ശ്രീ രമണമഹര്‍ഷി

ഒക്ടോബര്‍ 16, 1935

82. വിവിധ സമാധികളെപ്പറ്റി ഒരു ചോദ്യമുത്ഭവിച്ചു.

ഉ: ഇന്ദ്രിയങ്ങളും മനസ്സും അന്ധകാരത്തിലാണ്ടിരിക്കുന്നത്‌ ഉറക്കം. പ്രകാശത്തില്‍പെട്ടിരിക്കുന്നത്‌ സമാധി. സഞ്ചരിക്കുന്ന വണ്ടിയിലുറങ്ങിക്കൊണ്ടിരിക്കുന്ന ഒരാളിന്‌ ആ വണ്ടി പോകുന്നതും നില്‍ക്കുന്നതും മാടിനെ വണ്ടിയില്‍ നിന്നും അഴിക്കുന്നതും മറ്റും അറിയാതെ പോകുന്നതുപോലെ ദേഹമാകുന്ന വണ്ടിയില്‍ ഉറങ്ങാതെ ഉറങ്ങുന്ന ജ്ഞാനിക്കും ഇന്ദ്രിയാദികരണങ്ങളുടെ പ്രകൃതിസഹജമായ ജാഗ്രത്തും സ്വപ്നവും ഉറക്കവും ഒരു ഭേദത്തെയും ഉളവാക്കുന്നില്ല.

ഇന്ദ്രിയങ്ങള്‍ പ്രകാശിക്കാതിരുന്നാലും നിശ്ചഞ്ചലമായിരിക്കുന്നതിനാല്‍ സമാധിയില്‍ തല കുനിഞ്ഞു പോകുന്നില്ല. ഉറക്കത്തിലാണെങ്കില്‍ ഇന്ദ്രിയങ്ങള്‍ മയങ്ങി ലയിച്ചുപോവുന്നതിനാല്‍ തല കുനിഞ്ഞുപോവുന്നു. കേവലസമാധിയില്‍ അവസ്ഥാത്രയങ്ങളുടെ സ്വാധീനം ദുര്‍ബലപ്പെട്ടുപോവുന്നു. സമാധിയില്‍ നിന്നും ഉണരുമ്പോള്‍ വീണ്ടും ബലപ്പെടുന്നു. സഹജസമാധിയില്‍ അവസ്ഥാത്രയങ്ങളും അവയെ പറ്റിനില്‍ക്കുന്ന വ്യവഹാരങ്ങളും നിശ്ശേഷം ഒടുങ്ങിപ്പോവുന്നു. മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ജ്ഞാനിയും മറ്റുള്ളവരെപ്പോലെ വ്യവഹാരത്തില്‍പെട്ടിരിക്കുന്നു എന്നു തോന്നപ്പെട്ടാലും അവന് ഒന്നിനോടും സംബന്ധമുണ്ടായിരിക്കുകയില്ല. അര്‍ദ്ധനിദ്രയില്‍ പാല്‍ നുകരുന്ന ശിശുവിനെപ്പോലെ അപ്പോഴോ പിന്നീടോ അക്കാര്യം എങ്ങനെ അറിയാതെ പോവുന്നുവോ അങ്ങനെയായിരിക്കും ജ്ഞാനിയുടെ പ്രകൃതങ്ങളും.

83. ഏകനാഥന്‍ ഭാഗവതം എഴുതിക്കൊണ്ടിരുന്നപ്പോള്‍ ശ്രീകൃഷ്ണന്‍ 12 വര്‍ഷം അദ്ദേഹത്തെ ഭൃത്യന്റെ വേഷത്തില്‍ നിന്നു സേവിച്ച കഥയും പണ്ഡുരംഗന്‍ സക്കുബായിയുടെ വേഷത്തില്‍ വീട്ടില്‍ നിന്നു കൊണ്ട്‌ സക്കുബായിയെ പണ്ഡരീപുരത്തില്‍ പോകാന്‍ സാഹായിച്ച കഥയും ഭഗവാന്‍ ഭക്തന്മാരെ പറഞ്ഞു കേള്‍പ്പിച്ചു. തന്റെ കാര്യത്തിലും ഈശ്വരന്‍ ഒരു മൗലവിയുടെ വേഷത്തില്‍ വന്ന്‌ 1896-ല്‍ അരുണാചലയാത്രയ്ക്ക്‌ മാര്‍ഗ്ഗദര്‍ശനമരുളിയതും പിന്നീട്‌ വിചിത്രമായി തിരോധാനം ചെയ്തതും എല്ലാം ഭഗവാന്‍ പ്രസ്താവിച്ചു.

