അമൃതാനന്ദമയി അമ്മ
പ്രപഞ്ചത്തെ മുഴുവന്‍ ഈശ്വരചൈതന്യമായിക്കണ്ട് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തവരാണ് നമ്മുടെ യഥാര്‍ത്ഥ മതാചാര്യന്മാര്‍. നാനാത്വത്തില്‍ ഏകത്വം ദര്‍ശിച്ചവരാണവര്‍. എന്നാല്‍ ഇന്ന് പലരും അവരുടെ അനുഭവങ്ങള്‍ക്ക് ഇല്ലാത്ത അര്‍ത്ഥവും വ്യാഖ്യാനവും നല്‍കി ദുര്‍ബലമനസ്സുകളെ ചൂഷണം ചെയ്യുന്നുമുണ്ട്.
മതവും ആധ്യാത്മികതയും മനുഷ്യന്റെ ഹൃദയം തുറക്കുവാനും കാരുണ്യത്തോടെ എല്ലാവരേയും കാണുവാനുമുള്ള താക്കോലാണ്. എന്നാല്‍, സ്വാര്‍ത്ഥത അന്ധമാക്കിയ അവന്റെ മനസ്സിനും കണ്ണിനും തിരിച്ചറിവ് നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയം തുറക്കുവാനുള്ള അതേ താക്കോല്‍ കൊണ്ട് ഹൃദയത്തെ അടച്ച് കൂടുതല്‍ അന്ധകാരം സൃഷ്ടിക്കുവാനാണ് പലരും ഇന്ന് തുനിയുന്നത്.
ഒരു സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോയവരില്‍ നാലുപേര്‍ ഒരു ദ്വീപില്‍ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. മരംകോച്ചുന്ന തണുപ്പുള്ള രാത്രി. നാലുപേരുടേയും ഭാണ്ഡത്തില്‍ തീപ്പെട്ടിയും ചെറിയ വിറകുകഷണങ്ങളും ഉണ്ട്. എന്നാല്‍ സ്വന്തം കൈയ്യില്‍ മാത്രമേ വിറകും തീപ്പെട്ടിയും ഉള്ളൂവെന്ന് ഓരോരുത്തരും വിചാരിച്ചു. ആദ്യത്തെയാള്‍ ചിന്തിച്ചു. അവന്റെ കഴുത്തില്‍കിടക്കുന്ന ലോക്കറ്റ് കണ്ടിട്ട് അവന്‍ അന്യമതസ്ഥനാണെന്ന് തോന്നുന്നു. ഞാനെന്തിന് അവന് വേണ്ടി തീ കൂട്ടണം?
രണ്ടാമന്റെ ചിന്ത മറ്റൊന്നായിരുന്നു. ഇവന്‍ എന്റെ ശത്രു രാജ്യക്കാരനാണ്. ഞങ്ങളുമായി എപ്പോഴും യുദ്ധം ചെയ്യുന്നവന്‍. എന്റെ വിറകും തീപ്പെട്ടിയും കൊണ്ട് അവന്‍ തീ കായണ്ട.
മൂന്നാമന്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന മറ്റൊരാളെ നോക്കി വിചാരിച്ചു. ഇവനെ എനിക്കറിയാം. ഇവന്‍ എന്റെ മതത്തിനെതിരെ പ്രചാരം നടത്തുന്നവനാണ്. എന്റെ വിറകും തീയും കൊണ്ട് ഇവന്റെ തണുപ്പകറ്റാന്‍ ഞാന്‍ സമ്മതിക്കില്ല.
നാലാമന്റെ വിചാരം മറ്റൊന്നായിരുന്നു. ദാ അവന്റെ തൊലിയുടെ നിറം കണ്ടില്ലേ? ഈ വര്‍ഗ്ഗത്തിനോട് എനിക്കുവെറുപ്പാണ്. ഞാനിവന് തീകൊടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ല.
അങ്ങനെ ആരും അവരുടെ കൈയ്യിലുണ്ടായിരുന്ന വിറകും തീയും ഉപയോഗിക്കാതെ തണുപ്പില്‍ മരവിച്ചു മരിച്ചുപോയി. യഥാര്‍ത്ഥത്തില്‍ ഇവര്‍ മരിച്ചത് പുറത്തെ തണുപ്പ് കൊണ്ടല്ല. ഇവരുടെ തണുത്തു മരവിച്ച മനോഭാവം കൊണ്ടാണ്. നമ്മള്‍ ഇതുപോലെ ആകുകയാണിപ്പോള്‍ രാജ്യത്തിന്റെയും ജാതിയുടേയും മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരുപറഞ്ഞ് പരസ്പരം കലഹിക്കുന്നു.
