അമൃതാനന്ദമയി അമ്മ

മക്കളേ,

അമ്മ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. മക്കള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ കൂടെ ഇല്ലാത്ത ആളുകളുടെ ബലഹീനതകളെയും പരാജയങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യും. മറ്റുള്ളവരുടെ കുറ്റംപറയാന്‍ പലര്‍ക്കും ഉത്സാഹക്കൂടുതലാണ്. അന്യരെ വിലയിരുത്തുന്നതിന് മുന്‍പ്, കളിയാക്കുന്നതിനുമുന്‍പ് മക്കള്‍ സ്വയം വിലയിരുത്തണം. സ്വന്തംപ്രവൃത്തികള്‍ ശരിയാണോ എന്ന് പരിശോധിക്കണം. ഇങ്ങനെ പരിശോധിക്കുകയാണെങ്കില്‍ മക്കളുടെ തെറ്റുകള്‍ സ്വയം മനസ്സിലാകും. അപ്പോള്‍ മറ്റുള്ളവരെ പരിഹസിക്കാന്‍ തോന്നുകയുമില്ല.

ശ്രീകൃഷ്ണഭഗവാനും കൂട്ടുകാരും തങ്ങളുടെ ഗുരുകുല വിദ്യാഭ്യാസകാലത്ത് കാട്ടിയ ലീലയെപ്പറ്റി അമ്മയ്ക്ക് ഓര്‍മവരുന്നു. പ്രായംചെന്ന ഗുരുനാഥന്മാരുടെ ഗൃഹത്തില്‍ ഒരു ദിവസം കൃഷ്ണഭഗവാനും കൂട്ടുകാരും എത്തി. അപ്പോള്‍ രണ്ട് ഗുരുനാഥന്മാരും ഉറക്കമായിരുന്നു. കൈയില്‍ കരുതിയ വിവിധയിനം ചായങ്ങള്‍ ഉപയോഗിക്കാന്‍ ശ്രീകൃഷ്ണഭഗവാന്‍ തീരുമാനിച്ചു. ഉറക്കത്തിലായിരുന്ന ഗുരുനാഥന്മാരുടെ മുഖത്തും ശിരസ്സിലും അവര്‍ വിവിധ നിറങ്ങള്‍ വാരിത്തേച്ചു. അതുകഴിഞ്ഞപ്പോള്‍ ഗുരുനാഥന്മാരെ കണ്ടാല്‍ കോമാളികളെപ്പോലെ തോന്നുമായിരുന്നു. പിന്നീട് കൃഷ്ണനും ഗോപബാലന്മാരും വീടിന് പുറത്തിറങ്ങി, ജനലിലൂടെ ഗുരുനാഥന്മാരുടെ ഗൃഹത്തിലേക്ക് ഒളിഞ്ഞുനോക്കിക്കൊണ്ടിരുന്നു.

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഒരു ഗുരുനാഥന്‍ ഉറക്കമുണര്‍ന്നു. കണ്ണ് തുറന്നുനോക്കിയപ്പോള്‍ മുന്നില്‍ കിടന്നുറങ്ങുന്ന കൂട്ടുകാരനായ ഗുരുവിനെ കണ്ടു. ഒരു കോമാളിയെപ്പോലെ മുഖത്ത് ചായംതേച്ച കൂട്ടുകാരനെ കണ്ടപ്പോള്‍ അദ്ദേഹത്തിന് ചിരി അടക്കാനായില്ല. ഉറങ്ങിക്കിടക്കുന്ന ഗുരുവിനെ അദ്ദേഹം കുലുക്കി ഉണര്‍ത്തി. എന്നിട്ട് ചിരി തുടര്‍ന്നു. ഉറക്കമുണര്‍ന്ന ഗുരുനാഥന്‍ നോക്കിയപ്പോള്‍ തമാശനിറഞ്ഞ മറ്റൊരുരംഗമാണ് കണ്ടത്. കോമാളിയെപ്പോലെ മുഖം മുഴുവന്‍ ചായംതേച്ച ആദ്യഗുരുനാഥന്‍ ചിരിക്കുന്ന കാഴ്ച അദ്ദേഹത്തെയും ചിരിപ്പിച്ചു. അന്യോന്യം കളിയാക്കി ചിരിക്കുന്നതല്ലാതെ അവര്‍ കാര്യം പറഞ്ഞില്ല. അതുകഴിഞ്ഞ് രണ്ടുപേരും കണ്ണാടിയുടെ മുമ്പില്‍ എത്തിയപ്പോള്‍ പൊട്ടിച്ചിരി നിന്നുപോയി. മറ്റൊരാളെ പരിഹസിച്ച് ചിരിച്ച അതേ വേഷത്തിലാണ് താനും എന്ന് അപ്പോഴാണ് മനസ്സിലായത്. തുടര്‍ന്ന് സ്വന്തം മുഖം കഴുകി വൃത്തിയാക്കാനുള്ള തിടുക്കമായിരുന്നു. ശ്രീകൃഷ്ണഭഗവാന്റെ ഈ ലീല, നമ്മുടെയൊക്കെ നേരെ പിടിച്ച കണ്ണാടിയാണ്.

