കഠോപനിഷത്തിന്റെ ഭാഷ അലങ്കാരപ്രധാനമാണ്. പണ്ട് ഒരു ധനികന് ഒരു യാഗം നടത്തി. അതില്‍ തനിക്കുള്ള സര്‍വ്വസ്വവും അയാള്‍ ദാനം ചെയ്യേണ്ടിയിരുന്നു. എന്നാല്‍ അദ്ദേഹം വളരെ സത്യവാനായിരുന്നില്ല. യാഗം ചെയ്ത് പേരും പെരുമയും സിദ്ധിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും അയാള്‍ ദാനം ചെയ്തത് തനിക്കുപയോഗമില്ലാത്ത വസ്തുക്കളാണ്: വയസ്സായി, പേറു നിന്ന്, അംഗഭംഗം വന്ന പശുക്കളേയും മറ്റും. അയാള്‍ക്കു നചികേതസ്സെന്ന ഒരു പുത്രനുണ്ടായിരുന്നു. അച്ഛന് ന്യായമല്ല ചെയ്യുന്നതെന്നും വ്രതത്തിനു ഭംഗം വരുത്തുകയാണെന്നും കുട്ടിക്കു മനസ്സിലായി. എങ്കിലും അച്ഛനോടെന്താണ് പറയേണ്ടതെന്നു രൂപമായില്ല. ഇന്ത്യയില്‍ കുട്ടികള്‍ക്ക് അച്ഛനമ്മമാര്‍ പ്രത്യക്ഷദൈവങ്ങളാണ്. കുട്ടി വളരെ ഭക്തിയോടുകൂടി അച്ഛന്റെ അടുത്തു ചെന്ന് വളരെ താഴ്മയോടെ ചോദിച്ചു; “അച്ഛാ, ഈ യാഗത്തില്‍ അച്ഛന്റെ സര്‍വ്വസ്വവും ദാനം ചെയ്യണമല്ലോ: എന്നെ ആര്‍ക്കാണ് ദാനം ചെയ്യുക?” അച്ഛന് ഈ ചോദ്യം വളരെ അനിഷ്ടമായി. “നീ എന്താ പറയുന്നത്? അച്ഛന് മകനെ ദാനം ചെയ്യുകയോ!” എന്നു മറുപടി പറഞ്ഞു. എന്നാല്‍ കുട്ടി രണ്ടാമതും മൂന്നാമതും ആ ചോദ്യം ചോദിച്ചു. അച്ഛന് കോപാവിഷ്ടനായി “നിന്നെ ഞാന്‍ യമന്‍ ദാനം ചെയ്യുന്നു” എന്നു പറഞ്ഞു. ആ വഴിയെ കുട്ടി യമന്റെ അടുക്കലേക്കു ചെന്നു എന്നാണ് കഥയില്‍ പറയുന്നത്. ആദ്യം മരിച്ച മനുഷ്യനത്രേ യമന്‍. അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ ചെന്ന് പിതൃക്കളുടെ പതിയായി. സജ്ജനങ്ങള്‍ മരണാനന്തരം യമലോകത്തു ചെന്നു വളരെക്കാലം യമനോടുകൂടെ വസിക്കും. യമന്‍, ആ പേര് സൂചിപ്പിക്കുംപോലെ നിര്‍മ്മലനും വിശിഷ്ടനും സദാചാരപരനുമാണ്. കുട്ടി യമലോകത്തെത്തി. ദേവന്മാരും ചിലപ്പോള്‍ സ്വസ്ഥാനങ്ങളിലില്ലാതിരിക്കും. ഈ കുട്ടിക്കു മൂന്നു നാള് അവിടെ കാത്തിരിക്കേണ്ടിവന്നു. മൂന്നുനാള്‍ കഴിഞ്ഞ് യമന്‍ തിരിച്ചെത്തി.
