ഭഗീരഥനെന്നു പേരായി വളരെ പ്രസിദ്ധനായ ഒരു രാജാവുണ്ടായിരുന്നു. ഏറ്റവും ധര്‍മ്മനിഷ്ഠനും ഭരണനിപുണനുമായ അദ്ദേഹം ഭൂദേവിയുടെ തൊടുകുറിയെന്നപോലെ വിളങ്ങി. അര്‍ത്ഥികള്‍ എന്തുതന്നെ ചോദിച്ചാലും അദ്ദേഹം കൊടുത്തുവന്നു. വളരെ സാഹസപ്പെട്ടു സ്വര്‍ഗ്ഗംഗയെ ഭൂലോകത്തേക്കു പ്രവഹിപ്പിച്ചു. മാത്രമല്ല, പാതാളത്തില്‍ ശപ്തന്മാരായികിടന്നിരുന്ന തന്റെ പിതാന്മഹന്മാരെ ഗംഗാസേചംകൊണ്ടു സ്വര്‍ഗ്ഗസ്ഥരാക്കുക കൂടിചെയ്തു. ഇങ്ങനെ അമാനുഷങ്ങളും ദിവ്യങ്ങളുമായ പലകാര്യങ്ങളും അദ്ദേഹം ചെയ്തു. എന്നാല്‍ അതൊക്കെ തന്റെ ബുദ്ധിബലം കൊണ്ടും ആത്മവീര്യം കൊണ്ടുമാത്രമാണു് ചെയ്യാന്‍ കഴിഞ്ഞതു്. അങ്ങനെയിരിക്കെ കാലംകൊണ്ടു് അദ്ദേഹത്തിന് സംസാരം അനിത്യവും ദു:ഖരൂപവുമാണെന്നു ബോധ്യം വന്നു. അതിന്റെ ഫലമായി വൈരാഗ്യവും വളര്‍ന്നു. സംസാരത്തില്‍ നിന്നു പിന്‍വാങ്ങി തത്വവിചാരം ചെയ്യാന്‍ തുടങ്ങി. യൗവ്വനം നശിക്കുന്നതിനുമുമ്പ് ഒരാള്‍ക്കു വൈരാഗ്യവും തത്വവിചാരവുമൊക്കെയുണ്ടാകുന്നതു് മരുഭുവില്‍ പൂവള്ളി മുളയ്ക്കുകയെന്നപോലെ അസംഗതമാണു്. എങ്കിലും അതുണ്ടായി ഭഗീരഥനു്. അതിന്റെ ഫലമായി അദ്ദേഹം ഏകാന്തത്തില്‍ ചെന്നിരുന്നു ലോകകാര്യങ്ങളെകുറിച്ചു ചിന്തിക്കാന്‍ തുടങ്ങി.
