ഭഗവും ലിംഗവും പിന്നെ ഞാനും


കൂടുതല്‍പ്പേരും ഭഗവാനെ ഉറക്കെ വിളിക്കുന്നു, കുറഞ്ഞപക്ഷം അവര്‍ക്ക് സങ്കടം വരുമ്പോഴെങ്കിലും. ആരാണീ ഭഗവാന്‍? എന്താണ് ഭഗവാന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം? നമുക്കു ഒന്നു ശ്രമിച്ചു നോക്കാം.

മലയാളത്തില്‍ നാം വിഗ്രഹിച്ചു സമാസം പറയാറുണ്ടല്ലോ.

ബലവാന്‍ എന്നാല്‍ ബലം ഉള്ളവന്‍, അപ്പോള്‍ ഭഗവാന്‍? ഭഗം ഉള്ളവന്‍ എന്നാണോ?
ശീലാവതി എന്നാല്‍ (നല്ല) ശീലം ഉള്ളവള്‍, അപ്പോള്‍ ഭഗവതി? (നല്ല) ഭഗം ഉള്ളവള്‍ എന്നാണോ?
നിങ്ങള്‍തന്നെ പറയൂ.

ഭഗം എന്ന വാക്കിന്‍റെ അര്‍ത്ഥം അറിയില്ലെങ്കിലും കൂടുതല്‍പ്പേരും (കുറഞ്ഞപക്ഷം ആണുങ്ങള്‍) ഭഗശിശ്നിക എന്ന വാക്ക് കേട്ടുകാണും!

ഭഗശിശ്നിക എന്നാല്‍ പുരുഷന്മാരുടെ ലിംഗത്തിനോട് സാദൃശ്യമുള്ള, യോനിയുടെ മുകള്‍ഭാഗത്തുള്ള അവയവം. ഭഗാങ്കുരം, ഭഗകര്‍ണിക, കൃസരി, യോനിച്ഛദം എന്നും അറിയപ്പെടുന്നു. കന്ത് എന്ന് ചിലര്‍ അശ്ലീലമായി ഉപയോഗിക്കുന്നു. ആംഗലേയം Clitoris.

അപ്പോള്‍ എന്താ ഭഗം എന്ന വാക്കിനര്‍ത്ഥം? അറിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഊഹിച്ചു കണ്ടുപിടിക്കാം!

ശരി, നമുക്കു ചില ബന്ധപ്പെട്ട മലയാളം / സംസ്കൃതം വാക്കുകളുടെ അര്‍ത്ഥം ശബ്ദസാഗരം മലയാളം നിഘണ്ടുവില്‍ നോക്കാം.

ഭഗം:
•   സ്ത്രീയുടെ ഗുഹ്യം, യോനി
•   ലിംഗത്തിനും ഗുദത്തിനും ഇടക്കുള്ള ഭാഗം
•   ഐശ്വര്യം, ഭാഗ്യം
•   ശോഭ, സൗന്ദര്യം
•   ശ്രേഷ്ഠത
•   സര്‍വ്വശക്തി
•   സമ്പൂര്‍ണ്ണമായ ഐശ്വര്യം, ധൈര്യം, കീര്‍ത്തി, സമ്പത്ത്, ജ്ഞാനം, വൈരാഗ്യം ഇവ ആറും കൂടിയത്

ഭഗവത്:
•   ഭഗമുള്ള (ഐശ്വര്യമുള്ള, ദിവ്യമായ)

ഭഗവാന്‍:
•   ഈശ്വരന്‍
•   സമ്പൂര്‍ണ്ണമായ ഐശ്വര്യം, ധൈര്യം, കീര്‍ത്തി, സമ്പത്ത്, ജ്ഞാനം, വൈരാഗ്യം എന്നിവയുള്ളവന്‍
•   ഐശ്വര്യം, ധൈര്യം, കീര്‍ത്തി, സമ്പത്ത്, ജ്ഞാനം, വൈരാഗ്യം എന്നീ ഷഡ്ഗുണങ്ങളോട് കൂടിയവന്‍

യോനി:
•   സ്ത്രീകളുടെ ഗുഹ്യാവയവം
•   ഗര്‍ഭപാത്രം, ഗര്‍ഭാശയം
•   ജനനസ്ഥലം
•   ഉദ്ഭവം, സ്രോതസ്സ്, ഉറവ്
•   വിശ്രമസ്ഥലം, സൂക്ഷിപ്പുസ്ഥലം
•   പാത്രം, ഇരിപ്പിടം
•   വാസസ്ഥലം

ലിംഗം:
•   അടയാളം
•   ശിവലിംഗം
•   പുരുഷന്‍റെ അടയാളം
•   പുരുഷന്‍റെ ലൈംഗികാവയവം
•   സൂക്ഷ്മശരീരം

ഇതുവരെ നിങ്ങള്‍ക്കിഷ്ടപ്പെട്ട വിഷയം ആയിരുന്നു! ഇനി നമുക്ക് ചിന്താവിഷയത്തിലേക്ക് വരാം.

ഭഗവും ഭഗവാനും മനസ്സിലായില്ലേ? ഇനി നമുക്ക് യോനിയും ലിംഗവും പരിശോധിക്കാം.

ശിവക്ഷേത്രങ്ങളില്‍ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്‌ യോനീപീഠത്തിലാണ്. എന്താ അതിനര്‍ത്ഥം?

ലിംഗം എന്നാല്‍ സൂക്ഷ്മശരീരം, അഥവാ ആത്മാവ് (ദേഹി).

യോനി എന്നാല്‍ വാസസ്ഥലം അഥവാ സൂക്ഷ്മശരീരത്തിന്‍റെ വാസസ്ഥലം. അതായത് നമ്മുടെ സ്ഥൂലശരീരം (ദേഹം) എന്നെടുക്കാം, അല്ലേ?

അപ്പോള്‍ യോനിയില്‍ പ്രതിഷ്ഠിച്ച ലിംഗം എന്നാല്‍ നമ്മുടെ ശരീരത്തിലുള്ള ആത്മാവ് എന്നര്‍ത്ഥം വരും, ശരിയല്ലേ?

ഇനി പറയൂ, നാം ആരെയാണ് ശിവക്ഷേത്രങ്ങളില്‍ പൂജിക്കുന്നത്?

ഓരോരുത്തരും ഈ ദേഹമല്ല, ദേഹി (ആത്മാവ്) ആണ് ഞാന്‍ എന്ന് മനസ്സിലാക്കിയാല്‍, അവനവനെ തന്നെയാണ് നാം ക്ഷേത്രത്തില്‍ തൊഴുന്നതും പൂജിക്കുന്നതും, അല്ലേ?

ക്ഷേത്രത്തില്‍ പോകുമ്പോള്‍ നമ്മള്‍ ആരുംതന്നെ യോനീപീഠം കാണാറില്ല, അല്ലേ? ശിവലിംഗം മാത്രം ഉയര്‍ന്നു കാണാം. എന്തുകൊണ്ട്?

നമ്മളാരും ഈ ദേഹമല്ല, ദേഹിയാണ് എന്നും ആത്മാവാണ് ഉയര്‍ന്നുനില്ക്കുന്നത് എന്നും ദേഹം വെറുമൊരു ഇരിപ്പിടം മാത്രമാണെന്നും നമ്മളെ ഓര്‍മ്മിപ്പിക്കുന്നതിനും, ആത്മാവിനെ നമസ്കരിക്കുന്നതിനും ആയിരിക്കാം.

പക്ഷെ, എന്തിനാ ഒരു കല്ലിനെ പൂജിക്കുന്നത്?

