ഭക്തിയോഗപ്രഭാഷണങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും.
V പ്രധാന പ്രതീകങ്ങള്‍
പ്രതീകമെന്നും പ്രതിമയെന്നും രണ്ടു സംസ്കൃതപദങ്ങളുണ്ട്. അടുത്തു ചെല്ലുക, സമീപിക്കുക എന്നാണ് പ്രതീകത്തിനര്‍ത്ഥം. എല്ലാ രാജ്യത്തും കാണാം പലതരം ആരാധനാരീതികള്‍. ഉദാഹരണത്തിന് ഈ രാജ്യത്തു പുണ്യവാളന്മാരുടെ വിഗ്രഹങ്ങളെ ആരാധിക്കുന്നവരുണ്ട്. ചില രൂപങ്ങളെയും ചിഹ്നങ്ങളെയും ആരാധിക്കുന്നവരുണ്ട്. പിന്നെ, മനുഷ്യരേക്കാള്‍ ഉല്‍കൃഷ്ടരായ നാനാസത്ത്വങ്ങളെ ആരാധിക്കുന്നവരുണ്ട്-അവരുടെ സംഖ്യ അതിശീഘ്രം വര്‍ദ്ധിച്ചുവരികയുമാണ്. പരേതാത്മാക്കളെ ആരാധിക്കുന്നവര്‍, ഇവിടെ അക്കൂട്ടര്‍ ഏതാണ്ടു എണ്‍പതു ലക്ഷമുണ്ടെന്നു ഞാന്‍ വായിക്കയുണ്ടായി. ഇനി, ഉയര്‍ന്ന തരത്തിലുള്ള സത്ത്വങ്ങളെ-ദേവദൂതന്മാരെയും ദേവന്മാരെയും മറ്റും-ആരാധിക്കുന്ന മറ്റാളുകളുണ്ട്. ഈ പല പടികളില്‍ ഒന്നിനെയും ഭക്തിയോഗം അധിക്ഷേപിക്കുന്നില്ല. പിന്നെയോ, അതിനെയെല്ലാം പ്രതീകമെന്ന ഒരിനത്തില്‍ പെടുത്തിയിരിക്കയാണ്. ഈ ആളുകള്‍ ഈശ്വരനെയല്ല ആരാധിക്കുന്നതു പ്രതീകത്തെയാണ്, അടുത്ത വല്ലതിനെയും, ഈശ്വരനിലേക്കുള്ള പടികളെ, ഈ പ്രതീകോപാസനയ്ക്കു നമ്മെ നിത്യരക്ഷയിലും സ്വാതന്ത്യ്രത്തിലും എത്തിക്കാന്‍ കഴിവില്ല. യാതൊരു വിശേഷവസ്തുക്കള്‍ക്കുവേണ്ടി നാം അവയെ ഉപാസിച്ചുവോ അതുവല്ലതും തരാനേ അവയ്ക്കു കഴിയൂ. ഉദാഹരണത്തിന് ഒരു മനുഷ്യന്‍ തന്റെ പരേതരായ പൂര്‍വ്വികരെയോ സ്നേഹിതരെയോ ആരാധിക്കുന്നപക്ഷം, അയാള്‍ക്കു അവരില്‍നിന്ന് ഏതാനും സിദ്ധികളും ചില വിവരങ്ങളും ലഭിച്ചേയ്ക്കാം. ഈ ഉപാസനാവിഷയങ്ങളില്‍നിന്നു ലഭിക്കുന്ന ഏതു വിശേഷദാനത്തെയും വിദ്യ, വിശേഷജ്ഞാനം എന്നു പറയുന്നു. എന്നാല്‍, സ്വാതന്ത്യ്രം, അത്യുച്ഛലക്ഷ്യം, ഈശ്വരനെത്തന്നെ ഉപാസിച്ചാലേ കൈവരൂ. വേദങ്ങളെ വ്യാഖ്യാനിക്കെ, ചില പൌരസ്ത്യവൈജ്ഞാനികന്മാര്‍ വിചാരിക്കുന്നു. സഗുണേശ്വരന്‍തന്നെയും ഒരു പ്രതീകമാണെന്ന്. സഗുണേശ്വരന്‍ ഒരു പ്രതീകമായിരിക്കാം. എന്നാല്‍ പ്രതീകങ്ങള്‍ സഗുണേശ്വരനോ നിര്‍ഗുണേശ്വരനോ അല്ല. അവയെ ഈശ്വരനെന്ന് ആരാധിച്ചുകൂടാ. അതിനാല്‍, ഈ നാനാപ്രതീകങ്ങളെ-ദേവദൂതന്മാരേയോ, പൂര്‍വ്വികന്മാരേയോ മഹാത്മാക്കളെയോ (സിദ്ധപുരഷന്മാരെയോ) പരേതാത്മാക്കളേയോ മറ്റോ- ഉപാസിക്കുന്നതിനാല്‍, ഒരാള്‍ക്കു എന്നെങ്കിലും സ്വാതന്ത്യ്രത്തിലെത്താമെന്ന് ജനങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍ അതൊരു വലിയ തെറ്റാവും. അങ്ങേയറ്റം അവര്‍ക്കു ചില സിദ്ധികളെ പ്രാപിക്കാം. ഈശ്വരനുമാത്രമേ നമ്മെ സ്വതന്ത്രരാക്കാനാവൂ. പക്ഷേ, അക്കാരണത്താല്‍ അവ നിന്ദ്യങ്ങളാകുന്നില്ല. അവയുടെ ഉപാസന ചില ഫലങ്ങളുളവാക്കുന്നുണ്ട്. അതിനുമേലൊന്നും മനസ്സിലാക്കാത്ത മനുഷ്യന് ഈ പ്രതീകോപാസനയില്‍നിന്നു അല്പം സിദ്ധികളും അല്പം ഭോഗങ്ങളും ലഭിച്ചേക്കാം. ദീര്‍ഘമായ അനുഭവഗതിക്കുശേഷം സ്വാതന്ത്യ്രത്തിലെത്താന്‍ തയ്യാറാകുമ്പോള്‍ അയാള്‍ പ്രതീകങ്ങളെ സ്വമേധയാ ഉപേക്ഷിച്ചുകൊള്ളും. ഇങ്ങനെയള്ള വിവിധപ്രതീകങ്ങളില്‍വെച്ച് ഏറ്റവും പ്രചാരമുള്ളത് പരേതരായ സുഹൃത്തുകളുടെ ഉപാസനയാണ്. മനുഷ്യപ്രകൃതി-വ്യക്തിസ്നേഹം, മിത്രസ്നേഹം-നമ്മളില്‍ അതിപ്രബലമാകയാല്‍ അവര്‍ മരിച്ച ശേഷവും അവരുടെ രൂപത്തില്‍ ഇറുകെപ്പിടിച്ചു വീണ്ടും അവരെ കാണാന്‍ നാമാഗ്രഹിക്കുന്നു. ജീവിച്ചിരുന്ന കാലത്ത് ഈ രൂപങ്ങള്‍ സ്ഥിരമായി മാറിക്കൊണ്ടിരുന്നെന്നു മറന്ന്, അവര്‍ മരിക്കുമ്പോള്‍ രൂപങ്ങള്‍ സ്ഥിരമാകുമെന്നും ആവിധത്തില്‍ നമുക്കവരെ കാണാമെന്നും നാം വിചാരിക്കുന്നു. അതുമാത്രമല്ല, എനിക്കു പോക്കിരിയായ ഒരു സുഹൃത്തോ മകനോ ഉണ്ടെങ്കില്‍, അവന്‍ മരിക്കുന്ന നിമിഷം ഞാന്‍ വിചാരിക്കുന്നു, അവന്‍ ലോകത്തിലേക്കും വലിയ പുണ്യപുരുഷനാണെന്ന്. അവന്‍ ഒരു ദേവനായിത്തീര്‍ന്നെന്ന്. ഒരു കുട്ടി മരിച്ചാല്‍ അതിനെ ദഹിപ്പിക്കാതെ കുഴിച്ചിട്ട് അതിന്മേല്‍ ഒരു ക്ഷേത്രം പണിയിക്കുന്നവര്‍ ഭാരതത്തിലുണ്ട്. ആ കൊച്ചുകുട്ടി ആ ക്ഷേത്രത്തിലെ ഈശ്വരനായിത്തീരുകയും ചെയ്യുന്നു. പല നാട്ടിലും പ്രചാരമുള്ള ഒരു മതരൂപമാണിത്. ഇതില്‍നിന്നാണ് മതങ്ങളെല്ലാം ഉത്ഭവിച്ചതെന്നു വിചാരിക്കുന്ന തത്ത്വചിന്തകന്മാരും ഇല്ലാതില്ല. പക്ഷേ, അവര്‍ക്കതു തെളിയിക്കാന്‍ സാധിക്കുന്നില്ല. ഏതായാലും, ഈ പ്രതീകോപാസന ഒരിക്കലും നമ്മെ നിത്യരക്ഷയിലേക്കോ സ്വാതന്ത്യ്രത്തിലേയ്ക്കോ നയിക്കയില്ലെന്നു നാം ഓര്‍ക്കേണ്ടതാണ്.