രാത്രിയും പകലും ആവര്‍ത്തിച്ചാവര്‍ത്തിച്ചു വന്നുംപോയുമിരിക്കുന്നു. ചെയ്തതിനെതന്നെ വീണ്ടും വീണ്ടും ചെയ‍്തും അനുഭവിച്ചതിനെത്തന്നെ വീണ്ടും അനുഭവിച്ചും കഴിയുന്ന മനുഷ്യന്‍. വാസ്തവത്തില്‍ മൂഢന്മാരല്ലാതെ അഭിജ്ഞന്മാര്‍ അങ്ങനെ ചെയ്യാന്‍ കാരണമില്ല. ഏതൊന്നിനെ കിട്ടിയാല്‍ പിന്നെ മറ്റൊന്നിന്റെയും അപേക്ഷയില്ലാതായിത്തീരുമോ, അതാണു് കിട്ടേണ്ടതായിട്ടിരിക്കുന്നതു്. അതൊഴിച്ചു് മറ്റെന്തുതന്നെ കിട്ടിയാലും ആരും കൃതകൃത്യരാവാന്‍ പോകുന്നില്ല. അതുകൊണ്ടു് ആ വസ്തുവിനെത്തന്നെ സമ്പാദിക്കണം എന്നുനിശ്ചയിച്ചു് ഒരു ദിവസം തന്റെ ഗുരുവായ ‘ത്രിതല’നെന്ന മഹര്‍ഷിയോടിപ്രകാരം ചോദിച്ചു: ഭഗവാനെ! അവിടുന്നെല്ലാം അറിയുന്ന ആളാണല്ലോ. ജരാമരണസ്വരൂപമായ ഈ സംസാരത്തെ ഓര്‍ക്കുമ്പോള്‍ത്തന്നെ ഭയമാവുന്നു. എങ്കിലും എങ്ങനെയാണിതില്‍നിന്നു രക്ഷപ്പേണ്ടതെന്നറിയുന്നമില്ല. ഇതിനപ്പുറത്തു ശാശ്വതവും സുരക്ഷിതവുമായ ഒരുസ്ഥാനമുണ്ടെന്നറിയാന്‍ കഴിയുന്നുണ്ടു്. എന്നാല്‍ അതെന്താണെന്നോ, അതിനെ എങ്ങനെ പ്രാപിക്കാമെന്നോ അറിയുന്നമില്ല. ദയവുണ്ടായി അതിനെകുറിച്ചു അറിയേണ്ടതെല്ലാം പറഞ്ഞുതരണം.
ജിജ്ഞാസുവായ ഭഗീരഥന്റെ ജ്ഞാനതൃഷ്ണയോടുകൂടുംവണ്ണമുള്ള വാക്കുകേട്ട ത്രിതലമഹര്‍ഷി സന്തോഷത്തോടും അനുഗ്രഹത്തോടും കൂടി പറയാന്‍തുടങ്ങി: ഹേ രാജാവേ, വിജ്ഞാനസ്വരൂപമാകുന്ന ആത്മാവിനെ പൂര്‍ണ്ണമായി ദര്‍ശിക്കുമ്പോഴല്ലാതെ ആര്‍ക്കും രക്ഷയില്ല. ആത്മദര്‍ശനത്തില്‍ എല്ലാക്ലേശങ്ങളും ദു:ഖങ്ങളും എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്യും. ഗ്രന്ഥികള്‍ പൊട്ടുകയും കര്‍മ്മങ്ങള്‍ അവസാനിക്കുകയും സംശയങ്ങള്‍ തീരുകയും ചെയ്യും ആത്മദര്‍ശനത്തില്‍. അതിനാല്‍ ആത്മസാക്ഷാത്കാരത്തിനുവേണ്ടിത്തന്നെയാണു് പരിശ്രമിക്കേണ്ടതു്. ഒരിക്കലും ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്ത വിജ്ഞാനസൂര്യനാണു് ആത്മാവു്. ആത്മാവൊഴിച്ചു മറ്റെല്ലാം ഉദയാസ്തമനങ്ങളോടും ഉല്പത്തിലയങ്ങളോടും കൂടിയവയാണു്. സര്‍വ്വത്രവ്യാപനും നിത്യനും വിജ്ഞാനമാത്രസ്വരൂപനുമാണു് ആത്മാവു്. അപ്രകാരമുള്ള ആത്മാവിനെ അറിയുമ്പോള്‍ എല്ലാ ദുഃഖങ്ങളും തീരും. എന്നിങ്ങനെ ത്രിതലമഹര്‍ഷി പറഞ്ഞപ്പോള്‍ വീണ്ടും ഭഗീരഥന്‍ ചോദിച്ചു:
