ശ്രീശങ്കരാചാര്യഭഗവദ്പാദരുടെ നിര്‍വാണഷ്ടകം എന്ന വേദാന്തപ്രകരണകൃതിയെ അധികരിച്ച് ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ ചെയ്ത പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്ക‍ാം, ഡൗണ്‍ലോഡ്‌ ചെയ്യ‍ാം.

വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ഈ ഗ്രന്ഥം വ്യാഖ്യാനിച്ചിരിക്കുന്നു.

നിര്‍വാണഷട്കം

ശ്രീശങ്കരാചാര്യര്‍

മനോബുദ്ധ്യഹങ്കാരചിത്താനിനാഹം
ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ
ന ച വ്യോമഭൂമിര്‍ന്ന തേജോ ന വായു
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

ന ച പ്രാണസംജ്ഞോ ന വൈപഞ്ചവായുര്‍-
ന വാ സപ്തധാതുര്‍ന്ന വാ പഞ്ചകോശഃ
ന വാക്പാണിപാദൗ ന ചോപസ്ഥപായു
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹൗ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ
ന ധര്‍മ്മോ ന ചാര്‍ത്ഥോ ന കാമോ ന മോക്ഷ-
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം
ന മന്ത്രോ ന തീര്‍ത്ഥം ന വേദോ ന യജ്ഞാഃ
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

ന മൃത്യുര്‍ന്ന ശങ്കാ ന മേ ജാതിഭേദഃ
പിതാ നൈവ മേ നൈവ മാതാ ച ജന്മ
ന ബന്ധുര്‍ന മിത്രം ഗുരുര്‍നൈവശിഷ്യഃ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

അഹം നിര്‍വികല്പോ നിരാകാരരൂപോ
വിഭുത്വാച്ച സര്‍വത്ര സര്‍വേന്ദ്രിയാണ‍ാം
ന ചാസംഗതോ നൈവ മുക്തിര്‍നമേയ
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

നിര്‍വാണഷ്ടകം പ്രഭാഷണം

ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍

ക്രമനമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 1.6 MB 2.5 മിനിറ്റ് ഡൗണ്‍ലോഡ്‌
2 6.2 MB 26 മിനിറ്റ് ഡൗണ്‍ലോഡ്‌
3 7.7 MB 33 മിനിറ്റ് ഡൗണ്‍ലോഡ്‌
4 8.6 MB 37 മിനിറ്റ് ഡൗണ്‍ലോഡ്‌
5 8.1 MB 34 മിനിറ്റ് ഡൗണ്‍ലോഡ്‌
6 7.2 MB 30 മിനിറ്റ് ഡൗണ്‍ലോഡ്‌
7 8 MB 34 മിനിറ്റ് ഡൗണ്‍ലോഡ്‌
8 4.8 MB 20 മിനിറ്റ് ഡൗണ്‍ലോഡ്‌
9 9.5 MB 40 മിനിറ്റ് ഡൗണ്‍ലോഡ്‌
10 8.4 MB 36 മിനിറ്റ് ഡൗണ്‍ലോഡ്‌
11 7.6 MB 32 മിനിറ്റ് ഡൗണ്‍ലോഡ്‌
12 3.3 MB 14 മിനിറ്റ് ഡൗണ്‍ലോഡ്‌
13 2.1 MB 9 മിനിറ്റ് ഡൗണ്‍ലോഡ്‌

നിര്‍വാണഷട്കം വ്യാഖ്യാനം

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

നിര്‍വാണം വിവരിക്കുന്ന ആറു പദ്യങ്ങളടങ്ങിയ ഒരു കൃതിയാണു നിര്‍വാണഷട്കം. മോക്ഷമാണ് നിര്‍വാണം. എന്താണു മോക്ഷം? ദുഃഖത്തില്‍ നിന്നുള്ള പൂര്‍ണമായ മോചനമാണ് മോക്ഷം. എല്ലാ ജീവികളും അറിഞ്ഞോ അറിയാതെയോ ആഗ്രഹിക്കുന്നതും പ്രയത്നിക്കുന്നതും അതിനുവേണ്ടിയാണ്. നിലനില്പിന്റെ പൊരുള്‍ ശാസ്ത്രീയമായി അറിഞ്ഞാലേ മോക്ഷത്തിന്റെ വഴി തെളിയൂ. സത്യത്തെ പ്രാപിക്കുന്നവന്‍ മോചിക്കുന്നു. അസത്യവുമായി ബന്ധിക്കുന്നവന്‍ ദുഃഖിക്കുന്നു. ഇതാണ് ഉപനിഷത്തിന്റെ പ്രഖ്യാപനം. ഈ സത്യബോധവും മോക്ഷവും ഇവിടെ ഈ ലോകത്തുവച്ചുതന്നെ നേടേണ്ടതാണ്. ഇവിടെ വച്ചതു നേടാന്‍ കഴിയാതെപോയാല്‍ അതു വലിയ നഷ്ടമായിത്തീരും എന്നാണ് ഉപനിഷത്തിന്റെ മുന്നറിയിപ്പ്.

എന്താണു സത്യം‍? ജഗത്തിന്റെ പരമകാരണമാണ് സത്യം. അതിനെ അറിയാന്‍ കഴിഞ്ഞാല്‍ എന്താണു വിശേഷം? അതിനെ അറിയാന്‍ കഴിഞ്ഞാല്‍ അതു മാത്രമേ നിലവിലുള്ളു എന്നും അതില്‍കാണുന്ന നാനാത്വം മുഴുവന്‍ വെറും മായാഭ്രമമാണെന്നും ശാസ്ത്രീയമായി തെളിഞ്ഞുകിട്ടും. ‘മായാപഞ്ചകം’ നോക്കി പരമകാരണത്തെയും മായയെയും കുറിച്ചു വ്യക്തമായി ധരിക്കുക. വസ്തു ഒന്നേയുള്ളു. അതു താന്‍ തന്നെയാണ് എന്നറിയുന്നതാണ് മോക്ഷം. അവിടെ പിന്നെ ദുഃഖത്തിനു പ്രസക്തിയില്ല. രണ്ടുണ്ടെങ്കിലല്ലേ ഭയവും ബന്ധവും വന്നുചേരൂ. നിര്‍വാണലാഭത്തിനായി ഈ അദ്വൈതസത്യം എങ്ങനെ സദാ അനുസന്ധാനം ചെയ്തുറപ്പിക്കണമെന്നതാണു ‘നിര്‍വാണഷട്ക’ത്തില്‍ വിവരിച്ചിരിക്കുന്നത്. നിര്‍വാണഷട്കം മനഃപാഠമാക്കി നിരന്തരം ഉള്ളില്‍ ഉരുവിടുന്ന ഒരാള്‍ക്ക് അചിരേണ നിര്‍വാണസുഖം ലഭ്യമായിത്തീരുന്നതാണ്.

