അമൃതാനന്ദമയി അമ്മ

സ്വന്തം മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്ന് പല മക്കളും അമ്മയോടു പറയാറുണ്ട്. മനസ്സ് കുരങ്ങിനെപ്പോലെയാണ്. ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കും. മനസ്സിനെ കൂട്ടുപിടിക്കുന്നത് മണ്ടനെ കൂട്ടുപിടിക്കുന്നതുപോലെയാണ്. അത് എപ്പോഴും കുഴപ്പങ്ങള്‍ കാണിച്ചുകൊണ്ടിരിക്കും. നമുക്ക് ഒരിക്കലും സ്വൈരമില്ല. മനസ്സിന്റെ പുറകെ പോകുന്നതിനിടയില്‍ നമ്മുടെ ലക്ഷൃത്തെക്കുറിച്ച് ഓര്‍മയുണ്ടാകണം.​ ഈശ്വര സാക്ഷാത്കാരമാണ് നമ്മുടെ ലക്ഷൃം. വഴിയില്‍ കാണുന്ന കാര്യങ്ങള്‍ നമ്മളെ വ്യതിചലിപ്പിക്കരുത്. മനസ്സില്‍ ദുഷ്ടചിന്തകള്‍ നിറയുന്നതിനെ കുറിച്ച് മക്കള്‍ ഗൗരവം കൊടുകൊടുക്കേണ്ട കാര്യമില്ല.

നമ്മള്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പുറം കാഴ്ചകള്‍ കാണാറില്ലേ? ചിലതു മനോഹരമായ ദൃശ്യങ്ങളായിരിക്കും. എത്ര നല്ല കാഴ്ചകള്‍ ആണെങ്കിലും ബസ്സ് മുന്നോട്ടു പോകുമ്പോള്‍ നമ്മള്‍ അത് മറക്കുന്നു. നമ്മുടെ ലക്ഷൃത്തെക്കുറിച്ച് ഓര്‍മിക്കുന്നു. അതുപോലെ മനസ്സിലൂടെ കടന്നു വരുന്ന ചിന്തകളെയും വാസനകളെയും കാണണം. അപ്പോള്‍ അവ നമ്മെ അധികം ബാധിക്കുകയില്ല.

മനസ്സിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ഒന്ന് ലക്ഷൃത്തിലേക്ക് ഉറ്റുനോക്കുന്നു. സാക്ഷാത്കാരം ആഗ്രഹിക്കുന്നു. മറ്റേത് ബാഹ്യലോകത്തിലേക്ക് നോക്കുന്നു. ഇവ തമ്മില്‍ പിടിവലി ​എന്തായാലും നടക്കും. മനസ്സിലെ ചിന്തകളുമായി ബന്ധിക്കാതെ, അവയ്ക്ക് പ്രാധാന്യം നല്‍കാതെ മുന്നോട്ടുപോയാല്‍ പ്രശ്നമില്ല. പലപ്പോഴും മനസ്സിനെ വഴിയില്‍ വെച്ചിരിക്കുന്ന കണ്ണാടിയോട് ഉപമിക്കാം. വഴിയില്‍ക്കൂടി നായ പോയാലും പൂച്ച പോയാലും ആട് പോയാലും കണ്ണാടിയില്‍ അതെല്ലാം കാണാം .അതുപോലെ കാണുന്നതിലും കേള്‍ക്കുന്നതിലും നമ്മുടെ മനസ്സ് ഭ്രമിച്ചുപോകാം. എന്നാല്‍ കണ്ണാടിയുടെ ഒരു ഗുണം മനസ്സിനില്ല. കണ്ണാടിയില്‍ എല്ലാം തെളിഞ്ഞുകണ്ടാലും ഒന്നും അതിനെ ബാധിക്കില്ല. എല്ലാം അപ്പപ്പോള്‍ മാഞ്ഞുപോകും. അതിന് ഒന്നിനോടും ബന്ധമില്ല. നമ്മുടെ മനസ്സിന് കണ്ണാടിയുടെ ഗുണം ഉണ്ടാവണം. കാണുന്നതും കേള്‍ക്കുന്നതും എല്ലാം വഴിവക്കിലെ ദ‍ൃശ്യം പോലെ നമ്മള്‍ ഉപേക്ഷിക്കണം. ഒന്നിനോടും ആവശ്യത്തിലേറെ കെട്ടുപാടുകള്‍ പാടില്ല. ​ഈ വരികയും പോകുകയും ചെയ്യുന്ന ചിന്തകളെല്ലാം മനസ്സിന്റെ സ്വഭാവമാണ്. ആത്മാവിന് ബാധകമല്ലെന്ന് നമ്മള്‍ അറിയണം. ദൃഢമായി ഉള്‍ക്കൊള്ളണം. ഒരു സാക്ഷിയെപ്പോലെ കഴിയണം.

