ഡൗണ്‍ലോഡ്‌ MP3

തവ വിലോകനാദ് ഗോപികാജനാഃ
പ്രമദസംകുലാഃ പങ്കജേക്ഷണ!
അമൃതധാരയാഃ സംപ്ലുതാ ഇവ
സ്തിമിതത‍ാം ദധുഃ ത്വത്പുരോഗതാഃ || 1 ||

ഹേ കമലാക്ഷ ! ആ ഗോപസ്ത്രീകള്‍ അങ്ങയെ ദര്‍ശിച്ചതുകൊണ്ട് ആനന്ദപരവശരായി അമൃതധാരയാലഭിഷേകം ചെയ്യപ്പെട്ടവരെന്നതുപോലെ നിന്തിരുവടിയുടെ മുമ്പില്‍ സ്തബ്ധരായ് നിന്നുപോയി.

തദനു കാചന ത്വത്‍കര‍ാംബുജം
സപദി ഗൃഹ്ണതി നിര്‍വ്വിശങ്കിതം
ഘനപയോധരേ സന്നിധായ സാ
പുളകസംവൃതാ തസ്ഥുഷി ചിരം || 2 ||

അനന്തരം ഒരു ഗോപസുന്ദരി നിന്തിരുവടിയുടെ കരകമലത്തെ പെട്ടെന്നു കടന്നു പിടിച്ച് അല്പംപോലും സംശയിക്കാതെ ഇടതൂര്‍ന്നു തിങ്ങിനിന്നിരുന്ന കുചകൂംഭങ്ങളി‍ല്‍ ചേര്‍ത്തമര്‍ത്തിവെച്ച്കൊണ്ട് അവ‍ള്‍ രോമാഞ്ചമണിഞ്ഞുകൊണ്ട് വളരെ നേരം നിന്ന നിലയില്‍തന്നെ നിന്നുപോയി.

തവ വിഭോ! പരാ കോമളം ഭുജം
നിജഗളാന്തരേ പര്യവേഷ്ടയത്
ഗളസമുദ്ഗതം പ്രാണമാരുതം
പ്രതിനിരുന്ധതിവാതി ഹര്‍ഷുലാ || 3 ||

ഹേ ഭഗവന്‍! വേറൊരുത്തി വര്‍ദ്ധിച്ച സന്തോഷത്തോടുകൂടിയവളായി നിന്തിരുവടിയുടെ മനോഹരമായ കൈയിനെ കണ്ഠദേശത്തില്‍നിന്നും ഉയര്‍ന്നുപോരുന്ന പ്രാണ വായുവിനെ തടുത്തുനിര്‍ത്തുന്നതിന്നോ എന്നു തോന്നുമാറ് തന്റെ കഴുത്തി‍ല്‍ ചേര്‍ത്ത് ചുറ്റിപ്പിടിച്ചു.

അപഗതത്രപാ കാഽപി കാമിനീ
തവ മുഖ‍ാംബുജാത് പൂഗചര്‍ച്ചിതം
പ്രതിഗൃഹയ്യ തദ് വക്ത്രപങ്കജേ
നിദധതി ഗതാ പൂര്‍ണ്ണകാമത‍ാം. || 4 ||

വേരൊരു തരുണീമണി അല്പംപോലും സങ്കോചംകൂടാതെ നിന്തിരുവടിയുടെ മുഖകമലത്തില്‍നിന്നും ത‍ാംബൂലചര്‍വണത്തെ നിര്‍ബന്ധിച്ചുവാങ്ങി അതിനെ തന്റെ വായ്ക്കകത്ത് നിക്ഷേപിച്ചുകൊണ്ട് നിര്‍വൃതികൊണ്ടു.

വികരുണോ വനേ സംവിഹായ മ‍ാം
അപഗതോഽസി കാ ത്വാമിഹ സ്പൃശേത് ?
ഇതി സരോഷയാ താവദേകയാ
സജലലോചനം വീക്ഷിതോ ഭവാന്‍ || 5 ||

നിര്‍ദയനായി എന്നെ കാട്ടില്‍ വിട്ടിട്ട് കടന്നുപോയില്ലെ? ഇനിയരാണ് അങ്ങയെ തൊടുന്നത് ? എന്നിങ്ങിനെ പറഞ്ഞുകൊണ്ട് അത്രയധികം കോപത്തോടുകൂടിയവളായ ഒരുത്തിയാല്‍ കണ്ണീര്‍ നിറഞ്ഞ കണ്ണുകളോടെ നിന്തിരുവടി വീക്ഷിക്കപ്പെട്ടു.

