എല്ലാ ഈശ്വരവിശ്വാസികളും ദിവസേനയോ പ്രത്യേക ദിവസങ്ങളിലോ അല്ലെങ്കില്‍ എന്തെങ്കിലും കാര്യസാധ്യത്തിനായോ പ്രാര്‍ത്ഥിക്കാറുണ്ട്. കൂടുതല്‍ ഹിന്ദുക്കളും ദിവസേന വൈകിട്ട് നിലവിലക്ക് കത്തിച്ചു ഈശ്വരനാമം ജപിക്കാറുണ്ട്. അതുപോലെ ക്ഷേത്രങ്ങളില്‍ വഴിപാടുകളും അര്‍ച്ചനകളും നേര്‍ന്ന്, ജീവിതദുഃഖങ്ങളില്‍ നിന്നും നമ്മെ കരകയറ്റി സുഖം പ്രദാനം ചെയ്യാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ചിലര്‍ ശത്രുസംഹാരത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍, മറ്റു ചിലര്‍ ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ട് ഉണ്ടാവരുതേ എന്നു പ്രാര്‍ത്ഥിക്കുന്നു. ചിലര്‍ വിവാഹം നടക്കാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, മറ്റുചിലര്‍ കുട്ടികളുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഏതു ഭാഷയിലാണ് ന‍ാം ചിന്തിക്കുന്നത് അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കുന്നത് എന്നാലോചിക്കൂ. നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത് അല്ലെങ്കില്‍ ‘മനസ്സില്‍’ പ്രാര്‍ത്ഥിക്കുന്നത് മാതൃഭാഷയായ മലയാളത്തില്‍ അല്ലെങ്കില്‍ നമുക്ക് കൂടുതല്‍ വശഗതമായ മറ്റൊരു ഭാഷയില്‍ ആണല്ലോ.

ലോകത്ത് 2500-ഓളം ഭാഷകള്‍, ഇന്ത്യയില്‍ മാത്രം 250-ലേറെ ഭാഷകള്‍ ഉണ്ട് എന്ന് പറയപ്പെടുന്നു. അപ്പോള്‍ ലോകത്തിലെ ഓരോ മനുഷ്യനും വ്യത്യസ്ത ഭാഷകളില്‍ പ്രാര്‍ത്ഥിക്കുന്നത് കേള്‍ക്കാനും മനസ്സിലാക്കാനും ഈശ്വരന്‍ ബുദ്ധിമുട്ടില്ലേ?. മാത്രവുമല്ല, പുതുതായി ഒരു ഭാഷ മനുഷ്യര്‍ ഉണ്ടാക്കിയാല്‍ അതും ഈശ്വരന്‍ പഠിക്കേണ്ടിവരില്ലേ? മലയാളം ഉണ്ടായിട്ടു 500 വര്‍ഷമേ ആയിട്ടുള്ളൂ എന്നു പറയുന്നു. അതായത് 500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈശ്വരന്‍ മലയാളവും പഠിച്ചു എന്നാണോ? ഈശ്വരന്‍ അന്നുതന്നെ മലയാളം പഠിച്ചിരുന്നില്ലെങ്കില്‍ മലയാളികളുടെ പ്രാര്‍ത്ഥനകള്‍ ഈശ്വരന്‍ എങ്ങനെ കേള്‍ക്കാന്‍? “ഈശ്വരന്‍ ഒരിക്കലും മലയാളം മറക്കരുതേ” എന്ന് നമുക്ക് ഈശ്വരനോടുതന്നെ പ്രാര്‍ത്ഥിക്ക‍ാം.

