ഡൗണ്‍ലോഡ്‌ MP3

സത്രാജിതസ്ത്വമഥ ലുബ്ധവദര്‍കലബ്ധം
ദിവ്യം സ്യമന്തകമണിം ഭഗവന്നയാചീഃ
തത്കാരണം ബഹുവിധം മമ ഭാതി നൂനം
തസ്യാത്മജം ത്വയി രത‍ാം ഛലതോ വിവോഢൂം || 1 ||

ഭഗവാനേ ! അനന്തരം സാത്രജിത്ത് എന്നവന്നു സൂര്‍യ്യദേവനില്‍നിന്നു ലഭിച്ച ദിവ്യകായ സ്യകന്തകം എന്ന രത്നത്തെ അന്യന്റെ സ്വത്തിനെ ആഗ്രഹിക്കുന്നവനെന്നതുപോലെ നിന്തിരുവടി യാചിച്ചു. അതിന്നു കാരണം പലവിധത്തിലും എനിക്കുതോന്നുന്നുണ്ട്. അങ്ങയി‍ല്‍ അനുരാഗത്തോടുകൂടിയ അദ്ദേഹത്തിന്റെ മകളായ സത്യഭാമയെ എന്തെങ്കിലും ഒരു വ്യാജത്താല്‍ വിവാഹം ചെയ്യുന്നതിന്നുതന്നെയാണെന്നു തീര്‍ച്ചതന്നെ. വൃത്തം. വസന്തതിലകം.

അദത്തം തം തുഭ്യംമണിവര മനോനാല്പമനസാ
പ്രസേനസ്തദ് ഭ്രാതാ ഗളഭുവി വഹന്‍ പ്രാപമൃഗയ‍ാം
അഹന്നേനം സിംഹോ മണിമഹസി മ‍ാംസഭ്രമവശാത്
കപീന്ദ്രസ്തം ഹത്വാ മണിമപി ച ബാലായ ദദിവാന്‍ || 2 ||

അല്പബുദ്ധിയായ ഈ സത്രാജിത്തിനാല്‍ നിന്തിരുവടിക്കു നല്‍കപ്പെടാത്തതായ ആ ദിവ്യരത്നത്തെ അവന്റെ അനുജനായ പ്രസേനന്‍ കഴുത്തി‍ല്‍ അണിഞ്ഞുകൊണ്ട് നായാട്ടിന്നുപോയി. ഒരു സിംഹം ആ രന്തത്തിന്റെ രക്തവര്‍ണ്ണത്തിലുള്ള തേജസ്സി‍ല്‍ മാസമാണെന്ന ഭ്രമംകൊണ്ട് അവനെ കൊന്നു; അനന്തരം കപിശ്രേഷ്ഠനായ ജ‍ാംബവാന്‍ അതിനേയും നിഗ്രഹിച്ച് ആ മണിയെ തന്റെ കുട്ടിക്കു കളിക്കുവാ‍ന്‍ കൊടുക്കുയയും ചെയ്തു.

ശശംസുഃ സത്രാജിദ് ഗിരമനു ജനാസ്ത്വ‍ാം മണിഹരം
ജനാന‍ാം പീയൂഷം ഭവതി ഗുണിന‍ാം ദോഷകണികാ
തതസ്സര്‍വജ്ഞോഽപി സ്വജനസഹിതോ മാര്‍ഗ്ഗണപരഃ
പ്രസേനം തം ദൃഷ്ട്വാ ഹരിമപി ഗതേഽഭുഃ കപിഗുഹ‍ാം. || 3 ||

സത്രാജിത്തിന്റെ വാക്കനുസരിച്ച് ആളുകള്‍ നിന്തിരുവടിയെ മണി മോഷ്ടിച്ചവനെന്നു പറഞ്ഞുപരത്തി. ഗുണവാന്മാരുടെ ദോഷലേശംകൂടി സാധാരണ ജനങ്ങള്‍ക്കു മൃതമായി ഭവിക്കുന്നു; അതുകൊണ്ട് എല്ല‍ാം അറിയുന്നവനാണെങ്കിലും നിന്തിരൂവടി തന്റെ അനുചാരന്മാരോടുകൂടി രന്തത്തെ അന്വേഷിക്കുന്നതിന്നു പുറപ്പെട്ട് ആ പ്രസേനനേയും സിംഹത്തേയും കണ്ടുപിടിച്ച് ജ‍ാംബവാന്റെ ഗുഹയില്‍ കടന്നുചെന്നു.
വൃത്തം. 2,3, ശിഖരിണി.

