ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 7

തസ്മാത് സര്‍വ്വേഷു കാലേഷു
മാമനുസ്മര യുദ്ധ്യ ച
മയ്യര്‍പ്പിതമനോബുദ്ധിഃ
മാമേവൈഷ്യസ്യസംശയഃ

അതിനാല്‍ എല്ലാകാലത്തിലും എന്നെ സ്മരിച്ചാലും. യുദ്ധവും ചെയ്യുക. എന്നില്‍ മനോബുദ്ധികളെ അര്‍പ്പിച്ച നീ എന്നെത്തന്നെ പ്രാപിക്കും. ഈ കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ആകയാല്‍ അര്‍ജ്ജുന, നീ എല്ലായ്പോഴും എന്നെപ്പറ്റി ചിന്തിക്കണം. നിന്റെ കണ്ണുകള്‍ക്കു ഗോചരമാകുന്ന എല്ലാറ്റിന്റേയും, നിന്റെ കാതുകള്‍ ശ്രവിക്കുന്ന എല്ലാ ശബ്ദത്തിന്റെയും, നിന്റെ കാതുകള്‍ ശ്രവിക്കുന്ന എല്ലാ ശബ്ദത്തിന്റെയും, നിന്റെ മനസ്സില്‍ ചിന്തിക്കുന്ന സര്‍വ്വത്തിന്റോയും, നിന്റെ നാവുകൊണ്ടു സംസാരിക്കുന്ന സകലത്തിന്റേയും, അകത്തും പുറത്തുമുള്ള വിഷയം ഞാന്‍ തന്നെയാണ്. എല്ലാറ്റിലും എല്ലാക്കാലത്തും ഞാന്‍ അധിവസിക്കുന്നു. ഈ വസ്തുത മനസ്സിലാക്കിയാല്‍ നിനക്കു ഞാനുമായി സാത്മ്യം പ്രാപിക്കാന്‍ കഴിയും. ഇപ്രകാരം സംഭവിക്കുമ്പോള്‍ , ഈ ശരീരം ഉപേക്ഷിക്കുന്ന അവസരത്തിലും, നിനക്കു മരണത്തെ ഭയപ്പെടേണ്ടതില്ല. അപ്പോള്‍ പിന്നെ യുദ്ധത്തില്‍ മരിക്കുമെന്നുള്ള ഭീതിക്കു സ്ഥാനമെവിടെ? നിന്റെ മനസ്സും ബുദ്ധിയും യഥാര്‍ത്ഥത്തില്‍ എനിക്ക് അര്‍പ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ നീ എന്നെ പ്രാപിക്കും. ഇതു നിന്നോടുള്ള എന്റെ സുനിശ്ചിതമായ വാഗ്ദാനമാണ്. ഇത് എങ്ങനെ നടപ്പാക്കാമെന്നു നിനക്കു വല്ല സംശയവുമുണ്ടെങ്കില്‍ നീ യോഗാനുഷ്ഠാനം നടത്തിശ്രമിച്ചു നോക്കണം. എന്നിട്ടും നിനക്ക് ഇതിന്റെ ഫലം ലഭിക്കുന്നില്ലെങ്കില്‍ നീ എന്നോടു കോപിച്ചുകൊള്ളുക.