കടുത്ത പനി നാട്ടില്‍ എമ്പാടും ഇപ്പോള്‍ പടര്‍ന്നുപിടിച്ചിരിക്കുകയാണ്. പലയിടത്തും രോഗികള്‍ പനികൊണ്ട് മരിക്കുന്നു. രോഗലക്ഷണങ്ങളും പലതാണ്. പലതരം പേരിട്ട് നമ്മള്‍ പനിയെ വിളിക്കുന്നു. ചിക്കുന്‍ ഗുനിയ, ഡെങ്കിപനി, തക്കാളിപ്പനി, തുടങ്ങി പനിയുള്ളവനെ സഹായിക്കുവാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ. മരുന്നു കൊടുത്തു പനി കുറയ്ക്കുവാന്‍ ശ്രമിക്കുക. പനി കുറഞ്ഞാല്‍ പിന്നെ എല്ലാം സാധാരണ ഗതിയിലാവും എന്ന് നമ്മള്‍ അനുഭവത്തിലൂടെ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. സ്വാര്‍ത്ഥത, അത്യാര്‍ത്തി, ദുരാഗ്രഹം തുടങ്ങി കടുത്ത പനികള്‍ പിടിച്ചിരിക്കുകയാണ് മനുഷ്യനിന്ന്.
നമ്മുടെ ഉള്ളിലെ ക്രോധത്തെ കാരുണ്യമായും വിദ്വേഷത്തെ സ്നേഹമായും കാമചിന്തകളെ ദിവ്യചിന്തകളായും അസൂയയെ സഹതാപമായും മാറ്റാന്‍ സഹായിക്കുന്ന ഔഷധമാണ് നമുക്ക് ആവശ്യം. ഇതിനുള്ള മാര്‍ഗ്ഗമാണ് മതവും അധ്യാത്മികതയും പകര്‍ന്നു തരുന്നത്.
വ്യക്തിയില്‍ നിന്നാണ് സമൂഹം ഉണ്ടാകുന്നത്. വ്യക്തിമനസ്സിന്റെ സംഘര്‍ഷമാണ് യുദ്ധമായി പുറത്തുവരുന്നത്. വ്യക്തി മനസ്സില്‍ മാറ്റം വരുമ്പോള്‍ സമൂഹം തനിയെ മാറും. സ്നേഹവും ശാന്തിയും മനസ്സില്‍ വരുത്താന്‍ നമ്മള്‍ ശ്രദ്ധിക്കണം. ഇതിനുള്ള പരിശ്രമം നമ്മുടെ ഉള്ളില്‍ നിന്നുതന്നെ ഉണ്ടാകണം.
യുദ്ധത്തിനുവേണ്ടി നാം കോടികള്‍ ചെലവാക്കുന്നു. എന്തു തീവ്രതയിലും ജാഗ്രതയിലുമാണ് നാം യുദ്ധം നടത്തുന്നത്! ഇതിന്റെ ഒരംശമെങ്കിലും പണവും തീവ്രതയും മനുഷ്യപ്രയത്നവും ലോകശാന്തിക്ക് ഉപയോഗിച്ചുകൂടെ?
രാജ്യസുരക്ഷയ്ക്ക് എല്ലാ രാജ്യങ്ങളും വന്‍ തുകകള്‍ മുടക്കുന്നു. സുരക്ഷ ആവശ്യമാണ്. എന്നാല്‍ ഏറ്റവും വലിയ സുരക്ഷ ഉണ്ടാകുന്നത് ഉന്നതമായ ആത്മീയ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ്. ഉള്ളില്‍ നിന്ന് ആക്രമിക്കുന്ന ശത്രുക്കളെ നേരിടണമെങ്കില്‍ മനുഷ്യമനസ്സില്‍ അന്തര്‍ലീനമായിരിക്കുന്ന ആത്മീയതയെ അതിശക്തമായി ആയുധം കണ്ടെടുത്ത് അതിന്റെ കരുത്തു കൂട്ടണം.
ദാര്യദ്രവും പട്ടിണിയും കൊണ്ട് ദുരിതമനുഭവിക്കുന്ന കോടിക്കണക്കിനാളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. യഥാര്‍ത്ഥത്തില്‍ പട്ടിണിയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. മനുഷ്യന്‍ കൊലയും കൊള്ളയും നടത്തുന്നതും ഭീകരവാദിയാകുന്നതും സ്ത്രീകള്‍ വേശ്യകളാകുന്നതുമെല്ലാം പട്ടിണി കാരണമാണ്. ദാരിദ്ര്യം മനസ്സിനേയും ശരീരത്തിനേയും ദുര്‍ബലമാക്കുന്നു. അത്തരം മനസ്സുകളിലാണ് ഭീകരവാദത്തിന്റെ വിഷം ചിലര്‍ കുത്തിവയ്ക്കുന്നത്. പട്ടിണി ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ സമൂഹത്തിലെ എണ്‍പതുശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്നാണ് അമ്മയ്ക്ക് തോന്നുന്നത്. സ്നേഹവും കാരുണ്യവും കിട്ടാതെ ദാരിദ്ര്യം അനുഭവിക്കുന്നവരെ നമ്മള്‍ നിറഞ്ഞമനസ്സോടെ സേവിക്കുകയും സഹായിക്കുകയും വേണം. ഇതിന് നമ്മുടെ മനസ്സില്‍ സ്നേഹവും കരുണയും വളര്‍ത്തിയെടുക്കണം. അതിനുള്ള ശ്രമം മക്കള്‍ തുടരണം എന്നാണ് അമ്മയുടെ ആഗ്രഹം. കാരുണ്യമുള്ള മനസ്സുകളാണ് സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. എല്ലാ മക്കള്‍ക്കും നന്മവരാന്‍ അമ്മ പ്രാര്‍ത്ഥിക്കുന്നു.
കടപ്പാട്: മാതൃഭുമി