രണ്ടാമത്, അതു വളരെ അപകടകരമാണ്. ഈ പ്രതീകങ്ങള്‍-‘സമീപഘട്ടങ്ങള്‍’-നമ്മെ ഒരു പടികൂടി മുന്നോട്ടു നയിക്കുന്നിടത്തോളം, തികച്ചും ശരിയെങ്കിലും, ആയുഷ്ക്കാലം മുഴുവന്‍ നാം അവയില്‍ത്തന്നെ ഒട്ടിക്കിടക്കാനുള്ള സാധ്യതയാണ്. നൂറ്റിനു തൊണ്ണൂറ്റൊമ്പതിനുള്ളത്. ഒരു പളളിയില്‍ പിറക്കുന്നതു വളരെ നല്ലതാണ്. പക്ഷേ, അവിടെത്തന്നെ മരിക്കുന്നതു വളരെ ചീത്ത. ഇതിനെ കൂടുതല്‍ വിശദീകരിച്ചാല്‍, ഒരു മതസമ്പ്രദായത്തില്‍ ജനിക്കയും അതിന്റെ ശിക്ഷണം നേടുകയും ചെയ്യുന്നതു വളരെ നന്ന്. അതു നമ്മുടെ ഉല്‍കൃഷ്ടതരഗുണങ്ങളെ വെളിപ്പെടുത്തുന്നു. എന്നാല്‍, ബഹുഭൂരിപക്ഷം ദൃഷ്ടാന്തങ്ങളിലും നമ്മള്‍ ആ ചെറുവിഭാഗത്തിനകത്തു മരിക്കുന്നു. നാം പുറത്തു കടക്കുന്നില്ല. വളരുന്നുമില്ല. ഈ പ്രതീകോപാസനയ്ക്കെല്ലാമുള്ള വലിയൊരപകടമാണത്. ഇവയെല്ലാം ഒരുവന്‍ കടക്കേണ്ട പടികളാണെന്നു ഒരാള്‍ പറയും. പക്ഷേ, അയാള്‍ ഒരിക്കലും അവയ്ക്കു പുറത്തു കടക്കുന്നില്ല. വയസ്സായിട്ടും അവയില്‍ത്തന്നെ ഒട്ടിനില്‍ക്കുന്നു. ഒരു ചെറുപ്പക്കാരന്‍ പള്ളിയില്‍ പോകുന്നില്ലെങ്കില്‍, അയാളെ ഗര്‍ഹിക്കേണ്ടതാണ്. എന്നാല്‍ ഒരു വയസ്സന്‍ പള്ളിയില്‍ പോകുന്നെങ്കില്‍ അയാളെയും ഗര്‍ഹിക്കേണ്ടതാണ്. ഈ കുട്ടിക്കളിയുമായി അയാള്‍ക്കിനിമേല്‍ ഒരു കാര്യവുമില്ല. കൂടുതല്‍ ഉയര്‍ന്ന നിലയിലേക്കുള്ള ഒരുക്കംമാത്രമാകേണ്ടതായിരുന്നു പള്ളി. രൂപങ്ങളും പ്രതീകങ്ങളും ഈ പ്രാഥമികങ്ങളൊക്കെയുമായി അയാള്‍ക്കിനി കാര്യമെന്ത്?
ഗ്രന്ഥോപാസന പ്രതീകത്തിന്റെ മറ്റൊരു പ്രബലരൂപമാണ് – പ്രബലതമരൂപം. ഗ്രന്ഥം ഈശ്വരനായിത്തീരുന്നത് ഓരോ രാജ്യത്തും കാണാം. ഈശ്വരന്‍ അവതരിച്ചു മനുഷ്യനാകുന്നെന്നു വിശ്വസിക്കുന്ന വിഭാഗങ്ങള്‍ എന്റെ നാട്ടിലുണ്ട്. എന്നാല്‍ ഈശ്വരനും മനുഷ്യാവതാരത്തില്‍ വേദങ്ങളോടു പൊരുത്തപ്പെടണം. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ അപ്രകാരം പൊരുത്തപ്പെടുന്നില്ലെങ്കില്‍, അവന്‍ അദ്ദേഹത്തെ കൈക്കൊള്ളില്ല. ബുദ്ധനെ ഹിന്ദുക്കള്‍ ആരാധിക്കുന്നുണ്ട്. ‘നിങ്ങള്‍ ബുദ്ധനെ ആരാധിക്കുന്ന സ്ഥിതിക്ക് എന്തുകൊണ്ട് അവിടുത്തെ ഉപദേശങ്ങളെ കൈക്കൊള്ളുന്നില്ല?’ എന്ന് അവരോടു ചോദിച്ചാല്‍, ‘ബൌദ്ധന്മാര്‍ വേദങ്ങളെ നിഷേധിക്കുന്നതുകൊണ്ട്’ എന്നവര്‍ പറയും. ഗ്രന്ഥോപാസനയുടെ അര്‍ത്ഥം അത്തരമാണ്. ഒരു മതഗ്രന്ഥത്തിന്റെ പേരില്‍ എത്ര പൊളി പറഞ്ഞാലും ഒക്കെ ശരി. ഭാരതത്തില്‍ വല്ലതും പുതിയതു പഠിപ്പിക്കണമെങ്കില്‍, അതെന്റെ സ്വാഭിപ്രായമായി, സ്വപ്രമാണത്തില്‍മാത്രം, പ്രതിപാദിക്കുന്നപക്ഷം, അതു ചെവിക്കൊള്ളാന്‍ ആരും വരില്ല. എന്നാല്‍, ഞാന്‍ വേദങ്ങളില്‍നിന്നു വല്ലഭാഗവും കൈക്കൊണ്ടു മറിമായംകാട്ടി അതിന് അസാധ്യതമമായ അര്‍ത്ഥം നല്‍കുകയും അതില്‍ യുക്തിസിദ്ധമായതിനെയെല്ലാം കൊലചെയ്ത് എന്റെ സ്വന്തം ആശയങ്ങളെ വേദോദ്ദിഷ്ടങ്ങളായ ആശയങ്ങളെന്ന മട്ടില്‍ പ്രചരിപ്പിക്കയുമാണെങ്കില്‍, സകലവിഡ്ഢികളും കൂട്ടമിട്ട് എന്നെ അനുഗമിക്കും. ഇനി ചിലരുണ്ട്, സാധാരണക്രിസ്ത്യന്മാരെ അമ്പരിപ്പിക്കുന്ന ഒരുതരം ക്രിസ്തുമതം ഭാഷണം ചെയ്യുന്നവര്‍. പക്ഷേ, ‘ഇതാണ് യേശുക്രിസ്തു ഉദ്ദേശിച്ചത്’എന്നവര്‍ പറയുകയും അനേകം പേര്‍ അവരുടെ ചുറ്റും കൂടുകയും ചെയ്യുന്നു. വേദങ്ങളിലോ ബൈബിളിലോ ഇല്ലാത്ത പുതുതൊന്നും ജനങ്ങള്‍ക്കു വേണ്ടാ. അതു സിരകളുടെ കാര്യമാണ്. പുതുതും (ഉള്ളില്‍) തട്ടുന്നതുമായ ഒരു വസ്തു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഞെട്ടുന്നു. അല്ലെങ്കില്‍ പുതിയ ഒരു വസ്തു കാണുമ്പോള്‍ ഞെട്ടുന്നു. അതു ഘടനയിലുള്ളതാണ്. വിചാരങ്ങളെസ്സംബന്ധിച്ച് ഇത് ഇതിലേറെയാണ്. മനസ്സു ചാലുകളില്‍ക്കൂടി