ഈശ്വരനുണ്ടെന്നോ ജീവാത്മാവുണ്ടെന്നോ വിശ്വസിക്കാതെ, അതുകളെപ്പറ്റി ചോദ്യമേ ഇല്ലാതെ, കേവലം അജ്ഞേയഭാവം അവലംബിച്ചിട്ടും, ആര്‍ക്കുവേണ്ടിയും സ്വജീവിതം സമര്‍പ്പിപ്പാന്‍ സന്നദ്ധനായി ജഗദ്ധിതത്തിന് ആജീവനാന്തം കര്‍മ്മം ചെയ്തു, ജഗദ്ധിതമൊന്നുമാത്രം തന്റെ ചിന്താവിഷയാക്കിയ, ഗൗതമബുദ്ധനെപ്പോലുള്ള ധാര്‍മ്മികന്‍മാരെ ഒരു നോക്കു കണ്ടാല്‍ കൊള്ളാമായിരുന്നു. അദ്ദേഹത്തിന്റെ ജനനം ‘ബഹുജനഹിതായ, ബഹുജനസുഖായ’ അനേകരുടെ ഹിതത്തിനും സുഖത്തിനും വേണ്ടിയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ചിത്രകാരന്‍ പറഞ്ഞിട്ടുള്ളതു സത്യം. അദ്ദേഹം സ്വന്തം മോക്ഷത്തിനുവേണ്ടി ധ്യാനനിരതനാകാന്‍ വനവാസം ചെയ്തില്ല: ലോകം എരിപൊരികൊള്ളുന്നു. അതിനു നിവൃത്തിയുണ്ടാകണം എന്ന് അദ്ദേഹത്തിനു തോന്നി. ‘ലോകത്തില്‍ ഇത്രയധികം കഷ്ടാരിഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നതെന്തുകൊണ്ട്?’ എന്ന ഒരു ചോദ്യമായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ജീവിതത്തിലും മുന്നിട്ടു നിന്നത്. ആ ബുദ്ധനെപ്പോലെ ധാര്‍മ്മികരാണ് നാം എന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ?
ഒരാള്‍ എത്രയധികം സ്വാര്‍ത്ഥിയോ അത്രയധികം അധര്‍മ്മിയുമാണ്. ജനവര്‍ഗ്ഗത്തിന്റെ കാര്യവും അതുതന്നെ. സ്വാര്‍ത്ഥനിമഗ്‌നമായ ജനവര്‍ഗ്ഗമാണ് ലോകത്തില്‍ ഏറ്റവും ക്രൂരവും ദുഷ്ടവുമായിരുന്നിട്ടുള്ളത്. അറബിയിലെ പ്രവാചകന്‍ സ്ഥാപിച്ച മതത്തേക്കാള്‍ ഈ ദ്വൈതഭാവനയെ അധികം മുറുകെ പിടിച്ചിട്ടുള്ള മതങ്ങള്‍ വേറെയില്ല. അത്രയധികം രക്തം ചിന്തി അന്യരോടു ക്രൂരമായിരുന്നിട്ടുള്ള ഒരു മതവും വേറെയില്ല. ആ പ്രവചനങ്ങളില്‍ വിശ്വസിക്കാത്തവരെ കൊല്ലണം എന്ന സിദ്ധാന്തം ഖുറാനിലുണ്ട്: അങ്ങനെ കൊല്ലുന്നതു കാരുണ്യമാണ്! എന്നുമാത്രമല്ല, നല്ല സുന്ദരിമാരും അനേകവിധം ഇന്ദ്രിയഭോഗങ്ങളുമുള്ള സ്വര്‍ഗ്ഗം പ്രാപിപ്പാന്‍ ഏറ്റവും ഉറപ്പായ മാര്‍ഗ്ഗവും അവിശ്വാസികളെ കൊല്ലുകയാണ്. ഈവക വിശ്വാസങ്ങള്‍ നിമിത്തം ഉണ്ടായിട്ടുള്ള രക്തച്ചൊരിച്ചിലിനെപ്പറ്റി വിവരിച്ചു നോക്കുക!
