ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 40
അജ്ഞശ്ചാശ്രദ്ധധാനശ്ച
സംശയാത്മാ വിനശൃതി
നായം ലോകോഽസ്മി ന പരോ
ന സുഖം സംശയാത്മനഃ
ആത്മാവിനെ അറിയാത്തവനും (അജ്ഞന്‍) ഗുരുപദേശത്തില്‍ അശ്രദ്ധനും സംശയാലുവും നശിക്കുന്നു. സംശയാത്മാവിന് ഈ ലോകമില്ല, പരലോകമില്ല, സുഖവുമില്ല.
ജ്ഞാനസമ്പാദനത്തിന് താത്പര്യമില്ലാത്ത ഒരുവന്റെ ജീവിതം നിരര്‍ത്ഥകമാണ്. മരണമാണ് ഇത്തരത്തിലുള്ള ജീവിതത്തേക്കാള്‍ ഭേദം. ജ്ഞാനമില്ലാത്ത ഒരുവന്റെ ജീവിതം അവിവേകത്തിലും അവിദ്യയിലും വേരൂന്നി നില്‍ക്കുന്നു. ആളൊഴിഞ്ഞ വീടുപേലെയോ, ജീവനില്ലാത്ത ശരീരം പോലെയോ അത് നിഷ്പ്രയോജനമാണ്. ഒരുവന്‍ ജ്ഞാനം യഥാര്‍ത്ഥത്തില്‍ സമ്പാദിച്ചിട്ടില്ലെങ്കില്‍പോലും അത് വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, അവന് അത് സാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ വേണമെന്ന് ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല, അതില്‍ അല്പമായ താത്പര്യംപോലുമില്ലാത്തവന്‍ സംശയത്തിന്റെ തീച്ചൂളയില്‍ പതിച്ചിരിക്കുകയാണ്. അമൃത് ആസ്വദിക്കുന്നതിനുപകരം വെറുക്കുന്ന ഒരുവന്റെ മരണം ആസന്നമാണെന്നറിയുക. അതുപോലെ ജ്ഞാനത്തോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും ഇന്ദ്രിയസുഖങ്ങളില്‍ മുഴുകിക്കഴിയുകയും ചെയ്യുന്ന ഒരുവന് വികല്പം ബാധിച്ചിരിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അപ്രകാരം സംശയാത്മാവായ ഒരുവന്റെ ജീവിതം അധഃപതിക്കുകയും അവന് ഇഹത്തിലും പരത്തിലും ഒരുപോലെ ആനന്ദം നഷ്ടപ്പെടുകയും ചെയ്യും. സന്നിപാതജ്വരം ബാധിച്ച ഒരുവന് ചൂടും തണുപ്പും തിരിച്ചറിയാന്‍ കഴിയാത്തതുപോലെ, സംശയാലുവിന് സത്യവും അസത്യവും, നന്മയും തിന്മയും, ഗുണവും ദോഷവും തമ്മിലുള്ള അന്തരം തിരിച്ചറിയുവാന്‍ കഴിയുന്നില്ല. അന്ധനായി ജനിച്ച ഒരുവന്‍ പകലും രാത്രിയും അറിയാത്തതുപോലെ സംശയഗ്രസ്തനായ ഒരുവന്‍ ഒന്നുംതന്നെ മനസ്സിലാക്കുന്നില്ല. അവന് എല്ലാം നഷ്ടപ്പെടുന്നു.