ഇതി മുദാഽഽകുലൈഃ വല്ലവീജനൈഃ
സമമുപാഗതോ യാമുനേ തടേ
മൃദുകുച‍ാംബരൈഃ കല്പിതാസനേ
ഘുസൃണഭാസുരേ പര്യശോഭഥാഃ || 6 ||

ഇപ്രകാരം ആനന്ദപരവശരായ ഗോപസ്ത്രീകളോടുകൂടി യമുനാനദീതീരത്തില്‍ സമ്മേളിച്ച നിന്തിരുവടി കുങ്കുമംകൊണ്ടു ശോഹിക്കുന്ന മൃദുവായ കചപടങ്ങളാല്‍ തയ്യാറാക്കപ്പെട്ട ഇരിപ്പിടത്തില്‍ ഏറ്റവും പ്രശോഭിച്ചു.

കതിവിധാ കൃപാ കേഽപി സര്‍വ്വതോ
ധൃതദയോദയാഃ, കേചിദാശ്രിതേ,
കതിചിദീദൃശ മാദൃശേഷ്വപീതി
അഭിഹിതോ ഭവാന്‍ വല്ലവീജനൈഃ || 7 ||

കാരുണ്യം എന്നതു എത്ര വിധത്തിലാണ്? ചില ആളുകള്‍ എല്ലാവരിലും മറ്റുചില‍ര്‍ ആശ്രയിക്കുന്നവരിലും ദയയുള്ളവരായിരിക്കുന്നു; എന്നാല്‍ വെറേ ചില‍ര്‍ ഞങ്ങളെപോലെ സര്‍വാത്മനാ ആശ്രയിക്കുന്നവരില്‍കൂടി നിന്തിരുവടിയെപോലെ നിര്‍ദയന്മാരായിരിക്കുന്നു; എന്നിങ്ങിനെ നിന്തിരുവടി ഗോപസുന്ദരിമാരാല്‍ പരിഭവമായുണര്‍ത്തിക്കപ്പെട്ടു.

അയി കുമാരികാ ! നൈവ ശങ്ക്യത‍ാം
കഠിനതാ മയി പ്രേമകാതരേ
മയി തു ചേതസോ വോഽനുവൃത്തയേ
കൃതമിദം മയാ ഇത്യുചിവാന്‍ ഭവാന്‍ || 8 ||

അല്ലേ യുവതികളേ! പ്രണയപരവശനായ എന്നില്‍ ഹൃദയകാഠിന്യം ഒരിക്കലും സംശയിക്കപ്പെടേണ്ട. എന്നില്‍ നിങ്ങളുടെ മനസ്സു വിട്ടകന്നുപോകാതെ സുസ്ഥിരമായിരിക്കുന്നതിന്നുവേണ്ടിത്തന്നെയാണ് ഇപ്രകാരം എന്നാല്‍ ചെയ്യപ്പെട്ടത് എന്നിങ്ങിനെ നിന്തിരുവടി സമാധാനിപ്പിച്ചു.

അയി ! നിശമ്യത‍ാം ജീവവല്ലഭാഃ,
പ്രിയതമോ ജനോ നേദൃശോ മമ
തദിഹ രമ്യത‍ാം രമ്യയാമിനീഷു
അനുപരോധമിത്യാലപോ വിഭോ ! || 9 ||

പ്രാണപ്രിയമാരേ ! കേട്ടുകോള്‍വി‍ന്‍ ! എനിക്ക് ഇതുപോലെയുള്ള പ്രേമസര്‍വ്വസ്വങ്ങ‍ള്‍ ഇല്ലവേയില്ല. അതിനാല്‍ ഈ മനോഹരമായ യമുനാതീരങ്ങളി‍ല്‍ ചന്ദ്രികാ സുന്ദരമായ രാത്രികളില്‍ നിര്‍ബാധം രമിച്ചുകൊള്‍വി‍ന്‍ ! എന്നിങ്ങിനെ, ഭഗവാനേ ! നിന്തിരുവടി അരുളിചെയ്തു.

ഇതി ഗിരാഽധികം മോദമേദുരൈഃ
വ്രജവധുജനൈഃ സാകമാരമന്‍
കലിതകൗതുകോ രാസഖേലനേ
ഗുരുപുരീപതേ ! പാഹി മ‍ാം ഗദാത് || 10 ||

ഇപ്രകാരമുള്ള വാക്കുകൊണ്ട് ഏറ്റവുംമധികം സന്തുഷ്ടരായ ഗോപതരുണിമാരോടുകൂടി രമിക്കുന്നവനായി രാസക്രീഡയില്‍ ഉത്സാഹം കൈക്കൊണ്ട നിന്തിരുവടി മരുത്പുരാധീശ്വര ! എന്നെ രോഗത്തില്‍നിന്നു രക്ഷിക്കേണമേ !

ആനന്ദപാരവശ്യവും പ്രണയകോപവര്‍ണ്ണനവും എന്ന അറുപത്തെട്ട‍ാം ദശകം സമാപ്തം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.