അമൃതാനന്ദമയീ അമ്മ

ദൈവത്തിന്റെ‍ സ്വന്തം നാട് എന്നാണ് നാം കേരളത്തെ വിളിക്കാറുള്ളത്. കേരളം സുന്ദരമാണ്. മലകളും കാടുകളും പുഴകളും എങ്ങും നിറഞ്ഞ പച്ചപ്പുകളും കേരളത്തെ മനോഹരമാക്കുന്നു. എന്നാല്‍ ഇന്ന് നാം നോക്കിനില്‍ക്കേ കേരളത്തിന്റെ‍ സുന്ദരമുഖം വികൃതമായിവരുന്ന കാഴ്ചയാണ് കാണുന്നത്. നമ്മുടെ തെറ്റായ തീരുമാനങ്ങളും തെറ്റായ പ്രവൃത്തികളും ഇന്ന് നമുക്ക് തിക്തഫലങ്ങള്‍ തന്നുകൊണ്ടിരിക്കുന്നു. അനുഭവത്തില്‍നിന്ന് പാഠങ്ങള്‍ പഠിച്ച് ശരിയായ തീരുമാനത്തിലേക്കും ശരിയായ പ്രവൃത്തിയിലേക്കും കേരളീയര്‍ തിരിച്ചുവന്നില്ലെങ്കില്‍ ഭൂമിയിലെ ഈ സ്വര്‍ഗ്ഗം താമസ്സിയതെ നരകമായിത്തീരും.

ഈശ്വരന്‍ സൃഷ്ടിച്ചതാണ് ഗ്രാമങ്ങള്‍, നഗരങ്ങളാവട്ടെ മനുഷ്യനിര്‍മ്മിതവും. എന്നു പറയാറുണ്ട്. ഈശ്വരസൃഷ്ടിയില്‍ എല്ലാറ്റിനും ഒരു ക്രമമുണ്ട്. എല്ലാജീവജാലങ്ങള്‍ക്കും അവരുടേതായ ഒരു സ്ഥാനമുണ്ട്. കാടിനും പുഴയ്ക്കും മലയ്ക്കുമെല്ലാം അവയുടെ സ്ഥാനമുണ്ട്, ധര്‍മ്മമുണ്ട്. ജീവജാലങ്ങള്‍ക്കുള്ള ആഹാരത്തിന് പ്രകൃതി വക കരുതിയിട്ടുണ്ട്.

പ്രകൃതിയിലുണ്ടാകുന്ന മാലിന്യങ്ങള്‍ വീണ്ടും പ്രയോജനമുള്ളതാക്കിമാറ്റാനും അങ്ങനെ പ്രകൃതി സംരക്ഷിക്കുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ പ്രകൃതിയില്‍ തന്നെയുണ്ട്. എന്നാല്‍ മനുഷ്യന്‍ സ്വാര്‍ഥത കാരണം പ്രകൃതി സമ്പത്തുകളില്‍ ക്രമാതീതമായ മാറ്റം സൃഷ്ടിക്കുമ്പോള്‍ പ്രകൃതിയുടെ താളം തെറ്റും. അതിന്റെ‍ ഫലം ജീവജാലങ്ങളും മനുഷ്യനും അനുഭവിക്കുന്നു. ശാസ്ത്രം പുരോഗമിക്കുമ്പോള്‍ നഗരങ്ങളും ഫാക്ടറികളും ഉണ്ടാക്കുന്ന ചില സ്ഥലങ്ങളില്‍ ജനപ്പെരുപ്പം ഉണ്ടാകും. മാലിന്യങ്ങള്‍ കുന്നുകൂടും. എന്നാല്‍ ആ മാലിന്യങ്ങള്‍ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ കണ്ടെത്തുകയും അവ പ്രാവര്‍ത്തികമാക്കുകയും വേണം. അല്ലെങ്കില്‍ പരിസ്ഥിതി വളരെയേറെ മലിനമാകും. രോഗങ്ങള്‍ പടര്‍ന്നു പിടിക്കും. ആശുപത്രികള്‍ നിര്‍മ്മിച്ചതുകൊണ്ടോ പുതിയ ഔഷധങ്ങള്‍ കണ്ടെത്തിയതുകൊണ്ടോ മാത്രം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഇന്ന് സര്‍വ്വത്ര മാലിന്യങ്ങളാണ്. വായുവും വെള്ളവും ആഹാരവസ്തുക്കളും മാലിന്യം നിറഞ്ഞതാണ്. ലാഭത്തിനുവേണ്ടി ചേര്‍ക്കുന്ന മായങ്ങള്‍ നമ്മുടെ ആഹാരവസ്തുക്കളെ വിഷപദാര്‍ത്ഥങ്ങളാക്കി മാറ്റിയിരിക്കുന്നു. കാടുകള്‍ വെട്ടിത്തെളിച്ചിരിക്കുന്നതിനാല്‍ ഭൂമി വരളുന്നു. പുഴകള്‍ നീര്‍ച്ചാലുകളായിത്തീരുന്നു. ചപ്പുചവറുകളും പഴത്തൊലികളും കുപ്പികളും സിഗരറ്റുകുറ്റികളും നഗരങ്ങളുടെ മുഖങ്ങളെ വികൃതമാക്കുന്നു.

