അമൃതാനന്ദമയി അമ്മ

അമ്മയുടെ സ്വന്തം അനുഭവം തന്നെ ഇത്തവണ പറയാം: നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ ചെയ്യാറില്ലായിരുന്നു; പൂജ ചെയ്യാറില്ലായിരുന്നു. ക്ഷേത്രപ്രതിഷ്ഠാകര്‍മ്മങ്ങള്‍ ചെയ്യാനും ക്ഷേത്രത്തില്‍ പൂജ ചെയ്യാനും വേദമന്ത്രങ്ങള്‍ ഉരുവിടാനും സ്ത്രീക്ക് സമൂഹത്തിന്റെ വിലക്കുണ്ടായിരുന്നു. എന്നാല്‍ സ്ത്രീകളെക്കൊണ്ട് ഈ കര്‍മ്മങ്ങളെല്ലാം അമ്മ ചെയ്യിക്കുന്നുണ്ട്. അമ്മയുടെ ആശ്രമത്തിലെ ക്ഷേത്രങ്ങളില്‍ പൂജാരിണികളായി സ്ത്രീകളുണ്ട്. അതുപോലെ ആശ്രമം സ്ഥാപിച്ച ബ്രഹ്മസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠനടത്തിയത് അമ്മയാണ്. തലമുറകളായി പുരുഷന്മാര്‍ മാത്രം നിര്‍വ്വഹിച്ചുവരുന്ന ഇത്തരം ചടങ്ങകള്‍ സ്ത്രീകള്‍ ചെയ്യുന്നതിനോട് ചിലര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. ഒരു മറുപടി മാത്രമേ അവരോട് അമ്മയ്ക്ക് പറയാനുണ്ടായിരുന്നുള്ളു – സ്ത്രീ പുരുഷഭേദങ്ങള്‍ക്കതീതനായ ഈശ്വരനെയാണ് ഞാന്‍ ആരാധിക്കുന്നത് എന്ന്.

ചിലരൊക്കെ എതിര്‍ത്തെങ്കിലും ഭൂരിപക്ഷവും അമ്മ ചെയ്തതിനെ അനുകൂലിക്കുകയാണുണ്ടായത്. ഇതിന് ഒരു കാരണമുണ്ട്. ഇത്തരം വിലക്കുകള്‍ യഥാര്‍ഥത്തില്‍ ഭാരതസംസ്കാരത്തിന്റെ ഭാഗമല്ല. പുരാതനഭാരതത്തില്‍ ഇത്തരം നിയമങ്ങള്‍ ഉണ്ടായിരുന്നില്ല. സ്ത്രീകളെ തങ്ങളുടെ അധീനതയില്‍ വരുത്തുവാനും ചൂഷണം ചെയ്യുവാനും വേണ്ടി ഉയര്‍ന്നസമുദായങ്ങളില്‍പ്പെട്ട പുരുഷപ്രമാണിമാര്‍ ഉണ്ടാക്കിയ നിയമങ്ങളാണിതെന്ന് ഊഹിക്കേണ്ടിവരും.

ഇതില്‍നിന്ന് മക്കള്‍ മനസ്സിലാക്കേണ്ട ഒരുപ്രധാന കാര്യമുണ്ട്. സ്ത്രീ ധീരയാകണം. അവളെ വളരാന്‍ അനുവദിക്കാത്ത സാമൂഹിക നിയമങ്ങളോട് പടപൊരുതാനുള്ള ശക്തി അവളിലുണ്ട് എന്ന് മനസ്സിലാക്കണം. യഥാര്‍ഥശക്തിയും വീര്യവും പുറമേനിന്നു വരില്ല. അത് സ്ത്രീ ഉള്ളില്‍ നിന്നു കണ്ടെത്തണം. ധീരത മനസ്സിന്റെ ഭാവമാണ്, ശരീരത്തിന്റെ ഗുണമല്ല.

സ്ത്രീക്ക് സമൂഹത്തില്‍ ആദരണീയമായ സ്ഥാനം പുരാതനഭാരതം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നമ്മുടെ നാടിന് ശ്രേഷ്ഠമായ ഒരു പാരമ്പര്യവുമുണ്ടായിരുന്നു. പുരാതനഭാരതത്തില്‍ സ്ത്രീയെ വിശേഷിപ്പിച്ചിരുന്ന ചിലനാമങ്ങള്‍ നമുക്ക് പരിശോധിക്കാം.

പതിയെ, ഭര്‍ത്താവിനെ നയിക്കുന്നവള്‍ എന്ന അര്‍ഥത്തില്‍ പത്നി എന്താണ് സ്ത്രീകളെ വിളിക്കുന്നത്. ഭര്‍ത്താവിനോടൊപ്പം ധര്‍മത്തിന്റെ മാര്‍ഗത്തില്‍ ചലിക്കുന്നവള്‍ സഹധര്‍മചാരിണിയായി. നോക്കൂ, ഈ വാക്കുകളെല്ലാം സ്ത്രീയുടെ സ്ഥാനമാണ് സൂചിപ്പിക്കുന്നത്.

ഭാരതത്തില്‍ ഈശ്വരനെ പുരുഷരൂപത്തില്‍ മാത്രമല്ല ആരാധിക്കുന്നത്. അറിവിനും വിദ്യയ്ക്കുമുള്ള ദേവത സരസ്വതിയാണ്. സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവത ലക്ഷ്മിയാണ്. ശക്തിക്കും ധൈര്യത്തിനും ദുര്‍ഗാദേവിയെ ഭാരതത്തില്‍ എല്ലായിടത്തും ആരാധിക്കുന്നു. സ്ത്രീരൂപത്തില്‍ അമ്മയായി, ദേവിയായി, സൃഷ്ടി-സ്ഥിതി-സംഹാരങ്ങള്‍ നിര്‍വഹിക്കുന്നവളായി ഭാരതം സ്ത്രീയെ ആരാധിക്കുന്നു. ഒരോ ശക്തിയെത്തന്നെ സന്താനലബ്ധിക്കു സന്താനലക്ഷ്മിയായും ഭാഗ്യസമ്പാദനത്തിന് ഭാഗ്യലക്ഷ്മിയായും മറ്റും നാനാഭാഗങ്ങളില്‍ ആരാധിക്കുന്നു. സ്ത്രീയെ പെറ്റമ്മയായും ജഗദംബയായും ആരാധിക്കുന്ന മഹത്തായ പാരമ്പര്യം ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണ്. സമസ്ത പ്രകൃതിയെയും മാതാവായിട്ടാണ് നമ്മള്‍ ഭാരതീയര്‍ കാണുന്നത്.

സ്ത്രീക്കു പുരുഷനോടൊപ്പം, ഒരു പക്ഷേ, അതിലും ഉപരിസ്ഥാനം, ഭാരതീയസമൂഹത്തില്‍ ഉണ്ടായിരുന്നു എന്നതിന്റെ ഉദാഹരണങ്ങളാണിതെല്ലാം.

യഥാര്‍ഥ മതങ്ങള്‍ക്ക് സ്ത്രീയെ തള്ളിപ്പറയാനാവില്ല. ഈശ്വരനെ അറിഞ്ഞവര്‍ക്ക് സ്ത്രീപുരുഷന്‍ന്മാരെ ഭേദബുദ്ധിയോടെ കാണാനാവില്ല. അവര്‍ സമദര്‍ശികളായിരിക്കും. സ്ത്രീയെ തരംതാഴ്ത്തിക്കൊണ്ടുള്ള നിയമം എവിടെയെങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കില്‍, അതു പുരുഷന്റെ സ്വാര്‍ഥതയില്‍ വിരിഞ്ഞ നിയമങ്ങളാണ്, ഈശ്വരന്റെ വചനങ്ങളല്ല.

ഇനി മറ്റു മതങ്ങളിലും സംസ്കാരങ്ങളിലും സ്ത്രീയുടെ പദവി പരിശോധിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നതും മറ്റൊന്നല്ല. സ്ത്രീസ്വാതന്ത്യം വളരെക്കുറവുള്ള മതമായിട്ടാണല്ലോ ഇസ്ലാംമതത്തെ പലരും കരുതാറുള്ളത്. എന്നാല്‍, കാരുണ്യം, ദയ, ജ്ഞാനം, ഈശ്വരസത്ത എന്നിവയെ സൂചിപ്പിക്കുന്ന വാക്കുകള്‍ സ്ത്രീത്വവുമായി ബന്ധപ്പെടുത്തിയാണ് ഖുര്‍ ആനില്‍ പ്രയോഗിച്ചിരിക്കുന്നത്.

ക്രിസ്തുവിന് സ്ത്രീയും പുരുഷനും തുല്യമായിരുന്നു. ക്രിസ്തുവിനും കൃഷ്ണനും ബുദ്ധനുമൊക്കെ ജന്മം നല്കാന്‍ ഒരു സ്ത്രീ വേണ്ടിവന്നില്ലേ? പ്രസവവേദനയും പ്രയാസങ്ങളും സഹിച്ച് പ്രവാചകന്മാര്‍ക്കും ഈശ്വരാവതാരങ്ങള്‍ക്കും ജന്മം നല്‍കാന്‍ ഒരു സ്ത്രീയുണ്ടായിരുന്നു, ഒരു അമ്മ ഉണ്ടായിരുന്നു. അതുകൊണ്ട് അമ്മയുടെ യുക്തിചിന്തയില്‍ ഒരു കാര്യം തോന്നുന്നു. ഇങ്ങനെയൊക്കെയുള്ള സ്ത്രീ, പുരുഷന്റെ അടിമയായി ജീവിതകാലം മുഴുവന്‍ കഴിയണമെന്നതില്‍ യുക്തിയില്ലായ്മയും വൈരുദ്ധ്യവുമില്ലേ? ഇതിനെക്കുറിച്ച് സമൂഹം ചിന്തിച്ച് തുടങ്ങണം.

സ്ത്രീയും പുരുഷനും പരസ്പരസഹായികളായിത്തീരണം എന്നാണ് അമ്മയ്ക്ക് പറയാനുള്ളത്. എങ്കില്‍ പ്രകൃതിയുടെ താളലയം നിലനിര്‍ത്താന്‍ കഴിയും. സ്ത്രീയും പുരുഷനും പരസ്പരപൂരകശക്തികളായി മാറുമ്പോഴാണ് അവര്‍ പൂര്‍ണതയെ പ്രാപിക്കുന്നത് എന്നു മക്കള്‍ ഓര്‍മിക്കണം.

കടപ്പാട്: മാതൃഭുമി