നിര്‍മ്മലവും നിരുപമവും സത്താമാത്രവും അവ്യയവും ചിന്മയവുമായ ആത്മാവുമാത്രം എപ്പോഴും എല്ലായിടത്തും വിളങ്ങുന്നവെന്നും ശരീരാദിദൃശ്യങ്ങള്‍ ഇല്ലാത്തവയുമാണെന്നും ബോധിച്ചിട്ടുണ്ട്. എന്നിരുന്നാലും ആ ബോധം എല്ലാസമയത്തും ഒരുപോലെ നിലനില്‍ക്കുന്നില്ല. ശരീരാദിദൃശ്യങ്ങളുടെ അനുഭവമില്ലാതാകുന്നമില്ല. അതിനെന്താണു മാര്‍ഗ്ഗം പരമഗുരോ, ഏതൊരുജ്ഞാനംകൊണ്ടു ദൃശ്യത്തിന്റെ അസല്‍ഭാവത്തെയും ആനന്ദമയവും അമൃതാത്മകവുമായ ആത്മാവിന്റെ സല്‍ഭാവത്തെയും അനുഭവിക്കാന്‍ കഴിയുമെന്നു പറഞ്ഞുതന്നാലും! രാജാവിന്റെ അവസരോചിതമായ ചോദ്യത്തെകേട്ടു വീണ്ടും മഹര്‍ഷി മറുപടിപറയാന്‍ തുടങ്ങി. വിക്ഷേപങ്ങളും വൃത്തികളും അടങ്ങി ചിത്തം എപ്പോള്‍ ഹൃദയത്തില്‍ സ്വരൂപനിഷ്ഠതയെ പ്രാപിക്കുന്നുവോ, അപ്പോള്‍ ആത്മാവിനെ അറിഞ്ഞു കേവലസ്വരൂപനാകും. പിന്നീടു ജീവസ്വരൂപമുണ്ടാവില്ല. ജീവത്വമുള്ളേടത്തോളംകാലം സംസാരാനുഭവം ഉണ്ടാവാന്‍വയ്യ. നിഷ്കൃഷ്ടമായ ജ്ഞാനംകൊണ്ടു വൃത്തികളടങ്ങി മനസ്സ് സ്വരൂപത്തിലടങ്ങും. എന്നാല്‍ അതിനുമുമ്പുതന്നെ വൈരാഗ്യംകൊണ്ടു് വിക്ഷേപങ്ങളകലണം.
വിഷയങ്ങളില്‍ സക്തിയും പുത്രദാരാദികളില്‍ മമതയുംനീങ്ങി സംസാരനിരപേക്ഷനായ ഒരാള്‍ക്കു മാത്രമേ വിക്ഷേപങ്ങളകന്നു് മനസ്സും പരിശുദ്ധമാകാന്‍ പോവുന്നുള്ളു. സംസാരത്തില്‍ എല്ലാംകൊണ്ടും നിരപേക്ഷകനാവണം. താന്‍ ബ്രഹ്മമാണെന്നഭാവം എപ്പോഴും നിലനിര്‍ത്തുകയും വേണം. ശുദ്ധവും വിജനവുമായ സ്ഥലത്തു് ഏകാകിയായി താമസിക്കണം. പ്രാകൃതന്മാരുടെയും നാസ്തികന്മാരുടെയും സംഘത്തില്‍ പോവുകയോ അവരുടെ സംസാരം ശ്രദ്ധിക്കുകയോ ചെയ്യരുതു്. അങ്ങനെയൊക്കെ കഴിയുന്ന ഒരാള്‍ക്കു് കാലം കൊണ്ടു മനസ്സു ശുദ്ധമാവാതെ – വിക്ഷേപങ്ങളും വൃത്തികളുമകലാതെ – ആത്മസാക്ഷാത്കാരമുണ്ടാവുകയെന്നതു് സര്‍വ്വഥാ സാധ്യമല്ല. അഹങ്കാരമാണു് സംസാരധര്‍മ്മങ്ങളെയൊക്കെ നിലനിര്‍ത്തികൊണ്ടിരിക്കുന്ന ഭയങ്കര ശത്രു. അഹങ്കാരത്തെ അകറ്റാന്‍ കഴിഞ്ഞാല്‍ മറ്റെല്ലാം വളരെ സുഗമമായി. എന്നിങ്ങനെ ഗുരുനായകന്‍ പറഞ്ഞപ്പോള്‍ വീണ്ടും മഹാരാജാവു് ചോദിക്കുകയാണു്. പര്‍വ്വതത്തില്‍ വൃക്ഷമെന്നപോലെയാണു് ശരീരത്തില്‍ അഹങ്കാരം വേരൂന്നി നില്‍ക്കുന്നതു്. വൃക്ഷത്തെ പറിച്ചുമാറ്റാന്‍ കഴിഞ്ഞാലും അഹങ്കാരത്തെ അകറ്റാന്‍ വയ്യെന്നുപറയണം. അത്രമാത്രം ശക്തിയോടുകൂടിയാണു് അഹങ്കാരം വേരൂന്നി നില്‍ക്കുന്നതു്. അതിനെ അകറ്റാന്‍ മറ്റെന്താണു് മാര്‍ഗ്ഗം?