മനോബുദ്ധ്യഹങ്കാരചിത്താനിനാഹം
ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ
ന ച വ്യോമഭൂമിര്‍ന്ന തേജോ ന വായു
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

മനോബുദ്ധ്യഹംകാരചിത്താനിഅഹം ന = മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം ഇവയൊന്നും ഞാനല്ല; കര്‍ണം ന ജിഹ്വാന = ചെവി ഞാനല്ല, നാക്കു ഞാനല്ല; ഘ്രാണനേത്രേചന = മൂക്കും കണ്ണും ഞാനല്ല; വ്യോമചന = ആകാശവും ഞാനല്ല; ഭൂമിഃ ന = ഭൂമി ഞാനല്ല; തേജഃ ന = തേജസ്സ് ഞാനല്ല; അഹം = ഞാന്‍; ചിദാനന്ദരൂപഃ ശിവഃ = ബോധാനന്ദരൂപനായ പരമാത്മാവാണ്; അഹം ശിവഃ = ഞാന്‍ പരമാത്മാവാണ്.

മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം ഇവയൊന്നും ഞാനല്ല. ചെവി ഞാനല്ല. നാക്കു ഞാനല്ല. മൂക്കും കണ്ണും ഞാനല്ല. ആകാശവും ഞാനല്ല. ഭൂമി ഞാനല്ല. തേജസ്സ് ഞാനല്ല. വായു ഞാനല്ല. ഞാന്‍ ബോധാന്ദരൂപനായ പരമാത്മാവാണ്; ഞാന്‍ പരമാത്മാവാണ്.

ചിദാനന്ദരൂപഃ ശിവോഹം ശിവോഹം
‘ഞാനാര്’ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്തുന്നതാണ് സത്യസാക്ഷാത്കാരം. ഓരോരുത്തരും ‘ഞാന്‍’ യഥാര്‍ത്ഥത്തില്‍ ആര് എന്ന കാര്യം മറന്നുപോയിരിക്കുന്നു. അങ്ങനെ അവനവന്‍ അവനവനു നഷ്ടപ്പെട്ടതുപോലെയാണ് സ്ഥിതി. എല്ലാ ദുഃഖങ്ങള്‍ക്കും കാരണം ഈ മറവിയാണ്; ഇതാണ് അവിദ്യ. തന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുന്നതോടെ നിജലാഭമുണ്ടാകുന്നു; അതായത് നഷ്ടപ്പെട്ടുപോയതുപോലിരുന്ന തന്നെ തനിക്കു തിരിച്ചുകിട്ടുന്നു. അതോടെ തന്റെയും ജഗത്തിന്റെയും രഹസ്യം സൂര്യതുല്യം തെളിയുന്നു. ഇതു തെളിഞ്ഞവരാണ് നിജലാഭതുഷ്ടന്മാരായ ജീവന്മുക്തന്മാര്‍.

ആരാണ് ഞാന്‍? ഞാന്‍ ബോധാനന്ദരൂപനായ പരമാത്മാവാണ്. ഇതെങ്ങനെയറിയ‍ാം? ഞാന്‍ ബോധരൂപനാണെന്ന് ഇപ്പോള്‍തന്നെ വ്യക്തമായി അനുഭവിക്കുന്നുണ്ടല്ലോ. ഞാനുണ്ട്, ഞാനുണ്ട് എന്നല്ലേ ഉള്ളില്‍ എല്ലാവരും എപ്പോഴും അനുഭവിക്കുന്നത്. ‘ഉണ്ട്’ എന്നിങ്ങനെ സ്വന്തം ഉണ്മയുടെ അനുഭവം ബോധത്തിന് ഒരിക്കലും നഷ്ടപ്പെടുന്നുമില്ല. ‘ഞാനില്ല’ എന്നിങ്ങനെ അവനവന്റെ ഇല്ലായ്മ ഒരിക്കലും ആരും അനുഭവിക്കാറില്ലല്ലോ. അതുകൊണ്ട് ഉണ്മയും ബോധവും ഒന്നുതന്നെയാണ്. ഈ ബോധം തന്നോടുചേര്‍ന്നു നില്‍ക്കുന്ന ജഡാനുഭവങ്ങളെ പുറംതള്ളാമെങ്കില്‍ ശുദ്ധാനന്ദമാണെന്നും തെളിയും.

എന്തൊക്കെയാണ് ബോധത്തിലെ ജഡാനുഭവങ്ങള്‍; അവ എങ്ങനെ വന്നുചേര്‍ന്നു, എങ്ങനെ മാറ്റാന്‍ കഴിയും? അല്പം വിചാരം ചെയ്യുന്നയാള്‍ക്ക് ഇതൊക്കെ അനായാസം തെളിഞ്ഞുകിട്ടും. ജഡാനുഭവങ്ങളെല്ല‍ാം ബോധത്തില്‍ സങ്കല്‍പം കൊണ്ടു വന്നുചേര്‍ന്ന മായാഭ്രമങ്ങളാണ്. എങ്ങനെയറിയ‍ാം? സങ്കല്പങ്ങളുപേക്ഷിച്ചാല്‍ സങ്കല്‍പ്പങ്ങളുള്‍പ്പെടെ അവയെല്ല‍ാം ഒഴിഞ്ഞുപോകും. ഈ സങ്കല്‍പ്പങ്ങള്‍ എങ്ങനെ വന്നുചേരുന്നു? അക്കാര്യം സ്പഷ്ടമല്ലേ? ബോധം സ്വരൂപം മറന്ന് വെറുതേ സങ്കല്പിക്കുന്നവയാണ് സങ്കല്പങ്ങള്‍. ഉപേക്ഷിച്ചാല്‍ അവയൊക്കെ വിട്ടുപോയി സ്വരൂപം തെളിയും . അതുതന്നെയാണ് നിജലാഭരൂപമായ മോക്ഷം.

നമുക്കീ വസ്തുത ഒന്നു പരിശോധിക്ക‍ാം. ബോധത്തില്‍ ആദ്യമായി സങ്കല്പംകൊണ്ടു പൊന്തുന്ന ജഡഭ്രമമാണ് അഹങ്കാരം. ബോധവും ജഡ‍ാംശമായ ശബ്ദവും ചേര്‍ന്നതാണ് അഹങ്കാരം. അഹങ്കാരത്തിന് പൊന്തിവരാന്‍ നേരത്തേതന്നെ ബോധം ഉണ്ടായിരുന്നേ പറ്റൂ. ആ ബോധത്തില്‍ ‘ഞാന്‍’ എന്ന ശബ്ദ‍ാംശം പ്രകടമാകുന്നതാണല്ലോ അഹങ്കാരം. ‘ഞാന്‍’ എന്നുച്ചരിക്കാതെ ആര്‍ക്കും അഹങ്കാരം അനുഭവപ്പെടുകയില്ല. ‘ഞാന്‍’ എന്നുച്ചരിക്കുന്ന ആ ശബ്ദ‍ാംശമാണ് സങ്കല്പം. ആ സങ്കല്പം ഉണ്ടാകുന്നില്ലെന്നു വന്നാല്‍ സങ്കല്പമില്ലാത്ത ശുദ്ധബോധം ബാക്കിനില്‍ക്കും. അത് ശുദ്ധാനന്ദമാണ്, അതുതന്നെ ബ്രഹ്മം.