ഭവന്ത മവിതര്‍കയന്നതിവയാഃ സ്വയം ജ‍ാംബവാന്‍
മുകുന്ദ ശരണം ഹി മ‍ാം ക ഇഹ രോദ്ധ്യു മിത്യാലപന്‍
വിഭോ രഘുപതേ ഹരേ ജയ ജയേത്യലം മുഷ്ടിഭിഃ
ചിതം തവ സമര്‍ചനം വ്യധിത ഭക്ത ചൂഡാമണിഃ || 4 ||

അതിവൃദ്ധനും ഭക്തശിഖാമണിയും ആയ കപിശ്രേഷ്ഠനായ ജ‍ാംബവാന്‍ തന്നെത്താന്‍ നിന്തിരുവടിയെ ആരാണെന്നു അറിയാതെ വിഷ്ണുഭക്തനായിരിക്കുന്ന എന്നെ എതിര്‍ക്കുന്നതിന്നു ഇവിടെ ആരാണ് വന്നിരിക്കുന്നത് ? എന്നിങ്ങിനെ അട്ടഹസിച്ച് ഹേ പ്രഭോ! ശ്രീരാഘവ! സ്വാമിന്‍! ജയിച്ചാലും! ജയിച്ചാലും! എന്നു പറഞ്ഞുകൊണ്ടു മുഷ്ടിപ്രഹരങ്ങളാല്‍ വളരെ ദിവസങ്ങളോളം നിന്തിരുവടിയുടെ ആരാധനയെ മതിയവോളം – തന്റെ ശക്തിയനുസരിച്ച് നിര്‍വ്വഹിച്ചു. വൃത്തം. പൃത്ഥ്വി.

ബുദ്ധ്വാഽഥ തേന ദത്ത‍ാം
നവരമണീം വരമണിം ച പരിഗൃഹ്ണന്‍
അനുഗൃഹ്ണന്നമു മാഗാഃ
സപദി ച സത്രാജിതേ മണിം പ്രാദാഃ || 5 ||

അനന്തരം വാസ്തവം മനസ്സിലാക്കി ആ ഭക്തശ്രേഷ്ഠനാല്‍ കാഴ്ചവെയ്ക്കപ്പെട്ട നവയൗവനവതിയായ ജ‍ാംബവതിയെന്ന കന്യകാരത്നത്തേയും സ്യമന്തകരത്നത്തേയും സ്വീകരിച്ച് ഇവനെ അനുഗ്രഹിച്ചിട്ട് നിന്തിരുവടി തിരികെ എഴുന്നെള്ളി; ഉടനെതന്നെ സ്യമന്തകമണിയെ സത്രാജിത്തിന്നായ്ക്കൊണ്ട് കൊടുക്കുകയും ചെയ്തു.

തദനു സ ഖലു വ്രീളാലോലോ വിലോല വിലോചനം
ദുഹിതരമഹോ ധീമാന്‍ ഭാമ‍ാം ഗിരൈവ പരാര്‍പിത‍ാം
അദിതമണിനാ തുഭ്യം ലഭ്യം സമേത്യ ഭവാനപി
പ്രമുദിത മനാസ്തസ്യൈവാദാത് മണിം ഗഹനാശയഃ || 6 ||

