അമൃതാനന്ദമയി അമ്മ

മക്കളേ,

വിവാഹബന്ധങ്ങളിലെ പൊരുത്തക്കേടുകളെക്കുറിച്ച് പരാതിപ്പെട്ടുക്കൊണ്ട് ധാരാളം മക്കള്‍ അമ്മയുടെ അടുത്ത് എത്താറുണ്ട്. ഭര്‍ത്താവിനെക്കുറിച്ച് പരാതി പറയുന്ന ഭാര്യ, ഭാര്യയുടെ കുറ്റം പറയുന്ന ഭര്‍ത്താവ്, ഇതൊന്നുമല്ലെങ്കില്‍ രണ്ടുപേരുടെയും വീട്ടുകാരെക്കുറിച്ചുള്ള പരാതി. ചെറിയ പൊരുത്തക്കേടുകള്‍ ഉള്ളില്‍ കുത്തിനിറച്ച് ബന്ധം വേര്‍പെടുത്തുന്ന സാഹചര്യത്തില്‍വരെ എത്തുന്ന പലരെയും അമ്മ ആശ്വസിപ്പിച്ച് പറഞ്ഞയക്കാറുണ്ട്. അന്യോന്യം തുറന്നുസംസാരിക്കാന്‍ കഴിഞ്ഞാല്‍ പകുതിപ്രശ്‌നങ്ങളും തീരും. സ്‌നേഹവും വിട്ടുവീഴ്ചാ മനോഭാവവും കുറയുമ്പോള്‍ അഭിപ്രായവ്യത്യാസം കൂടും. പണ്ടൊക്കെ കൂട്ടുകുടുംബങ്ങളില്‍, പങ്കുവെച്ചും അന്യോന്യം കൈമാറിയുമാണ് ജീവിച്ചിരുന്നത്. ചെറിയ കുടുംബങ്ങളില്‍പ്പോലും ഇപ്പോള്‍ ഈ മനോഭാവം കാണുന്നില്ല. കൂടെപ്പിറന്ന സഹോദരനോടോ സഹോദരിയോടോ കാണിക്കാത്ത വിട്ടുവീഴ്ച എങ്ങനെയാണ് മറ്റു ഗൃഹങ്ങളില്‍ച്ചെന്ന് കാണിക്കുന്നത്? സ്വന്തം വീട്ടിലും ഭര്‍ത്താവിന്റെ വീട്ടിലും പല പ്രശ്‌നങ്ങളും ആരംഭിക്കുന്നത് ഈ മനോഭാവത്തില്‍നിന്നാണ്. പണ്ടൊക്കെ ഭര്‍തൃഗൃഹത്തില്‍ അല്പം ബുദ്ധിമുട്ട് ഉണ്ടെങ്കില്‍പ്പോലും മരുമക്കള്‍ അതെല്ല‍ാം സഹിച്ച് കഴിയുമായിരുന്നു.

ഭാര്യയുടെ ചെറിയ കുറ്റങ്ങളും കുറവുകളും പെരുപ്പിച്ചുകണ്ട് കുടുംബജീവിതം നരകമാക്കുന്ന പലരും നമുക്കു ചുറ്റുമുണ്ട്. ഇതിനിടയ്ക്ക് കുട്ടികളും പ്രാരാബ്ധവുമായാല്‍ പ്രശ്‌നങ്ങള്‍ കൂടുതലാവുന്നു. ഇത്തരത്തിലൊരു മോളുടെ ജീവിതം എല്ലാവര്‍ക്കും പാഠമാകേണ്ടതാണ്. ഭര്‍ത്താവിന്റെ വീട്ടിലെ പല രീതികളോടും പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന ആ മോളുടെ സന്തോഷം മുഴുവന്‍ തീര്‍ന്നു. ഒരു കുട്ടിയെ നോക്കേണ്ട ചുമതലകൂടി വന്നതോടെ ആകെ വിഷമമായി. ഭര്‍ത്താവിന്റെ വീട്ടുകാരുമായി സ്വരച്ചേര്‍ച്ച ഇല്ലാതായത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. അങ്ങനെ ഒരുദിവസം ഈ മോള്‍ മാതാപിതാക്കളുടെ അടുത്തെത്തി. അവരുടെ മുമ്പില്‍ പരാതിക്കെട്ട് നിരത്തി. എല്ല‍ാം ശ്രദ്ധിച്ചുകേട്ട ആ മാതാപിതാക്കള്‍ അവളെ അടുക്കളയിലേക്ക് കൊണ്ടുപോയി. അതിനുശേഷം മൂന്നു അടുപ്പുകള്‍ കത്തിച്ച് അവയില്‍ മൂന്നുപാത്രം വെള്ളംവെച്ചു. പാത്രങ്ങളിലെ വെള്ളം തിളച്ചുതുടങ്ങിയപ്പോള്‍ ആദ്യ പാത്രത്തില്‍ ഉരുളക്കിഴങ്ങും രണ്ടാമത്തെ പാത്രത്തില്‍ കോഴിമുട്ടയും മൂന്നാമത്തെ പാത്രത്തില്‍ കുറച്ച് കാപ്പിപ്പൊടിയും ഇട്ടു. ഇത് കണ്ടിട്ട് ആ മോള്‍ക്ക് ഒന്നും മനസ്സിലായില്ല. പത്തു പതിനഞ്ച് മിനിറ്റ് വെള്ളം തിളച്ച് കഴിഞ്ഞ് അടുപ്പുകളെല്ല‍ാം കെടുത്തി. തിളച്ച വെള്ളത്തില്‍നിന്ന് ഉരുളക്കിഴങ്ങും കോഴിമുട്ടയും കാപ്പിയും മറ്റു പാത്രങ്ങളില്‍ പകര്‍ന്നുവെച്ചിട്ട് അവ പരിശോധിക്കുവാന്‍ പറഞ്ഞു.