ക്രിസ്തുമതത്തില്‍ അപരിഷ്‌കൃതത്ത്വം ഗണ്യമായുണ്ടായിരുന്നില്ല. ക്രിസ്തു ഉപദേശിച്ച ശുദ്ധമതത്തിനും വേദാന്തമതത്തിനും തമ്മില്‍ വ്യത്യാസം അത്യല്പമാണ്. ഏകത്ത്വമെന്ന ആശയം അതില്‍ കാണാം: എന്നാല്‍ ദ്വൈതാശയങ്ങളെയും ക്രിസ്തു ഉപദേശിച്ചിട്ടുണ്ട്. അത് സാമാന്യജനമനസ്സിന് ഒരു പിടി കൊടുത്ത് അവരെ അത്യുച്ചമായ ലക്ഷ്യത്തിലേക്കു കയറ്റിക്കൊണ്ടുപോകുവാന്‍ വേണ്ടിയാണ്. ‘സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവ്’ എന്നുപദേശിച്ച അതേ പ്രവാചകന്‍തന്നെ ‘ഞാനും എന്റെ പിതാവും ഒന്നാകുന്നു’ എന്നും പ്രവചിച്ചിട്ടുണ്ട്; ‘സ്വര്‍ഗ്ഗസ്ഥനായ പിതാവില്‍’ കൂടെയാണ് ‘ഞാനും എന്റെ പിതാവും ഒന്ന്’ എന്നതിലേക്കുള്ള മാര്‍ഗ്ഗമെന്ന് ആ പ്രവാചകന്‍ അറിഞ്ഞിരുന്നു. ക്രിസ്തുവിന്റെ മതത്തില്‍ പ്രേമവും അനുഗ്രഹവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പ്രാകൃതത്ത്വം കടന്നുകൂടിയതോടെ അത് അറബിയിലെ പ്രവാചകന്റെ മതത്തേക്കാള്‍ മെച്ചമല്ലാത്തതായി ഒരു ചെറിയ വ്യക്തിത്വത്തിനുവേണ്ടിയുള്ള സമരം – ‘ഞാന്‍’ എന്നതിന്‍മേലുള്ള മുറുക്കിപ്പിടുത്തം. അത് ഈ ജന്മത്തില്‍മാത്രമല്ല, മരണാനന്തരവും തുടര്‍ന്നു പോകണം എന്നാഗ്രഹിച്ചുകൊണ്ടുള്ള പിടുത്തം – ഇതു പ്രാകൃതംതന്നെ. ഇതു’ നിസ്വാര്‍ത്ഥമാണെന്ന് ഘോഷിക്കുകയും ചെയ്യുന്നു. ഇതാണുപോല്‍ ധര്‍മ്മാചരണത്തിന്നടിസ്ഥാനം! ഇതാണ് അടിസ്ഥാനമെങ്കില്‍ ഈശ്വരന്‍ നമ്മെ രക്ഷിക്കട്ടെ!
ഈ ക്ഷുദ്രവ്യക്തിഭാവം പോയാല്‍ ധര്‍മ്മാചരണം തീരെ നശിക്കുമെന്ന്, മറിച്ച് ഭേദപ്പെട്ടു വിചാരിക്കേണ്ടവരായ സ്ര്തീപുരുഷന്‍മാര്‍പോലും ധരിച്ചു വെച്ചതും, ഈ വ്യക്തിഭാവത്തിന്റെ നാശത്തിന്‍മേലാണ് ധര്‍മ്മാചരണം നിലനില്‍ക്കുന്നതെന്നു പറയുമ്പോള്‍ അവര്‍ അമ്പരക്കുന്നതും ആശ്ചര്യകരംതന്നെ. സര്‍വ്വക്ഷേമാവസ്ഥയുടെയും സര്‍വ്വധാര്‍മ്മിക നന്മയുടെയും മൂലമന്ത്രം ‘ഞാന്‍’ എന്നല്ല ‘നീ’ എന്നാണ്. സ്വര്‍ഗ്ഗമുണ്ടോ നരകമുണ്ടോ എന്ന് ആര്‍ നോക്കുന്നു, ജീവാത്മാവുണ്ടോ ഇല്ലയോ എന്ന് ആര്‍ക്കറിയണം, അവികാരിയായ ഒന്നുണ്ടോ ഇല്ലയോ എന്ന് ആര്‍ ഗണിക്കുന്നു? ഇതാ ലോകം പ്രത്യക്ഷം, അതു ദുഃഖപൂര്‍ണ്ണം; അതിലേക്കു ബുദ്ധനെപ്പോലെ ഇറങ്ങി ദുഃഖശമനത്തിനു കഠിനമായി പ്രയത്‌നിക്കുക പ്രയത്‌നം, ചെയ്‌തേ മരിക്കുക. തന്നെത്താന്‍ മറക്കുക, നിങ്ങള്‍ ആസ്തികനോ, നാസ്തികോ ക്രിസ്ത്യനോ മുഹമ്മദനോ അജ്ഞേയവാദിയോ വേദാന്തിയോ ആരായാലും നിങ്ങള്‍ പഠിക്കേണ്ടുന്ന ആദ്യപാഠം ഇതത്രേ: സ്വാര്‍ത്ഥവിസ്മരണം. ചെറിയ ജീവാത്മഭാവം നശിച്ചു യഥാര്‍ത്ഥമായ സര്‍വ്വാത്മഭാവം അനുഭവപ്പെടുത്തുക എന്നെന്നാണ് സര്‍വ്വര്‍ക്കും വ്യക്തമായി കാണാവുന്ന പാഠം.
പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 18, 1896) – തുടരും