വിചാരമറ്റ നിത്യാത്മ സ്വരൂപം (322)
ശ്രീ രമണമഹര്‍ഷി
ജനുവരി 22, 1937
ഭഗവത്‌ഗീതയും എല്ലാ ഉപനിഷത്തുകളും പഠിച്ച ഒരാള്‍:
ചോദ്യം: ആത്മജ്ഞാനം നേടുന്നതെങ്ങനെ?
രമണമഹര്‍ഷി: ആത്മാവു ആര്‍ക്കും നിത്യപ്രത്യക്ഷമാണ്. അതു നീ തന്നെയാണ്. ഇതിനെ അറിഞ്ഞാല്‍ മതി.
ചോ: ഹൃദയഗ്രന്ഥിയറ്റ്, സര്‍വ്വ സംശയങ്ങളും മാറിയാല്‍ ആത്മാവിനെ ‘നേരെ കാണാം’ എന്ന് പറയുന്നതിന്‍റെ സാരമെന്താണ്?
മഹര്‍ഷി: കാണാന്‍ ഒന്ന്, കാണപ്പെടാന്‍ ഒന്ന് എന്ന് രണ്ടാത്മാവില്ല. നോക്കുന്നതും കാണപ്പെടുന്നതും ഒരേ ആത്മാവ് തന്നെ. അതുകൊണ്ട് നേരെ കാണാം എന്നുപറഞ്ഞു.
ചോ: ഭഗവാന്‍ പറയുന്നത് മനസ്സിലാകുന്നില്ല.
മഹര്‍ഷി: മനസ്സിലാകുന്നില്ലെന്നു പറയുന്നതാര്? ശരീരമോ?
ചോ: അല്ല. കൂടുതലൊന്നുമറിയാന്‍ പാടില്ല.
മഹര്‍ഷി: ഇപ്പോള്‍ ശരീരമുണ്ടെന്നറിയാം. ഉറക്കത്തില്‍ അറിയാന്‍ പാടില്ലെങ്കിലും ശരീരമില്ലാതെ പോകുന്നില്ല. ഉണര്‍ച്ചയില്‍ ശരീരത്തെ ഞാനെന്നഭിമാനിച്ചുകൊണ്ട് എന്നെ എനിക്കറിയാന്‍ പാടില്ലെന്ന്പറയുന്നു. ഉറക്കത്തില്‍ അങ്ങനെയും വിചാരിക്കുന്നില്ല. ‘ഞാന്‍’ എന്ന ചോദ്യമേയില്ല. ഉണരുമ്പോള്‍ ശരീരത്തെ പരിഗണിച്ചുകൊണ്ട് ’ഞാന്‍’ അങ്കുരിക്കുന്നു. അത് അഹന്തയാണ്. ഈ അങ്കുരിക്കുന്ന അഹന്ത ഏതെന്നു ശ്രദ്ധിച്ചാല്‍ അതറിയും. വിചാരമറ്റ നിത്യാത്മ സ്വരൂപം അവശേഷിക്കും. അതാണു നാം, ബാഹ്യവിഷയങ്ങളെപ്പറ്റി അങ്ങനെ ഇങ്ങനെ എന്നൊക്കെപ്പറയാം. ഈ ഏകാത്മ സ്വരൂപത്തെപ്പറ്റി എന്തു പറയാന്‍? അതിനെ അനുഭവിക്കുക തന്നെ.
ചോ: അഹന്ത ബുദ്ധിയില്‍ നിന്നുമാണോ ഉണ്ടാകുന്നത്?
മഹര്‍ഷി: അഹന്തയ്ക്കുശേഷമാണ് ബുദ്ധിയും മനസ്സുമെല്ലാം ഉളവാകുന്നത്. നിഷ്കാമ്യകര്‍മ്മത്താലും അര്‍പ്പണബുദ്ധിയാലും ചിത്തശുദ്ധി ഏര്‍പ്പെട്ടവന് അഹന്ത ഉദയമാവുകയില്ല.