അതിന്നുശേഷം ആ സത്രാജിത്താകട്ടെ നിന്തിരുവടിയെ അകാരണമായിട്ടാണ് കുറ്റപ്പെടുത്തിയതെന്നു മനസ്സിലാക്കി ലജ്ജകൊണ്ട് അസ്വസ്ഥനായി അതിന്നു പരിഹാരമായി എന്തുചെയ്യേണമെന്നു ആലോചിച്ചുറച്ച് വാക്കുകൊണ്ടുമാത്രം (സുധന്വാവ് എന്ന) വേറൊരുവന്നു’ കൊടുക്കപ്പെട്ടവളായ ചഞ്ചലാക്ഷിയായ തന്റെ പുത്രി സത്യഭാമയെ നിന്തിരുവടിക്കു സ്യമന്തകരത്നത്തോടുകൂടി നല്‍കി; അഭിപ്രായമെന്തെന്നു മറ്റാരാലും അറിയപ്പെടാത്തവനായ നിന്തിരുവടിയാവട്ടെ ഏറ്റവും സന്തോഷത്തോടു കൂടിയവനായിട്ട് സ്യമന്തകമണിയില്‍നിന്നുണ്ടാവുന്ന (എട്ടെട്ടുഭാരം) സ്വര്‍ണ്ണംമാത്രം കൈക്കൊണ്ട് ആ ദിവ്യരത്ന്യത്തെ അവന്നുതന്നെ തിരിച്ചു നല്‍കി. വൃത്തം. – ഹരിണി.

വ്രീളാകുല‍ാം രമയതി ത്വയി സത്യാഭാമ‍ാം
കൗന്തേയ ദാഹ കഥഹാഥ കുരൂന്‍ പ്രയാതേ
ഹീ ഗാന്ദീനേയ കൃതവര്‍മഗിരാ നിപാത്യ
സത്രാജിതം ശതദനുര്‍മണിമാജഹാര || 7 ||

നിന്തിരുവടി ലജ്ജകൊണ്ടു പരവശയായ സത്യഭാമയെ രമിപ്പിച്ചുകൊണ്ടിരിക്കവേ പാണ്ഡവന്മാര്‍ അരക്കില്ലത്തില്‍പെട്ടു ദഹിച്ചുപോയി എന്ന വര്‍ത്തമാനംകേട്ടു ഉടനെതന്നെ ഹസ്തിനപുരത്തിലേക്കു പോയിരുന്ന അവസരത്തില്‍ കഷ്ടം! അക്രൂരന്റേയും കൃതവര്‍മ്മാവിന്റേയും വാക്കുകൊണ്ട് പ്രേരിപ്പിക്കപ്പെട്ട് ശതധന്വാവ് സത്രാജിത്തിനെ വധിച്ച് സ്യമന്തകരത്നത്തെ അപഹരിച്ചുകൊണ്ടുപോയി.

ശോകാത് കുരൂനുപഗതാ മവലോക്യ കാന്ത‍ാം
ഹത്വാ ദ്രുതം ശതധനും സമഹര്‍ക്ഷയസ്ത‍ാം
രന്തേ സശങ്ക ഇവ കൈഥിലഗേഹമേത്യ
രാമോ ഗദ‍ാം സമശിശിക്ഷത ധാര്‍ത്തരാഷ്ട്രം || 8 ||

അച്ഛന്റെ മരണംകൊണ്ടുണ്ടായ വ്യസനംകൊണ്ട് ഹസ്തിനപുരത്തിലേക്ക് വന്നുചേര്‍ന്ന പ്രിയതമയായ സത്യഭാമയെ കണ്ടിട്ട് നിന്തിരുവടി ഉടനെതന്നെ ശതധന്വാവിനെ തേടിപ്പിടിച്ച് നിഗ്രഹിച്ചിട്ട് അവളെ ഏറ്റവും സന്തോഷിപ്പിച്ചു. ബലഭദ്രന്‍ രത്നത്തിന്റെ കാര്‍യ്യത്തില്‍ സംശയത്തോടുകൂടിയവനെന്നപോലെ ദ്വരകക്കു മടങ്ങാതെ മിഥിലാരാജധാനിക്കുചെന്നു (അവിടെ താമസിച്ചുവരവെ അവിടെ വന്നു ചേര്‍ന്ന) ദുര്‍യ്യോധനനെ ഗദാപ്രയോഗസമ്പ്രദായത്തെ പഠിപ്പിച്ചു.