ഒരു സാധാരണ മനുഷ്യന് സങ്കല്പങ്ങള്‍ വളരെ ആവശ്യമാണ്.

നമ്മള്‍ എല്ലാവരും തന്നെ മരിച്ചവരുടെ പടം വീടുകളില്‍ വയ്ക്കുന്നു, എന്തിന്? ആ ഫോട്ടോ കാണുമ്പോഴെങ്കിലും നാം അവരെ ഓര്‍ക്കുകയും നന്മ പ്രവര്‍ത്തിക്കയും ചെയ്യും. ശരിയല്ലേ?

അതുകൊണ്ടായിരിക്കാം ക്ഷേത്രങ്ങളില്‍ കൃഷ്ണശിലയില്‍ (നല്ല ഉറച്ച കരിങ്കല്ല്) കൊത്തിയ, ഒരിക്കലും മഴയിലും വെയിലിലും നശിക്കാത്ത ശിലയില്‍ ഓരോ മനുഷ്യന്‍റെയും പരിശ്ചേദം കൊത്തിവച്ചിരിക്കുന്നത്.

വിഗ്രഹം എന്നാല്‍ വിശേഷാല്‍ ഗ്രഹിക്കേണ്ടത് എന്നര്‍ത്ഥം. കൃഷ്ണശിലയില്‍ കൊത്തിവച്ചിരിക്കുന്ന അമ്പലങ്ങളിലെ വിഗ്രഹങ്ങളെ നാം വിശേഷാല്‍ മനസ്സിലാക്കണം. അല്ലാതെ നാം കല്ലിനെ തള്ളിപ്പറയുന്നത് ശരിയാണോ?

ഇനി പറയൂ, വിഗ്രഹാരാധന തെറ്റാണോ?

November 3rd, 2008|വിഭാഗം: ശ്രീയുടെ ലേഖനങ്ങള്‍
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

ഇതുവരെ 33 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. November 3rd, 2008 1:57 pm IST യ്ക്ക് Admin:

    കൊള്ളം രാജാവെ…

  2. November 3rd, 2008 5:52 pm IST യ്ക്ക് ലതി:

    ഇപ്പൊഴാ ഇവിടെ വന്നത്.
    കുട്ടിക്കാലം മുതല്‍ ശീലിച്ചതാ ഇതൊക്കെ.
    വിഗ്രഹാരാധന തെറ്റായി തോന്നിയിട്ടില്ല.

  3. November 3rd, 2008 6:09 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    @ശ്രീ അഡ്മിന്‍:
    താങ്കള്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. തുടര്‍ന്നും വായിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

    @ശ്രീ ലതി:
    സ്വാഗതം, നന്ദി. അടുത്ത കാലത്തു മാത്രമാണ് മലയാളത്തിലും ഈ വിഷയങ്ങളിലും എഴുതിത്തുടങ്ങിയത്, അതാണ്‌ മുമ്പ് കാണാതെപോയത്.

  4. November 4th, 2008 1:10 am IST യ്ക്ക് dethan:

    ലിംഗാരാധന എല്ലാ ഗോത്ര സമൂഹങ്ങളിലും നിലനിന്നിരുന്നതാണ്.അതിന്റെ ഒരു വക ഭേദമാണ്
    ശിവലിംഗാരാധനയും.ശരീരത്തിലുള്ള ആത്മാവിനെയാണ് ശിവക്ഷേത്രത്തില്‍ പോയി നിന്നു പ്രാര്‍ത്ഥിക്കുന്നത് എന്നൊക്കെ വ്യാഖ്യാനിക്കുന്നത് ആരെ പറ്റിക്കാനാണ്?അങ്ങനെയാണെങ്കില്‍
    കണ്ണാടിയുടെ മുമ്പില്‍ പോയി നിന്ന് പ്രാര്‍ത്ഥിച്ചാല്‍ പോരെ?
    വിഗ്രഹങ്ങള്‍ കല്ലില്‍ മാത്രമല്ലല്ലോ നിര്‍മ്മിച്ചിരിക്കുന്നത്.പിന്നെ വിഗ്രഹാരാധന വളരെ പ്രാകൃതമായ
    ഏര്‍പ്പാടാണ്.തെറ്റും ശരിയും ഓരൊരുത്തരുടെയും വീക്ഷണം പോലിരിക്കും.
    -ദത്തന്‍

  5. November 4th, 2008 12:17 pm IST യ്ക്ക് ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage:

    നന്നായിരിക്കുന്നു. ഇവിടെ ഞാനും വിഗ്രഹത്തെക്കുറിച്ച്‌ അല്‍പം പറഞ്ഞിരുന്നു

  6. November 4th, 2008 3:23 pm IST യ്ക്ക് jokkamma:

    നന്ദി ഒരു പുതിയ അറിവ് പകര്ന്നു തന്നതിന് ,ഇനിയും ഇനിയും എഴുതുക സ്നേഹത്തോടെ ,സഹോദരി .

  7. November 5th, 2008 12:15 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    @ശ്രീ ഇന്‍ഡ്യാഹെറിറ്റേജ്‌,@ശ്രീ jokkamma:

    അഭിപ്രായത്തിന് നന്ദി. ഇനിയും എഴുതാന്‍ ശ്രമിക്കാം.

    @ശ്രീ ദത്തന്‍:

    “ശരീരത്തിലുള്ള ആത്മാവിനെയാണ് ശിവക്ഷേത്രത്തില്‍ പോയി നിന്നു പ്രാര്‍ത്ഥിക്കുന്നത് എന്നൊക്കെ വ്യാഖ്യാനിക്കുന്നത് ആരെ പറ്റിക്കാനാണ്?”

    - ആര് ആരെ പറ്റിക്കാന്‍? ഒരു കാര്യം ഉറപ്പിച്ചു പറയാം. കണ്ണടച്ചാല്‍ ഇരുട്ടാവില്ല. പകരം താങ്കള്‍ ഉള്‍ക്കണ്ണ് തുറക്കാന്‍ ശ്രമിക്കൂ.

    “അങ്ങനെയാണെങ്കില്‍ കണ്ണാടിയുടെ മുമ്പില്‍ പോയി നിന്ന് പ്രാര്‍ത്ഥിച്ചാല്‍ പോരെ? “

    - ശ്രീ നാരായണസ്വാമി കണ്ണാടി പ്രതിഷ്ഠ നടത്തിയിട്ടുള്ളത് കേട്ടിട്ടുണ്ടോ? എല്ലാം ഒന്നുതന്നെ. പക്ഷെ, തൊഴുന്നത് നിങ്ങളുടെ ശരീരത്തെയോ ആത്മാവിനെയോ? നിങ്ങള്‍ എന്ന് പറഞ്ഞാല്‍ തലയാണോ കണ്ണാണോ മൂക്കാണോ തലച്ചോറാണോ കയ്യാണോ കാലാണോ, അപ്പോള്‍ ഏതിനെ പൂജിക്കും? അപ്പോള്‍ നിങ്ങള്‍ ആരാ?

    ആ അറിവ് തര്‍ക്കത്തിനായാല്‍ ഉപയോഗമില്ല, ആഴത്തില്‍ പഠിച്ചു മനസ്സില്‍ പതിഞ്ഞാല്‍ ഉപയോഗമുണ്ടാകും. നാം ഒരു വസ്തുവിനെ തള്ളിപറഞ്ഞതു കൊണ്ടുമാത്രം ആ കേവല വസ്തു ഇല്ലതാവുന്നില്ലല്ലോ. ആ വസ്തു ഒന്നു സ്വയം തിരഞ്ഞു നോക്കൂ.

