ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം

ശ്ലോകം 7

അസ്മാകം തു വിശിഷ്ടാ യേ
താന്‍ നിബോധ ദ്വിജോത്തമ!
നായകാ മമ സൈന്യസ്യ
സംജ്ഞാര്‍ത്ഥം താന്‍ ബ്രവീമിതേ.

ശ്ലോകം 8

ഭവാന്‍ ഭീഷ്മശ്‍ച കര്‍ണ്ണശ്‍ച
കൃപശ്‍ച സമിതിഞ്ജയഃ
അശ്വത്ഥാമാ വികര്‍ണ്ണശ്‍ച
സൗമദത്തിസ്തഥൈവ ച

ശ്ലോകം 9

അന്യേ ച ബഹവ: ശൂരാ
മദര്‍ത്ഥേ ത്യക്തജീവിതാഃ
നാനാശാസ്ത്ര പ്രഹരണാഃ
സര്‍വേ യുദ്ധ വിശാരദാഃ

നമ്മുടെ സൈന്യത്തില്‍ ഏതെല്ല‍ാം നായകന്മാര്‍ വിശിഷ്ടമായിട്ടുണ്ടോ, അവരെ അറിയാനായി അങ്ങയോടു പറയുന്നു. ഹേ ബ്രാഹ്മണശ്രേഷ്ടാ! അവരെ കേട്ടാലും. ഭഗവാനും ഭീഷ്മരും കര്‍ണ്ണനും യുദ്ധവിജയിയായ കൃപരും, ആശ്വത്ഥാമാവും വികര്‍ണനും അപ്രകാരം തന്നെ സൗമദത്തിയും ഉണ്ട്. എനിക്ക് വേണ്ടി പ്രാണന്‍ കളയാന്‍ ഒരുക്കമുള്ളവരും പല തരത്തിലുള്ള ആയുധങ്ങള്‍ പ്രയോഗിക്കാന്‍ കഴിവുള്ളവരുമായി വേറെയും വളരെ ശൂരന്‍മാര്‍ ഉണ്ട്. എല്ലാവരും യുദ്ധവിശാരദന്‍മാരാകുന്നു.

ഇനിയും നമ്മുടെ സേനയിലുള്ള പ്രമുഖന്മാരായ യോദ്ധാക്കളുടെ പേരുപറയാം. അങ്ങ് ഉള്‍പ്പെടെ നമ്മുടെ കൂട്ടത്തിലുള്ള മുഖ്യരായ ചിലരെപ്പറ്റി ചുരുക്കമായേ ഞാന്‍ പറയുന്നുള്ളൂ. ഇതാ സൂര്യനെപ്പോലെ പ്രഭയും പ്രഭാവവും ഉള്ള ഗംഗാപുത്രനായ ഭീഷ്മനും ആനകള്‍ക്ക് സിംഹം എന്നപോലെ ശത്രുനാശനനായ കര്‍ണ്ണനും; വേണമെന്നു തീരുമാനിച്ചാല്‍ ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ കഴിവുള്ളവരാണ് ഇരുവരും. ഒറ്റയ്ക്ക് തന്നെ ആ കൃത്യം നിര്‍വഹിക്കാന്‍ കഴിവുള്ള കൃപാചാര്യന്‍; ധീരനായ വികര്‍ണ്ണന്‍, മൃത്യുദേവനായ യമന്‍പോലും ഭയപ്പെടുന്ന ആശ്വത്ഥാമാവ്‌; എല്ലാ യുദ്ധങ്ങളും ജയിക്കുന്ന സോമദത്തന്റെ പുത്രനായ ഭൂരിശ്രവസ്സ്.

ബ്രഹ്മദേവനാല്‍പ്പോലും അവരുടെ ശക്തിയും ശൗര്യവും അറിയാന്‍ കഴിയാത്ത മറ്റുപലരും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരും പലവിധത്തിലുള്ള ആയുധങ്ങള്‍ പ്രയോഗിക്കാന്‍ നിപുണരും യുദ്ധത്തില്‍ അതിയായ പരിചയമുള്ളവരുമാണ്. അവരെല്ല‍ാം എന്റെ സ്ഥാനം ഹൃദയംഗമമായി അംഗീകരിച്ചിട്ടുണ്ട്.

വിശ്വസ്തയായ ഒരു പത്നി തന്റെ ഭര്‍ത്താവിനെക്കുറിച്ചല്ലാതെ മറ്റാരെപ്പറ്റിയും ചിന്തിക്കാത്തതുപോലെ, ഈ യോദ്ധാക്കളെല്ല‍ാം ഞാന്‍ അവരുടെ എല്ലാമാണെന്ന് വിശ്വസിക്കുന്നു. അവരുടെ കൃത്യനിര്‍വ്വഹണത്തില്‍ എനിക്കുവേണ്ടി ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറുള്ള ധൈര്യശാലികളുംവിശ്വസ്തരുമായ സ്വാമിഭക്തന്‍മാരാണവര്‍. അങ്ങനെ പരാക്രമശാലികളായ യോദ്ധാക്കള്‍ നമ്മുടെ സൈന്യത്തിലുണ്ട്. അവരുടെ സംഖ്യ അസംഖ്യമാണ്.