അമൃതാനന്ദമയി അമ്മ
യന്ത്രങ്ങള്‍ വഴി ആശയവിനിമയം നടത്തുന്നതാണല്ലോ ഇപ്പോള്‍ സര്‍വ്വസാധാരാണം. അപ്പോള്‍ വളരെ ദൂരെ ഇരിക്കുന്നവര്‍ പോലും വളരെ അടുത്തിരുന്ന് സംസാരിക്കുന്നതുപോലെ തോന്നും. എന്നാല്‍, ഹൃദയങ്ങള്‍ തമ്മില്‍ ആശയവിനിമയം ഇല്ലാത്തതുകാരണം ഒരുമിച്ചു താമസിക്കുന്നവര്‍പോലും അകലെയാണ് എന്നു തോന്നുന്ന കാലമാണിത്. 2002-ല്‍ ബാര്‍സലോണയില്‍ പാര്‍ലമെന്‍റ് ഓഫ് വേള്‍ഡ്സ് റിലീജിയന്‍സിന്റെ സമാപനദിനത്തില്‍ അമ്മയ്ക്കും പങ്കെടുക്കാന്‍ അവസരമുണ്ടായി. അന്ന് അമ്മ അവിടെകൂടിയിരുന്ന മക്കളോട് പറഞ്ഞു: ഒരു കാര്യം ഞാന്‍ നിങ്ങളോട് പറയാം. എല്ലാവരും സംസാരിക്കുകയും ആരും ഒന്നും ശ്രദ്ധിക്കാതെ ഇരിക്കുകയും പിന്നീട് എല്ലാവരും വിയോജിക്കുകയും ചെയ്യുന്ന സമ്മേളനം ആവരുത് ഇത്.
മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കേണ്ടതും അതു പരിഗണിക്കേണ്ടതും പ്രധാനമാണ്. ലോകത്തില്‍ പലതും കണ്ടെന്നും കേട്ടെന്നും വരും. എന്നാല്‍ അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ അത് അപകടകരമായ അനന്തരഫലങ്ങള്‍ ഉണ്ടാക്കിയേക്കും. അതുകൊണ്ട് അറിയേണ്ടതും അറിയേണ്ടാത്തതും നമ്മള്‍ വിവേകപൂര്‍വ്വം തിരിച്ചറിയണം.
പണ്ട് ഒരാള്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ പതിമൂന്ന്, പതിമൂന്ന്, പതിമൂന്ന് എന്നാരോ ആവര്‍ത്തിച്ച് എണ്ണുന്നത് കേട്ടു. ശബ്ദം വരുന്നത് തൊട്ടടുത്ത മതില്‍ക്കെട്ടിന് അപ്പുറത്തുനിന്നാണ് എന്ന് അയാള്‍ക്ക് മനസ്സിലായി. കാര്യം എന്താണ് എന്ന് അറിയുവാനുള്ള ആകാംക്ഷയോടുകൂടി മതിലിനരികില്‍ച്ചെന്ന് അവിടെക്കണ്ട ദ്വാരത്തിലൂടെ ചെവി അകത്തേക്ക് കടത്തിയതും ഒപ്പം ചെവിക്ക് നല്ലൊരു കടി കിട്ടിയതും ഒന്നിച്ചായിരുന്നു. അയ്യോ എന്ന് നിലവിളിച്ച് അയാള്‍ പിന്നിലേക്ക് മാറി. അപ്പോഴേക്കും അകത്തുനിന്ന് പതിനാല്, പതിനാല് എന്ന് എണ്ണിത്തുടങ്ങിയിരുന്നു. അതൊരു ഭ്രാന്താശുപത്രിയിലെ ചുറ്റുമതിലായിരുന്നു. അവിടേക്കാണ് ചെവി കടത്തി അയാള്‍ കടി ഏറ്റുവാങ്ങിയത്.
നമ്മള്‍ ഇങ്ങനെയാണ്. ഹൃദയങ്ങള്‍ തമ്മില്‍ ആശയവിനിമയം ഇല്ലാതിരിക്കുകയും അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന ശീലം ഉള്ളവരായി തീര്‍ന്നിരിക്കുന്നു. ഇതു മാറണം മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുന്ന ശീലം വളരണം.