    “വിഗ്രഹങ്ങള്‍ കല്ലില്‍ മാത്രമല്ലല്ലോ നിര്‍മ്മിച്ചിരിക്കുന്നത്.”

    - ആയിരിക്കാം. മുകളില്‍ പറഞ്ഞല്ലോ, വീട്ടിലെ ഫോട്ടോയും ഒരു വിഗ്രഹമാണ്‌. ശ്രീ ജോസഫ് ഇടമറുകിന്‍റെ ഫോട്ടോ ആയാലും അത് വിഗ്രഹമായി! അദ്ദേത്തിന്റെ ഒരു പുസ്തകം പൂജിച്ചാലും വിഗ്രഹം തന്നെ.

    “പിന്നെ വിഗ്രഹാരാധന വളരെ പ്രാകൃതമായ ഏര്‍പ്പാടാണ്.”

    - എന്ത് കൊണ്ടാണ് പ്രാകൃതം എന്നുകൂടി പറയുന്നതാണ് ഉചിതം.

    “തെറ്റും ശരിയും ഓരൊരുത്തരുടെയും വീക്ഷണം പോലിരിക്കും.”

    - അത് വളരെ ശരി. ഈയുള്ളവനും അതുകൊണ്ടാണല്ലോ അഭിപ്രായം ചോദിച്ചത്. ഈ ലോകത്തില്‍ എല്ലാം ആപേക്ഷികമാണ്. ശരിയും തെറ്റും, ദുഖവും സങ്കടവും, ഒക്കെ. അതൊന്നും അല്ലാത്ത പരമമായ എന്തെങ്കിലും ഉണ്ടോ? അന്വേഷിക്കൂ… :-)

  8. November 5th, 2008 12:42 am IST യ്ക്ക് നിഴല്രൂപന്|nizhalroopan:

    ശ്റേയസ്,
    ക്ഷേത്രങ്ങളെക്കുറിച്ച് പൊതുവായി കേട്ടിട്ടുള്ള ഒരു കാര്യം, ക്ഷേത്രങ്ങള് ആതാത് ദേവന്റെ ശരീരമായാണ് സങ്കല്പ്പിച്ചിട്ടുള്ളത് എന്നാണ്. അതായത് ക്ഷേത്രങ്ങളില് പൂജിക്കപ്പെടുന്നത് നമ്മളെ അല്ല ദേവ ചൈതന്ന്യത്തെത്തന്നെയാണ്. ഇത് എത്രത്തോളം ശരിയാണ് എന്ന് അറിയില്ല. അല്ലെങ്കില് ശിവ ക്ഷേത്രങ്ങള് മറ്റ് ക്ഷേത്രങ്ങളില് നിന്നും വ്യത്യസ്തമാവം.
    (എല്ലാ ജീവചൈതന്യവും ഈശ്വരന് ആയിരിക്കെ രണ്ടായാലും വലിയ പ്രശ്നമില്ല എന്ന് തോന്നുന്നു)

    dethan,

    1)
    “വിഗ്രഹാരാധന വളരെ പ്രാകൃതമായ…”.
    ‘പ്രാകൃതം = പരിഷ്കരിക്കപ്പെടാത്തത്’ എന്ന് ആണൊ?

    2)
    “അങ്ങനെയാണെങ്കില്‍ കണ്ണാടിയുടെ മുമ്പില്‍ പോയി നിന്ന് പ്രാര്‍ത്ഥിച്ചാല്‍ പോരെ…”

    സ്തിരമായി ‘ജിം’-ഇല് പോകുന്ന എന്റെ ഒരു സുഹൃത്തിനോട് ആരൊ ചോദിച്ചു… “നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നന്നക്കാന് എന്തിന് ‘ജിം’-ഇല് പോകണം, വീട്ടില് ഇരുന്നാലും ആരൊഗ്യം നന്നാക്കാമല്ലൊ?”
    (‘ജിം’- ചോദ്യം അരോ ചോദിച്ചതാണ്. ഞാന് അത് എന്റെ സുഹൃത്ത് ആക്കി എന്ന് മാത്രം :) .
    കടപ്പാട് : anonymous)

  9. November 5th, 2008 1:02 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    @ശ്രീ നിഴല്‍രൂപന്‍:
    എന്തിനാണ് നാം ലിംഗത്തെ പൂജിക്കുന്നത് എന്ന ഒരു പൊതുവായ ചോദ്യത്തിന് അര്‍ത്ഥം തേടുകയായിരിന്നു ഈയുള്ളവന്‍. ഈയുള്ളവന്‍റെ കാഴ്ചപ്പാട്‌ പങ്കുവച്ചു എന്ന് മാത്രം.

    അവസാനം ആത്മീയം എന്നാല്‍ ഞാന്‍ ആര് എന്ന ചോദ്യവും അത് മനസ്സിലാക്കലും ആണല്ലോ.

  10. November 25th, 2008 1:52 pm IST യ്ക്ക് ജയകൃഷ്ണന്‍ കാവാലം:

    താങ്കള്‍ സൂചിപ്പിച്ചിരിക്കുന്നതു പോലെയുള്ള പ്രതിഷ്ഠകള്‍ ഷഡാധാരപ്രതിഷ്ഠകള്‍ എന്നു പറയപ്പെടുന്നു. സ്വയംഭൂവായ വിഗ്രഹങ്ങളല്ലെങ്കില്‍, താഴെ വിഗ്രഹത്തിന്‍റെ ഉത്ഭവസ്ഥാനത്ത് രത്നങ്ങള്‍, സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവയും പ്രതിഷ്ഠാസമയത്ത് നിക്ഷേപിക്കുകയുണ്ട്‌. ഈ ഉത്ഭവസ്ഥാനത്തെ മനുഷ്യശരീരത്തിലെ ഒന്നാമത്തെ ആധാരചക്രമായ മൂലാധാരമായി കണക്കാക്കപ്പെടുന്നു. ക്ഷേത്ര ഗോപുരം,കൊടിമരം, പ്രദക്ഷിണവഴി, വലിയബലിക്കല്ല്‌, നമസ്കാരമണ്ഡപം, സോപാനം തുടങ്ങിയവ യഥാക്രമം ക്ഷേത്രപുരുഷന്‍റെ പാദം,ലിംഗം, അരക്കെട്ട്, നാഭി, മാറിടം, കണ്ഠപ്രദേശം എന്നിങ്ങനെയും ഗണിച്ചു വരുന്നു. ഇത് സ്ഥൂല രൂപം. ആദ്യം പറഞ്ഞു തുടങ്ങിയത് സൂക്ഷ്മരൂപവും. താന്ത്രികപ്രതിഷ്ഠകളില്‍ ഏറ്റവും ശക്തിയുള്ള പ്രതിഷ്ഠാരീതിയാണിത്.