എന്നിങ്ങനെയുള്ള രാജാവിന്റെ ചോദ്യത്തെകേട്ട മഹര്‍ഷി വീണ്ടും പറയാന്‍ തുടങ്ങി: രാജാവേ, അഹങ്കാരത്തിന്റെ ഏറ്റവും വലിയ ഒരംശം ഭോഗവാസനകൊണ്ടാണു് നിലനില്‍ക്കുന്നതു്. പുരുഷപ്രയത്നം കൊണ്ടു് ഭോഗവാസനയെ നശിപ്പിക്കാന്‍ കഴിയും. ഭോഗവാസന കേവലം നശിച്ചു കഴിഞ്ഞാല്‍ അഹങ്കാരത്തിന്റെ ഒരംശം നശിച്ചുവെന്നു തന്നെ കരുതാം. ബാക്കിയുള്ള ഒരംശം നിലനില്ക്കുന്നതു ലജ്ജയിലാണെന്നു പറഞ്ഞാല്‍ തെറ്റില്ല. അഭിമാനക്ഷയത്തിലുള്ള ലജ്ജ രാജാവേ, അഹങ്കാരത്തെ വല്ലാതെ ബാധിക്കുന്നു. അഭിമാനമെന്ന ഒന്നില്ലാതായാല്‍ അതും നശിക്കുമെന്നു കരുതണം. പക്ഷേ അഭിമാനമില്ലാതാവണമെങ്കില്‍ എന്റേതെന്നു പറയാവുന്ന ഒന്നുമില്ലാതാവണം. എന്തെങ്കിലും ചിലതു് എന്റേതായിട്ടുള്ളേടത്തോളം കാലം അവയില്‍ പറ്റിപ്പിടിച്ചുനില്ക്കും അഭിമാനം. അതിനാല്‍ രാജ്യവും സ്വത്തും മുഴുവന്‍ ശത്രുക്കള്‍ക്കു ദാനം ചെയ്തു കേവലം നിസ്വനായി ശത്രുക്കളോടു ഭിക്ഷയും വാങ്ങി കഴിച്ചുകൊണ്ടു തന്റെ ശരീരത്തില്‍പ്പോലും അഭിമാനമില്ലാത്തവനായി കുറച്ചുകാലം ഇന്നദിക്കിലെന്നില്ലാതെ ചുറ്റിത്തിരിഞ്ഞു നടക്കുമ്പോള്‍ കാലം കൊണ്ടഭിമാനവും അതോടൊപ്പം അഹങ്കാരവും നശിക്കും.