കുട്ടിയെക്കണ്ട് യമന്‍ പറഞ്ഞു; “അല്ലയോ വിദ്വന്! പൂജാര്‍ഹനും അതിഥിയുമായ അങ്ങ് ഇവിടെ വന്നു മൂന്നു ദിവസമായി ഭക്ഷണം കൂടാതിരിക്കുന്നുവല്ലോ! ബ്രാഹ്മണനായ അങ്ങയ്ക്ക് നമസ്കാരം! എനിക്കു സ്വസ്തി ഭവിക്കട്ടെ. ഞാന്‍ ഇവിടെയുണ്ടായിരുന്നില്ലല്ലോ എന്നു വ്യസനിക്കുന്നു. അതിനു പരിഹാരമായി ദിവസത്തിനൊന്നുവെച്ചു മൂന്നു വരം വരിച്ചുകൊള്‍ക.” കുട്ടി പറഞ്ഞു; “അച്ഛന് എന്റെ പേരിലുണ്ടായ കോപം ശമിക്കണം. ഞാന്‍ മടങ്ങിച്ചെന്നാല്‍ എന്നെ കണ്ടറിഞ്ഞ് എന്നോടു വാല്സല്യമുണ്ടാകയും വേണം. ഇതാണ് ഞാന്‍ ആദ്യം വരിക്കുന്ന വരം.” യമന്‍ അതു പൂര്ണ്ണമായനുവദിച്ചു. സ്വര്ഗ്ഗപ്രാപകമായ ഒരു യാഗത്തെക്കുറിച്ചറിയണമെന്നതായിരുന്നു രണ്ടാം വരം. വേദങ്ങളിലെ സംഹിതാഭാഗങ്ങളില്‍ ആദ്യമായി കാണുന്ന ഭാവന സ്വര്ഗ്ഗത്തെപ്പറ്റിമാത്രമാണ്: അവിടെ ദിവ്യശരീരങ്ങളോടുകൂടി പൂര്വ്വികന്മാരോടൊന്നിച്ചു സുഖമായിരിക്കുന്നു. പിന്നെ ക്രമത്തിലാണ് മറ്റു ഭാവനകള്‍ വന്നത്. അതുകളും തൃപ്തികരങ്ങളായിരുന്നില്ല. അതിനെക്കാള്‍ ഉയര്‍ന്ന ഒരവസ്ഥ വേണമെന്നായി. സ്വര്‍ഗ്ഗവാസം ഭൂവാസത്തില്നിന്നു വളരെ വ്യത്യസ്തമാവില്ല. കവിഞ്ഞ പക്ഷം, അത് ഒരു മഹാധനികന്റെ സര്വ്വസുഖസമ്പൂര്ണ്ണമായ ജീവിതമാവാം. ശരീരം അരോഗദൃഢം. മനുഷ്യശരീരത്തേക്കാള്‍ സൂക്ഷ്മതരമെങ്കിലും ഭൗതികംതന്നെ. ഭൗതികമായ ബാഹ്യലോകം നമ്മുടെ പ്രശ്നത്തിന് ഒരിക്കലും സമാധാനമാവില്ലെന്നു നാം കണ്ടുവല്ലോ. അപ്പോള്‍ ഒരു സ്വര്‍ഗ്ഗംകൊണ്ടും സമാധാനമാകയില്ല. ഈ ലോകത്തില്‍നിന്നു കിട്ടാത്ത സമാധാനം ഇതിനെ എത്ര പെരുക്കിയതില്നിന്നും കിട്ടില്ല. എന്തുകൊണ്ടെന്നാല്‍ ജഡദ്രവ്യമെന്നത് പ്രപഞ്ചത്തിന്റെ അണുവായ ഒരംശംമാത്രമാണ്. പ്രപഞ്ചത്തിലെ ഏറിയ ഭാഗവും ജഡദ്രവ്യമല്ല.
നോക്കുക; ഏറെക്കുറെ നമ്മുടെ ജീവിതത്തില്‍ നിമിഷംതോറും ബാഹ്യമായ ജഡദൃശ്യത്തെക്കാള് എത്രയേറെ പ്രധാനമാണ് വിചാരവും വികാരവും. ഈ അന്തര്ല്ലോകം എത്ര മഹത്ത്! അതിന്റെ വ്യാപാരം എത്ര ഗംഭീരം! അതിനോടു താരതമ്യപ്പെടുത്തുമ്പോള്‍ ബാഹ്യലോകം എത്ര തുച്ഛം! സ്വര്‍ഗ്ഗമാണ് പരമപുരുഷാര്‍ത്ഥമെന്നു പറയുമ്പോള്‍ സ്പര്ശരസരൂപാദികളാണ് പ്രപഞ്ചമാകെ എന്നു സിദ്ധാന്തിക്കേണ്ടിവരും. അതുകൊണ്ട് സ്വര്‍ഗ്ഗഭാവന സര്‍വ്വര്‍ക്കും തികച്ചും തൃപ്തികരമായില്ല. എങ്കിലും സ്വര്ഗ്ഗപ്രാപകമായ യാഗത്തെക്കുറിച്ചായിരുന്നു നചികേതസ്സിന്റെ രണ്ടാം വരം. യാഗത്താല്‍ ദേവകള്‍ പ്രസാദിച്ച് മനുഷ്യരെ സ്വര്‍ഗ്ഗത്തിലേക്കു നയിക്കും എന്നൊരു ഭാവന വേദത്തിലുണ്ട്.