    ശിലയില്‍ പ്രതിഷ്ഠിക്കുന്ന കാര്യം. താന്ത്രിക വിധി പ്രകാരം ആവാഹനവും, പ്രാണപ്രതിഷ്ഠയും ചെയ്ത് കലശം ആടിയാല്‍ മനുഷ്യനിലും ഈ വിഗ്രഹത്തിന്‍റെ ശക്തി ഉണ്ടാവും. എന്നാല്‍, അചഞ്ചലമായ അവസ്ഥയില്‍ തുടരാന്‍ മനുഷ്യനാവില്ല എന്നതാണ് അത് സാധ്യമാവാത്തതിന്‍റെ കാരണം. എത്ര നിമിഷങ്ങള്‍, അല്ലെങ്കില്‍ മണിക്കൂറുകള്‍ മനുഷ്യന് ഒരേ ബിന്ദുവില്‍ സ്വന്തം മനസ്സിനെ കേന്ദ്രീകരിക്കുവാന്‍ കഴിയും? ശരീരം നിശ്ചലമാക്കി, പഞ്ചേന്ദ്രിയങ്ങളേയും, അന്തക്കരണങ്ങളേയും ബന്ധിച്ച് സമാധി അവസ്ഥയില്‍ തുടരാന്‍ കഴിയും? അപ്പോഴും ശാരീരികപ്രവര്‍ത്തനങ്ങളെ നിയന്തിക്കാന്‍ അവനു കഴിയില്ല. കുറേയൊക്കെ കഴിയും എന്നേ പറയാന്‍ കഴിയൂ. അങ്ങനെ കുറേയൊക്കെ സാധിച്ചിട്ടുള്ള ഋഷിവര്യന്മാരില്‍ ആ ശക്തിയും ചൈതന്യവും ഉണ്ടായിരുന്നു താനും.

    ശാപം കൊടുക്കുന്നതിലൂടെ തപഃശ്ശക്തി കുറയുന്നതിനേക്കുറിച്ച് കഥകള്‍ ധാരാളമുണ്ടല്ലോ… അതിന്‍റെ കാരണവും ഇതു തന്നെ. ശാപം നല്‍കുക എന്നാല്‍ സ്വന്തം മനസ്സില്‍ കോപം, വൈരാഗ്യം തുടങ്ങി സാത്വികഭാവത്തിനു ചാഞ്ചല്യമുണ്ടാകുന്ന അഷ്ടദോഷങ്ങളില്‍ ഒന്ന് വന്നു ചേരുന്നു. അപ്പോള്‍ തന്നില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ചൈതന്യത്തിന് ശക്തിക്ഷതം ഉണ്ടാകുന്നു. ഫിസിക്സിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ശരീരത്തില്‍ ഉള്ള ഇലക്ട്രോമാഗ്നറ്റിക് എനര്‍ജി ഡിസ്ചാര്‍ജ്ജായി പോകുന്നു.

    ഈ കാരണങ്ങള്‍ കൊണ്ടാണ് വിഗ്രഹപ്രതിഷ്ഠയ്ക്കായി ശിലയും, ശിലയില്‍ അത്യുത്തമമായ കൃഷ്ണശിലയും തിരഞ്ഞെടുക്കുന്നത്. ദാരുവിഗ്രഹങ്ങള്‍ അനുവദനീയമെങ്കിലും കാലപ്പഴക്കം തുടങ്ങിയ കാരണങ്ങളാല്‍ അതിനു വ്യത്യാസം വന്നുപെടാം. അങ്ങനെ വിഗ്രഹത്തില്‍ രാസമാറ്റങ്ങള്‍ ഉണ്ടാകാതെയിരിക്കാനാണ് ദാരുവിഗ്രഹങ്ങളില്‍ എണ്ണ അഭിഷേകം, തേക്കിന്‍ കറയില്‍ നിന്നുണ്ടാക്കുന്ന പ്രത്യേക തരം ചാന്ത് ഉപയോഗിച്ചുള്ള ചാന്താട്ടം തുടങ്ങിയവ ചെയ്ത് വിഗ്രഹത്തെ സം രക്ഷിച്ചു പോരുന്നത്.

    നിത്യവും ഗയത്രി ചൊല്ലിയും, തേവാരം നടത്തിയും ബ്രാഹ്മണര്‍ അവനവനിലെ ചൈതന്യത്തെ സം രക്ഷിച്ചു പോരുന്നതും തന്‍റെ സാന്നിധ്യവും പൂജയും മൂലം വിഗ്രഹത്തില്‍ ചൈതന്യക്ഷയം ഉണ്ടാവാതിരിക്കാനാണ്. (ഇന്ന്‌ എത്ര ബ്രാഹ്മണര്‍ അത് കൃത്യമായി ചെയ്യുന്നുണ്ട്‌ എന്നത് ഈശ്വരന് മാത്രം അറിയാം) ഇതേ കാരണം കൊണ്ടു തന്നെയാണ് താന്ത്രിക സമ്പ്രദായം തുടരുന്ന ക്ഷേത്രങ്ങളിലെ ശാന്തിമാര്‍ മറ്റുള്ളവരെ സ്പര്‍ശിക്കാതെയിരിക്കുന്നതും. ശ്രീകോവിലില്‍ മറ്റുള്ളവര്‍ സ്പര്‍ശിക്കരുതെന്നും, തൊട്ടു തൊഴരുതെന്നും തന്ത്രം അനുശാസിക്കുന്നതിന്‍റെ പിന്നിലെ യാഥാര്‍ത്ഥ്യവും.

    ഇത്തരം പോസ്റ്റുകള്‍ ജനങ്ങള്‍ക്ക് വളരെയധികം ശാസ്ത്രബോധം നല്‍കും. ദയവായി തുടരുക…

    ആശംസകള്‍

  11. November 25th, 2008 2:53 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    നന്ദി, ശ്രീ ജയകൃഷ്ണന്‍.
    തുടര്‍ന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

  12. December 24th, 2008 10:36 pm IST യ്ക്ക് ചാര്‍വാകന്‍:

    ബ്രാമ്ഹ ണിക്കല്‍ലോജിക്ക് എങ്ങ്നെപ്രയോഗിക്കാമെന്ന് ശ്രേയസ്സിനറിയാം

  13. January 21st, 2009 10:05 am IST യ്ക്ക് മാണിക്യം:

    ശ്രീ @ ശ്രേയസ് എന്താവും ഉള്ളടക്കം എന്നറിയാതെ വായിച്ചു തുടങ്ങി.
    നല്ല പോസ്റ്റ് ആണ്, ജയകൃഷ്ണന്‍ കാവാലത്തിന്റെ അഭിപ്രായം വളരെ വിജ്ഞാനപ്രദമായി ,അതേ പലതും അറിയാന്‍ കഴിഞ്ഞു .നന്ദി.

  14. March 17th, 2009 6:35 am IST യ്ക്ക് ശ്രീഹരി::Sreehari:

    ഭഗവാന്‍ എന്നതില്‍ “ഭഗം” എന്നതിന്റെ അര്‍ഥം മാത്രമേ താങ്കള്‍ പറഞ്ഞുള്ളൂ. വാന്‍ എന്നതിന്റെ അര്‍ഥം പറഞ്ഞില്ല.

    ലേഖനം പൂര്‍ണം ആയില്ല.

    ലിംഗയോനീ ആരാധനയെ വീണ്ടും ആത്മീയവല്‍ക്കരിച്ചുള്ള ഒരു വ്യാഖ്യാനം കൂടീ എന്നതില്‍ക്കവിഞ്ഞ് മറ്റൊന്നുമായും ഇല്ല.

  15. March 17th, 2009 8:08 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    ശ്രീ ശ്രീഹരി,
    അഭിപ്രായത്തിന് വളരെ നന്ദി.
    ഭഗവാന്‍ എന്ന വാക്കിന്‍റെ അര്‍ഥം കൊടുത്തിട്ടുണ്ടല്ലോ, താങ്കള്‍ വേഗത്തില്‍ സ്കാന്‍ ചെയ്തു വായിച്ചപ്പോള്‍ വിട്ടുപോയതാവും എന്ന് കരുതുന്നു.

