അമൃതാനന്ദമയീ അമ്മ

‘എന്നും ഓണമായിരുന്നെങ്കില്‍ എന്തു രസമായിരുന്നേനേ’ എന്നു കുട്ടികള്‍ പറയുന്നത് കേള്‍ക്കാറില്ലേ? എന്നും സന്തോഷിച്ച് ആര്‍ത്തുല്ലസ്സിച്ചു നടക്കുവാനാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്. ഇക്കഴിഞ്ഞദിവസങ്ങളില്‍ അമൃതപുരിയില്‍ കുട്ടികളുടെ ഒരു ക്യാമ്പ് നടന്നു. എത്ര ഉത്സാഹഭരിതരായിരുന്നു അവര്‍! അമ്മയോടൊപ്പം പാടുകയും സന്തോഷിക്കുകയും ചെയ്തു, കുട്ടികള്‍.

കുട്ടികള്‍ക്ക് മാത്രമല്ല വലിയവര്‍ക്കും സന്തോഷത്തോടെ ഇരിക്കാന്‍ ആഗ്രഹമുണ്ടല്ലോ? അതിന് ഓണവും വിഷുവുമൊക്കെ ആഘോഷിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം ഇങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിച്ചാല്‍പോരാ. നമ്മുടെ ജീവിതം എല്ലായപോഴും ആഘോഷമാക്കി മാറ്റാന്‍ കഴിയും അതിനുള്ള മാര്‍ഗ്ഗം ഋഷീശ്വരന്മാര്‍ നമുക്ക് കാട്ടിത്തന്നിട്ടുണ്ട്. അതിനു ന‍ാം നമ്മെത്തന്നെ തയ്യാറാക്കണം. മാനസ്സികമായ ആ ഒരുക്കത്തിന്റെ പേരാണ് ആദ്ധ്യാത്മികം.

മഹാബലിയുടെ കാലത്ത് എല്ലാവരും ഒരുപോലെ ആയിരുന്നു. കള്ളവും ചതിയും ഇല്ലായിരുന്നു എന്നാണല്ലോ കഥ. തന്റെ പ്രജകളെ ഒരുപോലെകണ്ട് സ്നേഹിക്കുകയും സേവിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഇത് സാധാരണ മനുഷ്യനു ചെയ്യുവാന്‍ കഴിയുന്ന കാര്യമല്ല. പ്രപഞ്ചം മുഴുവന്‍ ഈശ്വര ചൈതന്യമാണ് എന്നറിഞ്ഞ മഹാപുരുഷനായിരുന്നു മഹാബലി. ശരിയായ ജനാധിപത്യമായിരുന്നു മഹാബലിയുടെ കാലത്ത് ഉണ്ടായിരുന്നത്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കേരളത്തില്‍ ജാതിമതഭേതമില്ലാതെ ഓണം ആഘോഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതിക്ക് മാറ്റം വന്നിരിക്കുന്നു എന്ന് അമ്മയ്ക്ക് തോന്നുന്നു. ഇതിന് പല കാരണങ്ങള്‍ ഉണ്ടാവ‍ാം. എങ്കിലും മനുഷ്യമനസ്സില്‍ സ്വാര്‍ത്ഥതയും വിദ്വേഷവും പ്രതികാരവും നിറഞ്ഞതാണ് പ്രധാനമായ കാരണമെന്ന് അമ്മയ്ക്ക് തോന്നുന്നു.

ഇപ്പോള്‍ കുട്ടികള്‍ക്ക് മാത്രമാണ് പൊന്നോണം. മുന്‍വിധി കുറവായതുകൊണ്ടാണ് അവര്‍ക്ക് ഓണം കൊണ്ടാടാന്‍ കഴിയുന്നത്. കുട്ടികള്‍ നിഷ്കളങ്കരുമാണ്. ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരിലുള്ള അതിര്‍വരമ്പുകള്‍ കാരണം മുതിര്‍ന്നവര്‍ക്ക് ഓണംപോലും ആസ്വദിക്കുവാന്‍ സാധിക്കുന്നില്ല.