ഒരു നദിയിലൂടെ വെള്ളം മാത്രമല്ല, പലവസ്തുക്കളും ഒഴുകിവരും. മത്സ്യങ്ങള്‍ നീന്തിത്തുടിക്കും. ഇതെല്ലാം നദിയുടെ സ്വഭാവമാണ്. നദിയിലേക്ക് ചാടി നീന്താതിരുന്നാല്‍, നദീതീരത്തിരുന്ന് നമുക്ക് ഇവയെല്ലാം നോക്കിക്കാണാം, ആനന്ദിക്കാം. എന്നാല്‍ നദിയുടെ കുത്തൊഴുക്കിലേക്ക് നമ്മള്‍ എടുത്തു ചാടിയാല്‍ നമ്മളും ഒഴുക്കില്‍പ്പെട്ട് അപകടത്തിലാകാം, മുങ്ങിമരിച്ചെന്നും വരാം. ഇതുപോലെ മനസ്സിന്റെ ഒഴുക്കില്‍പ്പെടാതെ കഴിയണം.

ദുര്‍ഘടമായ ഒരു വഴിയാണിത്. ലോകസുഖങ്ങളില്‍ ഭ്രമിച്ചവരാണ് നമ്മള്‍ എല്ലാവരും. ഈശ്വരസാധന ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഏറെ പ്രശ്നങ്ങള്‍ ഉണ്ടാവാം. നദിക്ക് കുറുകെയുള്ള നൂല്‍പാലത്തിലൂടെ സഞ്ചരിക്കുന്നതുപോലെയാണ് സാധകന്റെ ആദ്യകാലങ്ങള്‍. ഇത്രയും കാലം ഉപയോഗിക്കാതിരുന്നതിന്നാല്‍ പാലം മുഴുവന്‍ പായല്‍ നിറഞ്ഞിരിക്കുന്നു. താഴെ മോഹങ്ങളുടെ, ദുഷ്ചിന്തകളുടെ നദി പാഞ്ഞൊഴുകുന്നു. പാലത്തില്‍ നല്ലതുപോലെ വഴുക്കലും ഉണ്ട്. ഓരോചുവടും ശ്രദ്ധയോടെ വെക്കണം. ആഗ്രഹങ്ങളും ക്രോധവും അസൂയയുമൊക്കെമനസ്സില്‍ വരുമ്പോള്‍ വേറിട്ട് അവയെ തിരിച്ച് അറിയണം. ലക്ഷൃം മറക്കാതെ മക്കള്‍ ജാഗ്രതയോടെ മുന്നോട്ടു പോകണം. വീണുപോകുവാനുള്ള സാധ്യത കൂടുതലാണ് എന്ന ഓര്‍മ ഉള്ളില്‍ ഉണ്ടാവണം.

ഇനി ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കും അടിപെട്ട് വീണുപോയാല്‍ എല്ലാം തകര്‍ന്നു എന്നു ചിന്തിച്ചു നിരാശപ്പെട്ട് അവിടെ വീണ്കിടക്കരുത്. വീഴ്ചയില്‍ നിന്ന് എഴുന്നേല്‍ക്കണം. വീഴുന്നത് എഴുന്നേല്‍ക്കാന്‍വേണ്ടിയാണ്. വീണ്ടും വീഴാതിരിക്കാന്‍ വേണ്ടിയാണ് എന്നു കരുതണം. ജയവും തോല്‍വിയും ജീവിതത്തിന്റെ സ്വഭാവമാണ്. ഇനിയുള്ള ചുവടുകള്‍ ജാഗ്രതയോടെ മുന്നോട്ടുവെയ്ക്കണം. മഹാത്മക്കളുടെ മാര്‍ഗ്ഗദര്‍ശനം വളരെ പ്രധാനമാണ്. ആധ്യാത്മിക ഗ്രന്ഥങ്ങള്‍ നമുക്ക് വിവേകവും സമാധാനവും പകര്‍ന്നു തരും. ഇതിന്റെ കൂടെ നമ്മുടെ പ്രയത്നം, അതായത് സാധനയും ആവശ്യമാണ്. സാക്ഷാത്കാരത്തിന്റെ തൊട്ടുമുന്‍പത്തെ നിമിഷം വരെ വളരെ ശ്രദ്ധയോടെ നീങ്ങണം

ഈശ്വരസാക്ഷാത്കാരത്തിനുള്ള മക്കളുടെ എല്ലാപ്രയത്നങ്ങളിലും സാധനയിലും അമ്മ കൂടെ ഉണ്ടാവും. മക്കള്‍ വീണാലും പിടഞ്ഞെണീക്കണം. ഏതു വീഴ്ചയെയും ഉയര്‍ച്ചയായി മാറ്റാന്‍ അമ്മ മക്കളോടൊപ്പം ഉണ്ടായിരിക്കും.

കടപ്പാട്: മാതൃഭുമി