ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 28
യുഞ്ജന്നേവം സദാത്മാനം
യോഗീ വിഗതകല്മഷഃ
സുഖേന ബ്രഹ്മസംസ്പര്‍ശം
അത്യന്തം സുഖമശ്നുതേ
ഇപ്രകാരം യോഗത്തിനു പ്രതിബന്ധമായി ഭവിക്കുന്ന രാഗദ്വേഷാദികള്‍ കൂടാതെ എപ്പോഴും മനസ്സിനെ സ്വാധീനമാക്കിക്കൊണ്ടു പാപരഹിതനായ യോഗി അനായാസേന ബ്രഹ്മസാക്ഷാല്‍ക്കാരമായ ഉര്‍ക്കൃഷ്ടസുഖം അനുഭവിക്കുന്നു.(ജീവന്മുക്തനായി ഭവിക്കുന്നുവെന്നര്‍ത്ഥം)
പലരും യോഗത്തിന്റെ ഈ വിധത്തിലുള്ള ക്രമീകരണസമ്പ്രദായം സ്വീകരിച്ചും അഭീഷ്ഠങ്ങളെയെല്ലാം പരിത്യജിച്ചും ആത്മസാക്ഷാല്‍ക്കാരവും പരബ്രഹ്മവുമായി ഐക്യവും കൈവരിട്ടിട്ടുണ്ട്. ബ്രഹ്മവുമായി ഒന്നുചേര്‍ന്ന് കഴിഞ്ഞ ദേഹിയായ ആത്മാവിന് ജലത്തില്‍ അലിഞ്ഞുചേര്‍ന്ന ലവണത്തെ അതില്‍നിന്നു വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തതുപോലെയുള്ള സ്ഥിതിയാണുള്ളത്. ഹര്‍ഷത്തിന്റെ അകമ്പടിയോടെ പരബ്രഹ്മത്തിന്റെ അകത്തളത്തില്‍എത്തിച്ചേരുന്ന മനസ്സ് അവിടെത്തന്നെ ആമോദത്തോടെ വസിക്കുന്നു. പ്രപഞ്ചം മുഴുവനും തന്നെ അദ്വൈതത്തിന്റെ ശ്രീകോവിലാണെന്നും എല്ലാവരും മഹാനന്ദത്തിന്റെ ദീപാവലിയാഘോഷങ്ങള്‍ കൊണ്ടാടുന്നുവെന്നും ഉള്ള അനുഭവം യോഗിക്കുണ്ടാകുന്നു. പക്ഷേ, ഈ വഴിയും പിന്തുടരാന്‍ പ്രയാസമാണെന്നു തോന്നുന്നുവെങ്കില്‍ ഞാന്‍ മറ്റൊരു വഴികൂടി പറയാം ശ്രദ്ധിക്കുക.