നമ്മുടെ തിക്താനുഭവങ്ങളില്‍ നിന്ന് മോചനത്തിനുവേണ്ടിയുളള പ്രയത്നത്തില്‍ ശരിയായ പ്രവൃത്തികളും ശരിയായ തീരുമാനങ്ങളും നമ്മള്‍ സ്വീകരിക്കണം. എല്ലാ തലങ്ങളിലും അവ ഉണ്ടാകണം സര്‍ക്കാരിന്റെ‍ തലത്തില്‍, സംഘടനയുടെ തലത്തില്‍, വ്യക്തികളുടെ തലത്തില്‍ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന് ആവശ്യമാണ്. ശുചിത്വത്തിന്റെ‍ പാഠങ്ങള്‍ ബാല്യത്തില്‍തന്നെ ആരംഭിക്കണം.വീടും പരിസരവും ശുചിയായി സംരക്ഷിക്കുന്ന കുട്ടികള്‍ പരിസ്ഥിതിയേയും സംരക്ഷിക്കും. വിദേശസംസ്കാരത്തെ സംരക്ഷിക്കാന്‍ വെമ്പുന്ന നമ്മുടെ ഇളം തലമുറ വിദേശികളുടെ ശുചിത്വബോധവും അധ്വാനശീലവും അനുകരിക്കുമെങ്കില്‍ അതു വലിയ നേട്ടമായിത്തീരും. വിദ്യാലയങ്ങളുടേയും ആശുപത്രികളുടേയും പരിസരം മലിനമാക്കാതെ നമ്മള്‍ സൂക്ഷിക്കണം. നാടിനെ മലിനവിമുക്തമാക്കുന്നതില്‍ ഭരണകര്‍ത്താക്കളും ജനങ്ങളും ഒരുപോലെ പങ്കാളികളാകണം. അതിന് ബോധവത്കരണത്തിന്റെ‍ ഒരു അന്തരീക്ഷം നാട്ടില്‍ ഉണ്ടാകണം. പത്രങ്ങളും ടി.വിയും മറ്റു മാധ്യമങ്ങളും ഇതിന് പ്രചോദനം നല്കണം. ജലാശയങ്ങളും കാവുകളും സംരക്ഷിക്കുന്നതിന്റെ‍യും വായുവും വെള്ളവും മലിനമാക്കാതെ സൂക്ഷിക്കുന്നതിന്റേയും പ്രാധാന്യം ജനങ്ങള്‍ മനസ്സിലാക്കണം. മലിനീകരണത്തിന്റെ‍ മൂലകാരണം മനുഷ്യന്റെ‍ സ്വാര്‍ത്ഥതയാണ്. താല്കാലിക സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് ഉപരിയായി സമൂഹത്തിന്റേയും ഭാവി തലമുറകളുടേയും താല്പര്യങ്ങള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു വലിയ ദുരന്തമായിരിക്കും നമ്മെ കാത്തിരിക്കുക.

ചെടികളെയും വൃഷങ്ങളേയും കാടുകളേയും പുഴകളേയും എല്ലാം ഈശ്വരരൂപമായിക്ണ്ട് സ്നേഹിക്കുവാനും ആരാധിക്കുവാനും പഠിപ്പിച്ച ഒരു സംസ്കാരമാണ് നമുക്കുള്ളത്. മതവും പ്രായോഗികതയും യുക്തിചിന്തയും സമ്മേളിച്ച ഒരു സംസ്കാരമായിരുന്നു അത്. ഈശ്വരന്‍ ആകാശത്തിനപ്പുറം പ്രപഞ്ചത്തില്‍ ഇരിക്കുന്ന ആളല്ല, അവിടുന്ന് സര്‍വ്വ ചരാചരങ്ങളിലും കുടികൊള്ളുന്നു. പ്രകൃതിയോടും സഹജീവികളോടും ഇണങ്ങിജീവിക്കുന്നതാണ് ഏറ്റവും വലിയ ഈശ്വരപൂജ. മനുഷ്യനും ഈശ്വരനും പ്രകൃതിയും ഒന്നെന്നു പഠിപ്പിച്ച നമ്മുടെ സംസ്കാരത്തിന്റെ‍ മൂല്യങ്ങള്‍ പ്രാണവായുപോലെ ഉള്‍ക്കൊണ്ടാല്‍ നമ്മുടെ സുന്ദരകേരളം ഭൂമിയിലെ സ്വര്‍ഗ്ഗമായിത്തന്നെ നിലനില്‍ക്കും.

കടപ്പാട്: മാതൃഭൂമി