അക്രൂര ഏഷ ഭഗവന്‍ ഭവദിച്ഛയൈവ
സത്രാജിതഃ കുചരിതസ്യ യുയോജ ഹിംസ‍ാം
അക്രൂരതോ മണിമനാഹൃതവാന്‍ പുനസ്ത്വം
തസ്വൈവം ഭൂതി മുപധാതു മിതി ബ്രുവന്തി || 9 ||

ഭഗവാനേ! ഈ അക്രൂരന്‍ അങ്ങയുടെ അഭിപ്രായമനുസരിച്ചിട്ടുതന്നെയാണ് ദുരാചാരനായ സത്രാജിത്തിന്റെ മരണത്തിന്നിടയാക്കിത്തീര്‍ത്തത്. നിന്തിരുവടിയാവട്ടെ ആ അക്രൂരനെ ഐശ്വര്‍യ്യത്തെ ഉണ്ടാക്കിക്കൊടുക്കുന്നതിന്നുതന്നെയാണ് അക്രൂരനില്‍നിന്ന് സ്യമന്തകരത്നത്തെ ചോദിച്ചുവാങ്ങാതിരുന്നത് എന്നിങ്ങിനെ എല്ലാവരും പറയുന്നു.

ഭക്തസ്ത്വയി സ്ഥിരതരഃസ ഹി ഗാന്ദിനേയഃ
തസ്യൈവ കാപഥമതിഃ കഥമീശ ജാതാ
വിജ്ഞാനവാന്‍ പ്രശമവാനഹ മിത്യുദീര്‍ണ്ണം
ഗര്‍വം ധ്രുവം ശമയിതും ഭവതാ കൃതൈവ || 10 ||

ഹേ ഭഗവാനേ! ആ അക്രൂര‍ന്‍ നിന്തിരുവടിയി‍ല്‍ ഏറ്റവും ഉറച്ചതായ ഭക്തിയോടുകൂടിയവനായിരുന്നുവല്ലോ. അദ്ദേഹത്തിന്നുതന്നെ ഈ ദുര്‍ബുദ്ധി എങ്ങിനെയുണ്ടായി? “ഞാന്‍ അറിവുള്ളവനാണ്; മനസ്സിന്നു പാകതവന്നിട്ടുള്ളവനാണ്; എന്നിങ്ങിനെ മനസ്സിലുദിച്ചുര്‍യ്യന്ന അഹങ്കാരത്തെ ശമിപ്പിക്കുന്നതിന്നായി നിന്തിരുവടിയാല്‍ തന്നെയാണ് പ്രോത്സാഹനം നല്‍കപ്പെട്ടതെന്നു തീര്‍ച്ചതന്നെ.

യാതം ഭയേന കൃതവര്‍മയൂതം പുനസ്ത
മാഹൂയ തദ്വിനിഹിതം ച മണിം പ്രകാശ്യ
തത്രൈവ സുവ്രതധരേ വിനിധായ തുഷ്യന്‍
ഭാമകുചാന്തരശയഃ പവനേശ പായാഃ || 11 ||

ഹേ ഗുരുവായൂരപ്പ ! അപവാദഭയംകൊണ്ട് കൃതവര്‍മ്മവിനോടുകൂടി നാടുവിട്ടുപോയ ആ അക്രൂരനെ അതില്‍പിന്നെ വിളിച്ചുവരുത്തി ശതധന്വാവിനാ‍ല്‍ അവന്റെ പക്ക‍ല്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന സ്യമന്തകമണിയേയും വെളിപ്പെടുത്തി വ്രതപൂജാദികളെ വഴിപോലെ അനുഷ്ഠിക്കുന്നവനായ അവന്റെ പക്കല്‍തന്നെ തിരികെ ഏല്പിച്ചു സന്തോഷത്തോടുകൂടിയവനായി പ്രിയതമയായ സത്യഭാമയുടെ കുളുര്‍മുലകള്‍ക്കിടയി‍ല്‍ ശയിച്ചരുളുന്ന നിന്തിരുവടി രക്ഷിച്ചുകൊള്ളേണമേ. !

സ്യമന്തകോപാഖ്യാനവര്‍ണ്ണനം എന്ന എണ്‍പത‍ാംദശകം സമാപ്തം.
ആദിത ശ്ലോകാഃ 826.
വൃത്തം. വസന്തതിലകം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.