ഒടിക്കൊണ്ടിരുന്നു. ഒരു പുതിയ ആശയത്തെ കൈയേല്‍ക്കുക കഴിവില്‍ കവിഞ്ഞ ക്ളേശമാണ്. അതുകൊണ്ട് ഈ ആശയത്തെ ചാലുകള്‍ക്കടുത്തു വെയ്ക്കണം. അപ്പോള്‍ നാമതു പതുക്കെയെടുക്കും. അതൊരു നല്ലനയമാണ്. പക്ഷേ ദുശ്ചരിതമാണ്. പരിഷ്കര്‍ത്താക്കളും ഉദാരപ്രഭാഷകരെന്നു നിങ്ങള്‍ വിളിക്കുന്നവരുംകൂടി ഇന്നു സമുദായത്തിലേക്കു ചൊരിയുന്ന പൊരുത്തക്കേടുകളുടെ കൂമ്പാരത്തെപ്പറ്റി ആലോചിക്കുക. ക്രിസ്ത്യന്‍സയന്റിസ്റ്റുകളുടെ മതപ്രകാരം യേശു വലിയൊരു ചികിത്സകനായിരുന്നു. ആത്മ(പ്രേത)വാദിമതപ്രകാരം അവിടുന്ന് ഒരു വലിയ ആത്മികനായിരുന്നു. ബ്രഹ്മവിദ്യാമതപ്രകാരം അവിടുന്ന് ഒരു ‘മഹാത്മാ’വായിരുന്നു. ഇതെല്ലാം ആവിഷ്കരിക്കേണ്ടത് ഒരേ വാക്യത്തില്‍ നിന്നാണുതാനും. ‘‘അല്ലയോ ഓമനേ, ആരംഭത്തില്‍ ‘സത്’മാത്ര ഉണ്ടായിരുന്നു. മറ്റൊന്നുമുണ്ടായിരുന്നില്ല എന്നു പറയുന്ന ഒരു വാക്യം വേദങ്ങളിലുണ്ട്. ഈ വാക്യത്തിലെ ‘സത്’പദത്തിനു വിവിധാര്‍ത്ഥങ്ങള്‍ നല്‍കപ്പെടുന്നു. പരമാണുവാദികള്‍ പറയുന്നു: ആ പദത്തിനര്‍ത്ഥം ‘പരമാണു’വെന്നാണ്. പരമാണുക്കളില്‍നിന്നാണ് പ്രപഞ്ചമുണ്ടായതും പ്രകൃതിവാദികള്‍പറയുന്നു: ‘പ്രകൃതി’യെന്നാണ് അതിനര്‍ത്ഥം. സര്‍വ്വവും പ്രകൃതിയില്‍നിന്നാണ് വന്നിരിക്കുന്നതും. ശൂന്യവാദികള്‍ പറയുന്നു: അതിന്റെ അര്‍ത്ഥം ‘ശൂന്യം. പൂജ്യം എന്നാണ്, ശൂന്യത്തില്‍ നിന്നത്രേ സര്‍വ്വവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ‘ഈശ്വരന്‍’ എന്നാണ് അതിന്നര്‍ത്ഥമെന്ന് ഈശ്വരവാദികള്‍ പറയുന്നു. അതു ‘കേവലസത്ത’യാണെന്ന് അദ്വൈതികളും പറയുന്നു. എല്ലാവരും തങ്ങള്‍ക്കു പ്രമാണമായി ഒരേവാക്യത്തെത്തന്നെ പരാമര്‍ശിക്കുന്നു.
ഇവയാണ് ഗ്രന്ഥാരാധനയുടെ ദോഷങ്ങള്‍. എന്നാലും, മറുവശത്ത്, അതില്‍ ഒരു വലിയ ഗുണമുണ്ട്- അതു ശക്തിയരുളുന്നു. ഒരു ഗ്രന്ഥമുള്ള മതവിഭാഗമൊഴിച്ചു മറ്റെല്ലാം മറഞ്ഞുപോയിരിക്കുന്നു. അവയെ കൊല്ലാന്‍ ഒന്നിനുമാവില്ലെന്നു തോന്നുന്നു. നിങ്ങളില്‍ ചിലര്‍ പാഴ്സികളെപ്പറ്റി കേട്ടിരിക്കും. അവര്‍ പുരാതനപേഴ്സ്യക്കാരായിരുന്നു. ഒരു കാലത്തു പത്തുകോടിയോളമുണ്ടായിരുന്നുതാനും. അവരില്‍ ഭൂരിപക്ഷത്തെയും അറബികള്‍ ആക്രമിക്കുകയും മുഹമ്മദുമതത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഒരു പിടി, തങ്ങളുടെ ഗ്രന്ഥവുമായി പീഡകന്മാരില്‍നിന്ന് ഓടി രക്ഷപ്പെട്ടു. അത് അവരെ ഇന്നു നിലനിര്‍ത്തുന്നു. ഒരു ഗ്രന്ഥം ഈശ്വരന്റെ സ്പൃശ്യതമമായ രൂപമത്രേ. ജൂതരെ വിചാരിക്കുക. അവര്‍ക്കൊരു ഗ്രന്ഥമില്ലായിരുന്നുവെങ്കില്‍, ലോകത്തില്‍ അവര്‍ നിലനില്‍ക്കുമായിരുന്നില്ല. ഏറ്റവും ഭീകരമായ പീഡനമുണ്ടായിട്ടും ‘താല്‍മുദ്’ അവരെ ഒരുമിച്ചുനിര്‍ത്തുന്നു. പുസ്തകത്തിനുള്ള ഒരു വലിയ ഗുണം ഇതാണ്. അതു എല്ലാത്തിനെയും സ്പൃശ്യവും സുകരവുമായ രൂപത്തില്‍ കല്‍പ്പിക്കുന്നു, എല്ലാ പ്രതിമകളിലും വെച്ച് ഏറ്റവും കൈകാര്യം ചെയ്യാവുന്നതുമാണ്. ഒരു ഗ്രന്ഥം പൂജാവേദിയില്‍വെച്ചാല്‍ മതി, അതെല്ലാവര്‍ക്കും കാണാം. എല്ലാവരും ഒരു നല്ല ഗ്രന്ഥം വായിക്കും. എന്നെ പക്ഷപാതിയെന്നു ഗണിച്ചേയ്ക്കാമെന്ന് ആശങ്കയുണ്ട്. എങ്കിലും എന്റെ അഭിപ്രായത്തില്‍ പുസ്തകങ്ങള്‍ ഗുണത്തെക്കാളധികം ദോഷം ഉളവാക്കിയിട്ടുണ്ട്. അനേകം ദ്രോഹകരങ്ങളായ വളരെ സിദ്ധാന്തങ്ങളുടെ ഉത്തരവാദിത്വം ഈ ഗ്രന്ഥങ്ങള്‍ക്കാണ്. വിശ്വാസങ്ങളെല്ലാം ഗ്രന്ഥങ്ങളില്‍നിന്നു വരുന്ന ഗ്രന്ഥങ്ങള്‍ മാത്രമാണ്. ലോകത്തുണ്ടായിട്ടുള്ള മനുഷ്യപീഡനങ്ങള്‍ക്കും മതഭ്രാന്തിനും ഉത്തരവാദി. ആധുനികകാലത്തു ഗ്രന്ഥങ്ങള്‍ സര്‍വ്വത്ര നുണയരെ സൃഷ്ടിക്കുന്നു. ഓരോ രാജ്യത്തും പുറത്തു വന്നിട്ടുള്ള നുണയരുടെ എണ്ണം എന്നെ അത്ഭുതപ്പെടുത്തി.