എന്നിങ്ങനെ ഗുരുനാഥന്‍ പറഞ്ഞതിനെ കേട്ട ഭഗീരഥമഹാരാജാവു് ചിലകര്‍ത്തവ്യങ്ങളെ മനസ്സില്‍ക്കരുതി പിന്നീടൊന്നും മിണ്ടിയില്ല. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ രാജാവു് ഒരു അഗ്നിഷ്ടോമയജ്ഞം ചെയ്യാന്‍ തീര്‍ച്ചപ്പെടുത്തി അതിനുവേണ്ടുന്ന സംഭാരങ്ങളൊക്കെയൊരുക്കി നിശ്ചിതദിവസങ്ങളെക്കൊണ്ടു യാഗം ഭംഗിയായി നടത്തി. ക്രിയാവസരത്തില്‍ അവിടെ കൂടിയിരുന്ന പുരോഹിതര്‍ക്കും, ബ്രാഹ്മണര്‍ക്കും, സാധുക്കള്‍ക്കും, ബന്ധുക്കള്‍ക്കുമായി തന്റെ സമ്പത്തുമുഴുവന്‍ ദാനം ചെയ്തു. താന്‍ ഉടുത്ത ഒരു വസ്ത്രമൊഴിച്ചു മറ്റെല്ലാംതന്നെ ദാനം ചെയ്തു. അതിനെക്കണ്ട ബന്ധുജനങ്ങളും പ്രജകളും വല്ലാതെ പരിതപിച്ചു. എങ്കിലും രാജാവതുകൊണ്ടൊന്നും പരിഭ്രമിക്കാതെ അവസാനമായി തന്റെ ഒരു ശത്രുരാജാവിനെ വിളിച്ചുവരുത്തി രാജ്യത്തെയും ദാനംചെയ്തു. അനന്തരം തന്നെ അറിയാത്ത രാജ്യങ്ങളില്‍ക്കൂടി ചുറ്റി സഞ്ചരിക്കാന്‍ തുടങ്ങി. വല്ല ഗൃഹങ്ങളിലും പോയി ഭിക്ഷ യാചിച്ചുവാങ്ങി അതുകൊണ്ടാഹാരവും കഴിച്ചുകൊണ്ടു ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കേ ഒരു ദിവസം തന്റെ ശത്രുവായിരുന്ന രാജാവിന്റെ ഗൃഹത്തിലും ഭിക്ഷയ്ക്കായി ചെന്നു. ശത്രുമിത്രോദാസീനഭാവങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് അതുകൊണ്ടും ഭാവഭേദമൊന്നുമുണ്ടായില്ല. അങ്ങനെ കുറച്ചുകാലം ചുറ്റിസഞ്ചരിച്ചു കഴിഞ്ഞപ്പോഴേയ്ക്കു് അദ്ദേഹത്തിന്റെ ആഗ്രഹവും അഭിമാനവും അഹങ്കാരവുമെല്ലാം കേവലം നശിച്ചു. അതുകാരണത്താല്‍ സാമ്യഭാവവും ശമവും വേണ്ടത്ര പ്രകാശിച്ചു. മനസ്സുവിശ്രാന്തിയെ പ്രാപിക്കുകയും ചെയ്തു.
അങ്ങനെയിരിക്കേ വീണ്ടും ഒരു ദിവസം ശത്രുരാജാവിന്റെ ഗൃഹത്തില്‍ ഭിക്ഷയ്ക്കുപോവാനിടയായി. മഹാരാജാവും മന്ത്രിമുഖ്യന്മാരുമൊക്കെ ഇരിക്കുന്ന സ്ഥലത്തു ചെന്നു ഭിക്ഷതരണമെന്നാവശ്യപ്പെട്ടു. അവര്‍ രാജാവിനെ തിരിച്ചറിഞ്ഞു. ഇതു നമ്മുടെ ഭഗീരഥരാജാവുതന്നെ എന്നവര്‍ക്കെല്ലാവര്‍ക്കും പൂര്‍ണ്ണബോദ്ധ്യം വന്നു. അദ്ദേഹത്തിന്റെ സ്ഥിതിവിശേഷത്തെക്കണ്ടു് എല്ലാവരും സങ്കടപ്പെട്ടുവെങ്കിലും ഭഗീരഥനു വിശേഷിച്ചു ഭാവഭേദമൊന്നുമുണ്ടായില്ല. അവരദ്ദേഹത്തെ വളരെ ഭംഗിയായി സല്ക്കരിച്ചു. അവസാനം രാജ്യം തിരിച്ചെടുക്കണമെന്നപേക്ഷിച്ചു. ഭക്ഷണമൊഴിച്ചു മറ്റൊന്നും തന്നെ താന്‍ വാങ്ങില്ലെന്നും തനിക്കാവശ്യമില്ലെന്നും പറഞ്ഞു ഭഗീരഥന്‍. അങ്ങനെ കുറച്ചുദിവസം അവിടെ താമസിച്ചശേഷം അവിടംവിട്ടു മറ്റൊരു സ്ഥലത്തേയ്ക്കുപോയി.