ഇത്രയും ധരിച്ച കഴിഞ്ഞാല്‍ ഇനി ഈ അഹങ്കാരം തന്നെയാണു സങ്കല്പങ്ങളിലൂടെ ബുദ്ധിയായും മനസ്സായും ഒടുവില്‍ ജഗത്തായും തടിച്ചുകൊഴുത്ത് അനുഭവപ്പെടുന്നതെന്നു കാണാന്‍ വിഷമമില്ല. ആദ്ധ്യാത്മികമോ ഭൗതികമോ ആയ എന്തെങ്കിലുമൊരു ലക്ഷ്യം നിശ്ചയിച്ചുറപ്പിക്കുന്ന അന്തഃകരണ ഘടകമാണ് ബുദ്ധി. എനിക്ക് ആത്മാനുഭവം നേടണം അല്ലെങ്കില്‍ എനിക്ക് പണമുണ്ടാക്കണം എന്നിങ്ങനെ ഏതെങ്കിലുമൊരു ലക്ഷ്യം ഉറപ്പിക്കുന്നു എന്നു കുരുതുക. ആരാണുറപ്പിച്ചത്? ഞാന്‍. എങ്ങനെയുറപ്പിച്ചു? സങ്കല്പത്തിലൂടെ. അങ്ങനെ അഹങ്കാരം ബുദ്ധിയുമായി ചേര്‍ന്നു തടിച്ചു. ഇതൊക്കെ എന്തിനുവേണ്ടി? ദുഃഖനിവൃത്തിക്കും സുഖലാഭത്തിനും വേണ്ടി. വാസ്തവത്തില്‍ ‘ഞാന്‍’ എന്ന അഹങ്കാരസങ്കല്പം ഉപേക്ഷിച്ചാല്‍ മതി ശുദ്ധമായ സ്വരൂപസുഖം തിരിച്ചുകിട്ടും. ഈ സ്വരൂപസുഖത്തെ മറച്ചുകൊണ്ടാണ് അഹങ്കാരം പൊന്തിവന്നത്. ഈ രഹസ്യം അറിയാന്‍ കഴിയാതെ അഹങ്കാരരൂപം കൈക്കൊണ്ട ജീവന്‍ വീണ്ടും സങ്കല്പങ്ങള്‍ക്കു രൂപം നല്‍കി മോക്ഷസുഖത്തില്‍ നിന്നും അകലുകയാണ് ചെയ്യുന്നത്.

ബുദ്ധി വീണ്ടും സങ്കല്പിച്ചു മനസ്സായി പെരുകുന്നു. ലക്ഷ്യം എന്തു തന്നെയായാലും അതു നേടാനുള്ള സാമഗ്രികളെക്കുറിച്ചു സങ്കല്പിക്കണം. അതിനു സഹായിക്കുന്ന ആളുകളെയും പരിതഃസ്ഥിതികളെയും കുറിച്ചു സങ്കല്പിക്കണം. അങ്ങനെ അനന്തസങ്കല്പങ്ങള്‍ ആവിര്‍ഭവിക്കുന്നതോടെയാണ് മനസ്സു രൂപംകള്ളുന്നത്. മാറിമാറിയുള്ള സങ്കല്പങ്ങളി‍പ്പെട്ടുഴലുന്ന അന്തഃകരണഘടകമാണ് മനസ്സ്. ഇത്രയുമാകുമ്പോഴേയ്ക്കും സങ്കല്പങ്ങളിലൂടെ സ്നേഹം, കോപം, അസൂയ, ദയ തുടങ്ങിയ വികാരങ്ങള്‍ രൂപപ്പെടുകയായി. വികാരങ്ങള്‍ക്ക് വശംവദമാകുന്ന അന്തഃകരണഘടകമാണ് ചിത്തം. അഹങ്കാരം, ബുദ്ധി, മനസ്സ്, ചിത്തം എന്നിവ നാലും ചേര്‍ന്നതാണ് അന്തഃകരണം. ബോധം ജഡ‍ാംശം അംഗീകരിച്ചു പെരുകിയതാണ് അന്തഃകരണമെന്ന് സ്പഷ്ടമാണല്ലോ. അതുകൊണ്ടുതന്നെ അന്തഃകരണം ബോധമല്ലെന്നു തെളിയുന്നു.

ഈ അന്തഃകരണം വീണ്ടും സങ്കല്പിച്ചു പെരുകുന്നതാണ് ഇന്ദ്രിയങ്ങള്‍. എനിക്കു കേള്‍ക്കണം എന്ന സങ്കല്പത്തോടെ കര്‍ണം എന്ന ഇന്ദ്രിയം രൂപപ്പെട്ടു. ഇതെങ്ങനെയറിയ‍ാം? കേള്‍ക്കണം എന്നാ സങ്കല്പം ഇല്ലാതായാല്‍ ചെവിയില്ലാതാകും. അങ്ങനെയറിയ‍ാം. ഇതുപോലെ മറ്റെല്ലാ ഇന്ദ്രിയങ്ങളും രൂപപ്പെട്ടു. ഇന്ദ്രിയങ്ങളെന്ന ഉപകരണങ്ങളെ അംഗീകരിച്ചതോടെ ബോധരൂപമായ വസ്തു ആകാശം തുടങ്ങിയ പഞ്ചഭൂതങ്ങളായി കാണപ്പെട്ടു. ഇതെങ്ങനെയറിയ‍ാം? ഇന്ദ്രിയങ്ങളില്ലെങ്കില്‍ പഞ്ചഭൂതങ്ങള്‍ അനുഭവപ്പെടുകയേയില്ല. അങ്ങനെയറിയ‍ാം. തുടര്‍ന്നു വിവിധ നാമരൂസങ്കല്പങ്ങളിലൂടെ പഞ്ചഭൂതങ്ങള്‍ പ്രപഞ്ചമായും അനുഭവപ്പെട്ടു. ബോധത്തിലെ സങ്കല്പദൃശ്യങ്ങളാണ് പ്രപഞ്ചം. എങ്ങനെയറിയ‍ാം? ബോധം സങ്കല്പങ്ങളെല്ല‍ാം കൈവെടിയുകയാണെങ്കില്‍ പ്രപഞ്ചം അപ്പാടെ മറയുന്നതാണ്. തുടര്‍ന്നു ശുദ്ധമായ ബോധം അദ്വയമായി അവശേഷിക്കുകയും ചെയ്യും. പ്രപഞ്ചാരംഭം മുതല്‍ പരീക്ഷിച്ചുറപ്പിക്കപ്പെട്ടുപോരുന്ന സ്ഥിതിയാണിത്. അതുകൊണ്ടാണ് ആചാര്യപാദര്‍ നമ്മോട് ‘ചിദാനന്ദരൂപഃ ശിവോഹം ശിവോഹം’ എന്നനുസന്ധാനം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശുദ്ധബോധവും ശുദ്ധാനന്ദവും ഒന്നു തന്നെ.