പ്രതിമയെപ്പറ്റിയാണ് അടുത്തതായി ആലോചിക്കേണ്ടത്, പ്രതിമയുടെ ഉപയോഗം. ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരുരൂപത്തില്‍ പ്രതിമകളെ ലോകത്തെവിടെയും കാണാം. ചിലര്‍ക്ക് അതു മനുഷ്യരൂപത്തിലാണ് – അതാണ് ഉത്തരം. ഞാനൊരു പ്രതിമയെ ആരാധിക്കാനുദ്ദേശിച്ചാല്‍ വല്ല ജന്തുക്കളുടെയോ കെട്ടിടത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ രൂപത്തേക്കാള്‍ ഞാനിഷ്ടപ്പെടുക മനുഷ്യരൂപമായിരിക്കും. ഒരു വിശേഷപ്രതിമയാണ് ശരിയെന്ന് ഒരു മതവിഭാഗക്കാര്‍ വിചാരിക്കുമ്പോള്‍, മറ്റൊരു കൂട്ടര്‍ അതു തെറ്റാണെന്നു കരുതുന്നു. ഈശ്വരന്‍ പ്രാവിന്റെ രൂപത്തില്‍ വന്നപ്പോള്‍ അതു ശരിയെന്നു ക്രിസ്ത്യന്‍ വിചാരിക്കുന്നു. എന്നാല്‍ ഹിന്ദുക്കള്‍ പറയുംപോലെ, അവിടുന്നു മത്സ്യമായിട്ടാണ് വരുന്നതെങ്കില്‍ അതു തികഞ്ഞ തെറ്റും അന്ധവിശ്വാസവുമാണ്. ഒരു പെട്ടിപ്പുറത്ത് ഒരു പുസ്തകവും രണ്ടുമാലാഖമാരും ഇരിക്കുന്ന രൂപത്തില്‍ ഒരു പ്രതിമ നിര്‍മ്മിക്കുന്നപക്ഷം, അതൊക്കെ ശരിയാണെന്നു ജൂതന്മാര്‍ വിചാരിക്കുന്നു. അതൊരു പുരുഷന്റേയോ സ്ത്രീയുടേയോ രൂപത്തിലാണെങ്കിലോ, അതു ഭയങ്കരം. തങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, ‘കഅബാ’ എന്ന കറുത്ത കല്ലിനോടൊപ്പം ക്ഷേത്രത്തിന്റെ ഒരു പ്രതിമ മനസ്സില്‍ സങ്കല്‍പ്പിക്കുകയും പടിഞ്ഞാട്ടു തിരിയുകയും ചെയ്യുകയാണെങ്കില്‍, അതു തികച്ചും ശരിയാണെന്നു മുഹമ്മദീയര്‍ വിചാരിക്കുന്നു. പക്ഷേ, പള്ളിയുടെ ആകൃതിയില്‍ ഒരു പ്രതിമയെ കല്‍പ്പിച്ചാല്‍ അതു വിഗ്രഹാരാധനയാണ്. ഇതാണ് പ്രതിമോപാസനയുടെ ദോഷം. എങ്കിലും ഇവയെല്ലാം ആവശ്യമായ പടികളാണെന്നു തോന്നുന്നു.
ഈ സംഗതിയില്‍ നാം സ്വയം വിശ്വസിക്കുന്നതെന്തെന്നു ചിന്തിക്കേണ്ടതു പരമപ്രധാനമാണ്. നാം എന്തു സാക്ഷാല്‍കരിച്ചിട്ടുണ്ടെന്നുള്ളതാണ് പ്രശ്നം. യേശുവോ ബുദ്ധനോ മോശയോ എന്തു ചെയ്തു എന്നുള്ളതുകൊണ്ട് നമുക്കു യാതൊന്നുമില്ല. നാം ഒരു മുറിക്കകത്ത് അടച്ചിരുന്ന്, മോശ ഭക്ഷിച്ചതിനെപ്പറ്റി ചിന്തിക്കുന്നതുകൊണ്ടു നമ്മുടെ വിശപ്പു മാറുകയില്ല. മോശ വിചാരിച്ചതു നമ്മെ രക്ഷിക്കയുമില്ല. ഇക്കാര്യങ്ങളില്‍ എന്റെ ആശയങ്ങള്‍ തികച്ചും മൌലികമാണ്. ചിലപ്പോള്‍ ഞാന്‍ വിചാരിക്കയാണ്. ഞാന്‍ പുരാതനഗുരുക്കന്മാരോടൊപ്പം യോജിക്കുമ്പോള്‍ ഞാന്‍ ശരിയാണെന്ന്. മറ്റുചിലപ്പോള്‍ ഞാന്‍ വിചാരിക്കുന്നു, അവര്‍ എന്നോടു യോജിക്കുമ്പോള്‍, അവര്‍ ശരിയാണെന്ന്. സ്വതന്ത്രമായി ചിന്തിക്കുന്നതിലത്രേ ഞാന്‍ വിശ്വസിക്കുന്നത്. വിശുദ്ധഗുരുക്കന്മാരില്‍നിന്നു സമ്പൂര്‍ണ്ണ സ്വതന്ത്രനാകുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു. അവര്‍ക്കു സര്‍വ്വാദരങ്ങളും അര്‍പ്പിക്കുക. പക്ഷേ മതത്തെ സ്വതന്ത്രമായ ഗവേഷണമെന്നു കരുതുക. അവര്‍ സ്വയം വെളിച്ചം കണ്ടെത്തിയതുപോലെ, എനിക്കെന്റെ വെളിച്ചം കണ്ടെത്തണം. അവര്‍ വെളിച്ചം കണ്ടെത്തിയെന്നതു നമ്മെ തീരെ തൃപ്തിപ്പെടുത്തില്ല. നിങ്ങള്‍ വേണ്ടതു ബൈബിളിലെ ആദര്‍ശമായിത്തീരുകയാണ്. അല്ലാതെ, അതിനെ പിന്തുടരുകയല്ല. ഒരു വഴിവിളക്കെന്ന നിലയില്‍-ഒരു ചൂണ്ടുപലക, ഒരടയാളം എന്ന നിലയില്‍ -മാത്രമേ അതിനു വിലയുള്ളു. ആ നിലയില്‍ അതിന്നാദരവര്‍പ്പിക്കാമെന്നു മാത്രം. എങ്കിലും ഈ പ്രതിമകളും മറ്റും തികച്ചും ആവശ്യമാണ്. നിങ്ങള്‍ മനസ്സിനെ ഏകാഗ്രമാക്കാനോ വല്ലതുമൊന്നു ഭാവന ചെയ്യാനോ ശ്രമിക്കുക. അപ്പോള്‍ നിങ്ങള്‍ മനസ്സില്‍ സ്വാഭാവികമായി പ്രതിമകളെ രൂപപ്പെടുത്തുന്നതു