ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 24

നഭഃസ്പൃശം ദീപ്തമനേകവര്‍ണ്ണം
വ്യാത്താനനം ദീപ്തവിശാലനേത്രം
ദൃഷ്ട്വാ ഹി ത്വാം പ്രവ്യഥിതാന്തരാത്മാ
ധൃതിം ന വിന്ദാമി ശമം ച വിഷ്ണോ


വിശ്വവ്യാപിയായ ഭഗവാനേ, ആകാശം മുട്ടി വളര്‍ന്നു നില്‍ക്കുന്നവനും പലവര്‍ണ്ണങ്ങളില്‍ തിളങ്ങുന്നവനും തുറന്നിരിക്കുന്ന വായോടുകൂടിയവനുമായ അങ്ങയെ കണ്ടിട്ട് ഭയംകൊണ്ട് എന്‍റെ ഹൃദയം വല്ലാതെ പരിഭ്രാന്തമായിരിക്കുന്നു. ധൈര്യവും സമാധാനവും എനിക്കില്ലാതായിരിക്കുന്നു.

അങ്ങയുടെ കോപാക്രാന്തമായ പലമുഖങ്ങളും മൃത്യുദേവനെപ്പോലും വെല്ലുവിളിക്കുന്ന വിധത്തില്‍ ക്രൂരമാണ്. വാനത്തിന്‍റെ വിസ്തൃതിയെ നിസ്സാരമാക്കത്തക്കവണ്ണം അങ്ങയുടെ വക്ത്രങ്ങള്‍ വിശാലമായിരിക്കുന്നു. ജഗത്രയങ്ങളെ ചുറ്റിക്കറങ്ങുന്ന വായുവിനുപോലും അങ്ങയുടെ വക്ത്രങ്ങളെ വലയംചെയ്യാന്‍ സാധ്യമല്ല. അതില്‍ നിന്നും പുറത്തേയ്ക്കു വമിക്കുന്ന ആവിയില്‍ അഗ്നിപോലും ആഹുതിചെയ്യപ്പെടുന്നു. ഒരു മുഖവും മറ്റൊരു മുഖത്തെപ്പോലെയല്ല. എല്ലാം വിവിധ വര്‍ണ്ണങ്ങളിലാണ്. ലോകാവസാനകാലത്തുണ്ടാകുന്ന പ്രളയാഗ്നി, തീ തുപ്പുന്ന ഈ വക്ത്രത്തില്‍ നിന്നാണോ നിര്‍ഗ്ഗമിക്കുന്നതെന്നു സംശയിച്ചുപോകും. മൂന്നുലോകങ്ങളേയും ഭസ്മമാക്കാന്‍ കഴിയുന്ന വിധം ഉഗ്രമായ തീജ്ജ്വാലയാണ് അതിലുള്ളത്. അതേറ്റ് വായു പ്രകമ്പനം കൊള്ളുന്നു. പ്രളയാഗ്നി ബഡവാഗ്നിയെ നശിപ്പിക്കുന്നു. മരണംതന്നെ നിര്‍ദ്ദയമായി അറുംകൊല നടത്തുന്നു. ആകാശം പൊട്ടിപ്പിളര്‍ന്നുണ്ടാകുന്ന ഗഹ്വരം പോലെയാണ് അങ്ങയുടെ തുറന്ന വായ്കള്‍. അവയ്ക്കുള്ളില്‍ ചെറുതും വലുതുമായ ധാരാളം ദന്തങ്ങളും താടിയെല്ലുകളുമുണ്ട്. അതിലുള്ള നാക്കുകള്‍ തിരിക്കുകയും മറിക്കുകയും പുറത്തേയ്ക്കു നീട്ടുകയും ചെയ്യുന്നു. ലോകം മുഴുവനുംകൂടി അവയ്ക്ക് ഒരുരുളയ്ക്കുപോലും തികയാത്തതുകൊണ്ട് അതിനെ ചവച്ചരയ്ക്കുവാന്‍ തുനിഞ്ഞിട്ടില്ലെന്നുമാത്രം. പുറത്തേയ്ക്കു നീട്ടുന്ന നാക്കുകള്‍, സീല്‍ക്കാരം പുറപ്പെടുവിക്കുന്ന സര്‍പ്പങ്ങള്‍ പാതാളത്തില്‍ നിന്ന് ആകാശത്തേയ്ക്കു വമിക്കുന്ന വിഷജ്വാലപോലെ കാണപ്പെടുന്നു. അങ്ങയുടെ ചുണ്ടിന്‍റെ പുറത്തേയ്ക്കു തള്ളിനില്‍ക്കുന്ന ദംഷ്ട്രങ്ങള്‍ പ്രളയാവസാനത്തിലുണ്ടാകുന്ന ലോഹസംഹാരിയായ മിന്നല്‍ പിണരുകളുടെ സമൂഹംകൊണ്ട് അലങ്കരിച്ചിരിക്കുന്ന കോട്ടപോലെ തോന്നുന്നു. അന്ധകാരത്തില്‍ ഒളിച്ചിരിക്കുന്ന മരണത്തിന്‍റെ മഹാവീചികള്‍ പോലെ അങ്ങയുടെ നേത്രപുടങ്ങള്‍ ഉന്തിനില്‍ക്കുന്ന ഭീകരമായ കണ്ണുകള്‍ ഭയത്തെപ്പോലും ഭീഷണിപ്പെടുത്തുന്നവയാണ്.