എല്ലാസ്ഥലത്തും അറിയപ്പെട്ട ഭഗീരഥനെന്ന കാരണത്താല്‍ എവിടെ ചെല്ലുമ്പോഴും ആളുകളദ്ദേഹത്തെക്കണ്ടു വ്യസനിക്കാനും കഷ്ടമെന്നു പറയാനും തുടങ്ങി. പക്ഷേ അതുകൊണ്ടൊന്നും അദ്ദേഹത്തിനു യാതൊരു ഭാവഭേദവുമുണ്ടായില്ല. ആത്മാരാമനും സ്വതസ്തൃപ്തനുമായ അദ്ദേഹത്തിനു ഒന്നുകൊണ്ടും യാതൊരു ക്ലേശവുമുണ്ടായില്ല, പിന്നെയും പലേടത്തും ചുറ്റിസഞ്ചരിച്ചു നടന്നുകൊണ്ടിരിക്കെ ഒരിക്കല്‍ ഒരിടത്തുവച്ചു തന്റെ ഗുരുനാഥനായ ത്രിതലമഹര്‍ഷിയെ കണ്ടെത്തി. സ്വാഗതോക്തികളെകൊണ്ടദ്ദേഹത്തെ മാനിച്ചശേഷം തന്റെ അനുഭവവിശേഷങ്ങളൊക്കെ രാജാവു് ആചാര്യനെ അറിയിച്ചു. ശിഷ്യന്റെ അനുഭൂതിവിശഷത്തില്‍ അത്യന്തം സന്തുഷ്ടനായിത്തീര്‍ന്ന അദ്ദേഹം പിന്നെ കുറച്ചുകാലം രാജാവോടുകൂടെത്തന്നെ ചുറ്റി സഞ്ചരിച്ചു. സാമ്യഭാവത്തിലും ആത്മാരാമതയിലും തുല്യംവന്ന ആ ഗുരുശിഷ്യന്മാര്‍ രണ്ടുപേരും കൂടി പിന്നെ പല കാടുകളിലും പര്‍വ്വതങ്ങളിലും നദീതീരങ്ങളിലും നാടുകളിലും ചുറ്റിസഞ്ചരിച്ചു. വാസ്തവത്തില്‍ അവര്‍ രണ്ടുപേര്‍ക്കും ശരീരം കൊണ്ടാവശ്യവുമില്ലെന്നുതോന്നി, അത്രമാത്രം അവരുടെ ജീവിതാവശ്യം നിറവേറിക്കഴിഞ്ഞു. ദിവ്യന്മാരായ സിദ്ധന്മാര്‍ ധനം തുടങ്ങിയ പലവസ്തുക്കളും അവര്‍ക്കു കാഴ്ചവെച്ചു. മലിനവസ്തുക്കളെയെന്നപോലെ അവരവയെ തൊട്ടുനോക്കുകപോലും ചെയ്തില്ലെന്നു മാത്രമല്ല, പുല്ലുപോലെ അവയെ ഉപേക്ഷിക്കുകയും ചെയ്തു.
