അമൃതാനന്ദമയി അമ്മ
നല്ലതു പറഞ്ഞും നല്ലതുപങ്കുവെച്ചുമാണ് നമ്മള്‍ ജീവിതം നയിക്കേണ്ടത്. എന്നാല്‍ മാത്രമേ ജീവിതം ഉത്സവമാകുകയുള്ളൂ. ഇതിന് വിവേകം ആവശ്യമാണ്. ഇന്ന് ആളുകള്‍ സംസാരിക്കുന്നത് വിവേകത്തോടെയല്ല. അന്യോന്യം മനസ്സിലാക്കികൊണ്ടുമല്ല. എന്താണ് സംസാരിക്കുന്നത് എന്നുതന്നെ അറിയുന്നില്ല. അതിനാല്‍, മറ്റുള്ളവരെ ഉള്‍ക്കൊള്ളുവാനോ അവര്‍ക്കു നമ്മെ മനസ്സിലാക്കുവാനോ വഴി തെളിയുന്നില്ല.
നമ്മുടെ ജീവിതത്തില്‍ നന്നായി ആശയവിനിമയം നടത്തുന്നതിന് നാലുകാര്യങ്ങള്‍ ആവശ്യമാണെന്നു പറയാം. എഴുത്ത്, വായന, സംസാരം, ശ്രവണം. ഇതില്‍ ആദ്യത്തെ മൂന്നിനും കുട്ടിക്കാലം മുതല്‍ക്കേ നമുക്ക പരിശീലനം ലഭിക്കുന്നുണ്ട്. പക്ഷേ, ശ്രദ്ധിച്ചുകേള്‍ക്കുവാന്‍ നമുക്ക് പരിശീലനം ലഭിച്ചിട്ടില്ല. അതുകൊണ്ട് വളരെ അധികംപേരും മോശക്കാരായ കേള്‍വിക്കാരാണ് എന്നു പറയാം. ഈശ്വരന്‍ മനുഷ്യന് രണ്ടു ചെവികളും ഒരു വായയും തന്നിട്ടുണ്ട്. എന്താണ് ഇതിനര്‍ത്ഥം? സംസാരിക്കുന്നതിന്റെ ഇരട്ടി നാം കേള്‍ക്കാന്‍ തയ്യാറാകണം. പക്ഷേ, നാം സംസാരിച്ചു കൊണ്ടേയിരിക്കുന്നു.
ഒരിടത്ത് ഒരു വ്യാപാരി ഉണ്ടായിരുന്നു. അയാള്‍ക്ക് എപ്പോഴും ബിസിനസ്സിനെ കുറിച്ചുമാത്രമായിരുന്നു ചിന്ത. ഒരിക്കല്‍ ആശുപത്രിയില്‍ കിടക്കുന്ന ഒരു സുഹൃത്തിനെ അയാള്‍ സന്ദര്‍ശിച്ചു. പതിവുള്ള കുശലം ചോദിച്ചു.
നിങ്ങള്‍ക്ക് എങ്ങനെയുണ്ട്?
സുഹൃത്തുപറഞ്ഞു: “വളരെ മോശമാണ്. ഓരോ ദിവസം കഴിയുന്തോറും എന്റെ സ്ഥിതി വഷളായികൊണ്ടിരിക്കുകയാണ്.”
ചോദ്യം ചോദിച്ചതല്ലാതെ വ്യാപാരി ഉത്തരം ശ്രദ്ധിക്കുന്നില്ലായിരുന്നു. സുഹൃത്ത് സൗഖ്യമാണെന്നു പറഞ്ഞു എന്നു കരുതി അദ്ദേഹം പറഞ്ഞു: “അതു വളരെ നന്നായി, പിന്നെ എന്തൊക്കെ മരുന്നുകളാണ് നിങ്ങള്‍ കഴിക്കുന്നത്?”
സുഹൃത്തിന് നീരസം തോന്നി. അയാള്‍ പറഞ്ഞു: “വിഷം. അതാണ്. ഇപ്പോള്‍ കഴിക്കുന്നത്.”
പിന്നെയും തീരെ ശ്രദ്ധിക്കാതിരുന്ന വ്യാപാരി പറഞ്ഞു: “അതു വളരെ ശക്തിയുള്ള മരുന്നാണ്, അതിരിക്കട്ടെ, ആരാണ് ഡോക്ടര്‍?”
സുഹൃത്തിന് അരിശം സഹിക്കുവാന്‍ കഴിഞ്ഞില്ല. അദ്ദേഹം പറഞ്ഞു: “കാലന്‍, കാലന്‍.”
വ്യാപാരി പറഞ്ഞു: “നല്ല ഡോക്ടറാണ്. നിങ്ങള്‍ വിഷമിക്കേണ്ട”.
ഇതുകേട്ടതും ദേഷ്യം സഹിക്കാനാവാതെ രോഗി തന്റെ മൂക്കിലും മറ്റും ഘടിപ്പിച്ചിരുന്ന ട്യൂബുകള്‍ വലിച്ചെറിഞ്ഞ് ചാടിയെഴുന്നേറ്റു വ്യാപാരിയെ കഴുത്തിന് പിടിച്ചു തള്ളി.
നമ്മള്‍ നല്ല കേള്‍വിക്കാരായില്ലെങ്കില്‍ ഇതുപോലിരിക്കും. കേള്‍ക്കുവാനുള്ള കല നാം അറിഞ്ഞിരിക്കണം. നാം നല്ല കേള്‍വിക്കാര്‍ ആയിത്തീര്‍ന്നാല്‍ അത് ജീവിതത്തില്‍ വലിയൊരു നേട്ടമായിരിക്കും. നമ്മളോട് സംസാരിക്കുന്നവര്‍ക്കെല്ലാം അതുകൊണ്ട് സന്തോഷം അനുഭവപ്പെടുകയും ചെയ്യും. ഓരോ സാഹചര്യത്തിലും ശരിയായി പ്രവര്‍ത്തിക്കുവാനും പല പ്രശ്നങ്ങളേയും ഒഴിവാക്കുവാനും ഇതു സഹായിക്കും.
വിവേക രഹിതമായ സംസാരം പല പ്രശ്നങ്ങള്‍ക്കും കാരണമാകും. മിക്കപ്പോഴും തെറ്റായ സംസാരത്തില്‍ നിന്നാണ് കലഹങ്ങളും വിദ്വേഷങ്ങളും ഉടലെടുക്കുന്നത് എന്നു മക്കള്‍ ഓര്‍മ്മിക്കണം.
കടപ്പാട്: മാതൃഭൂമി