എല്ലാ മനുഷ്യരും ഒരുപോലെയല്ലല്ലോ? ഓരോരുത്തര്‍ക്കും ഓരോ മാനസിക ഘടനയാണ്. ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉദ്ഘാടനം ചെയ്ത വേള ഓര്‍മ്മവരുന്നു. ഏതു ചോദ്യം ചോദിച്ചാലും മറുപടി നല്കാന്‍ ശേഷിയുള്ള കമ്പ്യൂട്ടര്‍ ആയിരുന്നു അത്. സയന്‍സ്, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങി സൂര്യനുകീഴിലുള്ള എല്ലാ വിഷയങ്ങളേയും കുറിച്ച് ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചു. നിമിഷങ്ങള്‍ക്കകം ശരിയായ ഉത്തരം സ്ക്രീനില്‍ തെളിഞ്ഞുവരും. അപ്പോഴാണ് ഒരു കൊച്ചുമിടുക്കന്‍ മുന്നോട്ടുവന്ന് ഒരു ചോദ്യം ചോദിച്ചത്. ഹലോ സൂപ്പര്‍ കമ്പ്യൂട്ടര്‍ അവിടുത്തേയ്ക്ക് എങ്ങനെയുണ്ട്? സുഖമാണോ? എന്നായിരുന്നു ആ ചോദ്യം. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കുറച്ചുനേരം പ്രകാശം മിന്നിമറഞ്ഞു. അതിന് യാതൊരു ഉത്തരവും ഇല്ലായിരുന്നു. ലോകത്തിലെ എല്ലാ ഉത്തരവും പറയുന്ന കമ്പ്യൂട്ടറിന് തന്നെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. ഇന്ന് നമ്മളില്‍ ഏറെ ആളുകളുടേയും സ്ഥിതി ഇതാണ്.
ടെലിഫോണ്‍ കേടായാല്‍ ടെലിഫോണ്‍ എക്സേചേഞ്ചില്‍ നിന്ന് ആളുകള്‍ വന്ന് അതുനന്നാക്കും. ഇതുപോലെ മനസ്സിന്റെ തകരാറുകള്‍ ശരിയാക്കാനുള്ളതാണ് ആധ്യാത്മികത. അതു മനസ്സിന്റെ റിമോര്‍ട്ട് കണ്‍ട്രോള്‍ നമ്മുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന തത്വമാണ്.
ജീവിക്കാന്‍ വേണ്ടിയുള്ള വിദ്യാഭ്യാസവും ജീവിതത്തെക്കുറിച്ചുള്ള വിദ്യാഭ്യാസവും രണ്ടും രണ്ടാണ്. ജീവിക്കാന്‍, അതായത് വയറ്റുപിഴപ്പിന് ഡോക്ടറാകണം, എന്‍ജിനീയറാകണം , കോളേജില്‍ പോകണം, പഠിക്കണം. എന്നാല്‍ ജീവിതത്തിലെ വിദ്യാഭ്യാസത്തിന് അധ്യാത്മികത മനസ്സിലാക്കണം. അധ്യാത്മികത എന്നുപറഞ്ഞാല്‍ മനസ്സിന്റേയും ലോകത്തിന്റേയും സ്വഭാവം അറിഞ്ഞു നീങ്ങുക എന്നാണ്. യന്ത്രങ്ങളുടെ ഭാഷ മനസ്സിലാക്കാന്‍ മാത്രം നമ്മള്‍ പഠിച്ചാല്‍പോര. ഹൃദയങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന ഭാഷ മനസ്സിലാക്കണം. അതിന് ആധ്യാത്മിക അടിത്തറ മക്കള്‍ക്ക് ഉണ്ടാവണം. മക്കള്‍ക്ക് നന്മയും സന്തോഷവും ഉണ്ടാവട്ടെ.
കടപ്പാട്: മാതൃഭുമി