സങ്കല്പം വഴിരൂപംകൊള്ളുന്ന ജഡജഗത്ത് ഒരിക്കലും ബോധമല്ലെന്നു തെളിഞ്ഞു. എങ്കിലും വ്യക്തിക്ക് സ്വന്തം ദേഹഭാഗങ്ങളെ ബോധത്തില്‍ നിന്നു മാറ്റിനിറുത്തുവാന്‍ കഴിയുമോ എന്നാണു സംശയം. ബോധം സങ്കല്പത്തിലൂടെ ആരോപിച്ചനുഭവിക്കുന്നവതന്നെയാണ് ജഡരൂപങ്ങളായ ദേഹഭാഗങ്ങളും. ഇക്കാര്യമാണിനി വീണ്ടു വ്യക്തമായി വിശദമാക്കുന്നത്:

ന ച പ്രാണസംജ്ഞോ ന വൈപഞ്ചവായുര്‍-
ന വാ സപ്തധാതുര്‍ന്ന വാ പഞ്ചകോശഃ
ന വാക്പാണിപാദൗ ന ചോപസ്ഥപായു
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

പ്രാണസംജ്ഞാഃ ന = പ്രാണനെന്നു പറയപ്പെടുന്നതും ഞാനല്ല; പഞ്ചവായുഃ നവൈ = അഞ്ചായിപിരിഞ്ഞു ദേഹത്തെ നിലനിറുത്തുന്ന വായുവും ഞാനല്ലതന്നെ; സപ്തധാതുഃ നവാ = ദേഹത്തിന്റെ ഭാഗങ്ങളായ ഏഴു ധാതുക്കളും ഞാനല്ല; പഞ്ചകോശഃനവാ = അഞ്ചുകോശങ്ങളും ഞാനല്ല; വാക്പാണിപാദൗന = വാക്ക്, കൈ, കാല് എന്നിവയും ഞാനല്ല; അഹം ചിദാനന്ദരൂപഃ ശിവഃ = ഞാന്‍ ബോധാനന്ദരൂപിയായ പരമാത്മാവാണ്; അഹം ശിവഃ = ഞാന്‍ പരമാത്മാവാണ്.

പ്രാണനെന്നു പറയപ്പെടുന്നത് ഞാനല്ല. അഞ്ചായി പിരിഞ്ഞു ദേഹത്തെ നിലനിറുത്തുന്ന വായുവും ഞാനല്ലതന്നെ. ദേഹത്തിന്റെ ഭാഗങ്ങളായ ഏഴു ധാതുക്കളും ഞാനല്ല. അഞ്ചുകോശങ്ങളും ഞാനല്ല. വാക്ക്, കൈ, കാല് എന്നിവയും ഞാനല്ല. ജനനേന്ദ്രിയവും വിസര്‍ജനേന്ദ്രിയവും ഞാനല്ല. ഞാന്‍ ബോധാനന്ദരൂപിയായ പരമാത്മാവാണ്; ഞാന്‍ പരമാത്മാവാണ്.

നപ്രാണസംജ്ഞഃ
ജഡത്തിന്റെ ആദ്യത്തെ പ്രകടരൂപമാണ് പ്രാണന്‍ അഥവാ ആധുനികശാസ്ത്രം പറയുന്ന എനര്‍ജി. എനര്‍ജി അഥവാ പ്രാണനാണ് പിന്നെ പ്രപഞ്ചരൂപത്തില്‍ പെരുകുന്നതെന്ന കാര്യത്തില്‍ ഇന്നാര്‍ക്കും സംശയമില്ല. അനന്തകോടി സൗരയുഥങ്ങളെ ഉണ്ടാക്കിയഴിക്കുന്നതും ഒരിക്കലും കൂടുകയോ കുറയുകയോ ചെയ്യാതെ സ്പന്ദനരൂപമായി വര്‍ത്തിക്കുന്നതുമായ ഈ പ്രാണന്‍ എവിടെ നിന്നു സ്പന്ദിക്കുന്നു എന്നു പിടികിട്ടാതെയാണ് ആധുനികശാസ്ത്രജ്ഞന്‍ അമ്പരന്നു നില്‍ക്കുന്നത്. പ്രാണന്റെ സ്പന്ദനസ്ഥാനം കണ്ടെത്തിയ ശാസ്ത്രമാണ് വേദാന്തം. എങ്ങനെയാണ് കണ്ടെത്തിയത്? ഉള്ളില്‍ പ്രാണസ്പന്ദനം പൂര്‍ണമായി നിരോധിച്ചാണ് കണ്ടെത്തിയത്. പ്രാണനിരോധമാര്‍ഗങ്ങള്‍ ജ്ഞാനശാസ്ത്രമോ യോഗശാസ്ത്രമോ പഠിച്ചറിയേണ്ടതാണ്. എന്തായാലും പ്രാണന്‍ നിരുദ്ധമായതോടെ ശുദ്ധമായ ബോധം തെളിഞ്ഞു. ഏതു രൂപത്തില്‍ തെളിഞ്ഞു? നിശ്ചലവും രണ്ടില്ലാത്തതും ആനന്ദരൂപവുമായി തെളിഞ്ഞു. ആര്‍ക്കു വേണമെങ്കിലും ഇതു പരീക്ഷിച്ചറിയാവുന്നതാണ്. അതോടെ ജഗത്തിന്റെ മുഴുവന്‍ രഹസ്യം പിടികിട്ടി. ബോധത്തില്‍ അതിന്റെ ശക്തിയായ മായ ഉണ്ടാക്കിയഴിക്കുന്ന മിഥ്യാരുപങ്ങളാണ് പ്രാണന്‍ മുതല്‍ ശുദ്ധജഡം വരെയുള്ള എല്ലാ കാഴ്ചകളും എന്നു പിടികിട്ടി. ഉണ്ടായി മറയുന്നവയായതുകൊണ്ട് അവ മിഥ്യാരൂപങ്ങളാണ്. ഉണ്ടാവുകയോ മറയുകയോ ചെയ്യാത്തതുകൊണ്ട് ബോധം മാത്രം സത്യരൂപം. അതുകൊണ്ടാണ് പ്രാണനെന്നറിയപ്പെടുന്നത് ഞാനല്ല എന്നു തീര്‍ത്തുപറഞ്ഞിരിക്കുന്നത്.

അതിരിക്കട്ടെ പ്രാണനും സങ്കല്പംകൊണ്ടുള്ള മായയുടെ ആരോപമാണെന്നെങ്ങനെ നിശ്ചയിച്ചു പറയ‍ാം? സൂക്ഷ്മധ്വനിമയനായിട്ടാണല്ലോ പ്രാണന്‍ സ്പന്ദിക്കുന്നത്. പിന്നീടു പ്രപഞ്ചമായി പെരുകുന്ന എല്ലാ വാസനകളും സങ്കല്പങ്ങളും വിത്തില്‍ വൃക്ഷമെന്നപോലെ ഓരോ പ്രാണസ്പന്ദനത്തിലും അടങ്ങിയിരിക്കുന്നു എന്നു കാണേണ്ടതാണ്. പ്രാണസ്പന്ദനമാണ് തുടര്‍ന്ന് അഹങ്കാരമായും ബുദ്ധിയായുമൊക്കെ പെരുകി ക്രമേണ ബാഹ്യ പ്രപഞ്ചമെന്നറിയപ്പെടുന്ന ശുദ്ധജഡരൂപങ്ങളി‍വരെ എത്തിനില്‍ക്കുന്നത്.

