മാര്‍ച്ച് 7, 1936.
176. ഡോക്ടര്‍ ഹാന്‍ഡ് അമേരിക്കയ്ക്കു മടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ ചെയ്തു. തിരുവണ്ണാമലയ്ക്കു മുകളില്‍ ഭഗവാനോടൊന്നിച്ചു പോകാനാഗ്രഹിച്ചു. അല്ലെങ്കില്‍ അല്‍പദൂരമെങ്കിലും ഭഗവാന്‍ തന്നോടുകൂടി നടക്കണമെന്നഭ്യര്‍ത്ഥിച്ചു. ഡോക്ടര്‍ ബീസ്ലിയുടെ അനുഭവത്തെപ്പറ്റി കേട്ടിട്ടുണ്ടോ എന്നു ഭഗവാന്‍ പുഞ്ചിരിച്ചു കൊണ്ടു ഡോക്ടര്‍ ഹാന്‍ഡിനോട് ചോദിച്ചു.
ഡോ: ഹാന്‍ഡ്: അദ്ദേഹം എന്റെ സ്നേഹിതനാണ്. അദ്ദേഹം എല്ലാം എന്നോട് പറഞ്ഞിരിക്കുന്നു. അതിശയം! ഞാനങ്ങയെക്കാളും പ്രായമുള്ളവനാണ്. എങ്കിലും മോശക്കാരനാണെന്നു കരുതരുത്. ഞാനൊരു പയ്യനെപ്പോലെ മല കയറും. അങ്ങതിന്റെ മുകളില്‍ എപ്പോഴാണൊടുവില്‍ കയറിയത്?
ഭഗവാന്‍: ഉദ്ദേശം പതിനൊന്നു കൊല്ലം മുമ്പേ. ബീസ്ലി എന്തു പറഞ്ഞു?
ഹൗണ്ട്: അത് വളരെ രഹസ്യമാണ്. അങ്ങു തനിച്ചുള്ളപ്പോള്‍ പറയാം. (ഭഗവാന്‍ ചിരിച്ചു)
ഹാന്‍ഡ്: അദൃശ്യരായ കുറെ ഋഷിമാരെ ഭഗവാന്‍ കാണുകയുണ്ടായോ?
ഭ: കണ്ണില്‍ പെടാത്തവരെ കാണുന്നതെങ്ങനെ?
ഹാന്‍ഡ്: ജ്ഞാനം കൊണ്ട്.
ഭ: ജ്ഞാനത്തിനു ബാഹ്യമൊന്നുമില്ല.
ഹാന്‍ഡ്: അവിടെ ജീവസ്വരൂപങ്ങള്‍ കൂടിയില്ലേ? എന്റെ ജീവസ്വരൂപം കൂടി നഷ്ടപ്പെടുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. ബ്രഹ്മജ്ഞാനത്തില്‍ മനുഷ്യജ്ഞാനം നഷ്ടപ്പെടുമോ?
ഭ: ജീവസ്വരൂപം നഷ്ടപ്പെടുമെന്നു സംശയിക്കുകയാണോ? സ്വപ്നം കൂടാതെ നിദ്രയില്‍ നിങ്ങളെങ്ങനെയിരിക്കുന്നു? ജീവസ്വരൂപത്തെപ്പറ്റി നിങ്ങള്‍ക്കപ്പോളോര്‍മ്മയുണ്ടായിരുന്നോ?
ഹാന്‍ഡ്: ഉറക്കത്തിലും ജഡസ്വരൂപമുണ്ട്.
ഭ: ജഡത്തെപ്പറ്റി നിങ്ങള്‍ക്കോര്‍മ്മയുള്ളിടത്തോളം അതുറക്കമാവുമോ?
ഉറങ്ങാന്‍ നിങ്ങള്‍തന്നെ കിടക്കയൊരുക്കുന്നു. നിങ്ങള്‍ക്ക് (ജീവ) സ്വരൂപബോധം (ഉറക്കത്തില്‍) വിട്ടിരിക്കാന്‍ നിങ്ങള്‍ തന്നെ ആഗ്രഹിക്കുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ക്ക് ഭയമുണ്ടായിരുന്നോ?
ഹാന്‍ഡ്: ബുദ്ധന്റെ നിര്‍വ്വാണമെന്താണ്?
ഭ: ബോധത്തിന്റെ ത്യാഗമാണ്.
ഹാന്‍ഡ്: അയ്യോ, അത് കേള്‍ക്കുമ്പോഴേ എനിക്കു പേടിയാവുന്നു. അപ്പോള്‍ മനുഷ്യബോധം തീരെ ഉണ്ടായിരിക്കുകയില്ല.
ഭ: അങ്ങനെയാണെങ്കില്‍ രണ്ടു ബോധത്തെ രണ്ടാത്മാക്കള്‍ വഹിക്കുന്നതായിത്തീരും. ഉറക്കത്തിലെങ്ങനെയിരിക്കുന്നുവെന്നു താങ്കളുടെ അനുഭവത്തില്‍ നിന്നുതന്നെ പറയൂ.
ഹാന്‍ഡ്: നിര്‍വ്വാണത്തിലും എന്റെ ജീവബോധം എനിക്കു നഷ്ടപ്പെടാതിരിക്കുമെന്ന് വിശ്വസിക്കുന്നു. ഞാനേ പൊയ്പ്പോയാല്‍ പിന്നെന്തിരുന്നാലും എനിക്കെന്തു പ്രയോജനം?
ഈ സംഭാഷണം കഴിഞ്ഞു പകല്‍ 12 മണി മുതല്‍ രാത്രി 8 മണി വരെ മല മുകളില്‍ കയറി പലയിടങ്ങളിലും 15 മൈലോളം അലഞ്ഞുതിരിഞ്ഞിട്ട് ക്ഷീണിതനായി മടങ്ങി വന്നു.
എങ്കിലും ഭാരതീയരുടെ കൃഷി, സാമൂഹ്യസ്ഥിതി, ജാതിഭേദം, ആദ്ധ്യാത്മികജ്ഞാനം ഇവയെപ്പറ്റി സരസമായ ഒരു പ്രസംഗം ആശ്രമത്തില്‍ നടത്തുകയുണ്ടായി.