അമൃതാനന്ദമയി അമ്മ
മക്കളേ,
‘‘ഞാന്‍ എത്ര വര്‍ഷമായി ക്ഷേത്രത്തിലും പള്ളിയിലും ദേവാലയങ്ങളിലും പോകുന്നു, പൂജ ചെയ്യുന്നു എന്നിട്ടും ദുഃഖം ഒഴിഞ്ഞ സമയമില്ല’‘ എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവര്‍ ഇത്രയുംകാലം ഈശ്വരനെ വിളിച്ചിട്ടില്ല എന്നാണ് അമ്മയ്ക്ക് തോന്നുന്നത്. അവരുടെ മനസ്സില്‍ മറ്റെന്തോ ആയിരുന്നു. കാരണം ഈശ്വരനോട് പ്രേമം വന്നവന് ജീവിതത്തില്‍ ആനന്ദം മാത്രമാണുള്ളത്. അവന് ദുഃഖത്തെക്കുറിച്ചും മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കാന്‍ സമയമെവിടെ? എവിടെയും ഏവരിലും അവന്‍ തന്റെ ഇഷ്ടദൈവത്തെ മാത്രമാണ് കാണുന്നത്. ഇത് എല്ലാ ജാതി – മതസ്ഥര്‍ക്കും, എല്ലാ ഗോത്രക്കാര്‍ക്കും എല്ലാ ദേശക്കാര്‍ക്കും ബാധകമാണ്.
ഈശ്വരനോട് പ്രാര്‍ഥിക്കുന്നുവെങ്കില്‍, അത് അവിടുത്തേക്ക് പ്രേമം കിട്ടാന്‍വേണ്ടി ആയിരിക്കണം. ഏതെങ്കിലും വസ്തുലാഭത്തിന് വേണ്ടിയാവരുത്. ഈശ്വരപ്രേമത്തിന്റെ ഉദാഹരണമായി വിദുരപത്‌നിയുടെ കഥയാണ് അമ്മയ്ക്ക് ഓര്‍മവരുന്നത്.
വിദുരരും അദ്ദേഹത്തിന്റെ പത്‌നിയും ശ്രീകൃഷ്ണ ഭഗവാനെ ഗൃഹത്തിലേക്ക് ക്ഷണിച്ചു. അവര്‍ ഭഗവാന്‍ വരുന്ന ദിവസവും സമയവും കാത്തിരിക്കുന്നു. എന്തു ചെയ്യുമ്പോഴും ഭഗവാനെ കുറിച്ചുള്ള ചിന്ത മാത്രം. ഭഗവാന്‍ വരുമ്പോള്‍ എങ്ങനെ സ്വീകരിക്കണം, എന്തൊക്കെ നല്‍കണം, എന്തൊക്കെ പറയണം, എന്നെല്ലാം ഓര്‍ത്ത് ഇരുന്നു. അങ്ങനെ ഭഗവാന്‍ വരേണ്ട ദിവസമായി. രണ്ടുപേരുംകൂടി ഭഗവാനെ സ്വീകരിക്കാന്‍ വേണ്ടതെല്ലാം ഒരുക്കിവെച്ചു. ഭഗവാന്‍ എത്തേണ്ട സമയമായി. വിദുരപത്‌നി വേഗം കുളിച്ചുവരുന്നതിനായി പോയി.
ആ സമയത്ത് തന്നെ ഭഗവാനും എത്തി. ഒരു തോഴി ചെന്ന് ഭഗവാന്‍ വന്ന വിവരം വിദുരപത്‌നിയെ അറിയിച്ചു. കേട്ടപാതി, കേള്‍ക്കാത്ത പാതി, ആ ഭക്ത കുളിച്ചുനിന്ന അതേപടി ”കൃഷ്ണ, കൃഷ്ണാ” എന്ന് വിളിച്ചുകൊണ്ട് ഭഗവാന്റെ സമീപത്തേക്ക് ഓടിവന്നു. താന്‍ കുളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു എന്നും നനഞ്ഞ വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നതെന്നും അവര്‍ മറന്നുപോയി. പെട്ടെന്ന് പഴങ്ങള്‍ എടുത്തുകൊണ്ടുവന്നു, പീഠം എടുത്തുകൊണ്ടുവന്നു. ”കൃഷ്ണ, കൃഷ്ണാ” എന്ന് വിളിച്ചുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. ഭക്തികൊണ്ട് എല്ലാം മറന്നു. അവസാനം ഭഗവാന് ഇരിക്കാന്‍വെച്ച പീഠത്തില്‍ അവര്‍ തന്നെ കയറിയിരുന്നു. ഭഗവാന്‍ താഴെയുമിരുന്നു. അവര്‍ ഇതൊന്നുമറിയുന്നില്ല. പിന്നെ പഴം തൊലിയുരിഞ്ഞ് ഭഗവാന് നല്‍കാന്‍ തുടങ്ങി. പക്ഷേ നല്‍കിയത് തൊലിയായിരുന്നു. തൊലിയ്ക്ക് പകരം പഴം താഴെ കളഞ്ഞു. ഭഗവാന്‍ സ്വാദോടെ പഴത്തിന്റെ തൊലി കഴിച്ചുതുടങ്ങി.