തിളയ്ക്കുന്ന വെള്ളത്തില്‍ കിടന്ന ഉരുളക്കിഴങ്ങ്, വെന്ത് നല്ല മാര്‍ദവമായിരുന്നു. മുട്ടയുടെ തോടിനു മാറ്റം വന്നില്ലെങ്കിലും അകത്തെ ദ്രാവകം ഉറച്ച് കഠിനമായി. തിളച്ചവെള്ളം രണ്ട് വസ്തുക്കളെ മാറ്റിമാറിച്ചത് ആ മോള്‍ക്ക് മനസ്സിലായി. തുടര്‍ന്ന് കാപ്പിപ്പൊടി ഇട്ടവെള്ളം പരിശോധിക്കുവാന്‍ മാതാപിതാക്കള്‍ അവളോട് പറഞ്ഞു. തിളയ്ക്കുന്ന വെള്ളം കാപ്പിപ്പൊടിയോട് മത്സരിച്ചു. പക്ഷേ, കാപ്പിപ്പൊടി ജലത്തില്‍ അലിഞ്ഞുചേര്‍ന്നപ്പോള്‍ അവിടം മുഴുവന്‍ കാപ്പിയുടെ വാസന പരന്നു. വെള്ളത്തിന്റെ മത്സരബുദ്ധിയെ തന്റെ കഴിവുകൊണ്ട് മാറ്റിമറിക്കാന്‍, വാസനയുള്ള കാപ്പിയാക്കിമാറ്റാന്‍ കാപ്പിപ്പൊടിക്ക് കഴിഞ്ഞു. ഈ ചെറിയ ഉദാഹരണംകൊണ്ട് ആ മോളുടെ കണ്ണ് തുറപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞു.

ഓരോ തരത്തിലുള്ള എതിര്‍പ്പിനെ പലരും നേരിടുന്നത് പല രീതിയിലാണ്. ചിലര്‍ തനിക്ക് പരിചയമില്ലാത്ത സാഹചര്യങ്ങളില്‍ എത്തുമ്പോള്‍ പരാതിയും പരിഭവവുമായി ജീവിതം തള്ളിനീക്കും. പ്രതികൂല സാഹചര്യങ്ങളെ സൗമ്യമായി നേരിട്ട് അനുകൂലമാക്കിത്തീര്‍ക്കാനുള്ള വിദ്യ മക്കള്‍ക്ക് ഉപദേശിച്ചുകൊടുക്കേണ്ടത് മാതാപിതാക്കളാണ്. എതിര്‍പ്പുള്ള സാഹചര്യത്തെ നമുക്ക് മാറ്റാന്‍ കഴിയണം. അതിന് വാശിയും ശാഠ്യവും ഒളിച്ചോട്ടവുമല്ല പ്രതിവിധി.

അമ്മയുടെ ആശ്രമത്തില്‍ ശാരീരികമായും ചെറിയ അസുഖങ്ങളുള്ള പല മക്കളുമുണ്ട്. പക്ഷേ, സേവനത്തിന്റെ പാതയിലെത്തുമ്പോള്‍ സ്വന്തം അസൗകര്യങ്ങളും പ്രശ്‌നങ്ങളും മറന്ന് അവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഇറങ്ങിത്തിരിക്കും. സുനാമി കാലത്തും വെള്ളപ്പൊക്കക്കാലത്തും അമ്മ ഇതിനൊക്കെ സാക്ഷിയാണ്.

ഏറ്റവും കൂടുതല്‍ ആഹ്ലാദത്തോടെ നമ്മുടെ മുമ്പിലെത്തുന്ന പലര്‍ക്കും വേദനിക്കുന്ന കഥകള്‍ ഉണ്ടാവും. പക്ഷേ, സ്വന്തം കണ്ണുനീരിനെ അവര്‍ പുഞ്ചിരിയാക്കി മാറ്റും. ലോകത്തിനു മുമ്പില്‍ സന്തോഷം നല്കി അവരും സന്തുഷ്ടരാകും. ഈ മനോഭാവം ബാല്യത്തില്‍തന്നെ മക്കള്‍ വളര്‍ത്തിയെടുക്കണം.

അമ്മ

കടപ്പാട് : അമൃതവചനം, മാതൃഭൂമി