50. തജ്ജഃ സംസ്‌കാരോിന്യസംസ്‌കാരപ്രതിബന്ധീ.
തജ്ജഃ= അതില്‍ (നിര്‍വിചാരസമാധിപ്രജ്ഞയില്‍) നിന്നുണ്ടായ, സംസ്‌കാരഃ = സംസ്‌കാരം, അന്യസംസ്‌കാരപ്രതിബന്ധീ = വ്യുത്ഥാനത്തില്‍നിന്നുണ്ടായ സംസ്‌കാരത്തെ തടയുന്നു.
ഈ സമാധിയില്‍നിന്നുണ്ടായ സംസ്‌കാരം മറ്റു സംസ്‌കാരങ്ങളെയെല്ലാം നിരോധിക്കുന്നു.
ശ്രുതാനുമാനപ്രജ്ഞകള്‍ക്കതീതമായ ആ സമാധി പ്രജ്ഞയെ പ്രാപിക്കാനുള്ള ഏകോപായം സമാധിപരിശീലനമാണെന്നു പൂര്‍വ്വ സൂത്രത്തില്‍നിന്നു മനസ്സിലായി. മാത്രമല്ല, മനസ്സിനു സമാധിവിഘ്‌നങ്ങളാകുന്നതു പൂര്‍വ്വസംസ്‌കാരങ്ങളാണെന്നും കണ്ടു. മനസ്സിനെ ഏകാഗ്രമാക്കാന്‍ ശ്രമിക്കുമ്പോള്‍ വിചാരങ്ങള്‍ പലവഴിക്കും പോകുന്നതായി നിങ്ങള്‍ക്കെല്ലാം അനുഭവമാണല്ലോ. നിങ്ങള്‍ ഈശ്വര വിചാരത്തിന് ഒരുമ്പെടുന്ന തക്കത്തിലാവും ഈ സംസ്‌കാരങ്ങളെല്ലാം ഉണര്‍ന്നുവരിക. മറ്റു സന്ദര്‍ഭത്തില്‍ അവ അത്രതന്നെ ജാഗ്രത്താവുന്നില്ല. എപ്പോള്‍ അവ ഉണ്ടാകരുതെന്നു വിചാരിക്കുന്നുവോ, അപ്പോള്‍ നിശ്ചയമായും ഉണ്ടാകും: എല്ലാംകൂടി തിക്കിത്തിരക്കി മനസ്സില്‍ കടന്നുകൂടാന്‍ അത്യുത്‌സാഹം കാട്ടും. ഇതിനു കാരണമെന്ത്? ഈ ധ്യാനസമയത്ത് അവ അത്രയധികം ശക്തിമത്താകുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ അവയെ നിരോധിക്കാനാണല്ലോ ഭാവം. അപ്പോള്‍ അവ സര്‍വശക്തിയുമുപയോഗിച്ച് എതിര്‍ക്കുന്നു. മറ്റു സമയങ്ങളില്‍ അവയുടെ എതിര്‍പ്പുണ്ടാകുന്നില്ല. ഇങ്ങനെ എത്രയേറെ പൂര്‍വസംസ്‌കാരങ്ങളാണു വ്യാഘ്രങ്ങളെപ്പോലെ ചാടിവീഴാന്‍ തക്കം പാര്‍ത്ത്, ചിത്തത്തിന്റെ മടയില്‍ ഒളിഞ്ഞു കിടക്കുന്നത്! നമുക്കഭിമതമായ ഏകപ്രത്യയം വിജാതീയപ്രത്യയരഹിതമായി ഉദിക്കണമെങ്കില്‍, ഈ വ്യുത്ഥാനസംസ്‌കാരങ്ങളെയെല്ലാം നിരോധിക്കതന്നെ വേണം. എന്നാലിപ്പോള്‍ അവയെല്ലാം ഒന്നിച്ചുണര്‍ന്നുവരാനാണു ശ്രമിക്കുന്നത്. ഇവയത്രേ ചിത്തൈകാഗ്രതയ്ക്കു പ്രതിബന്ധങ്ങളായിത്തീരുന്ന വിവിധസംസ്‌കാരശക്തികള്‍. ഈ സംസ്‌കാരങ്ങളെ നിരോധിക്കാന്‍ ഇപ്പോള്‍ പറഞ്ഞതരം സമാധിക്കു സാമര്‍ത്ഥ്യമുള്ളതിനാല്‍ അത് അഭ്യസിക്കപ്പെടുവാന്‍ അത്യുത്തമമാകുന്നു. ഈ സമാധ്യഭ്യാസത്താല്‍ ഉണര്‍ത്തപ്പെടുന്ന സംസ്‌കാരം ഇതരസംസ്‌കാരങ്ങളെ നിരോധിച്ചു കീഴ്‌പ്പെടുത്തിവെയ്ക്കത്തക്കവണ്ണം അത്രയും ശക്തിമത്തായിരിക്കും.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 290-291]