കൃഷ്ണഭഗവാന്റെ ആയിരത്തിലധികം ലീലാവിലാസങ്ങള്‍ക്കിടയില്‍ നിസ്സാരം എന്നു തോന്നാവുന്ന ഈ സംഭവം മക്കളെ ഒരുവലിയ പാഠം പഠിപ്പിക്കുന്നുണ്ട്. മറ്റുള്ളവരുടെ ചെറിയ ബലഹീനതകളെ കളിയാക്കുന്ന സ്വഭാവം ഒട്ടും നന്നല്ല. മറ്റൊരാളെ കളിയാക്കി മക്കള്‍ ചിരിക്കുമ്പോള്‍ നിങ്ങളെ മറ്റുപലരും പരിഹസിക്കുന്നുണ്ടെന്ന് ഓര്‍മിക്കണം. സ്വന്തം മനസ്സാകുന്ന കണ്ണാടിയിലേക്ക് ഒരുനിമിഷം മക്കള്‍ ശ്രദ്ധിക്കൂ….. അപ്പോള്‍ നമ്മുടെ വൈരുദ്ധ്യങ്ങളും കോമാളിവേഷങ്ങളും വെളിവാകും. സ്വന്തം കുറവുകളും കുറ്റങ്ങളും തിരിച്ചറിഞ്ഞുതുടങ്ങിയാല്‍ മറ്റുള്ളവരെ നിങ്ങള്‍ പരിഹസിക്കില്ല. അതുകൊണ്ട് സ്വന്തം ന്യൂനതകളും കുറവുകളും മാറ്റാന്‍ ഒരുശ്രമം മക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. ഇല്ലെങ്കില്‍ മറ്റുള്ളവരെ പരിഹസിച്ച് നമ്മള്‍ സ്വയം പരിഹാസ്യമാകും. അത് സ്വയം നശിക്കുന്നതിന്റെ മറ്റൊരു മാര്‍ഗമാണ്.

പ്രൈമറി സ്‌കൂളിലും മറ്റും പഠിക്കുന്ന ചെറിയ കുട്ടികള്‍ മറ്റുള്ളവരെ പരിഹസിച്ച് ചിരിക്കും. അത് അവരുടെ ബാലചാപല്യങ്ങളാണ്. ആത്മീയകാര്യങ്ങളില്‍ താത്പര്യമുള്ള, യഥാര്‍ഥസത്യം അന്വേഷിക്കുന്നവര്‍ മറ്റുള്ളവരെ പരിഹസിക്കുന്നവരാകരുത്. അവരുടെ അന്വേഷണത്തിന് ഈസ്വഭാവം തടസ്സമാകുമെന്ന് മക്കള്‍ ഓര്‍മിക്കണം.

മറ്റുള്ളവരെ പരിഹസിക്കുന്നത് ഏറ്റവും അധമമായ കര്‍മമാണ്. സ്വന്തം തെറ്റുകളും ന്യൂനതകളും ഓര്‍ത്ത് ചിരിക്കാന്‍ സാധിക്കുന്നത് നിങ്ങളുടെ വളര്‍ച്ചയുടെ ലക്ഷണമാണ്. അവയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് കഴിയണം. സ്വയം പരിഹാസത്തിന് പാത്രീഭവിക്കുന്നത് അറിവിന്റെ തുടക്കമാണ്. ”എനിക്ക് എല്ല‍ാം അറിയ‍ാം” എന്ന മനോഭാവം ഉള്ളപ്പോള്‍ മറ്റുള്ളവരെ പരിഹസിക്കാന്‍ തോന്നും. അപ്പോള്‍ ഹൃദയത്തിന്റെയും മനസ്സിന്റെയും വാതിലുകള്‍ മക്കള്‍ അടച്ചിടുകയാണെന്നോര്‍ക്കണം. അറിവിന്റെ തിരിനാളം നിങ്ങളുടെ ഉള്ളില്‍ തെളിയണമെങ്കില്‍ സ്വന്തം കുറ്റങ്ങളും ന്യൂനതകളും തിരിച്ചറിയണം. മറ്റുള്ളവരെ പരിഹസിക്കാതിരിക്കണം. അപ്പോള്‍ ജഗദീശ്വരന്‍ സൃഷ്ടിച്ച ഈലോകത്തെ മായകളെ കുറിച്ച് നിങ്ങള്‍ ബോധവാന്മാരാകും. അറിവിന്റെ തുടക്കത്തിലേക്ക് എത്താന്‍ മക്കള്‍ ഹൃദയം തുറന്നു പിടിക്കണം. ഹൃദയത്തിന്റെ വാതിലുകളും ജനലുകളും തുറന്നിട്ടാല്‍ ജ്ഞാനം കടന്നുവരും. മക്കള്‍ക്ക് നന്മ വരട്ടെ.

അമ്മ

കടപ്പാട് : അമൃതവചനം, മാതൃഭൂമി