പിന്നെയും അവര്‍ രണ്ടുപേരും കൂടി പലസ്ഥലങ്ങളും ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കെ രാജാവില്ലാതായിത്തീര്‍ന്ന ഒരു രാജ്യത്തെത്തിപ്പെട്ടു. അവിടുത്തെ രാജാവു് മരിച്ചുപോയി; പുത്രനുണ്ടായിട്ടുമില്ല; അതിനാല്‍ രാജ്യം ഭരിക്കാന്‍ തക്കനിലയില്‍ ആരുമില്ലാതെ അവിടെ അരാജകത്വം ബാധിച്ചിരിക്കയാണു്. ത്രിതലമഹര്‍ഷിയോടുകൂടി ഭിക്ഷക്കു നടക്കുന്നതു് ഭഗീരഥരാജാവാണെന്നറിഞ്ഞ അവിടുത്തെ പ്രജകള്‍ അദ്ദേഹത്തോടു തങ്ങളുടെ രാജാവായിരുന്നു രാജ്യംഭരിക്കണമെന്ന് അപേക്ഷിച്ചു. അവര്‍ക്കു് അതൊരാവശ്യമാണെന്നറിഞ്ഞ രാജാവു് അവരുടെ അപേക്ഷയെ സ്വീകരിച്ചു. അദ്ദേഹത്തെ പട്ടാഭിഷേകം ചെയ്തു് അവിടുത്തെ രാജാവാക്കി വാഴിക്കുകയും ചെയ്തു. തങ്ങളുടെ ഭഗീരഥമഹാരാജാവു് അവിടെ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നുവെന്നറിഞ്ഞ മുന്‍രാജ്യത്തിലെ പ്രജകള്‍ എല്ലാവരും കൂടി അവിടെച്ചെന്നു രാജാവിനോടു് തങ്ങളെക്കൂടി ഭരിക്കണമെന്നഅപേക്ഷയുമായി. പണ്ടു് അങ്ങു് രാജ്യമേല്പിച്ചുകൊടുത്ത രാജാവു് മരിച്ചുപോയെന്നും ഇപ്പോള്‍ രാജ്യം അരാജകമായിട്ടിരിക്കയാണെന്നും അതിനാല്‍ ഞങ്ങളെക്കൂടി അങ്ങുതന്നെ ഭരിക്കണമെന്ന പ്രജകളുടെ അപേക്ഷയും സ്വീകരിക്കയാല്‍ വീണ്ടും ആ രാജ്യത്തിലേയും രാജാവായി. പിന്നീടു കാലംകൊണ്ടു ഭൂമിയുടെ മുഴുവന്‍തന്നെ ഏകച്ഛത്രാധിപതിയായിത്തീര്‍ന്നു ഭഗീരഥന്‍. എങ്കിലും ഒന്നിനോടും ബന്ധപ്പെടാതെ ആത്മാരാമനും കൃതകൃത്യനുമായിത്തന്നെ കഴിഞ്ഞുവന്ന അദ്ദേഹത്തിന്റെ യശസ്സു്, ഹേ രാമാ, ഇന്നും ഈ ലോകത്തില്‍ നിലനിന്നുകൊണ്ടിരിക്കുന്നു.
പ്രപഞ്ചത്തെ ഒട്ടാകെ ത്യജിച്ച മനസ്സിനെ അടക്കാന്‍ കഴിഞ്ഞാല്‍ ഹേ രാമചന്ദ്രാ! ശിഖിദ്ധ്വജരാജാവിനെപ്പോലെ നിനക്കും സുഖിയും ചരിതാര്‍ത്ഥനുമാവാമെന്നിങ്ങനെ പിന്നെയും വസിഷ്ഠമഹര്‍ഷി പറഞ്ഞപ്പോള്‍ ഏതാണീ ശിഖിദ്ധ്വജനെന്നു ചോദിച്ച രാമചന്ദ്രനോടു ശിഖിദ്ധ്വജോപാഖ്യാനമാകുന്ന ഇതിഹസത്തെ പറയാന്‍ തുടങ്ങി വസിഷ്ഠമഹര്‍ഷി.
സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.