ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 27

പ്രശാന്തമനസം ഹ്യേനം
യോഗിനം സുഖമുത്തമം
ഉപൈതി ശാന്തരജസം
ബ്രഹ്മഭൂതമകല്മഷം

രാഗാദി ക്ലേശവിഷയങ്ങള്‍ അറ്റിരിക്കുന്നവനും വളരെ ശാന്തമായ മനസ്സോടുകൂടിയവനും സകലവും ബ്രഹ്മം തന്നെയെന്നുള്ള നിശ്ചയത്തോടുകൂടിയവനും ജീവന്മുക്തനും പാപരഹിതനുമായ ഈ യോഗിയെ ഉത്തമമായ സമാധിസുഖം താനേ പ്രാപിക്കുന്നു.

ഇപ്രകാരം മനസ്സ് സുസ്ഥിരമായിക്കഴിയുമ്പോള്‍ കാലതാമസം കൂടാതെ അത് പരമാത്മാവിന്റെ സമീപം എത്തുന്നു. സത്യമായ പരബ്രഹ്മദര്‍ശനത്തോടെ മനസ്സ് അതുമായി ഐക്യം പ്രാപിക്കുന്നു. മനസ്സിന്റെ ദ്വൈതഭാവം അദ്വൈതഭാവത്തില്‍ നിമഗ്നമാകുന്നു. അപ്പോള്‍ ത്രൈലോക്യങ്ങളും പ്രസ്തുത ഐക്യത്തിന്റെ തേജസ്സില്‍ ശോഭനമായിത്തീരുന്നു. ആകാശത്തില്‍ നിന്നു ഭിന്നമെന്നുതോന്നിയിരുന്ന കാര്‍മേഘങ്ങള്‍ ആകാശത്തില്‍ അലിഞ്ഞുചേരുമ്പോള്‍ വാനം വിശ്വമൊട്ടാകെ വ്യാപരിച്ചുകിടക്കുന്നതായി കാണപ്പെടുന്നതുപോലെ, മനസ്സ് ആത്മാവില്‍ നിമഗ്നമാകുമ്പോള്‍ ആത്മാവിന്റെ സമ്പൂര്‍ണ്ണ ചൈതന്യം പാരിലൊട്ടാകെ പരക്കുന്നു. ഈ വിധത്തില്‍ ആത്മസാക്ഷാല്‍ക്കാരം സുലഭമായി സമ്പാദിക്കാവുന്നതാണ്.