ഈ പ്രാണസ്പന്ദനത്തിന്റെ പെരുകിവരല്‍ വ്യക്തിശരീരത്തില്‍ എങ്ങനെയൊക്കെയാണ് പ്രകടമാകുന്നത്? പ്രാണന്‍ വായുരൂപം കൈക്കൊണ്ട് അഞ്ചായിപ്പിരിഞ്ഞ് വ്യക്തിദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. പ്രാണന്‍, അപാനന്‍, വ്യാനന്‍, സമാനന്‍, ഉദാനന്‍ എന്നിവയാണ് അഞ്ച് ഭേദങ്ങള്‍. ഉച്ഛ്വാസനിശ്വാസരൂപത്തില്‍ ദേഹമധ്യത്തില്‍ നിന്ന് യഥാക്രമം മേലും കീഴും സഞ്ചരിക്കുന്ന പ്രാണന്‍മാരാണ് പ്രാണനും അപാനനും. ദേഹമധ്യത്തില്‍ പ്രാണാപാനന്‍മാരുടെ സന്ധിസ്ഥാനത്ത് വര്‍ത്തിച്ചുകൊണ്ട് ദേഹത്തിന് വീര്യം പകരുന്ന പ്രാണനാണ് വ്യാനന്‍. അന്നരസം ദേഹത്താസകലം എത്തിക്കുന്ന പ്രാണനാണ് സമാനന്‍. മരണവേളയില്‍ ജീവനെ ദേഹത്തില്‍നിന്നും ഇറങ്ങിപ്പോകാന്‍ സഹായിക്കുന്ന പ്രാണനാണ് ഉദാനന്‍. ഇവയൊക്കെ സങ്കല്പം ബോധത്തില്‍ ഉണ്ടാക്കി മറയ്ക്കുന്ന ജഡരൂപങ്ങളായതുകൊണ്ട് ഇവയൊന്നും ബോധാനന്ദരൂപനായ താനല്ലെന്ന് ഒരു സത്യാന്വേഷി സദാ അനുസന്ധാനം ചെയ്യേണ്ടതാണ്.

അതുപോലെ ശരീരഘടകങ്ങളായ ജഡഭാഗങ്ങളാണ് സപ്തധാതുക്കള്‍. രസം, രക്തം, മ‍ാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിവയാണ് ഏഴു ശരീരധാതുക്കള്‍. മാറ്റര്‍ എന്ന് ആധുനികശാസ്ത്രം പറയുന്ന ശുദ്ധജഡം പോലും മനസ്സ് കട്ടിപിടിച്ചു ലയിച്ചു കിടക്കുന്ന ഇടമാണ്. ആ നിലക്ക് സപ്ത‌ധാതുക്കളുടെ കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. ഉണ്ടായി മറയുന്ന മിഥ്യാരൂപങ്ങളായതുകൊണ്ട് സപ്തധാതുക്കളും ബോധസത്യമല്ലെന്ന് അറിയേണ്ടതാണ്.

തൈത്തരീയോപനിഷത്ത് വ്യക്തിശരീരത്തെ അഞ്ചു കോശങ്ങളായി വിഭജിക്കുന്നു. ഈ കോശങ്ങള്‍ ഉറകള്‍പോലെ ഒന്നിനകത്ത് മറ്റൊന്നായി സ്ഥിതിചെയ്യുന്നതായിട്ടാണ് കല്പ്പിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെയാണ് കോശങ്ങളെന്ന പേര് അന്വര്‍ത്ഥമാകുന്നത്. അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയാണ് പഞ്ച‌കോശങ്ങള്‍. മ‍ാംസാസ്ഥിമയദേഹമാണ് അന്നമയകോശം. അതുതന്നെ ജീവന്റെ സൂക്ഷ്മശരീരം. ഉറക്കത്തില്‍ ആനന്ദം മാത്രമനുഭാവിപ്പിക്കുന്ന ആവരണമാണ് ആനന്ദമയകോശം. അതാണ്‌ ജീവന്റെ കാരണശരീരം. ഈ അഞ്ചുകോശങ്ങളും ജഡങ്ങളായതുകൊണ്ട് ബോധാനന്ദസ്വരൂപിയായ ഞാന്‍ അവയല്ലെന്നു സത്യാന്വേഷി ഭാവന ചെയ്തുറപ്പിക്കേണ്ടതാണ്.

വാക്ക്, പാണി, പാദം, ഉപസ്ഥം, പായു എന്നിവയാണ് അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍. ജ്ഞാനേന്ദ്രിയമാണ് ഉപസ്ഥം. വിസര്‍ജ്ജനേന്ദ്രിയമാണ് പായു. കര്‍മ്മ പ്രധാനങ്ങളാകയാല്‍ ഇവ പ്രാണമയകോശത്തില്‍ പെടുന്നവയാണ്. എങ്കിലും വിജ്ഞാനമയകോശത്തില്‍ പെടുന്ന ജ്ഞാനേന്ദ്രിയങ്ങളെ നേരത്തെ പ്രത്യേകം പരാമര്‍ശിച്ചതുകൊണ്ടും ഇന്ദ്രിയങ്ങളെന്ന നിലയില്‍ ഇവയ്ക്ക് പ്രത്യേകം പ്രാധാന്യമുള്ളതുകൊണ്ടും എടുത്തുപറഞ്ഞിരിക്കുന്നു എന്നേയുള്ളൂ. ജഡങ്ങളായതുകൊണ്ട് ഇവയും ബോധമല്ലതന്നെ. അതുകൊണ്ട് ഒരു ബ്രഹ്മജിജ്ഞാസു താന്‍ ബോധാനന്ദസ്വരൂപനായ പരമാത്മാവാണെന്ന് ഇങ്ങനെ തന്റെ സ്വരൂപം ജഡരൂപങ്ങളില്‍ നിന്നൊക്കെ ഭിന്നമാണ‌െന്നു ധ്യാനിച്ച്‌ ഉറപ്പിക്കേണ്ട താണ്.

അതിരിക്കട്ടെ. മനസ്സിന് വന്നുചേരുന്ന വികാരങ്ങളും ആഗ്രഹങ്ങളുമൊക്കെ ആരോപിത ജഡങ്ങളാണോ? തീര്‍ച്ചയായും. അവയുമൊക്കെ ബോധാരൂപമായ ആത്മാവില്‍ നിന്നും ഭിന്നങ്ങളാണെന്നു അനുസന്ധാനം ചെയ്തു ഉറപ്പിക്കണമെന്നാണ് അടുത്ത പദ്യം വെളിപ്പെടുത്തുന്നത്.

ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹൗ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ
ന ധര്‍മ്മോ ന ചാര്‍ത്ഥോ ന കാമോ ന മോക്ഷ-
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

മേ ദ്വേഷരാഗൗന = എനിക്ക് ദ്വേഷമോ രാഗമോ ഇല്ല; മേ ലോഭമോഹൗന = എനിക്ക് ലോഭമോ മോഹമോ ഇല്ല; മേ മദോ ന ഏവ = എനിക്ക് മദം ഇല്ല തന്നെ; മേ മാത്സര്യ ഭാവ: ന ഏവ = എനിക്ക് ആരോടും മത്സരഭാവം ഇല്ലതന്നെ. ധര്‍മഃ ന = ധര്‍മം ഇല്ല; അര്‍ത്ഥഃ ച ന = അര്‍ത്ഥവുമില്ല; കാമഃ ന = കാമമില്ല; മോക്ഷഃ ന = മോക്ഷമില്ല; അഹം ചിദാനന്ദരൂപഃ ശിവഃ = ഞാന്‍ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്; ഞാന്‍ പരമാത്മാവാണ്.

എനിക്ക് ദ്വേഷമോ രാഗമോ ഇല്ല. എനിക്ക് ലോഭമോ മോഹമോ ഇല്ല; എനിക്ക് മദമില്ല തന്നെ. എനിക്കാരോടും മത്സരഭാവമില്ല തന്നെ. ധര്‍മമില്ല; അര്‍ത്ഥവുമില്ല; കാമവുമില്ല; മോക്ഷവുമില്ല. ഞാന്‍ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്; ഞാന്‍ പരമാത്മാവാണ്.