കാണാം. അതൊഴിവാക്കാന്‍ നിങ്ങള്‍ക്കു വയ്യ. രണ്ടുതരക്കാര്‍ക്കു പ്രതിമകളുടെ ആവശ്യം ഒരിക്കലുമില്ല – മതചിന്തയേ ഇല്ലാത്ത മനുഷ്യമൃഗത്തിനും ഈ പടികളെല്ലാം കടന്നിരിക്കുന്ന പൂര്‍ണ്ണമനുഷ്യനും. ഈ രണ്ടു കോടികള്‍ക്കകത്തും നമ്മുക്കെല്ലാം ബാഹ്യമോ ആഭ്യന്തരമോ ആയ എന്തെങ്കിലും തരം ആദര്‍ശം ആവശ്യമാണ്. അതു പരേതനായ ഒരു മാനവസത്ത്വമോ ജീവിച്ചിരിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ ആവാം. ഇതാണ് ആളോടും ശരീരത്തോടും ഉള്ള ഒട്ടല്‍. അതു തികച്ചും സ്വാഭാവികവുമത്രേ. മൂര്‍ത്തീകരിക്കാനുള്ള പ്രവണത നമുക്കുണ്ട്. നാം മൂര്‍ത്തീഭവിച്ചില്ലായിരുന്നെങ്കില്‍, ഇവിടെ എങ്ങനെ വന്നുചേരാനൊക്കുമായിരുന്നു? മൂര്‍ത്തീഭവിച്ച ആത്മാക്കളാണ് നാം. മൂര്‍ത്തീകരണമാണ് നമ്മെ ഇവിടെ എത്തിച്ചിരിക്കുന്നത്. അതുതന്നെ നമ്മെ പുറത്തയക്കുകയും ചെയ്യും. ഇന്ദ്രിയവിഷയാനുധാവനം നമ്മെ മനുഷ്യജീവികളാക്കിയിരിക്കുന്നു. മനുഷ്യരൂപങ്ങളെ ആരാധിക്കാന്‍ നാം നിര്‍ബ്ബദ്ധരുമാണ്. മറിച്ച് നാം എന്തൊക്കെപ്പറഞ്ഞാലും, ‘സാകാരപൂജ പാടില്ല’ എന്നു പറയാന്‍ വളരെ എളുപ്പം. എന്നാല്‍, അങ്ങനെ പറയുന്നവന്‍തന്നെ പ്രായേണ ഏറ്റവം ‘സാകാര’പ്രിയരാണ്. ചില സ്ത്രീപുരുഷന്മാരോട് അയാളുടെ ആസക്തി അതിപ്രബലമാണ്. അവര്‍ മരിക്കുമ്പോള്‍ അനുഗമിക്കണം. അതാണ് വിഗ്രഹാരാധന. അതു വിഗ്രഹാരാധനയുടെ ബീജം, യഥാര്‍ത്ഥ‘കാരണം’, ആണ്. കാരണം അവിടെയുള്ളിടത്തോളം ഏതെങ്കിലും രൂപത്തില്‍ അതു പുറത്തുവരും. ക്രിസ്തുവിന്റെയോ ബുദ്ധന്റെയോ വിഗ്രഹത്തോട് ആദരവുണ്ടായിരിക്കുന്നതല്ലേ. ഒരു സാധാരണപുരുഷനോടോ സ്ത്രീയോടോ ഉളളതിനേക്കാള്‍ നല്ലത്?
പാശ്ചാത്യദേശങ്ങളില്‍ ആളുകള്‍ പറയാറുണ്ട്. വിഗ്രഹങ്ങളുടെ മുമ്പില്‍ മുട്ടുകുത്തുന്നതു ചീത്തയാണെന്ന്. എന്നാല്‍ അവര്‍ക്ക് ഒരു സ്ത്രീയുടെ മുമ്പില്‍ മുട്ടുകുത്താം. ‘നീ എന്റെ ജീവനാണ്, എന്റെ കൃഷ്ണമണിയാണ്, എന്റെ ആത്മാവാണ്’ എന്നു പറയുകയും ചെയ്യാം. ഇതാണ് നികൃഷ്ടമായ വിഗ്രഹാരാധന. എന്റെ ജീവനെന്നും ആത്മാവെന്നുമുള്ള ഈ പറച്ചിലെന്താണ്? അതു പെട്ടെന്നു പോയി മറയുന്നു. അത് ഇന്ദ്രിയാസക്തിമാത്രമാണ്. ഈ കുസുമരാശികൊണ്ട് മൂടിയ സ്വാര്‍ത്ഥസ്നേഹമാണത്. കവികള്‍ അതിനൊരു നല്ല പേരും നല്കുന്നു. അതിന്മേല്‍ പരിമളജലം തളിക്കുന്നു. എല്ലാത്തരം ആകര്‍ഷകവസ്തുക്കളും ചൊരിയുകയും ചെയ്യുന്നു. ബുദ്ധന്റെയോ ജൈനമഹാവീരന്റെയോ വിഗ്രഹത്തിനു മുമ്പില്‍ മുട്ടുകുത്തിയിട്ട് ‘അവിടുന്ന് എന്റെ ജീവനാണെ’ന്നു പറയുന്നതല്ലേ ഭേദം? അതാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുക. പാശ്ചാത്യദേശങ്ങളില്‍ അംഗീകരിച്ചിട്ടില്ലാത്തതും ഞങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഉപദേശിക്കപ്പെട്ടിട്ടുള്ളതുമായ മറ്റൊരുതരം പ്രതീകമുണ്ട്. ഇതു മനസ്സിനെ ഈശ്വരനായുപസിക്കാനുപദേശിക്കുന്നു. ഈശ്വരനെന്ന് എന്തിനെയെങ്കിലും ഉപാസിക്കുന്നത് ഒരു പടി, പോലെയാണ്. സപ്തര്‍ഷിമണ്ഡലത്തിനടുത്തുള്ള അരുന്ധതിയെന്ന സൂക്ഷ്മനക്ഷത്രത്തെ കാണിച്ചുകൊടുക്കുന്ന രീതിയാണ് ഇതിനൊരു ദൃഷ്ടാന്തം. അതിനടുത്തുള്ള ഒരു വലിയ നക്ഷത്രത്തെ ഒരുവനു കാട്ടിക്കൊടുക്കുന്നു. അയാള്‍ അതില്‍ നോട്ടം ഉറപ്പിക്കയും അതിനെ തിരിച്ചറികയും ചെയ്തുകഴിയുമ്പോള്‍ അല്പംകൂടി സൂക്ഷ്മവും അല്പംകൂടി അടുത്തതുമായ ഒരു നക്ഷത്രത്തെ കാട്ടിക്കൊടുക്കുന്നു. അതില്‍ നോട്ടം ഉറപ്പിച്ചുകഴിയുമ്പോള്‍ അയാളെ അരുന്ധതിയിലേക്കു നയിക്കുന്നു. ഇപ്രകാരം ഈ പലതരം പ്രതീകങ്ങളും പ്രതിമകളും ഈശ്വരനിലേക്കു നയിക്കുന്നു. ബുദ്ധന്റെയും ക്രിസ്തുവിന്റെയും ആരാധന ഒരു പ്രതീകാരാധനമാത്രമാണ്-ഈശ്വരാരാധനയിലേയ്ക്കടുക്കല്‍. ഈ ബുദ്ധോപാസനയും ക്രിസ്തുപാസനയും മനുഷ്യനെ രക്ഷിക്കില്ല. അവന്‍ അവരെ മറികടന്ന്, ക്രിസ്തുവായി അഭിവ്യക്തനായവനിലേക്കു ചെല്ലണം. എന്തെന്നാല്‍ ഈശ്വരനുമാത്രമേ നമുക്കു സ്വാതന്ത്യ്രം തരാന്‍ കഴിവുള്ളു. ഇവരെ ഈശ്വരനായി ഗണിക്കണമെന്നും അവര്‍ പ്രതീകങ്ങളല്ല. ഈശ്വരന്‍തന്നെയാണെന്നും പറയുന്ന ചില ദാര്‍ശനികന്മാര്‍പോലും ഉണ്ട്. എങ്ങനെയായാലും ഈ നാനാപ്രതീകങ്ങളെ, ഈ നാനാസമീപനഘട്ടങ്ങളെ, നമുക്കു സ്വീകരിക്കാം. ക്ഷതം തട്ടാതിരിക്കാനുമാവും. എന്നാല്‍ അവയെ ആരാധിക്കുമ്പോള്‍ ഈശ്വരനെയാണ് നാം ആരാധിക്കുന്നതെന്നു വിചാരിക്കുന്നപക്ഷം, നാം തെറ്റിദ്ധരിച്ചിരിക്കുന്നു. ഒരുവന്‍ യേശുക്രിസുതുവിനെ ആരാധിക്കയും തന്മൂലം താന്‍ രക്ഷിക്കപ്പെടുമെന്നു വിചാരിക്കയും ചെയ്യുന്നുവെങ്കില്‍ അയാള്‍ തികച്ചും തെറ്റിദ്ധരിച്ചിരിക്കുന്നു. ഒരു വിഗ്രഹത്തെയോ ഭൂതങ്ങളെയോ പ്രേതങ്ങളെയോ ആരാധിക്കുന്നതിനാല്‍ താന്‍ രക്ഷിക്കപ്പെടുമെന്ന് ഒരുവന്‍ വിചാരിക്കുന്നെങ്കില്‍ അയാള്‍ തികച്ചും തെറ്റിദ്ധരിച്ചിരിക്കുന്നു. ഏതു വസ്തുവിനെയും അതില്‍ ഈശ്വരനെ കണ്ടുകൊണ്ടു നമുക്കാരാധിക്കാം-വിഗ്രഹത്തെ മറക്കാനും അവിടെ ഈശ്വരനെ കാണാനും നമുക്കു കഴിഞ്ഞാല്‍. വിഗ്രഹം ഈശ്വരനാണെന്നു ഭാവന ചെയ്യാന്‍ പാടില്ല. എന്നാല്‍ ഏതു വിഗ്രഹത്തേയും ഈശ്വരനാകുന്ന ആ ചേതനകൊണ്ടു നിറയ്ക്കാം. വിഗ്രഹത്തെ മറന്നേയ്ക്കുക-അപ്പോള്‍ കാര്യം വേണ്ടത്ര ശരിയായി. എന്തെന്നാല്‍ ‘സര്‍വ്വവും അവനില്‍ നിന്നു വരുന്നു’ അവനാണ് സര്‍വ്വവും. ഒരു ചിത്രത്തെ നമുക്ക് ഈശ്വരനായി ആരാധിക്കാം. പക്ഷേ ഈശ്വരനെ ചിത്രമായി വയ്യാ. ചിത്രത്തില്‍ ഈശ്വരന്‍ ശരി. എന്നാല്‍ ചിത്രം ഈശ്വരനായിട്ട് തെറ്റ്. വിഗ്രഹത്തില്‍ ഈശ്വരന്‍ പൂര്‍ണ്ണമായും ശരി. അവിടെ അപകടമില്ല. അതാണ് യഥാര്‍ത്ഥ-ഈശ്വരാരാധന. എന്നാല്‍ ‘വിഗ്രഹ-ഈശ്വരന്‍’ വെറുമൊരു പ്രതീകം മാത്രം.
ഭക്തിയില്‍ നമുക്കിനി പര്യാലോചിക്കേണ്ട വലിയ സംഗതിയാണ് ‘വാക്ക്’, നാമശക്തി. പ്രപഞ്ചം മുഴുവന്‍ നാമരൂപാത്മകമാണ്. നാം കാണുന്നതെന്തും ഒന്നുകില്‍ നാമരൂപസംഘാതം, വെറും നാമം, ഒരു മാനസികവിഗ്രഹമെന്ന ‘രൂപ’ത്തോടുകൂടിയത്. അതിനാല്‍, ഒക്കെക്കഴിഞ്ഞാലും, നാമരൂപമല്ലാത്ത ഒന്നുമില്ല. ഈശ്വരന് രൂപമോ ആകാരമോ ഇല്ലെന്നു നാമെല്ലാം വിശ്വസിക്കുന്നു. എങ്കിലും നാം ഈശ്വരനെക്കുറിച്ചു വിചാരിക്കാന്‍ തുടങ്ങുന്ന നിമിഷം അവിടേയ്ക്കു നാമവും രൂപവും കൈവരുന്നു. ചിത്തം പ്രശാന്തജലാശയംപോലെയും വിചാരങ്ങള്‍ ഈ ചിത്തത്തിന്മേലെ തരംഗങ്ങള്‍പോലെയും. നാമരൂപങ്ങളായിട്ടാണ് ഈ തരംഗങ്ങള്‍ ഉദിക്കാറ്- നാമരൂപങ്ങളില്ലാതെ ഒരു തരംഗവും ഉദിക്കാനാവില്ല. ‘ഏകരൂപം’ ചിന്ത്യമല്ല. അതു ചിന്താതീതമാണ്. അതു ചിന്തയും ദ്രവ്യവുമാകുന്നതോടെ അതിനു നാമരൂപങ്ങളുണ്ടായേ തീരൂ. നമുക്ക് അവയെ വേറാക്കാനാവില്ല. ഈശ്വരന്‍ വാക്കില്‍നിന്നു വിശ്വത്തെ സൃഷ്ടിച്ചു എന്നു പല ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുണ്ട്. സംസ്കൃതത്തിലെ ശബ്ദബ്രഹ്മമാണ്, വാക്കിനെക്കുറിച്ചുള്ള ക്രിസ്തീയസിദ്ധാന്തം പഴയൊരു ഭാരതീയസിദ്ധാന്തം, അതു ഭാരതത്തില്‍ നിന്നു മതപ്രചാരകന്മാര്‍ അലക്സാണ്ഡ്രിയയില്‍ കൊണ്ടുചെന്ന് അവിടെ നട്ടു. അങ്ങനെ വാക്കിനെയും അവതാരത്തെയും സംബന്ധിച്ച ആശയങ്ങള്‍ അവിടെ ഉറച്ചു.