2500-ഓളം ഭാഷകളില്‍ കോടിയിലേറെ മനുഷ്യര്‍ ഒരേസമയം പ്രാര്‍ത്ഥിച്ചാല്‍ ഈശ്വരന്‍ ബുദ്ധിമുട്ടിപ്പോകില്ലേ? ഈശ്വരന് ആയിരം കൈകാലുകളും തലയും ഉണ്ടായിരുന്നാലും, മനസ്സ് ഒന്നല്ലേ കാണൂ? അപ്പോള്‍ പിന്നെ എങ്ങനെ എല്ലാ ഭാഷയിലും പ്രാര്‍ത്ഥിക്കുന്നത് ഒന്നിച്ചു കേട്ടു മനസ്സിലാക്കും? പാവം ഈശ്വരന്‍ എന്നു പറയേണ്ടിവരുന്നു, അല്ലേ?

അതൊക്കെ അങ്ങനെയിരിക്കട്ടെ. ഏതു ഭാഷയില്‍ പ്രാര്‍ത്ഥിച്ചാലും ഈശ്വരന്‍ അതൊക്കെ കേള്‍ക്കുന്നു എന്നൊരു വിശ്വാസം എല്ലാ വിശ്വാസികള്‍ക്കും ഉണ്ടല്ലോ. അതെങ്ങനെയായിരിക്ക‍ാം?

ഒന്നാലോചിച്ചാല്‍, ഈശ്വരന്‍ നമ്മില്‍ തന്നെ ഉണ്ടായിരിക്കുമോ? ന‍ാം ആഗ്രഹിക്കുന്നതും, പ്രവര്‍ത്തിക്കുന്നതും ചിന്തിക്കുന്നതും എല്ല‍ാം ആ ഈശ്വരനിലൂടെ ആയിരിക്കുമോ നിവൃത്തിക്കപ്പെടുന്നത്? അങ്ങനെയാവുമ്പോള്‍ ഏതു ഭാഷയായാലും ഈശ്വരന് ഓരോരുത്തരുടെ മനസ്സിലൂടെ എല്ല‍ാം മനസ്സിലാവുമല്ലോ. അങ്ങനെയാകുമ്പോള്‍ ഈശ്വരനായിട്ട് നമ്മുടെ ഭാഷകള്‍ പഠിക്കുകയും വേണ്ടല്ലോ. അതിനാല്‍ ഈശ്വരന് നമ്മുടെ മനസ്സ് കടംകൊടുത്ത് സഹായിക്ക‍ാം, അല്ലേ?

ന‍ാം ഓരോരുത്തരിലൂടെയാണ് ഈശ്വരന്‍ സര്‍വ്വവും മനസ്സിലാക്കുന്നതെങ്കില്‍, ഈശ്വരന്‍ ക്ഷേത്രങ്ങളില്‍ മാത്രമാണോ ഉള്ളത്? അതോ ഓരോരുത്തരിലും ഉണ്ടോ? മൃഗങ്ങളിലും ഉണ്ടോ? പക്ഷികളിലുമുണ്ടോ ചെടികളിലുമുണ്ടോ?

ഇപ്പോള്‍ ന‍ാം ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് ഈശ്വരനിലൂടെയല്ലേ? എന്നാല്‍ ആ മനസ്സാണോ ഈശ്വരന്‍? അങ്ങനെയാണെങ്കില്‍ ന‍ാം ഗാഢമായി, യാതൊന്നും ഓര്‍മ്മയില്ലാതെ, സ്വപ്നംപോലും ഇല്ലാതെ, ഉറങ്ങുമ്പോള്‍ ഈശ്വരന്‍ എവിടെ പോകുന്നു? ഈശ്വരന്‍ നമ്മുടെ മനസ്സിലാണെങ്കില്‍, മനസ്സിനെക്കാളും ചെറുതാവില്ലേ ഈശ്വരന്‍? അങ്ങനെ ചിന്തിക്കുമ്പോള്‍ മനസ്സ് അല്ലല്ലോ ഈശ്വരന്‍.

പിന്നെ ആരാണീ ഈശ്വരന്‍? ഈശ്വരന്‍ എവിടെയാണ്?