അമൃതാനന്ദമയീ അമ്മ
ഈ ലോകത്തെ ഒരു മരുഭൂമിയാക്കി മാറ്റരുത്. സ്നേഹവും കാരുണ്യവും വറ്റിപ്പോകാന്‍ നമ്മള്‍ അനുവദിക്കരുത് അങ്ങനെ സംഭവിച്ചാല്‍ പിന്നെ ഇവിടെ മനുഷ്യരുണ്ടാവില്ല. ഈ ലോകം മനുഷ്യമൃഗങ്ങള്‍ നിറഞ്ഞ കാടാകും. ഇന്നത്തെ സ്ഥിതികാണുമ്പോള്‍ അമ്മയ്ക്ക് തോന്നിപ്പോകുന്നു- ഇവിടെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ ദിനംപ്രതി കുറഞ്ഞുവരുന്നോ എന്ന്.
മനസ്സിലുറങ്ങിക്കിടക്കുന്ന മൃഗീയവാസനകളെ മനുഷ്യന്‍ മനപൂര്‍വ്വം ഉണര്‍ത്തുകയാണോ? അതോ സാഹചര്യങ്ങള്‍ക്കടിമയായി മനുഷ്യന്‍ നിസ്സഹായനാവുകയാണോ? രണ്ടായാലും, മനുഷ്യന്റെ കഴിവില്‍മാത്രം വിശ്വസിക്കുന്നത് അബദ്ധമാണ്.
ഈശ്വരശക്തിയെ മടികൂടാതെ കൂട്ടുപിടിക്കുവാന്‍ നമ്മള്‍ സന്നദ്ധരാകണം. ഈശ്വരശക്തി പുറത്തുള്ള ഒന്നല്ല. നമ്മുടെ ഉള്ളില്‍ത്തന്നെയുള്ള ആ ശക്തിയെ ഉണര്‍ത്തണം.
ആരെങ്കിലും നമുക്കുമേല്‍ അടിച്ചേല്‍പ്പിച്ച സമാധാനമോ അല്ലെങ്കില്‍ മരണശേഷമുള്ള ശാന്തിയോ അല്ല നമുക്കുവേണ്ടത്. എല്ലാ ജനങ്ങളും സ്വന്തം ധര്‍മ്മം അനുഷ്ടിക്കുമ്പോഴാണ് സമൂഹത്തില്‍ സമാധാനം ഉണ്ടാകുന്നത്. പരസ്പരം മനുഷ്യന്‍ മനുഷ്യനെ ആത്മനിഷ്ടമായി കണ്ട് ആദരിക്കണം.
മറ്റേത് കാലഘട്ടത്തേക്കാള്‍ പ്രാര്‍ത്ഥനയ്ക്കും ആത്മീയ സാധനകള്‍ക്കും പ്രാധാന്യം കൂടിയിരിക്കുന്ന കാലമാണ് ഇപ്പോള്‍. ‘ഞാന്‍ മാത്രം പ്രാര്‍ത്ഥിച്ചാല്‍ എന്തുനേടാന്‍കഴിയും’ എന്നു വിചാരിക്കുന്നവര്‍ ഉണ്ടാവാം. അങ്ങനെ ചിന്തിക്കരുത്.
പ്രാര്‍ത്ഥനയിലൂടെ സ്നേഹത്തിന്റെ വിത്ത് നമ്മള്‍ വിതയ്ക്കുന്നു. മരുഭൂമിയില്‍ ഒരു പുഷ്പം വിരിഞ്ഞാല്‍, ഒരു വൃഷം വളര്‍ന്നാല്‍ എത്ര നന്നായിരിക്കും എന്ന് നമ്മള്‍ ഓര്‍മ്മിക്കുക.
പ്രാര്‍ത്ഥന സ്നേഹമാണ്. സ്നേഹത്തിന്റെ ശുദ്ധമായ തരംഗങ്ങളാണ് അതിലൂടെ ലോകമെങ്ങും പരക്കുന്നത്.
ആക്രമികളും ഭീകരവാദികളും യുദ്ധകൊതിയന്മാരുമെല്ലാം സ്നേഹം വറ്റിയവരാണ്. കാരുണ്യം നഷ്ടപ്പെട്ടവരാണ്. കോടിക്കണക്കിന് ഉള്ള ആളുകളുടെ പ്രാര്‍ത്ഥനമൂലം അന്തരീക്ഷത്തില്‍ നിറയുന്ന സ്നേഹവും കാരുണ്യവും അവരുടെ മനസ്സിനെ മാറ്റി മറിക്കും.
ഒറ്റയാന്മാരെയല്ല ലോകത്തിന് വേണ്ടത്. അവര്‍ സ്വാര്‍ത്ഥന്മാരാണ്. കൊല്ലും കൊലവിളിയും മാത്രമേ അവര്‍ക്ക് അറിയൂ. അവരുടെ ഭാഷ അഹങ്കാരത്തിന്റേതാണ്. നമുക്ക് ആവശ്യം ഹൃദയത്തില്‍ സ്നേഹവും കാരുണ്യവും ഉള്ളവരെയാണ്. അങ്ങനെ ഉള്ളവരാണ് സമൂഹത്തിന്റെ ശക്തി. അവരിലൂടെ പരിവര്‍ത്തനം ഉണ്ടാവും.
അമ്മയ്ക്ക് ഒരാഗ്രഹമുണ്ട്. ലോകത്തില്‍ എല്ലാവര്‍ക്കും ഒരു ദിവസമെങ്കിലും ഭയമില്ലാതെ ഉറങ്ങാന്‍ കഴിയണം. എല്ലാവര്‍ക്കും ഒരു ദിവസമെങ്കിലും വയറുനിറച്ച് ഭക്ഷണം ലഭിക്കണം. ആക്രമണമോ ഹിംസയോ കാരണം ആരും ആശുപത്രിയില്‍ എത്താത്ത ഒരു ദിവസമുണ്ടാവണം. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കളിപ്പാട്ടം ഉണ്ടാക്കി വിറ്റാലും ശരി, ഒരു ദിവസമെങ്കിലും നിസ്വാര്‍ത്ഥ സേവനം ചെയ്യണം. അതില്‍ നിന്ന് നേടുന്ന പണം അഭയാര്‍ത്ഥികള്‍ക്ക്, പാവപ്പെട്ടവര്‍ക്ക് നല്കണം. ഈയൊരു സ്ഥിതിയെങ്കിലും കാണാനിടവരട്ടെ എന്ന് അമ്മ പ്രാര്‍ത്ഥിക്കുന്നു.
കടപ്പാട്: മാതൃഭൂമി