ഈശ്വരന്‍ സര്‍വ്വവും വാക്കില്‍നിന്നു സൃഷ്ടിച്ചു എന്ന ആശയത്തില്‍ ആഴമുറ്റ പൊരുളുണ്ട്. ഈശ്വരന്‍ സ്വയം രൂപരഹിതനായിരിക്കെ, ഇതാണ് രൂപസര്‍ജ്ജനത്തിന്റെ, അതായത് സൃഷ്ടിയുടെ, ഉത്തമവിതരണം. പ്രപഞ്ചരചനയ്ക്കുള്ള സംസ്കൃതപദം സൃഷ്ടിയാണ്. ‘ഈശ്വരന്‍ ശൂന്യതയില്‍നിന്നു വസ്തുക്കളെ സൃഷ്ടിച്ചു’ എന്നതിന് എന്താണര്‍ത്ഥം? പ്രപഞ്ചം ഈശ്വരനില്‍നിന്നു സര്‍ജ്ജിക്കപ്പെടുന്നു. അവിടുന്നു പ്രപഞ്ചമായിത്തീരുന്നു. അതെല്ലാം അവിടെയ്ക്കു മടങ്ങുകയും ചെയ്യുന്നു. വീണ്ടും അതു പുറപ്പെടുന്നു. പിന്നേയും മടങ്ങുന്നു. അനന്തതയിലൂടെ അതങ്ങനെ നടന്നുകൊണ്ടിരിക്കും. മനസ്സില്‍ എന്തെങ്കിലും ഒന്നിന്റെ സര്‍ജ്ജനം നാമരൂപങ്ങളെക്കൂടാതെ സാദ്ധ്യമല്ലെന്നു നാം കണ്ടുകഴിഞ്ഞു. മനസ്സു സംശാന്തമാണെന്ന്. വിചാരവിവര്‍ജ്ജിതമാണെന്ന് വിചാരിക്കുക എന്നിരുന്നാലും വിചാരം ഉയരാന്‍ തുടങ്ങുന്ന ഉടനേ അതു നാമരൂപങ്ങളെ കൈക്കൊള്ളും. ഓരോ വിചാരത്തിനും ഒരു നിശ്ചിത നാമമുണ്ട്. ഒരു നിശ്ചിതരൂപവുമുണ്ട്. അതേ വിധത്തില്‍, സൃഷ്ടിയെന്ന ഈ വസ്തുത, സര്‍ജ്ജനമെന്ന വസ്തുത, തന്നെ നാമരൂപങ്ങളായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ മനുഷ്യന്നുള്ളതും ഉണ്ടാകാവുന്നതുമായ ഏതാശയവും താദൃശമായ ഒരു നിശ്ചിതനാമത്തോടു അഥവാ വാക്കിനോടു ബന്ധപ്പെട്ടിരിക്കണമെന്നു കാണുന്നു. ആ സ്ഥിതിക്ക്, നിങ്ങളുടെ ശരീരം നിങ്ങളുടെ ആശയത്തിന്റെ ആവിര്‍ഭാവമായിരിക്കുംപോലെ-ആശയം ആവിര്‍ഭവിക്കയും ബഹിര്‍ഭവിക്കയും ചെയ്തതാണ് എന്ന മട്ടില്‍-ഈ പ്രപഞ്ചവും മനസ്സിന്റെ ആവിര്‍ഭാവമാണെന്നു വിചാരിക്കുന്നതു തികച്ചും ന്യായമാണ്. കൂടാതെ, ജഗത്തു മുഴുവന്‍ ഒരേ രീതിയിലാണ് നിര്‍മ്മിതമായിരിക്കുന്നതെങ്കില്‍, ഒരു പരമാണുവിന്റെ നിര്‍മ്മാണരീതി അറിയാനായാല്‍ വിശ്വം മുഴുവന്‍ നിര്‍മ്മിച്ചിരിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കാനും കഴിയും. നിങ്ങളില്‍ ശരീരം ബാഹ്യസ്ഥൂലാംശവും മനസ്സ് ആന്തരസൂക്ഷ്മാംശവുമാണെന്നും ഇവ രണ്ടും എന്നുമേ അഭേദ്യമാണെന്നുള്ളതു ശരിയാണെങ്കില്‍, എപ്പോള്‍ നിങ്ങള്‍ക്കു ശരീരമില്ലാതാകുന്നുവോ അപ്പോള്‍ നിങ്ങള്‍ക്കു മനസ്സും ഇല്ലാതാകേണ്ടതാണ്. ഒരു മനുഷ്യന്റെ തലച്ചോറിനു തകരാറാകുമ്പോള്‍ അയാളുടെ ആശയങ്ങള്‍ക്കും തകരാറാകുന്നു-കാരണം, അവ ഒന്നുതന്നെയാണ്. സ്ഥൂലവും സൂക്ഷ്മവുമായ ഭാഗങ്ങള്‍ മനസ്സെന്നും ദ്രവ്യമെന്നും, രണ്ടു വസ്തുക്കളില്ല. വായുവിന്റെ ഒരു മഹോഛ്രയത്തില്‍ ഒരേ ഭൂതത്തിന്റെ, വായുവിന്റെ, കനത്തതും നേര്‍ത്തതുമായ പാളികളുള്ളതുപോലെയാണ് ശരീരം സംബന്ധിച്ചും. അതുടനീളം ഒരേ വസ്തുവാണ്-സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തിലേക്ക് പാളിക്കുമേല്‍ പാളി. ഇനി, ശരീരം നമ്മുടെ വിരലിലെ നഖംപോലെയാണ്. ഇവ മുറിച്ചാലും വളര്‍ന്നുവരുംപോലെ. നമ്മുടെ സൂക്ഷ്മാശയങ്ങളില്‍നിന്നു തുടരെ ശരീരങ്ങള്‍ ഉളവാകുന്നു. ഒരു വസ്തു എത്രയ്ക്കു സൂക്ഷ്മമോ അത്രയ്ക്കു സ്ഥായിയാണ്. അതു നമുക്കെപ്പോഴും കാണാം. അതു എത്രയ്ക്കു സ്ഥൂലമോ അത്രയ്ക്കു ക്ഷണപരിണാമിയുമായിരിക്കും. ഇപ്രകാരം, വിചാരമെന്നു പറയപ്പെടുന്ന ഒരേ ആവിര്‍ഭൂതശക്തിയുടെ സ്ഥൂലതരാവസ്ഥ ‘രൂപ’വും സൂക്ഷ്മതരാവസ്ഥ ‘നാമ’വുമാണ്. എന്നാല്‍ ഇവ മൂന്നുംകൂടി ഒന്നത്രേ. അത് ഏകത്വത്തില്‍ ത്രയത്വമാണ്. ഒരേ വസ്തുവിന് അസ്തിത്വത്തിന്റെ മൂന്നുമാത്രകള്‍. സൂക്ഷ്മതരം, ഗാഢതരം, ഗാഢതമം. എവിടെ ഒന്നുണ്ടോ, അവിടെ മറ്റവയുമുണ്ട്. നാമം എവിടെയൊക്കെയുണ്ടോ അവിടെ രൂപവും വിചാരവും ഉണ്ട്.