നമേദ്വേഷരാഗൗ
എല്ലാവരുടെയും ജീവിതത്തെ നയിക്കുന്ന അടിസ്ഥാനപരങ്ങളായ രണ്ടു വികാരങ്ങളാണ് രാഗവും ദ്വേഷവും. ഇവ തന്നെയാണ് കര്‍മവാസനകള്‍. കര്‍മവാസനാരൂപങ്ങളായ മറ്റെല്ലാ വികാരങ്ങളും രാഗദ്വേഷങ്ങളുടെ കൂടിയുംകുറഞ്ഞുമുള്ള രൂപങ്ങളാണ്. സുഖം തരുമെന്നു കരുതുന്ന വ്യക്തിയോടോ പദാര്‍ത്ഥത്തോടോ ഉള്ള ഇഷ്ടമാണ് രാഗം. ദുഖിപ്പിക്കുമെന്ന് കരുതുന്ന വ്യക്തിയോടോ പദാര്‍ത്ഥത്തോടോ ഉള്ള അനിഷ്ടമാണ് ദ്വേഷം. ആത്മാവ് സ്വതേ ആനന്ദസ്വരൂപമാണ്‌. ഏതെങ്കിലും രൂപത്തില്‍ രാഗദ്വേഷങ്ങള്‍ കടന്നുവരുതുന്നതോടെ സ്വതേയുള്ള ആത്മാനന്ദം മറഞ്ഞുപോകുന്നു. അങ്ങനെ വ്യക്തിജീവിതം മാറി മാറി വരുന്ന രാഗദ്വേഷങ്ങളില്‍പ്പെട്ട് നിമ്ന്യോന്നതമായി ഇളകിമറിയാനും ഇടവരുന്നു. രാഗദ്വേഷസങ്കല്പങ്ങള്‍ ഉള്ളില്‍നിന്നും പുറംതള്ളിയാല്‍ ആനന്ദസ്വരൂപമായ ആത്മസത്യം എന്നെന്നേയ്ക്കുമായി തെളിഞ്ഞുകിട്ടുന്നതാണ്. അതോടെ ഞാന്‍ രാഗദ്വേഷങ്ങളില്ലാത്ത ബോധാനന്ദസ്വരൂപനായ പരമാത്മാവാണെന്ന് അനുഭവിക്കുമാറാകും. ഇക്കാര്യം വെളിപ്പെടുത്താന്‍ വേണ്ടിയാണ് എനിക്ക് രാഗദ്വേഷങ്ങളില്ല എന്ന് പറഞ്ഞിരിക്കുന്നത്.

രാഗം കട്ടിപിടിക്കുന്നതാണ് ലോഭം. ഭൗതികരംഗത്തായാലും വിജ്ഞാനമണ്ഡലത്തിലായാലും തന്റെ നേട്ടങ്ങള്‍ മറ്റാരുമായും പങ്കു വയ്ക്കുകയില്ല എന്ന മനോഭാവമാണ് ലോഭം. രാഗം തന്നെ അതിരുകവിയുന്നതാണ് മോഹം. ഒന്നിലും തൃപ്തിവരാതെ പോരാ, പോരാ എന്ന വാസന വളര്‍ത്തുന്നതാണ് മോഹം. തന്റെ നേട്ടങ്ങളില്‍ അഹന്ത വര്‍ദ്ധിക്കുന്നതാണ് മദം. മദം ഹേതുവായി അതേ നേട്ടങ്ങളുള്ള മറ്റുവ്യക്തികളോട് കലഹം വന്നു ചേരുന്നതാണ് മാത്സര്യഭാവം. ഇവയെല്ല‍ാംതന്നെ രാഗദ്വേഷങ്ങളുടെ കട്ടിപിടിച്ച രൂപാന്തരങ്ങളാണ്. അതുകൊണ്ട് തന്നെ ഇവയെല്ല‍ാം സത്യത്തെ കൂടുതല്‍ കൂടുതല്‍ മറച്ചു ദുഖിപ്പിക്കുമെന്നു തീര്‍ച്ചയാണ്.

പുരുഷാര്‍ത്ഥങ്ങളെന്നു കരുതപ്പെടുന്ന ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ പോലും ആഗ്രഹങ്ങളായി അവശേഷിക്കുന്നിടത്തോളം ആത്മാവിന്റെ മറകളായി വര്‍ത്തിക്കുകതന്നെ ചെയ്യും. ആത്മാവ് സ്വതേ സ്വതന്ത്രവും ആനന്ദസ്വരൂപവുമാണ്. ഇക്കാര്യം ധരിക്കാതെ ധര്‍മ്മത്തില്‍ രാഗവും അധര്‍മ്മത്തില്‍ ദ്വേഷവും വാസനാരൂപങ്ങളായി വളരാനിടയായാല്‍ രണ്ടും ഒരുപോലെ കടുത്ത ബന്ധങ്ങളായി മാറും. അധര്‍മവാസന ഇരുമ്പുചങ്ങല കൊണ്ടുള്ള ബന്ധമാണെങ്കില്‍ ധര്‍മവാസന സ്വര്‍ണ്ണചങ്ങല കൊണ്ടുള്ള കെട്ടാണെന്നേയുള്ളൂ. ഇതാണ് സത്യദര്‍ശികളുടെ അഭിപ്രായം. അതുപോലെ ആഗ്രഹമെല്ല‍ാം ബന്ധമാണെങ്കില്‍ മോക്ഷം വേണമെന്നുള്ള ആഗ്രഹം പോലും ബന്ധമായിത്തീരുമെന്നു പറയേണ്ടതില്ലല്ലോ. ഇതിനൊക്കെ എന്താണൊരു പോംവഴി? പോംവഴിയൊന്നേയുള്ളൂ. ശാസ്ത്രീയസത്യമെന്ന നിലയില്‍ ആത്മസ്വരൂപം വിചാരം ചെയ്തുറപ്പിക്കുക. ആത്മാവ് സ്വതേ മോക്ഷസ്വരൂപമാണ്. അതിലൊരു കളങ്കവും ഇന്നുവരെ ഉണ്ടായിട്ടില്ല. എല്ലാ ഭേദചിന്തകളും അജ്ഞാനം കൊണ്ട് വന്നുചേര്‍ന്നവയാണ്. വേദാന്തശാസ്ത്രം വിചാരം ചെയ്തുറപ്പിക്കുന്നതോടെ അജ്ഞാനം മാറി ആത്മാവ് തെളിയും. എങ്ങനെ തെളിയും? ഞാന്‍ സ്വതേ ബോധാനന്ദസ്വരൂപനായ പരമാത്മാവാണെന്നു തെളിയും, പോരെ?

അപ്പോള്‍ പുണ്യപാപാദി ലൗകിക വ്യവഹാരങ്ങളൊക്കെ അജ്ഞതയുടെ ഫലമാണെന്നാണോ പറയുന്നത്? തീര്‍ച്ചയായും.

ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം
ന മന്ത്രോ ന തീര്‍ത്ഥം ന വേദോ ന യജ്ഞാഃ
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

ന പുണ്യം ന പാപം = ഞാന്‍ പുണ്യമല്ല, പാപമല്ല; ന സൗഖ്യം ന ദുഃഖം = സുഖമല്ല, ദുഃഖമല്ല; ന മന്ത്രഃ ന തീര്‍ത്ഥം = മന്ത്രമല്ല, തീര്‍ത്ഥമല്ലച ച ന വേദാഃ ന യജ്ഞാഃ = വേദങ്ങളല്ല, യജ്ഞങ്ങളല്ല; അഹം ഭോജനം ന ഏവ = ഞാന്‍ ഭോജനം അല്ല തന്നെച ച ന ഭോജ്യം ന ഭോക്താ = ഭുജിക്കപ്പെടുന്നതോ ഭോക്താവോ ഞാനല്ല; അഹം ചിദാനന്ദ രൂപഃ ശിവഃ = ഞാന്‍ ബോധാനന്ദ സ്വരൂപനായ പരമാത്മാവാണ്; അഹം ശിവഃ = ഞാന്‍ പരമാത്മാവാണ്.

ഞാന്‍ പുണ്യമല്ല, പാപമല്ല. സുഖമല്ല, ദുഖമല്ല. മന്ത്രമല്ല, തീര്‍ത്ഥമല്ല. വേദങ്ങളല്ല, യജ്ഞങ്ങളല്ല. ഞാന്‍ ഭോജനമല്ല തന്നെ, ഭുജിക്കപ്പെടേണ്ടതോ ഭോക്താവോ ഞാനല്ല. ഞാന്‍ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്. ഞാന്‍ പരമാത്മാവാണ്.

ന വേദാഃ ന യജ്ഞാഃ

അഖണ്ഡബോധസ്വരൂപമായ ബ്രഹ്മം പ്രപഞ്ചത്തിന്റെ പരമകാരണമാണ്. അതുകൊണ്ടുതന്നെ അതുമാത്രമേ നിലവിലുള്ളു. അക്കാരണത്താല്‍ രണ്ടിന്റെ തോന്നലുളവാക്കുന്ന എല്ല‍ാം അവിദ്യാകല്പിതങ്ങളാണ്. ഇതാരുപറയുന്നു? വേദാന്തശാസ്ത്രം പ്രഖ്യാപിക്കുന്നു. എവിടെ? ബൃഹദാരണ്യകോപനിഷത്ത് നാലാമധ്യായം മൂന്ന‍ാം ബ്രാഹ്മണം ഇരുപത്തിരണ്ട‍ാം മന്ത്രത്തില്‍. പരമാത്മസാക്ഷാത്കാരത്തോടെ വേദങ്ങള്‍പോലും വേദങ്ങളല്ലാതായി തീരുമെന്നാണവിടെ പ്രഖ്യാപിക്കുന്നത്. വേദങ്ങള്‍ വേദങ്ങള്‍ അല്ലാതാകുന്നതോടെ വേദവിഹിതങ്ങളായ യജ്ഞാദികര്‍മങ്ങള്‍ക്കൊന്നും പ്രസക്തിയില്ലാതാകുമെന്നു പറയേണ്ടതില്ലല്ലോ. വേദങ്ങളും യജ്ഞങ്ങളും പോലും ഇല്ലാതായി മാറുമെങ്കില്‍ പിന്നെ ആപേക്ഷികങ്ങളായ പുണ്യം പാപം, സുഖം ദുഃഖം, മന്ത്രം തീര്‍ത്ഥം, മുതലായവയുടെ കാര്യവും അങ്ങനെ തന്നെ. ദൈനംദിനഭോജനം അവിദ്യയായി മുറുമെന്നതിരിക്കട്ടെ. കര്‍മഫലമോ? ഭൂജിക്കേണ്ടതായ കര്‍മഫലവും ഇല്ലാതാകും. ഭോക്താവില്ലെങ്കില്‍ പിന്നെ എന്തു ഭോജ്യം. ബോധാനന്ദസ്വരൂപനായ പരമാത്മാവല്ലാതെ പിന്നെ അണുപോലും മറ്റൊന്നുമുണ്ടായിരിക്കില്ല.

അങ്ങനെ വരുമ്പോള്‍ ജീവിതത്തിലെ എല്ലാ ബന്ധങ്ങളും വിട്ടുപോകുമല്ലോ? തീര്‍ച്ചയായും വിട്ടുപോകും.

ന മൃത്യുര്‍ന്ന ശങ്കാ ന മേ ജാതിഭേദഃ
പിതാ നൈവ മേ നൈവ മാതാ ച ജന്മ
ന ബന്ധുര്‍ന മിത്രം ഗുരുര്‍നൈവശിഷ്യഃ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

മൃത്യൂഃ ന = മരണമില്ല, ശങ്കാന = സംശമേയില്ല; മേ ജാതി ഭേദഃ ന = എനിക്കുജാതിഭേദമില്ല; പിതാന ഏവ = അച്ഛന്‍ ഇല്ല തന്നെ; മാതാന ഏവ ജന്മച = മാതാവില്ല തന്നെ ജന്മവുമില്ല; നബന്ധുഃ = ബന്ധുവില്ല; മിത്രം ന = സുഹൃത്തില്ല; ഗുരുഃ ശിഷ്യഃ ന ഏവ = ഗുരുവോ ശിഷ്യനോ ഇല്ല; അഹം ചിദാനന്ദരൂപഃ ശിവഃ = ഞാന്‍ ബോധാനന്ദരൂപനായ പരമാത്മാവാണ്; അഹം ശിവഃ = ഞാന്‍ പരമാത്മാവാണ്.

മരണമില്ല, സംശയമേയില്ല. എനിക്കു ജാതിഭേതദമില്ല. അച്ഛന്‍ ഇല്ല തന്നെ; മാതാവില്ല തന്നെ, ജന്മവുമില്ല. ബന്ധുവില്ല, സുഹൃത്തില്ല. ഗുരോശിഷ്യനോ ഇല്ല. ഞാന്‍ ബോധാനന്ദരൂപനായ പരമാത്മാവാണ്. ഞാന്‍ പരമാത്മാവാണ്.

നമൃത്യൂര്‍നശങ്കാ
മരണമില്ല: സംശയമേയില്ല. മരണമില്ലെങ്കില്‍ ജനനവുമില്ലെന്ന് തീര്‍ച്ചയാണല്ലോ. ജനിക്കാത്ത ജീര്‍ണിക്കാത്ത ആനന്ദരൂപമായ ഒരുവസ്തുവേ നിലവിലുള്ളു. സര്‍വ്വം ബ്രഹ്മമയം, സൃഷ്ടിസ്ഥിതിസംഹാരങ്ങളൊന്നുമില്ല. മായയില്ല, അവിദ്യയില്ല. സര്‍വ്വം ബ്രഹ്മമയം സൃഷ്ടിസ്ഥിതിസംഹാരങ്ങളുമൊക്കെയുള്ളതായി വിവരിച്ചിരിക്കുന്നതോ? സൃഷ്ടിസ്ഥിതിസംഹാരങ്ങളൊക്കെ വിവരിക്കുന്നത് വിവരിച്ചുകാണിച്ചിട്ട് അതൊക്കെ മായയാണ് അതായതില്ലാത്തതാണ് എന്നു തള്ളിക്കളയാന്‍ വേണ്ടി മാത്രം. ഉള്ളതൊന്നേയൊന്ന് – സച്ചിദാനന്ദരൂപമായ ബ്രഹ്മം.

