ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 16
ചതുര്‍വിധാ ഭജന്തേ മാം
ജനാഃ സുകൃതിനോര്‍ജ്ജുന
ആര്‍ത്തോ ജിജ്ഞാസുരര്‍ത്ഥാര്‍ത്ഥീ
ജ്ഞാനീ ച ഭരതര്‍ഷഭ.

ശ്ലോകം 17
തേഷാം ജ്ഞാനീ നിത്യയുക്ത
ഏകഭക്തിര്‍ വിശിഷ്യതേ
പ്രിയോ ഹി ജ്ഞാനിനോ ത്യര്‍ത്ഥ-
മഹം സ ച മമ പ്രിയ.

അല്ലയോ ഭരതശ്രേഷ്ഠനായ അര്‍ജ്ജുനാ ആര്‍ത്തന്‍ , ജിജ്ഞാസു, അര്‍ത്ഥാര്‍ത്ഥി, ജ്ഞാനി എന്നിങ്ങനെ നാലുവിധത്തില്‍ പുണ്യശാലികളായ ജനങ്ങള്‍ എന്നെ ഭജിക്കുന്നു. അവരില്‍വെച്ച് സദാ എന്നില്‍തന്നെ നിഷ്ഠയോടും എന്നില്‍ മാത്രം ഭക്തിയോടും കൂടിയിരിക്കുന്ന ജ്ഞാനി ശ്രേഷ്ഠനാകുന്നു. എന്തെന്നാല്‍ ആ ജ്ഞാനിക്കു ഞാന്‍ ഏറ്റവും പ്രിയമുള്ളവനാകുന്നു. എനിക്ക് അവനും പ്രിയമുള്ളവനാകുന്നു.

എന്റെ ഭക്തന്മാരില്‍ നാലുകൂട്ടര്‍ മാത്രമേ എന്നെ ആശ്രയിച്ച് ജീവിതലക്ഷ്യത്തെ പ്രാപിക്കുന്നവരായിട്ടുള്ളു. അവരില്‍ ഒന്നാമത്തെ കൂട്ടര്‍ രോഗാദികളെക്കെണ്ടു പീഡിതരായവരാണ്. രണ്ടാമത്തെ കൂട്ടര്‍ ആത്മജ്ഞാനത്തെ പ്രാപിപ്പാന്‍ ഇച്ഛിക്കുന്നവരാണ്. മൂന്നാമത്തെ കൂട്ടര്‍ ഇഹത്തിലും പരത്തിലും ഭോഗസാധനാവിഷയങ്ങള്‍ ഇച്ഛിക്കുന്നവരാണ്. നാലാമത്തെ കൂട്ടര്‍ ആത്മാവിനെ അറിയുന്ന ബ്രഹ്മജ്ഞാനികളാണ്.

ഇവരില്‍ ജ്ഞാനിക്ക് ഒരാഗ്രഹവും അവശേഷിക്കുന്നില്ല. തന്മൂലം അവന്‍ മാത്രമാണ് എന്റെ യഥാര്‍‍ത്ഥഭക്തന്‍. അവന്‍ വിജ്ഞാനത്തിന്റെ പ്രകാശംകൊണ്ട് വിവേചനംമൂലമുണ്ടാകുന്ന അജ്ഞതയെ അകറ്റുകയും എന്റെ ദിവ്യമായ അസ്തിത്വത്തില്‍ അലിഞ്ഞുചേരുകയും ചെയ്യുന്നു. എന്നിരുന്നാലും അവന്‍ എന്റെ ഭക്തനായിതന്നെ തുടരുന്നു. പളുങ്ക് ചിലപ്പോള്‍ സാധാരണ കാഴ്ചയ്ക്ക് ജലമായി തോന്നാം. ജ്ഞാനിയും അതുപോലെയാണ്. വായു നിശ്ചലമായി നില്‍ക്കുമ്പോള്‍ അത് ആകാശത്തിന്റെ ഭാഗമാണെന്നല്ലാതെ വേറിട്ടു നില്‍ക്കുന്നതായി തോന്നുകയില്ല. എന്നാല്‍ വായു ചലിക്കുമ്പോള്‍ അതിന് പ്രത്യേകമായ ഒരു നിലനില്‍പ്പുണ്ടെന്നു തോന്നും. അതുപോലെ ശാരീരികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ജ്ഞാനി ഒരു ഭക്തനെപ്പോലെ കാണപ്പെടുമെങ്കിലും മാനസികമായി അവന്‍ ഞാനുമായി ഐക്യം പ്രാപിച്ചിരിക്കുകയാണ്. വിജ്ഞാനോദയത്താല്‍ ഞാന്‍ അവന്റെ ആത്മാവാണെന്നുള്ള അറിവ് അവനു ലഭിച്ചിരിക്കുന്നു. ഞാനും സന്തോഷത്തോടെ അവനെ ആത്മാവായി കരുതുന്നു. പരിച്ഛിന്നമായ ജീവിതത്തിന് അതീതമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ഒരുവന്‍ ഈ ജീവിതത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അവന്‍ ഒരു പ്രത്യേക ശരീരത്തോടുകൂടിയവനാണെങ്കില്‍പോലും അവന് എന്നില്‍ നിന്നു വേറിട്ടു നില്‍ക്കാന്‍ കഴിയുമോ?