രാജ്യങ്ങളും വ്യക്തികളുമെല്ല‍ാം പരസ്പരം ആധിപത്യം സ്ഥാപിക്കുവാനുള്ള പരാക്രമമാണ് ഇന്ന് കാണിക്കുന്നത്. ഇതിനിടെ സ്നേഹത്തിന്റേയും ഐക്യത്തിന്റേയും സന്ദേശം പകരുന്ന ആഘോഷങ്ങള്‍ നമുക്ക് നഷ്ടപ്പെടുന്നു. പുരുഷന്‍ സ്ത്രീയിലും സ്ത്രീ പുരുഷനിലും ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.ഒരു ജാതി മറ്റൊരുജാതിയുടെ മേലിലും ഒരുരാജ്യം മറ്റൊരു രാജ്യത്തിന്റെ മേലും മേല്‍ക്കോയ്മ പുലര്‍ത്താന്‍ ശ്രമിക്കുന്നു. ഇതു ജീവിതത്തിന്റെ സമസ്തമേഘലകളിലും പ്രകടമാവുന്നു. അത്തരം മനസ്സില്‍ സ്നേഹമില്ല. ക്രോധവും വിദ്വേഷവും മാത്രമേഉള്ളൂ. ഇത്തരം വാസനകള്‍ ഭരിക്കുന്ന ലോകത്തില്‍ എല്ലാ ആഘോഷങ്ങളും വെറും ചടങ്ങുകള്‍ ആയിത്തീരും. ഇതുപാടില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. മാനവരാശിയുടെ ഏറ്റവും വലിയ ആവശ്യമാണ് അത്. ഓണമായാലും ക്രിസ്തുമസ്സായാലും നബിദിനമായായലും മതപരമായ ആഘോഷങ്ങളുടെ ആത്മീയ ഭാവവും ആന്തരികാര്‍ത്ഥവും മനസ്സിലാക്കണം. എങ്കില്‍മാത്രമേ സമൂഹത്തിനും മനുഷ്യനും നന്മയുണ്ടാകൂ.

‘കൈയൂക്ക് ഉള്ളവന്‍ കാര്യക്കാരന്‍’ എന്ന ഭാവം മുഴുത്ത അഹന്തയാണ്. ശരീരം മനസ്സ് ബുദ്ധി ഇവയുടെ മാത്രം ശക്തിയില്‍ വിശ്വസിക്കുന്നവരുടെ മുദ്രാവാക്യമാണത്. എന്നാല്‍ ഈശ്വരശക്തി അല്ലെങ്കില്‍ ആത്മിയശക്തിയില്ലെങ്കില്‍ ശരീരത്തിന്റെ പരിമിതിയുടേയും ശുദ്ധചൈതന്യമായ ആത്മാവിന്റെ അപരിമിത ശക്തിയുടേയും സാക്ഷാത്കാരമാണ് മഹാബലിയുടേയും വാമനന്റേയും കഥ സൂചിപ്പിക്കുന്നത്.

വാമനന്‍ മഹാബലിയുടെ ഉള്ളിലാണ് ജനിച്ചത്. വാമനന്റെ രൂപം ചെറുതാണ്. പ്രപഞ്ചശക്തിയും മനുഷ്യനില്‍ കുടികൊള്ളുന്ന ജീവശക്തിയും ഒന്നാണ്. മനുഷ്യനെ ചെറിയ വ്യക്തിയാക്കി മാറ്റുന്നത്. അഹന്തയാണ്. അഹങ്കാരം വെടിഞ്ഞ് ഉള്ളിലുള്ള വിശ്വ ചൈതന്യത്തെ അറിയുന്ന മനുഷ്യന്‍ വിശ്വത്തോളം വളരും. അവന്‍ എല്ലാ പരിമിതികള്‍ക്കും അതീതനാവും. അതുകൊണ്ടാണ് വാമനന്‍ ഒരു ചുവടുകൊണ്ട് ഭൂമിയും മറ്റേ ചുവടുകൊണ്ട് സ്വര്‍ഗ്ഗവും അളന്നു എന്ന് പറയുന്നത്. മൂന്നാമത്തെ ചുവടുവയ്ക്കാന്‍ സ്ഥലം ഇല്ലാതെയായി. ചൈതന്യം സര്‍വ്വത്ര വ്യാപ്തവുമാണ്, എന്നാല്‍ അതീതവുമാണ് എന്നാണ് ഇതിന്റെ അര്‍ത്ഥം. മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തി എന്നാല്‍, മഹാബലി ശരീരത്തിന്റെ പരിമിതികള്‍ക്ക് അതീതനായി എന്നാണ് അര്‍ത്ഥം.ഇതുകൊണ്ടാണ് വാമനന്‍ മഹാബലിയുടെ ഉള്ളിലാണ് ജനിച്ചത് എന്ന് അമ്മ പറഞ്ഞത്.

കടപ്പാട്: മാതൃഭൂമി