84. ഭഗവാന്റെ കരങ്ങളില്‍ ‘മുന്‍പൊരിക്കല്‍ വിചിത്രമായി ഒരു കീരി വന്നു കയറിയതിനെപ്പറ്റി ഗ്രാന്റ്‌ ഡഫ്‌ എന്ന വെള്ളക്കാരന്‍ ചോദിച്ചു.

ഉ: അതെ. അത്‌ ഞാന്‍ സ്കന്ദാശ്രമത്തിലിരുന്നപ്പോഴാണ്‌. ജയന്തിദിനം ആര്‍ദ്ധദര്‍ശനാവസരത്തിലാണ്‌. സന്ദര്‍ശകരുടെ തിക്കും തിരക്കും വളരെയുണ്ടായിരുന്നു. സാധാരണയില്‍ നിന്നും കൂടിയ വലിപ്പത്തില്‍ ഒരു കീരി, സാധാരണയായ ചാമ്പല്‍ നിറമല്ല, സ്വര്‍ണ്ണവര്‍ണ്ണത്തില്‍. വാലില്‍ പുള്ളികളൊന്നും കൂടാതെ ജനനിബിഡതയില്‍ കൂടി ധൈര്യസമേതം ചാടിക്കടന്നു വന്നു. അരുവിയില്‍ സ്നാനം ചെയ്തുനിന്ന പളനിസ്വാമിയുടെ അടുത്തെത്തി. കാണികള്‍ അത്‌ ആശ്രമത്തില്‍ ആരോ ഇണക്കിയെടുത്ത്‌ വളര്‍ത്തുന്ന ഒന്നാണെന്നു ധരിച്ചു. പളനിസ്വാമി അതിനെ തട്ടിത്തലോടി. അത്‌ അയാളൊടൊത്ത്‌ (വിരൂപാക്ഷ) ഗുഹയിലെത്തി. ഉള്ളില്‍ പ്രവേശിച്ച്‌ ഓരോ മുക്കും മൂലയും പരിശോധിച്ചു. പിന്നീട്‌ ജനക്കൂട്ടത്തോട്‌ ചേര്‍ന്ന്‌ അവരെ സ്കന്ദാശ്രമം വരെ അനുഗമിച്ചുപോയി. അതിന്റെ സ്വര്‍ണ്ണമനോഹരരൂപവും നിര്‍ഭയത്വവും കണ്ട്‌ എല്ലാവരും അത്ഭുതപ്പെട്ടു. എന്റെ തുടയില്‍ വന്നു കയറി അല്‍പം വിശ്രമിച്ചിരുന്നു. പിന്നീട് ആ പ്രദേശങ്ങളെല്ലാം ചുറ്റിനടന്നു. അതിനാരുടെയും ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ ഞാന്‍ അല്‍പം പിറകെ പോയി. രണ്ടു മയിലുകള്‍ കീരിയെ തുറിച്ചു നോക്കി. കീരി അതൊന്നും വകവെയ്ക്കാതെ എങ്ങും ഓടി നടന്നു. ഒടുവില്‍ തെക്കു കിഴക്കെ പാറകള്‍ കേറി നടന്ന്‌ അപ്രത്യക്ഷമായി. അതൊരു വിചിത്രമായ കീരിയായിരുന്നു.

ചോ: സ്മൃതി, സങ്കല്‍പം ഇവ തമ്മിലുള്ള ബന്ധമെന്ത്‌? മനസ്സിനും ഇവയ്ക്കും തമ്മിലുള്ള സംബന്ധവും അറിഞ്ഞാല്‍ കൊള്ളാം.

ഉ: സ്മൃതി സങ്കല്‍പങ്ങള്‍ മനസ്സിന്റെ പ്രകൃതം അഥവാ ധര്‍മ്മമാണ്‌. മനസ്സ്‌ അഹന്തയുടെ സന്തതിയാണ്‌. അഹന്ത ആത്മാവില്‍ നിന്ന് ഉല്‍പത്തികൊള്ളുന്നു.