ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 18

ഗതിര്‍ഭര്‍ത്താ പ്രഭുഃ സാക്ഷീ
നിവാസഃ ശരണം സുഹൃത്
പ്രഭവഃ പ്രളയഃ സ്ഥാനം
നിധാനം ബീജമവ്യയം.

കര്‍മ്മങ്ങള്‍ക്കെല്ലാം ഫലം ചെയ്യുന്നവനും ജഗത്തിനെ പോഷിപ്പിച്ചു ഭരിക്കുന്നവനും ജഗത്തിന്‍റെ മുഴുവന്‍ ഉടമസ്ഥനും എല്ലാറ്റിന്‍റെയും സാക്ഷിയും ജഗത്തിന്‍റെമുഴുവന്‍ വാസസ്ഥാനവും സകല ലോകരുടേയും അഭയകേന്ദ്രവും ഇഷ്ടപ്പെട്ട എന്തും നേടിക്കൊടുക്കുന്ന കൂട്ടുകാരനും ജഗത്തിന്‍റെ ഉല്‍പ്പത്തിയും പ്രളയവും രക്ഷയും സൂക്ഷിപ്പുകാരനും ആദികാരണവും ഞാന്‍ തന്നെയാകുന്നു.

ഞാനാണ് എല്ലാറ്റിന്‍റേയും പരമമായ ലക്ഷ്യം. എല്ലാ ചരാചരങ്ങളും ഉള്‍ക്കൊളളുന്ന ഈ പ്രപഞ്ചത്തെ സംഭരിച്ചു വെച്ചിരിക്കുന്ന പ്രകൃതി ക്ഷീണിച്ച് വിശ്രമം കൊളളുന്നത് എന്നിലാണ്. പ്രകൃതി ജീവിക്കുന്നതും പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതും ഞാന്‍ മൂലമാണ്. പ്രപഞ്ചത്തിന്‍റെ അദ്ധ്യക്ഷനായിരുന്നുകൊണ്ട് ഞാന്‍ പ്രകൃതി ഗുണങ്ങളെ അനുഭവിക്കുന്നു. അല്ലയോ അര്‍ജ്ജുന, ഞാന്‍ ലക്ഷ്മീ കാന്തനും (സകല ഐശ്വരങ്ങള്‍ക്കും ആധാരം) പ്രപഞ്ച സൃഷ്ടിയുടെ പ്രഭുവും മുപ്പാരിന്‍റെ നാഥനുമാണ്. എന്‍റെ ആജ്ഞയനുസരിച്ചാണ് ആകാശം എല്ലായിടത്തും വ്യാപിക്കുന്നത്; അനിലന്‍ അനവരതം വീശിക്കൊണ്ടിരിക്കുന്നത്; അഗ്നി എരിയുന്നത്; മാരി ചൊരിയുന്നത്. എന്‍റെ കല്പനപ്രകാരമാണ്, ആഴി അതിര്‍ത്തി ലംഘിക്കാത്തത്; ഭൂമി ജീവജാലങ്ങളുടെ ഭാരം താങ്ങുന്നത്; പര്‍വതങ്ങള്‍ അസ്തിവാരത്തില്‍ നിന്നനങ്ങാത്തത്. വേദങ്ങള്‍ വാദിക്കുന്നതിനും സൂര്യന്‍ ചരിക്കുന്നതിനും പ്രാണന്‍ പ്രപഞ്ചത്തെ ചലിപ്പിക്കുന്നതിനും കാരണഭൂതന്‍ ഞാനാണ്. എന്‍റെ നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായിട്ടാണ് മൃത്യുദേവന്‍ മര്‍ത്ത്യരില്‍ കൈവെയ്ക്കുന്നത്. ഞാന്‍ ഈ വിശ്വത്തിന്‍റെ സര്‍വശക്തനായ നാഥനാണ്. പാണ്ധുപുത്രാ, എല്ലാം നടക്കുന്നത് എന്‍റെ ആദേശപ്രകാരമാണ്. എന്നാല്‍ ആകാശത്തെപ്പോലെ എല്ലാറ്റിനും സാക്ഷി മാത്രമാണ്. ഞാന്‍ പ്രപഞ്ചത്തിലുളള എല്ലാറ്റിന്‍റേയും നാമങ്ങളിലും രൂപങ്ങളിലും വ്യാപിച്ചിരിക്കുന്നു. തിരമാലകളില്‍ ജലവും ജലത്തില്‍ തിരമാലകളും ഉളളതുപോലെ ഞാന്‍ എല്ലാറ്റിലും സ്ഥിതിചെയ്യുകയും എല്ലാറ്റിനേയും നിലനിര്‍ത്തുകയും ചെയ്യുന്നു. ജനനമരണങ്ങളുടെ ബന്ധനത്തില്‍ നിന്ന് എന്‍റെ ഭക്തന്മാരെ ഞാന്‍ മോചിപ്പിക്കുന്നു. എല്ലാം എന്നില്‍ അര്‍പ്പിക്കുന്നവരുടെ രക്ഷാകേന്ദ്രമാണു ഞാന്‍. ഞാന്‍ ഏകമാണെങ്കിലും പ്രകൃതിഗുണങ്ങളില്‍ കൂടി വിവിധ രൂപങ്ങള്‍ അവലംബിക്കുകയും ജഗത്തിന്‍റെ ജീവനായി അധിവസിക്കുകയും ചെയ്യുന്നു. സൂര്യന്‍ സമുദ്രത്തിലും സരസ്സിലും ഒരേ രീതിയില്‍ പ്രതിഫലിക്കുന്നതുപോലെ ബ്രഹ്മദേവനുമുള്‍പ്പെടെ എല്ലാ ജീവജാലങ്ങളുടേയും സുഹൃത്താണ് ഞാന്‍. അല്ലയോ പാണ്ഡവ, ഞാന്‍ പ്രപഞ്ചത്തിലെ പ്രാണശക്തിയുടെ ഉറവിടമാണ്. സൃഷ്ടിയുടേയും സംഹാരത്തിന്‍േയും മൂലകാരണവും ഞാനാണ്. ബീജം വൃക്ഷമായി വളരുകയും അതു നശിക്കുമ്പോള്‍ വീണ്ടും ബീജത്തില്‍ ഒതുങ്ങുകയും ചെയ്യുന്നു.അതുപോലെ വിശ്വം എന്‍റെ ഇച്ഛയനുസരിച്ച് സൃഷ്ടിക്കപ്പെടുകയും സംഹരിക്കപ്പെടുകയും ചെയ്യുന്നു. അപ്രകടിതമായ ആഗ്രഹങ്ങളുടേ കാതലായ, തെറുത്തുകെട്ടിയ ഈ ഇച്ഛ, പ്രപഞ്ചത്തിന്‍റെ ബീജമാണ്. ഇത് കല്പാന്ത്യത്തില്‍ അതിന്‍റെ മൂലസ്ഥാനമായ എന്നിലേക്ക് തിരിച്ചു ചേരുന്നു. അപ്പോള്‍ നാമവും രൂപവുമുളള എല്ലാം ഇല്ലാതാകുന്നു. എല്ലാ വര്‍ഗ്ഗങ്ങളും വ്യക്തികളും തിരോധാനം ചെയ്യുന്നു. എല്ലാ വ്യത്യാസങ്ങളും അവസാനിക്കുന്നു. നഭോമണ്ഡലം ശൂന്യമാകുമ്പോള്‍ സങ്കല്‍പത്തില്‍കൂടി പുനഃസൃഷ്ടി നടത്താന്‍ ചുമതലപ്പെട്ട അനശ്വരരായ എല്ലാ ദേവന്മാരുടേയും ആവാസസ്ഥാനം ഞാനായിത്തീരുന്നു.