    ഈ ലേഖനം ഒരു ആറ്റം ബോംബ് നിര്‍മ്മാണം പോലെ അത്ര വലിയ ഉദ്യമമായി ഈയുള്ളവന്‍ കണ്ടിട്ടില്ല, അതിനാല്‍ വ്യാഖ്യാനങ്ങള്‍ തന്നെയാണ്, ആധുനിക ശാസ്ത്രമല്ല. ക്ഷമിക്കൂ.

  16. March 17th, 2009 10:04 am IST യ്ക്ക് ശ്രീഹരി::Sreehari:

    ശ്രേയസ് ജീ….

    ഭഗം – ലിംഗം
    വാന്‍ – യോനി

    ഭഗവാന്‍ – ലിംഗയോനീസം‌യോജനം…

    അതാണ് അതിന്റെ കറക്ട് വേര്‍ഡ്… സംസ്കൃതം അല്ല… പ്രാകൃതം ആണ് ഭാഷ. ഭാഷ ഒന്നു സംസ്കരിച്ച് എടുക്കുന്നതിന് മുന്‍പേ ഉള്ള ഭാഷയാണ്. സംസ്കൃതനിഘണ്ടൂവില്‍ അര്‍ഥം കണ്ടേക്കണം എന്നില്ല…

    താങ്കള്‍ നല്‍കിയിട്ടുള്ള അര്‍ഥം ഇങ്ങനെ :

    ഭഗവാന്‍:
    • ഈശ്വരന്‍
    • സമ്പൂര്‍ണ്ണമായ ഐശ്വര്യം, ധൈര്യം, കീര്‍ത്തി, സമ്പത്ത്, ജ്ഞാനം, വൈരാഗ്യം എന്നിവയുള്ളവന്‍
    • ഐശ്വര്യം, ധൈര്യം, കീര്‍ത്തി, സമ്പത്ത്, ജ്ഞാനം, വൈരാഗ്യം എന്നീ ഷഡ്ഗുണങ്ങളോട് കൂടിയവന്‍

    താങ്കളുടെ പോസ്റ്റിന്റെ തുടക്കം ഇങ്ങനെയാണ്
    “ഭഗവാന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം? നമുക്കു ഒന്നു ശ്രമിച്ചു നോക്കാം.”

    ശരിക്കുള്ള അര്‍ഥം ചികയുമ്പോള്‍ പുരാണഗ്രന്ഥങ്ങളില്‍ വ്യാഖ്യാനിച്ചിട്ടുള്ള അര്‍ഥം മതിയായിരുന്നോ?

    താങ്കള്‍ പറഞ്ഞ അര്‍ഥം ശരിയാണ്. അത് പിന്നീട് വന്ന അര്‍ഥം. ഇപ്പോള്‍ നടപ്പുള്ള അര്‍ഥം . അതിനോട് യോജിപ്പേയുള്ളൂ… പക്ഷേ അര്‍ഥം ചികയുമ്പോള്‍ അത് പൂര്‍ണമാവേണം അല്ലോ. അതുകൊണ്ടാണ് താങ്കളുടേ പോസ്റ്റിന്റെ ഉദ്ദേശം പൂര്‍ണം ആയില്ല എന്നു പറഞ്ഞത്.

    ഇത്തരം ഉദ്യമങ്ങള്‍ക്ക് താങ്കളെ അഭിനന്ദിച്ചേ മതിയാകൂ. അതോടോപ്പം ഇത് പങ്കു വെയ്ക്കുന്നതിന് നന്ദിയും

  17. March 17th, 2009 11:15 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    ശ്രീ ശ്രീഹരി,

    താങ്കള്‍ പറഞ്ഞു

    “ഭഗം – ലിംഗം
    വാന്‍ – യോനി
    ഭഗവാന്‍ – ലിംഗയോനീസം‌യോജനം…
    അതാണ് അതിന്റെ കറക്ട് വേര്‍ഡ്… സംസ്കൃതം അല്ല… പ്രാകൃതം ആണ് ഭാഷ. ഭാഷ ഒന്നു സംസ്കരിച്ച് എടുക്കുന്നതിന് മുന്‍പേ ഉള്ള ഭാഷയാണ്. സംസ്കൃതനിഘണ്ടൂവില്‍ അര്‍ഥം കണ്ടേക്കണം എന്നില്ല…”

    പ്രാകൃത ഭാഷയില്‍ ഭഗം (ലിംഗം) + വാന്‍ (യോനി) എന്നാണ് എന്ന് താങ്കള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നറിയില്ല. ഈയുള്ളവന് സംസ്കൃതവും അറിയില്ല, പ്രാകൃതവും അറിയില്ല. ‘ആധുനിക’ സംസ്കൃത/മലയാള ഭാഷയില്‍ ഭഗം എന്നാല്‍ യോനിയാണ്, താങ്കള്‍ പറയുന്നതോ ‘പ്രാകൃത ഭാഷ’യില്‍ ഭഗം എന്നാല്‍ ലിംഗം ആണെന്നും. ഇത്ര കടകവിരുദ്ധമായി ഭാഷ മാറും എന്ന് ഈയുള്ളവന്‍ ചിന്തിച്ചു വ്യാഖ്യാനിച്ചില്ല. സോറി.

    “ശരിക്കുള്ള അര്‍ഥം ചികയുമ്പോള്‍ പുരാണഗ്രന്ഥങ്ങളില്‍ വ്യാഖ്യാനിച്ചിട്ടുള്ള അര്‍ഥം മതിയായിരുന്നോ?

    ഈയുള്ളവന്‍ പുരാണത്തെയല്ല ക്വോട്ട് ചെയ്തത്. ഡി സി ബുക്സ് അടുത്തകാലത്ത് ഇറക്കിയ ശബ്ദസാഗരം മലയാളം നിഘണ്ടു ആണ് അര്‍ഥം നോക്കാന്‍ ഉപയോഗിച്ചത്. 1991-ല്‍ ആദ്യമായി പുറത്തിറങ്ങി.

    കൂടുതല്‍ വിജ്ഞാനം പകര്‍ന്നു തന്നതിന് വളരെ നന്ദി.

  18. March 17th, 2009 11:27 am IST യ്ക്ക് ശ്രീഹരി::Sreehari:

    കൂടുതല്‍ ആയി ചില നിരീക്ഷണങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ട്. സമയം ഉള്ളപ്പോള്‍ സന്ദര്‍ശിക്കുമല്ലോ

  19. September 26th, 2009 6:58 pm IST യ്ക്ക് അഭിലാഷ്‌ ആര്യ:

    താങ്കളുടെ ലേഖനം എന്നെ ദുഖിപ്പിക്കുകയും, രോക്ഷകുലനക്കുകയും ചെയ്തു, കൂടാതെ, ബ്ലോഗന്റെ ലോകത്ത്‌ കടന്നു വരാന്‍ വൈകിയതില്‍ അതിനെക്കാള്‍ സങ്കടം ഉളവാക്കി. വിഗ്രഹരാധയെക്കുറിച്ചും, ലിംഗത്തെ കുറിച്ചും ഞാന്‍ തീര്‍ച്ചയായും എഴുതുന്നതാണ്. ദയവായി കാത്തിരിക്കുക.

    പ്രിയ സുഹൃത്തേ ! ഭഗം എന്ന വാക്കിന് ഭജനീയന്‍ എന്നാണ് അര്‍ത്ഥം, ഭഗവാന്‍ എന്നത് ഭജിക്കപ്പെടെണ്ടവന്‍ എന്നും. അല്ലാതെ അശീലം അല്ല.

