അമൃതാനന്ദമയി അമ്മ
അയ്യാരയിരത്തിലേറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നത്.ഇപ്പോഴും ശ്രീകൃഷ്ണനെ ജനങ്ങള്‍ ഓര്‍മ്മിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് അവിടുത്തെ മഹത്വത്തിന്റെ തെളിവാണ്. ശ്രീകൃഷ്ണനെ ആരാധിക്കുക എന്നാല്‍ ശ്രീകൃഷ്ണനായിത്തീരുക എന്നാണ്. ശ്രീകൃഷ്ണന്റെ ജീവിതദര്‍ശനം നമ്മുടെ ജീവിതമാകുകയാണ് വേണ്ടത്.
ശ്രീകൃഷ്ണരൂപം സുന്ദരമാണ് എന്നാല്‍ ഈ സൗന്ദര്യം കേവലം ശാരീരികസൗന്ദര്യം മാത്രമല്ല, ഹൃദയത്തിന്റെ മങ്ങാത്ത സൗന്ദര്യമാണ്. മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും അവയുടെ പൂര്‍ണ്ണതയില്‍ , സൗന്ദര്യത്തികവില്‍ എത്തിച്ചേരുമ്പോള്‍ ശ്രീകൃഷ്ണരൂപമായി.
ലോകജീവിതം എന്താകണം, എങ്ങനെയാകണം എന്നാണ് ശ്രീകൃഷ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. പരാജയങ്ങള്‍പോലും ആഘോഷപൂര്‍വ്വം കൊണ്ടാടിയ മഹാഗുരുവാണദ്ദേഹം. മറ്റുള്ളവരെ കരയിക്കാതെ, ചിരിച്ചുജീവിക്കുക – ശ്രീകൃഷ്ണന്‍ സ്വജീവിതത്തിലൂടെ കാണിച്ചുതന്ന പാഠം അതായിരുന്നു.നമ്മുടെ ജീവിതരഥങ്ങളെ ആനന്ദത്തിലേക്ക് നയിക്കുന്ന സാരഥിയാണ് അവിടുന്ന്.
സാധാരണയായി മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടുചിരിക്കുന്നവരാണ് നമ്മള്‍ . എന്നാല്‍ ഉള്ളംനിറഞ്ഞ് ലോകത്തിലേക്ക് പരന്നൊഴുകിയ ആത്മാനന്ദത്തിന്റെ ചിരിയായിരുന്നു ഭഗവാന്റേത്. അതുകൊണ്ട് യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോഴും അവിടുത്തെ പുഞ്ചിരി മാഞ്ഞില്ല. നമ്മുടെ കുറ്റങ്ങളും കുറവുകളും ഓര്‍ത്ത് ചിരിക്കാന്‍ ഭഗവാന്‍ നമ്മെ പഠിപ്പിക്കുന്നു.
സമസ്തമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാണ് ഭഗവാന്‍. രാജാക്കന്മാരുടെ ഇടയിലും സാധാരണക്കാരുടെ ഇടയിലും അവരില്‍ ഒരാളെപ്പോലെ അദ്ദേഹം ജീവിച്ചു. രാജകുമാരനായിട്ട് ജനിച്ചിട്ടും കാലികളെ മേയ്ക്കുവാനും തേരുതെളിക്കുവാനും അദ്ദേഹം തയ്യാറായി. അധാര്‍മ്മികരുടെ അടുത്ത് ശാന്തിദൂതനാകാനും ഭഗവാന്‍ തയ്യാറായി.
അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സാമൂഹികവിപ്ലവകാരിയായിരുന്നു അദ്ദേഹം. മഴയ്ക്കുവേണ്ടി ഇന്ദ്രനെ പൂജചെയ്തിരുന്ന ജനങ്ങളെ അതില്‍നിന്ന് ഭഗവാന്‍ പിന്തിരിപ്പിച്ചു. ഗോവര്‍ദ്ധനപര്‍വ്വതത്തെയാണു പൂജിക്കേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. മഴമേഘങ്ങളെ തടുത്ത് മഴപെയ്യിക്കുന്നത് പര്‍വ്വതങ്ങളാണ് എന്ന് ഭഗവാന്‍ പഠിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെ ആദ്യപാഠങ്ങള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നമുക്കു പറഞ്ഞുതന്നു. ഇക്കാലത്തും പ്രകൃതിയെ സംരക്ഷിക്കുവാനും പ്രകൃതിയുടെ സംതുലിതാവസ്ഥ തകര്‍ക്കാതിരിക്കാനും നമ്മള്‍ ശ്രമിക്കണം. പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെട്ടാല്‍ മനുഷ്യന്റെ സംതുലിതാവസ്ഥയും നഷ്ടപ്പെടും.
ആഗ്രഹിക്കുന്ന ജോലിതന്നെ കിട്ടിയില്ലെങ്കില്‍ അലസത പൂണ്ടിരിക്കുന്നവരാണ് ഏറെയും. ഏതുജോലിയിലും ആനന്ദവും സംതൃപ്തിയും കണ്ടെത്തുവാന്‍ ശ്രീകൃഷ്ണന്റെ ഉത്സാഹവും ക്ഷമയും ഇക്കൂട്ടര്‍ക്ക് മാതൃകയാക്കണം.
ജീവിത സാഹചര്യങ്ങള്‍ ചിലപ്പോള്‍ അനുകൂലമാവാം, പ്രതികൂലമാവാം. രണ്ടിലും ഊര്‍ജസ്വലരായി സ്വന്തം കര്‍ത്തവ്യം അനുഷ്ഠിക്കുക. ലോകത്തില്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകൊള്ളൂ. പക്ഷേ, ഉള്ളാലെ എല്ലാത്തിനും സാക്ഷിയായി നിലകൊള്ളൂ. ഭഗവാന്റെ ചിരിയുടെ അര്‍ത്ഥമിതാണ്. ഈ തത്വമാണ് ലോകത്തിനുള്ള ശ്രീകൃഷ്ണഭഗവാന്റെ സന്ദേശം എന്ന് അമ്മയ്ക്ക് തോന്നുന്നു.
കടപ്പാട്: മാതൃഭൂമി