അമൃതാനന്ദമയി അമ്മ

മക്കളേ,

പശുവിനെ വളര്‍ത്തി നിത്യവൃത്തി കഴിച്ചിരുന്ന ഒരു മോന്റെ അനുഭവം മക്കള്‍ക്കു പാഠമാകേണ്ടതാണ്. പുല്ലു തിന്നാന്‍ വിടുന്ന പശുവിനെ വൈകീട്ട് തൊഴുത്തില്‍ കെട്ടിയിടും. അതിനുശേഷം അദ്ദേഹം തൊഴുത്തിന്റെ വാതിലടച്ച് തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്കു പോകും. രാത്രിയില്‍ പിന്നീട് പശുവിനു കുടിക്കാന്‍ കാടി (കഞ്ഞിവെള്ളം) നല്‍കും. ഒരുദിവസം അദ്ദേഹത്തിന് ഒരബദ്ധം പറ്റി. തൊഴുത്തില്‍ കയറിയ പശുവിനെ കെട്ടിയിടാന്‍ മറന്നു. പിറ്റേദിവസം രാവിലെ ചെന്ന് തൊഴുത്തിന്റെ വാതില്‍ തുറന്നു. പക്ഷേ പശുവിന് ഒരനക്കവുമില്ല. ഉന്തിയിട്ടും അതു മാറുന്നില്ല. വടിയെടുത്ത് ഒരു അടി കൊടുത്തു. എന്നിട്ടും അേത നില്പു തന്നെ. അപ്പോള്‍ ഉടമസ്ഥന്‍ വിചാരിക്കുകയാണ്: ”ഞാന്‍ ദിവസവും വന്ന് പശുവിന്റെ കയര്‍ അഴിക്കാറുണ്ട്. ഇന്നലെ കെട്ടാതിരുന്നതുകൊണ്ട് കയര്‍ അഴിച്ചില്ല. കയര്‍ അഴിക്കുന്നതുപോലെ കാണിച്ചാലോ?” അയാള്‍ പശുവിന്റെ കയര്‍ എടുത്തു കുറ്റിയില്‍നിന്ന് അഴിക്കുന്നതുപോലെ ഭാവിച്ചു. അങ്ങനെ ചെയ്തു കഴിഞ്ഞതും പശു ഒരെതിര്‍പ്പും കൂടാതെ തൊഴുത്തില്‍നിന്ന് ഇറങ്ങി.

മക്കളുടെ സ്ഥിതിയും ഇതുപോലെ തന്നെയല്ലേ? ബന്ധിച്ചിട്ടില്ലെങ്കിലും ബന്ധനത്തില്‍ ആണെന്നാണു നമ്മുടെ ചിന്ത. ബന്ധിച്ചിരിക്കുന്നുവെന്നതു വെറുമൊരു തോന്നല്‍ മാത്രം. അതൊന്നു മാറിക്കിട്ടിയാല്‍ മതി. ഞാന്‍ ബന്ധിതനല്ല എന്ന ബോധമാണ് ഉറയ്‌ക്കേണ്ടത്. ഇതിന് ഗുരുവിന്റെ സഹായം കൂടാതെ പറ്റില്ല. ഇതിനര്‍ഥം ഗുരു സാക്ഷാത്കാരം വാങ്ങിത്തരുന്നു എന്നല്ല. നമ്മള്‍ ബന്ധിതരല്ലെന്ന് ഗുരു നമ്മെ ബോധ്യപ്പെടുത്തിത്തരുക മാത്രമേ ചെയ്യുന്നുള്ളൂ. കെട്ടിയിട്ടുണ്ടെങ്കിലല്ലേ കെട്ട് അഴിക്കേണ്ടതുള്ളൂ. സാക്ഷാത്കാരം എവിടെനിന്നെങ്കിലും വാങ്ങാന്‍ പറ്റുന്ന സാധനമല്ല. ആത്മസാക്ഷാത്കാരം എന്നതു പ്രത്യേകിച്ച് എവിടെയെങ്കിലും ഇരിക്കുകയൊന്നുമല്ല.

‘സമത്വം യോഗമുച്യതേ’ എന്നാണ് ഭഗവാന്‍ പറഞ്ഞിരിക്കുന്നത്. സര്‍വതും ചൈതന്യമായി കാണുവാന്‍ സാധിക്കണം. അപ്പോള്‍ മാത്രമേ പൂര്‍ണത പറയുവാന്‍ പറ്റൂ. സര്‍വതിലും നല്ലതു മാത്രം കാണുവാന്‍ സാധിക്കണം. തേനീച്ച പുഷ്പങ്ങളിലെ തേന്‍ മാത്രമാണു കാണുന്നത്. അതിന്റെ മാധുര്യം മാത്രമാണു നുകരുന്നത്. അല്ലാതെ റോസാച്ചെടിയിലെ മുള്ളിനെക്കുറിച്ചു പരാതി പറയാറില്ല. ചെടി വളര്‍ന്നുനില്‍ക്കുന്ന സ്ഥലത്തെക്കുറിച്ച് തേനീച്ച കുറ്റം പറയാറില്ല. ശാസ്ത്രജ്ഞന്മാര്‍ പലരും അമ്മയോട് ഒരു കാര്യം പറഞ്ഞു. പല രാജ്യങ്ങളിലും തേനീച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു. തേനീച്ചകളില്ലെങ്കില്‍ പരാഗണം നടക്കില്ല. പുതിയ വിത്തുകള്‍ മുളയ്ക്കില്ല. സര്‍വത്ര സസ്യജാലങ്ങള്‍ക്കും നാശം വരെ സംഭവിക്ക‍ാം. അതുകൊണ്ടു േതനീച്ചയെപ്പോലെ എല്ലായ്‌പ്പോഴും നല്ലതുമാത്രം കാണുന്നവര്‍ക്കാണ് ആത്മസാക്ഷാത്കാരത്തിനുള്ള അവസരം ലഭിക്കുന്നത്.