  20. September 27th, 2009 6:49 am IST യ്ക്ക് ശ്രീ (sreyas.in):

    ശ്രീ അഭിലാഷ്‌,
    ഭഗവാന്‍ എന്നത് അശ്ലീലമാണ് എന്ന് ഈ ലേഖനത്തില്‍ പറഞ്ഞിട്ടില്ലല്ലോ.

    “ഭഗം എന്ന വാക്കിന് ഭജനീയന്‍ എന്നാണ് അര്‍ത്ഥം” – എങ്ങനെ ആ അര്‍ഥം ഉണ്ടായി എന്ന് കൂടി വിശദീകരിക്കാമോ? നിരുക്തം നോക്കിയിട്ടില്ല, മലയാളം ഡിക്ഷ്നറി അര്‍ഥം മാത്രമാണ് ഇവിടെ കൊടുത്തത്, സ്വയം ഒരു ഒരു വ്യാഖ്യാനം എഴുതി. അത്രേയുള്ളൂ. അതാണ്‌ നമ്മുടെ സംസ്കാരത്തിന്‍റെ മഹിമ എന്ന് കരുതുന്നു.

  21. May 3rd, 2010 1:47 pm IST യ്ക്ക് abhinand:

    വിഗ്രഹ ആരാധനയെ വിശദീകരിക്കാന്‍ ഇവിടെ ശ്രമിച്ചിടുണ്ട്. താല്പര്യം ഉള്ളവര്‍ വായിക്കുക്ക

    http://paritrana.blog.co.in/2010/05/01/idol-worship/

  22. May 28th, 2010 12:00 pm IST യ്ക്ക് salman:

    പ്രിയപ്പെട്ട സുഹൃത്തേ,
    വിഗ്രഹാരാധനയുടെ പിന്നിലെ രഹസ്യങ്ങളുടെ ചുരുള്‍ നിവര്തിയെടുതത്തിനു നന്ദി. അതിന്റെ ചരിത്രപരവും മനശാസ്ത്രപരവുമായ വിഷയങ്ങളിലേക്ക് കടക്കാതെ ഭാഷയുടെ കസര്‍ത്ത് കാണിച്ചു ന്യായീകരിക്കാനുള്ള ശ്രമം നല്ല തമാശയായി അനുഭവപ്പെടു. ഇത് പോലുള്ള തമാശകള്‍ അങ്ങേകിനിയും എഴുതി അനുവാചക ഹൃദയങ്ങളെ കോള്‍മയിര്‍കൊള്ളിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. ഇനി അങ്ങ് ശാസ്ത്രീയതയെ പറ്റി എഴുതണം. ആ വാക്കിന്‍റെ അര്‍ത്ഥമറിയാത്ത ഒരു പാട് ആരാധകര്‍ അങ്ങേകുണ്ടെന്നു മനസ്സിലായി, അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍. അവരെ കൈവെടിയരുത്.

  23. May 31st, 2010 9:59 am IST യ്ക്ക് ശ്രീ (sreyas.in):

    @salman:
    തമാശയായിട്ടെങ്കിലും താങ്കള്‍ക്കു ഈ ലേഖനം സന്തോഷപ്രദായകമായി എന്നതില്‍ എനിക്കും വളരെ സന്തോഷമുണ്ട്. താങ്കള്‍ ഈ വെബ്സൈറ്റിലെ മറ്റു ലേഖനങ്ങളും പ്രഭാഷണങ്ങളും ഇ-ബുക്സ്കളും കൂടി വായിച്ചാല്‍ / കേട്ടാല്‍ കൂടുതല്‍ സന്തോഷം അവയും തരും എന്നുകരുതുന്നു. ആശംസകള്‍.

    സുഹൃത്തേ, ഇവിടെ ഞാന്‍ എന്നൊരു മനുഷ്യന് ആരാധകരാരുമില്ല. അത് ഈ വെബ്സൈറ്റ് മുഴുവന്‍ ഒന്ന് പരതിയാല്‍ അത് മനസ്സിലാകും. നന്ദി.

  24. May 31st, 2010 3:14 pm IST യ്ക്ക് അഭിനന്ദ് മുരളീധരന്‍:

    @സല്‍മാന്‍

    ഇവിടെ വസ്തുതകളിലേക്ക് കടക്കാതെ വാചക കസര്‍ത്ത് കനിക്കുനത് ആരാണ്. താങ്കളുടെ comment വായിച്ചു. അതില്‍ കാര്യമാത്രപ്രസക്തമായ എന്താണ് ഉള്ളത്? മറ്റൊരു വ്യക്തിയെ കളിയാക്കുക എന്നത് അല്ലാതെ വേറെ എന്താണ് ഉള്ളത്? ഈ ലേഖകന്‍ പറഞ്ഞതിനോട് വോയോജിപ്പുന്ടെങ്കില്‍ അതിന്റെ കാര്യകാരണങ്ങള്‍ നിരത്തുനതിനു പകരം വാചക കസര്‍ത്ത് കാട്ടിയിട്ട് ആര്കെങ്കിലും വല്ല പ്രയോച്ചനവും ഉണ്ടോ? താങ്കളുടെ അഭിപ്രായം തുറന്നു എഴുതു. അതിലെ യുക്തിയെ അവതരിപ്പികൂ. എങ്കില്‍ മാത്രമേ ഈ ചര്‍ച്ച കൊണ്ട് പ്രയൊചനം ഉള്ളു. ഈ ലേഖനത്തിലെ ഏതേത് ഭാഗങ്ങലോടാണ് താങ്കള്‍ക്ക് വിയോജിപ്പ്. അതിന്റെ കാരണം എന്നിവ വ്യഖ്തമാക്കൂ. എങ്കില്‍ മാത്രമേ ഇത് കൊണ്ട് പ്രയൊചനം ഉള്ളു. അല്ലാതെ താങ്കളുടെ അഭിപ്രായത്തോട് യോജിപ്പില്ലാത്ത എല്ലാവരെയും പുച്ചികാനും പരസ്പരം വിദ്വേഷം പകരാനും ഉള്ള ഒരു വേദിയായി ദയവായി ഇതിനെ അഥപതിപ്പികാതിരികൂ.

  25. May 31st, 2010 10:31 pm IST യ്ക്ക് സ്വപ്നാടകന്‍:

    സുഹൃത്തേ..
    ഭഗം,ലിംഗം എന്നീ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം വിശദീകരിച്ചതിനു ആദ്യമായി നന്ദി.
    വിഗ്രഹാരാധനയ്ക്ക് പുറകിലെ ശാസ്ത്രീയത വളരെ ഭംഗിയായി വിശദീകരിച്ചിരിക്കുന്നു.ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണു ഞാന്‍ ആലോചിക്കുന്നത്..അതിനു പ്രത്യേകം നന്ദി.

    ഒരു സംശയം.
    ആദിയില്‍ ദിഗംബരനായി നടന്ന ശിവന്റെ ലിംഗം(അതു തന്നെ.!)കണ്ട് മഹര്‍ഷിപത്നിമര്‍ മോഹിക്കുകയും.ക്രുദ്ധരായ മഹര്‍ഷിമാര്‍ ശിവനെ,”നിന്റെ ലിംഗം (അതു തന്നെ..!) വീണുപോട്ടെ” എന്നു ശപിക്കുകയും,ലിംഗം(അതു തന്നെ..!) ഉപേക്ഷിച്ച് രക്ഷപ്പെട്ട ശിവന്‍ പിന്നീട് അത് പിന്‍വലിക്കാന്‍ തന്റെ ലിംഗത്തെ(അതേ താന്‍…!)ആരാധിക്കണമെന്നു പറഞ്ഞതായും ശിവപുരാണത്തിലും മറ്റും പറയുന്ന കഥ കള്ളമായിരിക്കുമല്ലേ..?