എന്തു നിറവേറ്റുന്നതിനാണ് അങ്ങ് ഇപ്രകാരം ഭീകതരതയുടെ മൂടുപടം ധരിച്ചതെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍ ഞാന്‍ മരണഭീതി അനുഭവിക്കുകയാണ്. ഞാന്‍ അങ്ങയുടെ വിശ്വരൂപം കാണണമെന്ന് ആഗ്രഹിച്ചു. അത് ശരിക്കും എനിക്കു സാധിതപ്രായമായി. ആ രൂപം കണ്ട് എന്‍റെ കണ്ണുകള്‍ സംതൃപ്തിയടഞ്ഞു. ഈ ഭൗതിക ശരീരം നശ്വരമാണ്. അത് നശിക്കുന്നതില്‍ എനിക്ക് ആവലാതിയില്ല. എന്നാല്‍ എന്‍റെ ആത്മാവ് അക്ഷതമായിരിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഭയംകൊണ്ട് എന്‍റെ ശരീരം വിറയ്ക്കുന്നു. എന്‍റെ മനസ്സ് തീവ്രമായി പരിതപിക്കുന്നു. എന്‍റെ ബുദ്ധി ക്ഷയിക്കുന്നു. എന്‍റെ ആത്മാഭിമാനം തന്നെ നശിച്ചിരിക്കുന്നു. ഇതിനെല്ലാമുപരിയായി എല്ലാ ആനന്ദത്തിന്‍റേയും ഉറവിടമായ എന്‍റെ അന്തരാത്മാവ് ഭയാക്രാന്തമായിരിക്കുന്നു.

അല്ലയോ ദേവാ, അങ്ങയുടെ വിശ്വരൂപം കാണണമെന്നുള്ള അഭിനിവേശം എന്നെ കീഴ്പ്പെടുത്തി. എന്നാല്‍ അതു ദര്‍ശിച്ചതോടെ എന്‍റെ വിവേകം എന്നെ വിട്ടു പിരിഞ്ഞിരിക്കുന്നു. നമ്മുടെ ഗുരുശിഷ്യബന്ധം തന്നെ നിലനില്‍ക്കുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. അങ്ങയുടെ വിശ്വരൂപ ദര്‍ശനം കൊണ്ടു വിഷാദകലുക്ഷിതമായിത്തീര്‍ന്ന എന്‍റെ ഹൃദയത്തില്‍ ധൈര്യം വീണ്ടെടുക്കുന്നതിന് ഞാന്‍ തീവ്രശ്രമം നടത്തുകയാണ്. അങ്ങയുടെ ആത്മോപദേശം എന്നെ അത്യന്തം അന്ധാളിപ്പിച്ചിരിക്കുന്നു. വിശ്രമത്താവളം തേടി ഓടി നടക്കുന്ന ആലസ്യമാണ്ട എന്‍റെ ആത്മാവിന് എവിടെയും അത് കണ്ടെത്താനാവുന്നില്ല. അങ്ങയുടെ ദിവ്യമായ വിശ്വരൂപം ഹിംസാത്മകമാണ്. ലോകത്തിന്‍റെ ജീവന്‍ തന്നെ അത് അപകടത്തിലാക്കിയിരിക്കുന്നു. ഇത് അങ്ങയോടുപറയാതെ എനിക്കെങ്ങനെ ജീവിക്കാന്‍ കഴിയും?