ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 23
ശക്നോതീഹൈവ യഃ സോഢും
പ്രാക് ശരീരവിമോക്ഷണാത്
കാമക്രോധോദ്ഭവം വേഗം
സ യുക്തഃ സ സുഖീ നരഃ
ദേഹം ത്യജിക്കാനിടവരുത്തുന്നതിനുമുമ്പ് ഈ ജീവിതത്തില്‍ത്തന്നെ, കാമം ക്രോധം എന്നിവയില്‍നിന്നുണ്ടാകുന്ന മനക്ഷോഭത്തെ നിയന്ത്രിക്കാന്‍ ശക്തനായിത്തീരുന്നത് ആരാണോ, അവന്‍ ആത്മാനുഭവത്തിനു പാത്രമായിത്തീരുന്നു. അവന്‍ മനസമാധാനമുള്ള യോഗിയും യഥാര്‍ത്ഥ സുഖം കണ്ടെത്തിയവനുമാകുന്നു.
ശരീരത്തിന്റെ എല്ലാ ദോഷങ്ങളേയും നിയന്ത്രിച്ച് ദേഹബുദ്ധി ഇല്ലാതായിത്തീര്‍ന്ന ജ്ഞാനികള്‍ക്ക് ഇന്ദ്രിയവിഷയങ്ങളില്‍ നിന്നുളവാകുന്ന ക്ലേശങ്ങളെപ്പറ്റി യാതൊരുധാരണയുമില്ല. അവര്‍ ഇന്ദ്രിയവിഷയങ്ങളെപ്പറ്റി സംസാരിക്കുകപോലും ചെയ്യുകയില്ല. ആന്തരികമായി അനശ്വരമായ ആത്മാനന്ദം അനുഭവിക്കുന്നവരായതുകൊണ്ട് ബാഹ്യമായ വിഷയങ്ങളെപ്പറ്റി അവര്‍ അബോധവാന്മാരാണ്. അവര്‍ ആനന്ദം അനുഭവിക്കുന്നത് ഒരു പക്ഷി പഴം കൊത്തിത്തിന്നുമ്പോള്‍ പക്ഷി, പഴം, അതു തിന്നുന്നതിലുള്ള സംതൃപ്തി എന്നീ മൂന്നു വ്യത്യസ്ത ഘടകങ്ങളുള്ളതായി കാണാം. എന്നാല്‍ ഒരു യോഗി ആത്മാനന്ദം ആസ്വദിക്കുമ്പോള്‍ താന്‍ ആസ്വാദകനാണെന്നുള്ള കാര്യംപോലും വിസ്മരിക്കുന്നു. യോഗിയുടെ അപ്പോഴത്തെ ചിത്തനില അഹംഭാവത്തിന്റെ ആവരണത്തെ ചീന്തിക്കളയുകയും അദ്ദേഹം ആനന്ദത്തെ കൈകളിലൊതുക്കി ഗാഢമായി ആശ്ലേഷിക്കുകയും ചെയ്യുന്നു. അപ്പോള്‍ ഒരു നീരൊഴുക്കു മറ്റൊരു നീര്‍ച്ചാലിനോടു യോജിച്ച് ഒന്നാകുന്നതുപോലെ, യോഗിയുടെ ആത്മാവ് നൈസര്‍ഗ്ഗികമായി പരമാത്മാവിനോടു യോജിച്ച് ഏകമാകുന്നു. ആകാശത്തുനിന്ന് വായു അപ്രത്യക്ഷമാകുമ്പോള്‍ ആകശത്തിന്‍റേയും വായുവിന്‍റേയും വ്യത്യസ്തമായ നിലപാട് അവസാനിക്കുന്നു. അതുപോലെ യോഗിയുടെ ആത്മാവ് പരമാത്മാവിനോട് യോജിച്ച് ഐക്യം പ്രാപിക്കുമ്പോള്‍ ആനന്ദം മാത്രം അവശേഷിക്കുന്നു. എല്ലാ ദ്വന്ദ്വഭാവങ്ങളും ഇല്ലാതാകുന്നു. ഏകത്വം മാത്രം നിലനില്‍ക്കുമ്പോള്‍ അതിനെ വീക്ഷിക്കാന്‍ ഒരു സാക്ഷിപോലുമില്ല.