങനെയുളളവന്‍ മഹായോഗി എന്നറിയപ്പെടുന്നു. ചിലര്‍ ബ്രഹ്മരൂപമായി യാഗാഗ്നിയെ ജ്വലിച്ചിട്ട് യജ്ഞത്തെത്തന്നെ (ആത്മാവിനെ) ഹോമദ്രവ്യമായി സങ്കല്പിച്ച് അതില്‍ ആഹുതി ചെയ്യുന്നു.

[24,25 എന്നീ ശ്ലോകങ്ങള്‍ കൊണ്ട് ബ്രഹ്മജ്ഞാനികള്‍ ചെയ്യുന്ന യജ്ഞാനത്തെ വിവരിച്ച ശേഷം ബ്രഹ്‍മജ്ഞാനികളല്ലാത്ത നൈഷ്ഠിക ബ്രഹ്മചാരികളും ഗൃഹസ്ഥാശ്രമികളുമായവര്‍ മോക്ഷച്ഛയോടെ ചെയ്യുന്ന യജ്ഞാദികളെപ്പറ്റി പറയുന്നു.]