വിശ്വം ശരീരത്തിന്റെ വിധാനക്രമമനുസരിച്ച് നിര്‍മ്മിക്കപ്പെട്ടാതാണെങ്കില്‍, വിശ്വത്തിനും രൂപ-നാമ-വിചാരവിഭാഗങ്ങള്‍ ഉണ്ടായിരിക്കണമെന്നു സ്വാഭാവികമായി വന്നുകൂടുന്നു. വിചാരമാണ് വിശ്വത്തിന്റെ സൂക്ഷ്മതമാംശം. അതിന്റെ യഥാര്‍ത്ഥപ്രേരകശക്തി. നമ്മുടെ ശരീരത്തിന്റെ പിന്നിലെ വിചാരത്തെ ആത്മാവെന്നു പറയുന്നു. പ്രപഞ്ചത്തിന്റെ പിന്നിലെ ‘വിചാര’ത്തെ ഈശ്വരനെന്നും പറയുന്നു. പിന്നെ അതിനെത്തുടര്‍ന്ന്, നാമവും ഒടുവിലായി നാം കാണുകയും തൊടുകയും ചെയ്യുന്ന ‘രൂപ’വുമുണ്ട്. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു വ്യഷ്ടിപുരുഷനാണ്-ഈ വിശ്വത്തിലെ ഒരു ചെറുവിശ്വം-ഒരു വിശേഷരൂപത്തോടു കൂടിയ ശരീരം, അനന്തരം അതിനു പിന്നില്‍ ഒരു നാമം-ജോണെന്നോ-അതിനും പിന്നില്‍ ഒരു വിചാരം. ഇരിക്കട്ടെ. അതുപോലെ, ഇതാ ഈ സമസ്തവിശ്വം. അതിന്റെ പിന്നില്‍ നാമം-എല്ലാ മതങ്ങളിലും ‘വാക്’ എന്നു പറയപ്പെടുന്നത്; അതിന്റേയും പിന്നിലാണ് ഈശ്വരന്‍. സമഷ്ടിവിചാരമാണ് സാംഖ്യന്മാരുടെ ഭാഷയില്‍ ‘മഹത്’, സമഷ്ടിബുദ്ധി. ഇനി ആ ‘നാമം’ എന്താണ്? എന്തെങ്കിലും നാമം ഉണ്ടായിരിക്കണം. ലോകം ഏകരൂപമത്രേ. വിശ്വം മുഴുവന്‍ ഏതു സാധനത്താല്‍ നിര്‍മ്മിതമായിരിക്കുന്നുവോ അതേ സാധനത്താലാണ് ഓരോ അണുവും നിര്‍മ്മിതമായിരിക്കുന്നതെന്ന് ആധുനികസയന്‍സ് സംശയാതീതമായി തെളിയിക്കുന്നു. ഒരു മണ്‍കട്ടയെ അറിയാമെങ്കില്‍ നിങ്ങള്‍ക്കു വിശ്വത്തെ മുഴുവനും അറിയാം. വിശ്വത്തിലുള്ള ഏറ്റവും പ്രതിനിധായകജീവി മനുഷ്യനാണ്. പിണ്ഡാണ്ഡമാണ്, തന്നില്‍ത്താന്‍ ഒരു വിശ്വം. അതുകൊണ്ട് മനുഷ്യനില്‍ രൂപവും അതിനു പിന്നില്‍ നാമവും അതിനും പിന്നില്‍ വിചാരവുമുള്ളതു നാം കാണുന്നു. അതിനാല്‍ ഈ വിശ്വവും അതേ വിധാനക്രമത്തിലാവണം. പ്രശ്നമിതാണ്, ഈ നാമം എന്ത്? ഹിന്ദുക്കളുടെ മതപ്രകാരം ആ വാക് ഓം ആകുന്നു. പുരാതന-ഈജിപ്തുകാരും അതു വിശ്വസിച്ചിരുന്നു. കഠോപനിഷത്തില്‍ ഇങ്ങനെ പറയുന്നു: ‘യാതൊന്നു തേടിയാണോ മനുഷ്യന്‍ ബ്രഹ്മചര്യമനുഷ്ഠിക്കുന്നത്, അതെന്താണെന്നു ചുരുക്കത്തില്‍ ഞാന്‍ നിന്നോടു പറയാം-അതാണ് ഓം. ഇതു ബ്രഹ്മമാകുന്നു അക്ഷരമായ ഏകം. ഇതുതന്നെ പരം. അക്ഷരമായ ഈ ഏകത്തെ അറിഞ്ഞാല്‍ ഒരുവന്‍ എന്തൊക്കെ ഇച്ഛിക്കുന്നുവോ അതൊക്കെ അവനു കിട്ടുന്നു.
ഈ ഓം സമസ്തവിശ്വത്തിന്റെ അഥവാ ഈശ്വരന്റെ നാമത്തിനു പകരം നിലകൊള്ളുന്നു. ബാഹ്യപ്രപഞ്ചത്തിനും ഈശ്വരനും മധ്യേ വര്‍ത്തിച്ച്, രണ്ടിനേയും അതു പ്രതിനിധാനം ചെയ്യുന്നു. എന്നാല്‍, വിശ്വത്തെ നമ്മുടെ വിവിധേന്ദ്രിയബോധങ്ങള്‍ക്കനുസരിച്ചു ശകലങ്ങളായെടുക്കാവുന്നതാണ്-അതായത് സ്പര്‍ശമായി, രൂപമായി, രസമായി ഇങ്ങനെ നാനാപ്രകാരത്തില്‍ ഓരോന്നിലും, നാനാനിലപാടുകളിലൂടെ ഈ വിശ്വത്തെ ലക്ഷോപലക്ഷം പ്രപഞ്ചങ്ങളാക്കിത്തീര്‍ക്കാന്‍ സാധിക്കും. അവയിലോരോന്നും സ്വയം ഓരോ പൂര്‍ണ്ണവിശ്വമായിരിക്കും. ഓരോന്നിനും ഒരു രൂപവും ഒരു നാമവും അവയ്ക്കു പിന്നില്‍ ഒരു വിചാരവും ഉണ്ടായിരിക്കുന്നതുമാണ്. പിന്നിലെ ഈ വിചാരങ്ങള്‍ പ്രതീകങ്ങളാണ്. അവയ്ക്കോരോന്നിനും ഒരോ നാമമുണ്ട്. വിശുദ്ധപ്രതീകങ്ങളുടെ ഈ നാമങ്ങളെ, ഭക്തിയോഗം ഉപയോഗപ്പെടുത്തുന്നുണ്ട്. അവയ്ക്ക് ഏതാണ്ടു അനന്തശക്തിയുണ്ട്. ഈ വാക്കുകള്‍ ഉരുവിടുന്നതുകൊണ്ടുമാത്രം, ഇച്ഛിക്കുന്നതെന്തും നമുക്കു നേടാം. നമുക്കു പൂര്‍ണ്ണതയിലെത്താം. എന്നാല്‍, രണ്ടു കാര്യങ്ങള്‍ കൂടിയേ തീരൂ-‘ഗുരു ആശ്ചര്യനായിരിക്കണം. ശിഷ്യനും അപ്രകാരമായിരിക്കണം’ എന്ന്. കഠോപനിഷത്ത് പറയുന്നു ശരിയായ പാരമ്പര്യമുറയ്ക്കു നാമം സിദ്ധിച്ചവനില്‍നിന്നു വേണം അതു വരാന്‍. ഗുരുവില്‍നിന്നു ശിഷ്യനിലേക്കു പുരാതനകാലംമുതല്‍ അതിന്റെ ശക്തിയെ വഹിച്ചുകൊണ്ട് അദ്ധ്യാത്മധാര വരികയാണ്. യാതൊരുവനില്‍നിന്നു ഈ വാക്കു പുറപ്പെടുന്നുവോ അയാളെ ഗുരുവെന്നും യാതൊരുവനിലേക്കു അതു ചെല്ലുന്നുവോ അയാളെ ശിഷ്യനെന്നും പറയുന്നു. ഈ വാക്ക് (മന്ത്രം) യഥാവിധി ലബ്ധമാവുകയും അതു ജപിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഭക്തിയോഗത്തില്‍വലിയ പുരോഗതി വന്നിട്ടുണ്ട്. കേവലം ആ മന്ത്രം ഉരുവിടുന്നതുകൊണ്ടു ഭക്തിയുടെ അത്യുച്ചഭാവംപോലും കൈവരുന്നതാണ്.
‘അങ്ങേയ്ക്കു അനവധി നാമങ്ങളുണ്ട്. അവയുടെ അര്‍ത്ഥങ്ങള്‍ അങ്ങറിയുന്നു. ഈ നാമങ്ങളെല്ലാം അങ്ങയുടേതാണ്. ഓരോന്നിലുമുണ്ട് അങ്ങയുടെ അനന്തശക്തിയും. ഈ നാമങ്ങള്‍ ജപിക്കാന്‍ കാലമോ സ്ഥലമോ ഇല്ല. എന്തെന്നാല്‍ എല്ലാ കാലവും സ്ഥലവും വിശുദ്ധങ്ങളാണ്. അങ്ങ് അത്രയ്ക്കു എളുതാണ്. അങ്ങ് അത്രയ്ക്കു കൃപാമയനാണ്. ഞാന്‍ എത്ര നിര്‍ഭാഗ്യവാന്‍, അങ്ങയിലെനിക്കു അനുരാഗമില്ലല്ലോ!’