ഒന്നേയുള്ളു എന്നു സിദ്ധാന്തിക്കാന്‍ എന്താണ് കാരണം? ഒന്നേ ഉള്ളതാകാന്‍ പറ്റു എന്നുള്ളതാണുകാരണം. പരമകാരണം കണ്ടെത്തിയാലേ പ്രപഞ്ചരഹസ്യം വെളിപ്പെടൂ. പരമകാരണം കണ്ടത്തിയാല്‍ പിന്നെ അതല്ലാതെ മറ്റൊന്നും ഉണ്ടായിരിക്കാനേ സാദ്ധ്യമല്ല. പ്രപഞ്ചത്തിന്റെ പരമകാരണമാണ് ആനന്ദബോധരൂപമായ ബ്രഹ്മം. അതില്‍ സങ്കല്പങ്ങളുള്‍പ്പെടെഉണ്ടെന്നു തോന്നുന്നതെല്ല‍ാം അതുതന്നെയാണ്.

അഹം നിര്‍വികല്പോ നിരാകാരരൂപോ
വിഭുത്വാച്ച സര്‍വത്ര സര്‍വേന്ദ്രിയാണ‍ാം
ന ചാസംഗതോ നൈവ മുക്തിര്‍നമേയ
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

അഹം നിര്‍വികല്പഃ = ഞാന്‍ രണ്ടെന്ന ഭേദം സ്പര്‍ശിക്കാത്തവനാണ്; നിരാകാര രൂപഃ = നാമരൂപാകാരങ്ങളൊന്നും എനിക്കില്ല; സര്‍വത്ര സര്‍വ്വേന്ദ്രിയാണ‍ാം = എല്ലായിടത്തും എല്ലാ ഇന്ദ്രിയങ്ങളുടേയും; വിഭുദ്വാത്ച = അനുഭവം എന്റെ അനുഭവം തന്നെയായതുകൊണ്ടും; ആ സംഗതം നച = ഒന്നില്‍‌ നിന്നും ഭിന്നനായി നില്‍‌ക്കുന്നവനല്ല ഞാന്‍; ന ബന്ധഃ = അതുകൊണ്ടുതന്നെ എനിക്കുമോക്ഷമോ ബന്ധമോ ഇല്ല. ബോധാനന്ദരൂപനായ പരമാത്മവാണു ഞാന്‍ പരമാത്മാവാണ്.

അഹം നിര്‍വികല്പഃ
രണ്ടെന്ന ഭേദഭാവനയുടെ സ്പര്‍ശംപോലും ഇല്ലാത്തവനാണ് ഞാന്‍. എന്തുകൊണ്ട്? പ്രപഞ്ചത്തിന്റെ പരമകാരണമായതുകൊണ്ട്. പരമകാരണം കണ്ടെത്താതെ ഒരു ചിന്തകനും പ്രപഞ്ചരഹസ്യം വെളിപ്പെട്ടുകിട്ടുന്നതല്ല. പരമകാരണം ഒരിക്കലും രണ്ടുണ്ടാകാന്‍ പറ്റുകയില്ല. രണ്ടുണ്ടെന്നുവന്നാല്‍ അവയ്ക്കുരണ്ടിനും വേറുവേറായി നിര്‍ക്കാന്‍ ഇടമരുളുന്ന മൂന്നാമതൊന്നിനെ അംഗീകരിക്കേണ്ടിവരും. അതോടെ രണ്ടിന്റെ പരമകാരണത്വം നഷ്ടപ്പെടും. ഇടമരുളുന്ന മൂന്നാമത്തേതായിത്തീരും പരമകാരണം. അങ്ങനെ രണ്ടിന്റെ സ്പര്‍ശമില്ലാത്തഒരു പരമകാരണത്തെ അംഗീകരിച്ചാല്‍ നാമരൂപഭേദമൊന്നും സാധ്യമല്ല. ഒന്നേയുള്ളുവെങ്കില്‍ നാമരൂപഭേദങ്ങള്‍ പോലും എവിടെനിന്നുവരാനാണ്. അപ്പോള്‍പിന്നെ പലതും കാണുന്നതോ? അവയൊക്കെ മരഭൂമിയിലെ കാനല്‍ജലംപോലെ ഭ്രമദ്രശ്യങ്ങളാണ്. ഭ്രമദ്രശ്യങ്ങള്‍ എവിടെയും വസ്തുതന്നെയാണ്. കാനല്‍ജലം പൂര്‍ണ്ണമായും മരുഭൂമി തന്നെയാണ്. ഭ്രമദൃശ്യങ്ങളെയെല്ല‍ാം അധിഷ്ഠാനവസ്തുവായിത്തന്നെ അറിയുന്നതാണ് ജ്ഞാനം. രണ്ടെന്ന ഭേദഭാവനുയുടെ സ്പര്‍ശംപോലുമില്ല. ഇതാണ് ബ്രഹ്മത്തിന്റെ നിര്‍‌വികല്പസ്ഥിതി. ബ്രഹ്മം നിര്‍വികല്പമായതുകൊണ്ടുതന്നെ അവിടെ നാമരൂപാകാരണങ്ങള്‍‌ക്കൊന്നും പ്രസ്കതിയില്ല. അതാണ് നിരാകരരൂപത്വം. ഒരേ ബോധമാണ് ഇന്ദ്രിയങ്ങള്‍ വഴിവിവിധ പ്രപഞ്ചരൂപങ്ങളെ ഉണ്ടെന്ന് തോന്നിക്കുന്നത്. ഇവിടെ അന്ദ്രിയങ്ങളും പ്രപഞ്ചനാമരൂപങ്ങളും ഒരുപോലെ ബോധവിവര്‍ത്തങ്ങളായതുകൊണ്ടു ബോധം തന്നെയാണ്. എങ്ങനെയറിയ‍ാം? ബോധമില്ലേ അവയൊന്നുമില്ല. അങ്ങനെയറിയ‍ാം. ബോധത്തെ വിട്ടുനിര്‍ക്കാന്‍ ഒന്നിനും സാദ്ധ്യമല്ല. അതുകൊണ്ടെല്ല‍ാം ബോധം തന്നെ. ഈ വസ്തുത ധരിച്ചാല്‍ പിന്നെ ബന്ധത്തിനു പ്രസക്തിയെവിടെ. രണ്ടുണ്ടെങ്കിലല്ലേ ബന്ധമുള്ളൂ. ബന്ധമില്ലെങ്കില്‍ പിന്നെ മോക്ഷത്തിനു പ്രസക്തിയെവിടെ, ബന്ധമോക്ഷങ്ങളെല്ല‍ാം ബോധത്തിലെ വെറും കല്‍പ്പനകള്‍. പരമകാരണമായ ബോധമാകട്ടെ മറമാറിത്തെളിഞ്ഞാല്‍ അഖണ്ഡവും നിശ്ചലവും ആനന്ദരൂപവുമാണ്. ഒരു സത്യാന്വേഷി അനുഭവത്തിനായി ഇക്കാര്യങ്ങള്‍ നിരന്തരം അനുസന്ധാനം ചെയ്തുറപ്പിക്കേണ്ടതാണ്.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