ഈ സമയത്താണ് വിദുരര്‍ വന്നത്. ഈ കാഴ്ച കണ്ട് അദ്ദേഹം അമ്പരന്നു. ഭാര്യ നനഞ്ഞ് ഈറനായ വസ്ത്രങ്ങളോടെ, തല തോര്‍ത്താതെ ഭഗവാന്റെ മുന്‍പില്‍ ഒരു പീഠത്തില്‍ ഇരിക്കുന്നു. അതും ഭഗവാനെ തറയില്‍ ഇരുത്തിയിട്ട് ഉയര്‍ന്ന പീഠത്തില്‍! അടുത്ത കാഴ്ച കണ്ട അദ്ദേഹത്തിന് സ്വന്തം കണ്ണുകളെ കൂടി വിശ്വസിക്കാനായില്ല. പഴം താഴെ കളഞ്ഞിട്ട്, തൊലി ഭഗവാനെ തീറ്റിക്കുന്നു. അവിടുന്നാണെങ്കില്‍ യാതൊന്നുമറിയാത്ത പോലെ അതു ഭക്ഷിക്കുന്നു. വിദുരര്‍ക്ക് കലിവന്നു. ”എന്താണ് നീ ചെയ്യുന്നത്?” വിദുരര്‍ ഭാര്യയുടെ നേരെ കയര്‍ത്തു. ഭര്‍ത്താവിന്റെ ഒച്ച കേട്ടാണ് വിദുരപത്‌നിക്ക് ബാഹ്യബോധം വന്നത്. അപ്പോള്‍ മാത്രമാണ് തന്റെ അവസ്ഥയെക്കുറിച്ചും ചെയ്തികളെക്കുറിച്ചും അവരറിയുന്നത്. അവര്‍ വേഗം അവിടെ നിന്നു പോയി. അലക്കിയ വസ്ത്രങ്ങള്‍ ധരിച്ച് തിരിച്ചുവന്നു.
വിദുരരും പത്‌നിയും കൂടി നേരത്തെ തീരുമാനിച്ച പ്രകാരം ഭഗവാനെ പീഠത്തില്‍ ഇരുത്തി പാദപൂജ നടത്തി. തയ്യാറാക്കി വെച്ചിരുന്ന നാനാവിധ വിഭവങ്ങള്‍ നല്‍കി. നല്ല പഴം നോക്കി ശ്രദ്ധാപൂര്‍വം തൊലികളഞ്ഞ് ഭഗവാന് കൊടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ ഭഗവാന്‍ പറഞ്ഞു: ”നിങ്ങള്‍ ആചാരപ്രകാരം പലതും ചെയ്തുവെങ്കിലും എനിക്കാദ്യം കിട്ടിയ സ്വീകരണത്തിന്റെയത്രയും ആയില്ല. എന്തൊക്കെ തന്നുവെങ്കിലും നേരത്തെ കിട്ടിയ പഴത്തൊലിയോളം സ്വാദ് അതിനൊന്നും ഇല്ലായിരുന്നു.”
വിദുരപത്‌നി ഭക്തികൊണ്ട് തന്നെത്തന്നെ മറന്ന് ഭഗവാന് നല്‍കിയത് എല്ലാം അദ്ദേഹത്തിന് പ്രിയങ്കരമായി. മക്കളെ, അതാണ് വേണ്ടത്. ഭഗവാന്റെ മുന്‍പില്‍ നാം നമ്മെത്തന്നെ മറക്കണം. അവിടെ പിന്നെ ഞാനും നീയുമില്ല. അതിനാല്‍ ഒരാചാരത്തിന്റെയും ആവശ്യം വരുന്നില്ല. അങ്ങനെ ഉള്ള പ്രേമം മക്കള്‍ വളര്‍ത്തണം. അവിടുത്തെ കവിഞ്ഞ് മറ്റൊന്നിനും ഹൃദയത്തില്‍ സ്ഥാനം ഉണ്ടാകാന്‍ പാടില്ല. നദിയുടെ ഒരു കരയില്‍ നിന്ന് മറുവശം അക്കരെയാണ് എന്ന് തോന്നും. എന്നാല്‍ നദിയുടെ അടിത്തട്ട് ഒന്നാണ്. അതുപോലെ ഭഗവാന്‍, ഭക്തന്‍, ഗുരു, ശിഷ്യന്‍ എന്നു പറയുന്നുണ്ടെങ്കിലും ഈ ഒരു പ്രേമഭാവം വന്നു കഴിഞ്ഞാല്‍ ആന്തരികമായി ഒന്നുതന്നെയാണ്. ഈ പ്രേമഭാവം മക്കളെ ആത്മതത്ത്വത്തില്‍ എത്തിക്കും. അതിനാല്‍ എല്ലാം മറന്നുള്ള പരമമായ പ്രേമവും ഭക്തിയും തരണം എന്നാണ് മക്കള്‍ ഭഗവാനോട് പ്രാര്‍ഥിക്കേണ്ടത്. അതാണ് ജീവിതത്തിന്റെ സ്ഥായിയായ സ്വത്ത്. ആനന്ദത്തിന്റെ ഉറവിടം. അങ്ങിനെയുള്ള ഒരു ഭക്തി കിട്ടിക്കഴിഞ്ഞാല്‍ മക്കള്‍ ജീവിതത്തില്‍ വിജയിക്കും.
അമ്മ
കടപ്പാട് : അമൃതവചനം, മാതൃഭൂമി