സാക്ഷാത്കാരം വേണമെങ്കില്‍ ഈ ശരീരത്തെ പൂര്‍ണമായും മറക്കാന്‍ സാധിക്കണം. താന്‍ ആത്മാവാണെന്നുള്ള ബോധം ഉറയ്ക്കണം. ഈശ്വരന് പ്രത്യേകിച്ചൊരു വാസസ്ഥാനമില്ല. ഓരോരുത്തരുടേയും ഹൃദയത്തിലാണ് അവിടുന്നു വസിക്കുന്നത്. പക്ഷേ എല്ലാ വിധത്തിലുമുള്ള മമതാ ബന്ധത്തെ, ശരീരേബാധെത്ത മാറ്റിയെടുക്കണം. അത്രയും മതി. ആത്മാവിനു മരണമില്ല, ജനനമില്ല, സുഖദുഃഖങ്ങളില്ല. ഈ ബോധം അപ്പോള്‍ നമ്മിലുറയ്ക്കും. മരണഭയം ഇല്ലാതെയാകും. ഉള്ളില്‍ ആനന്ദം നിറയും.
യഥാര്‍ഥ സാധകന്‍ ഏതു സാഹചര്യത്തേയും ക്ഷമയോടെ സ്വാഗതം ചെയ്യാനുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കണം. തേനില്‍ അല്പം ഉപ്പ് വീണാല്‍ മക്കള്‍ എന്തുചെയ്യും? വീണ്ടും വീണ്ടും തേന്‍ അതില്‍ ചേര്‍ത്ത് ഉപ്പുരസം മാറ്റിയെടുക്കും. അതുപോലെ നമ്മിലെ വിദ്വേഷഭാവത്തെ- ഞാനെന്ന ഭാവത്തെ സദ്ചിന്തകളിലൂടെ ഇല്ലാതാക്കണം. ഇതിനു നിരന്തരമായ ശ്രമമുണ്ടാവണം. മനസ്സ് ശുദ്ധമാവുമ്പോള്‍ ഏതു സാഹചര്യത്തെയും സന്തോഷപൂര്‍വം സ്വാഗതം ചെയ്യാന്‍ നമുക്ക് കഴിയും. ഇതിലൂടെ ന‍ാം ആധ്യാത്മികമായി മുന്നേറും.

തന്നെപ്പോലെ മറ്റുള്ളവരെയും കാണുന്ന അവസ്ഥയാണ് സാക്ഷാത്കാരം. കാലു തട്ടി മറിഞ്ഞുവീണാല്‍ കണ്ണിന്റെ അശ്രദ്ധയാണ് എന്നുപറഞ്ഞ് കണ്ണ് കുത്തിപ്പൊട്ടിക്കാറില്ല. കാലിനു മുറിവുണ്ടായാല്‍ മരുന്ന് പുരട്ടും. അതുപോലെ മറ്റൊരാള്‍ തെറ്റുചെയ്താലും അതു ക്ഷമിച്ച് അവനിലും തന്റെ ആത്മാവിനെ ദര്‍ശിക്കുന്ന അവസ്ഥയാണ് ഇത്.

അങ്ങനെയുള്ളവനു തന്നില്‍നിന്ന് ഭിന്നമായി യാതൊന്നുമില്ല. ഈ ഒരു അവസ്ഥയില്‍ എത്തിച്ചേരാതെ സാക്ഷാത്കാരത്തെക്കുറിച്ച് എന്തുപറഞ്ഞാലും അതു പറച്ചില്‍ മാത്രമാണ്. വാക്കിന് പിറകില്‍ അനുഭവത്തിന്റെ ശക്തിയില്ല. ഈ അനുഭൂതിതലത്തില്‍ എത്തിച്ചേരാന്‍ ഒരു സദ്ഗുരുവിന്റെ സഹായം മക്കള്‍ക്ക് വേണ്ടിവരും. ശംഖില്‍നിന്ന് മ‍ാംസം പോയിക്കഴിഞ്ഞാലേ നാദം ഉയരൂ. അതുപോലെ നമ്മിലെ ‘ഞാന്‍’ പോകാതെ സാക്ഷാത്കാരം ഉണ്ടാവില്ല. പരിപൂര്‍ണ സമര്‍പ്പണമാണ് ആദ്യപടി എന്ന് മക്കള്‍ ഓര്‍മിക്കണം. മക്കള്‍ക്ക് നന്മ വരട്ടെ.

അമ്മ

കടപ്പാട് : അമൃതവചനം, മാതൃഭൂമി