    ഇവിടെ കമന്റുന്ന ചിലരാണു ഈ ബ്ലോഗിന്റെ ഭഗം.

  26. June 1st, 2010 6:34 am IST യ്ക്ക് ശ്രീ (sreyas.in):

    @ശ്രീ സ്വപ്നാടകന്‍:
    വായിച്ചതിനു നന്ദി. ശാസ്ത്രീയതയല്ല വിശദീകരിക്കാന്‍ ശ്രമിച്ചത്, ശിവലിംഗത്തെയും, അതുപോലെ മറ്റു വിഗ്രഹത്തെയും വണങ്ങുമ്പോള്‍ എങ്ങനെവേണം എന്ന് എനിക്ക് തോന്നിയത് എഴുതിയെന്നേയുള്ളൂ. കൊട്ടാരക്കരയിലെ അവധൂതാശ്രമത്തിലെ സദാനന്ദസ്വാമി വിഗ്രഹാധന എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്, അതിന്റെ സംഗ്രഹം ഇവിടെ എത്തിക്കാന്‍ ശ്രമിക്കാം.

    ശിവപുരാണം വായിച്ചിട്ടില്ല. കഥകളുടെ പിറകെ പോയാല്‍ എങ്ങും എത്തില്ലല്ലോ, കാര്യം അറിയണം എന്നതാണല്ലോ പ്രധാനം. പരശുരാമന്‍ കേരളം സൃഷ്ടിച്ചുവെന്നും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു എന്നുമുള്ള ഐതീഹ്യംപോലെ പലതും നമ്മുടെ നാട്ടില്‍ പ്രചരിക്കും.

  27. June 1st, 2010 8:49 am IST യ്ക്ക് salman:

    ശ്രീ, ശ്രേയസ്
    നിങ്ങളെ വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിചെങ്കില്‍ ഖേദിക്കുന്നു. അതെന്റെ പിഴ. ഞാനെന്ന ഭാവം ഉണ്ടാക്കിയ ചില്ലറ പ്രശ്നമാകാം. ക്ഷമ ചോദിക്കുന്നു.
    പിന്നെ വിഗ്രഹാരാധന എന്ന, ആദിമ മനുഷ്യന്റെ ചരിത്രം മുതലേ നില നില്‍ക്കുന്ന ഒരാചാരത്തെ വിഗ്രഹം എന്നാ വാകിന്റെ കൂടു പിടിച്ചു ശരിയോ തെറ്റോ എന്നൊക്കെ സംസരിക്കുനതും വളരെ ബാലിശമായി തോന്നി. ഭാരത സംസ്കാരത്തില്‍ മാത്രമല്ലലോ ഈ ആചാരം നില നിന്നിട്ടുള്ളത്. അഫ്രികാന്‍, അമരെന്ത്യന്‍, ഈജിപ്ത്യന്‍, അറേബ്യന്‍, ഗ്രീക്ക്, തുടങ്ങി ഒട്ടു മിക്ക പുരാതന സംസ്കാരങ്ങളിലും സമൂഹങ്ങള്‍ വിഗ്രഹാരാധന നടത്തിയിടുണ്ട്. ഇന്ത്യയിലെ ആദിവാസി സമൂഹങ്ങള്‍ ഇത് തന്നെ ഇന്നും തുടരുന്നു. സവര്‍ണ ദൈവങ്ങള്‍ അല്ല അവരുടെ എന്ന് മാത്രം. ഈ സംസ്കാരങ്ങളിലോക്കെ വിഗ്രഹം എന്നാ വാകിന്റെ അര്‍ഥം എന്താണാവോ. ശിവ ലിംഗം മാത്രമാണോ ആരാധിക്കപെടുന്നത്. അത് എന്ത് കൊണ്ടാവാം. ചരിത്രത്തില്‍ ഇത്തരം ഒരാചാരം ഉരുത്തിരിഞ്ഞു വന്നതെങ്ങനെ. ഇത് സമൂഹത്തെ ബാധിക്കുന്നതെങ്ങനെ. ഇതൊക്കെയല്ലേ തെറ്റാണോ ശരിയാണോ എന്ന് ചോദികുമ്പോള്‍ പരിശോധിക്കേണ്ട ഘടകങ്ങള്‍. പിന്നെ എന്നെ സംബന്ധിചിടത്തോളം അതില്‍ ശരികെടെന്തു എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. അപരന്റെ സ്വാതന്ത്ര്യത്തിലും വിശ്വാസങ്ങളിലും കടന്നു കയറാത്ത എന്ത് ആചാരവും തുടരാം. പക്ഷെ അതൊക്കെ മാറ്റത്തിന് വിധേയമാണ് എന്ന് മാത്രം. അത്തരമൊരു ലേഖനം ശ്രേയസ് എഴുതുകയാണെങ്കില്‍ അതെനിക്കും ഉപകാരപ്രദമാകും എന്ന് പറഞ്ഞു കൊള്ളട്ടെ.

  28. June 1st, 2010 6:27 pm IST യ്ക്ക് ശ്രീ (sreyas.in):

    @salman:
    വിഗ്രഹാരാധനയെക്കുറിച്ച് ചരിത്രപരമായും ശാസ്ത്രീയമായും ആധികാരികമായും എഴുതുക എന്നൊരു ഉദ്ദേശ്യം ഉണ്ടായിരുന്നില്ല, അതിനു തക്ക അറിവില്ല, ആഗ്രഹവുമില്ല. ഹിന്ദുമതത്തില്‍ വിഗ്രഹാരാധന നടത്തുന്നവര്‍ക്ക്, അവരിലെ ചൈതന്യത്തെ ആ വിഗ്രഹത്തില്‍ കണ്ട് ആരാധിക്കണം എന്നൊരു സന്ദേശം കൊടുക്കാന്‍ വേണ്ടി മാത്രം എഴുതി നോക്കിയതാണ്. വിഗ്രഹത്തെ ആരാധിച്ച് ആരാധിച്ച് ഒരിക്കല്‍ തന്നിലെ ഉന്മയിലേക്ക് തിരിയണം, കണ്ടെത്തണം. സവര്‍ണ്ണദൈവം, അവര്‍ണ്ണദൈവം എന്നൊക്കെ വിഭാഗീയമായി ചിന്തിക്കാതെ, അവനവനിലെ സത്യത്തെ കണ്ടെത്താന്‍ ശ്രമിക്കുക എന്ന ആത്യന്തിക ലക്ഷ്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റിലെ ഒരു താവളം എന്ന നിലയിലാണ് ശ്രേയസ് വെബ്സൈറ്റ്‌ പ്രവര്‍ത്തിക്കുന്നത്. മറ്റു കാര്യങ്ങളില്‍ അറിവില്ല, താല്‍പ്പര്യവുമില്ല. നന്ദി.

  29. June 2nd, 2010 5:09 pm IST യ്ക്ക് salman:

    നന്ദി. ഞാന്‍ വിഭാഗീയമായി ചിന്തിക്കുന്നു, എന്ന് പറഞ്ഞതില്‍ സന്തോഷം. സവര്‍ണ്ണ യുക്തിക്കും വിസ്വസങ്ങള്‍ക്കും നിരക്കാത്ത ഒരുപാട് ആചാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഭാരതം. ആദിവാസികളും ദളിതുകളും ഉള്‍പെടുന്ന മഹാഭൂരിപക്ഷത്തിനും ഇന്നും തൊട്ടുകൂടാത്ത (കേരളത്തിന്റെ കാര്യം വിട്ടേക്കാം. പക്ഷെ എന്നാല്‍തന്നെ എന്ത് കൊണ്ടാണാവോ, പുലയനും പറയനും പൂജാരിമാരാകാത്തത്? അത് ദൈവഹിതമാണോ? ആണെങ്കില്‍ ആര്‍ക്കാണ് വിഭാഗീയത, എനിക്കോ അദ്ദേഹത്തിനോ?) ദൈവങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്നു. അത് ബ്രഹ്മനികാലും അല്ലാത്തതും തന്നെ ആണ്. അങ്ങേയ്ക്ക് താല്പര്യമില്ലെങ്കിലും ഇത്രയും പറഞ്ഞു നിര്‍ത്തുന്നു. സത്യങ്ങള്‍ കണ്ണടച്ചിരുന്നു പ്രാര്‍ത്ഥിച്ചാല്‍ വരില്ല എന്നും അന്വേഷിച്ചും പഠിച്ചും, തര്‍ക്കിച്ചും നേടേണ്ടതാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ഓരോരുത്തരെ അവരവരുടെ വിശ്വാസങ്ങള്‍ രക്ഷിക്കട്ടെ.

  30. June 2nd, 2010 6:26 pm IST യ്ക്ക് ശ്രീ (sreyas.in):

    താങ്കള്‍ വിഭാഗീയമായി ചിന്തിക്കുന്നു എന്ന് ഞാന്‍ എഴുതിയിട്ടില്ല, പക്ഷെ അങ്ങനെ താങ്കള്‍ക്കു തോന്നുവെന്ന് ഇപ്പോള്‍ എനിക്കുതോന്നുന്നു. മനുഷ്യന്‍റെ യുക്തിക്കുപോലും സവര്‍ണ്ണതയും അവര്‍ണ്ണതയും എന്ന വ്യത്യാസം കാണുന്നയാള്‍ തീര്‍ച്ചയായും അതിനെക്കുറിച്ച് ആഴത്തില്‍ മനനം ചെയ്യുന്നത് നല്ലതായിരിക്കും എന്നും എനിക്കുതോന്നുന്നു.

    ആരുടെ വിശ്വാസവും ആരെയും രക്ഷിക്കില്ല സുഹൃത്തേ, വിശ്വാസം രക്ഷിക്കും എന്നുകരുതുന്നത് പരമ വിഡ്ഢിത്തം തന്നെയാണ്. താങ്കള്‍ സത്യം എന്നുകരുതി കണ്ടെത്താന്‍ ശ്രമിക്കുന്നത് രണ്ടുകൊമ്പുള്ള മുയലിനെയാണെന്നുതോന്നുന്നു; അതല്ല എന്റെ ലക്ഷ്യം എന്നതിനാല്‍ താങ്കള്‍ ഉദ്ദേശിക്കുന്നതരത്തിലുള്ളൊരു സംവാദത്തിനു എനിക്കു താല്പര്യമില്ല. അതിനു ബൂലോകത്ത് മറ്റനേകം വേദികളുണ്ട്. അവിടെ തര്‍ക്കിച്ചു താങ്കല്‍ക്കാവശ്യമായ സത്യം കണ്ടെത്താന്‍ ആശംസകള്‍. അതിനപ്പുറത്തുള്ള സത്യം കാണാന്‍ എന്നെങ്കിലും താല്പര്യം തോന്നുന്നെങ്കില്‍ ശ്രേയസ്സിലെ മറ്റു ലേഖനങ്ങള്‍ വായിക്കുക, പ്രഭാഷണങ്ങള്‍ കേള്‍ക്കുക. നന്ദി.

  31. June 3rd, 2010 9:12 am IST യ്ക്ക് salman:

    മനുഷ്യന്റെ യുക്തി രൂപപ്പെടുത്തിയെടുക്കുന്നതില്‍ അവന്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഇന്ത്യയിലെ തൊട്ടു കൂണ്ടാതവരുടെയും തീണ്ടികൂടാതവരുടെയും യുക്തിബോധം ബ്രഹ്മനന്റെതിനു തുല്യമല്ല. സാമൂഹിക യാഥാര്ത്യങ്ങള്‍ക്ക് നേരെ കന്നടക്കുന്നതാണ് വിഡ്ഢിത്തം. എന്തായാലും 2 കൊമ്പുള്ള ഒരു മുയലിനെ കിട്ടുമോ എന്ന് നോക്കട്ടെ. കറി വച്ച് കൂട്ടാലോ. അല്ലെങ്കില്‍ വളര്‍ത്താം. അപ്പൊ ബൈ ബൈ.

  32. June 3rd, 2010 10:40 am IST യ്ക്ക് ശ്രീ (sreyas.in):

    I have always been questing after my self and hitherto found none. But I won’t give up the search since I need to overcome the boredom of my existence. I always hate the monotonous life but cannot find any difference in mine. Therefore I need to get the symphony of my life which can be composed only by my ‘self’. So I have decided to go on with the pursuit of my ‘self’? [source: blogger profile]

    സുഹൃത്തെ, മുകളില്‍ പറഞ്ഞതാണ് താങ്കള്‍ അന്വേഷിക്കുന്നതെങ്കില്‍ അത് തനിക്ക് പുറത്തുനോക്കിയാല്‍ എങ്ങനെ കണ്ടെത്തും? അതിനു വര്‍ണ്ണവും യുക്തിയും സാമൂഹികനീതിയും മറ്റും സഹായിക്കും എന്ന് കരുതുന്നുണ്ടോ? അതിനാലാണ് ഞാന്‍ സാമൂഹികചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു മാറിയത്. ലോകം ഉള്ളിടത്തോളം ഉണ്ടായിരുന്നതാണ് താങ്കള്‍ ഉന്നയിക്കുന്ന ഈ പ്രശ്നങ്ങളും. ഓരോരുത്തരായി ഓരോരോ സൊല്യൂഷന്‍സ്‌ (-ism) കൊണ്ടുവന്നു, എന്നിട്ടും ലോകത്തിനു മാറ്റമില്ല എന്ന് നാം ദിവസേന കാണുന്നു. അതിനാല്‍, നമുക്ക് പുറത്തോട്ടുനോക്കി സത്യത്തെ, Self-നെ കണ്ടെത്താന്‍ പോയിട്ട് കാര്യമുണ്ടോ എന്നാണു ഞാന്‍ ചോദിക്കാന്‍ ശ്രമിച്ചത്. നാം സാമൂഹികകാര്യങ്ങളില്‍ ഇടപെടേണ്ട എന്നല്ല, പക്ഷെ അതിലൂടെ സത്യം കണ്ടെത്താന്‍ കഴിയില്ല എന്ന് ഞാന്‍ കരുതുന്നു. അല്ലാതെ താങ്കളെ കുറ്റപ്പെടുത്തിയതല്ല.

  33. June 13th, 2010 9:59 pm IST യ്ക്ക് seetha:

    ഭഗവന്‍ എന്നാല്‍ 6 ഭാഗകള്‍ ഉള്ളവന്‍ എന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ടല്ലോ.. സമഗ്രമായ ഐശ്വര്യം, ധൈര്യം, കീര്‍ത്തി, സമ്പത്ത്, ജ്ഞാനം, വൈരാഗ്യം എന്നീ ഷഡ്ഗുണങ്ങളോട് കൂടിയവനാണു ഭഗവന്‍. ഇത് നമുക്ക് അറിയാവുന്നത് തന്നെയാണല്ലോ..

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/bhagam-lingam-shivan-myself
ഇമെയില്‍ : sree@sreyas.in