അമൃതാനന്ദമയി അമ്മ
എന്താണു പ്രാര്‍ഥിക്കേണ്ടതെന്ന് ഒരുമകള്‍ അമ്മയോട് ഈയിടെ സംശയം ചോദിച്ചു. മക്കള്‍ എന്തൊക്കെയാണ് പ്രാര്‍ഥിക്കുന്നത്? സന്തോഷത്തിന്, സുഖത്തിന്, കൂടുതല്‍ ജീവിതസൗകര്യങ്ങള്‍ക്ക്. ഇവയ്ക്കൊക്കെ വേണ്ടിയാണല്ലോ?
‘ഈശ്വരാ, അയല്‍ പക്കത്തുള്ളവന്റെ കണ്ണുപൊട്ടിക്കണേ, അവന്റെ ജോലി നഷ്ടമാക്കണേ, അവനെ നശിപ്പിക്കണേ’ എന്നും മറ്റും പ്രാര്‍ഥിക്കുന്നവര്‍ ഒരിക്കലും ഈശ്വരവിശ്വാസികള്‍ അല്ല. സ്വാര്‍ഥ ലാഭത്തിനായി ഈശ്വരനെ അവര്‍ ഉപകരണമാക്കുകയാണ് ചെയ്യുന്നത്. ദ്രോഹമനസ്സുള്ളവരുടെ വിശ്വാസം ഭക്തിയില്‍നിന്ന് ഉണ്ടാകുന്നതല്ല.
യഥാര്‍ഥ ഭക്തന്‍ ഈശ്വരാദര്‍ശമറിഞ്ഞ് നീങ്ങുന്നവരാണ്. അന്യന്റെ ദുഃഖത്തില്‍ തന്നെ മറന്നു സഹായിക്കുവാന്‍ ഓടിയെത്തുന്ന ഒരു ഭാവം യഥാര്‍ഥഭക്തനില്‍ ഉണ്ടായിരിക്കും. ശരിയായ ഈശ്വര വിശ്വാസി പ്രക്യതിയെയും മനുഷ്യനെയും ഈശ്വരന്റെ തന്നെ പ്രത്യക്ഷരൂപമായികണ്ട് സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നു. അവന്‍ ആരെയും തന്നില്‍ നിന്ന് ഭിന്നമെന്ന് കാണുന്നില്ല. അന്യന്റെ കുറ്റവും കുറവും കാണാത്ത, മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുവാന്‍ കഴിവുള്ള ഹൃദയത്തില്‍ മാത്രമേ ഈശ്വരനു വസിക്കുവാന്‍ ആവുകയുള്ളൂ.
ഇങ്ങനെ കാരുണ്യമുള്ള ഒരു മസസ്സിനറെ ഉടമയ്ക്ക് ഈശ്വരപ്രീതിക്കായി ജന്തുബലിയും മറ്റും നടത്താനാവില്ല. ഉള്ളിലെ മൃഗീയവാസനകളെയാണ് ഈശ്വരനു ബലിയര്‍പ്പിക്കേണ്ടത്.തന്റെ അഹങ്കാരത്തെയാണ് ഹിംസിക്കേണ്ടത്.
മക്കളെ,ഹിംസ പ്രകൃതിനിയമത്തിന്റെ ഭാഗമാണ്. അതു തീര്‍ത്തും ഒഴിവാക്കാന്‍ പറ്റില്ല. ഭക്ഷണത്തിനായി വേട്ടയാടുന്നത് അധര്‍മ്മമാണെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ആവശ്യത്തില്‍ കവിഞ്ഞ് എന്തുനശിപ്പിക്കുന്നതും ഹിംസയാണ്. പണ്ടൊക്കെ നമ്മള്‍ കഞ്ഞി കുടിക്കാന്‍ പ്ലാവില കോട്ടി ഉപയോഗിക്കുമായിരുന്നു. ഇപ്പോള്‍ സ്പൂണിന്റെ കാലമാണല്ലോ? കഞ്ഞികുടിക്കാന്‍ വേണ്ടി ഒരു പ്ലാവില നുള്ളുന്നത് നമ്മുടെ ആവശ്യം കൊണ്ടാണ്. പക്ഷേ, അതിനായി അഞ്ചാറു പ്ലാവില ഇറുത്തെടുക്കുന്നത് അധര്‍മമാണ്.ഇതുപോലെ ഈശ്വരപൂജയ്ക്കായി നമ്മള്‍ തുളസിയും മറ്റുചെടികളും വളര്‍ത്താറില്ലേ? അങ്ങനെ വളരുന്ന ചെടികളികളില്‍ നിന്ന് ഈശ്വര പൂജയ്ക്കായി പൂവുകള്‍ ഇറുത്തെടുക്കുന്നത് തെറ്റാണെന്ന് പറയുവാന്‍ കഴിയില്ല. തുളസിക്ക് വെള്ളമൊഴിക്കുമ്പോള്‍ ഈശ്വരവിശ്വാസിയായ ഒരുവന്‍ ശ്രീകൃഷ്ണനെത്തന്നെയാണ് പൂജിക്കുന്നത്. അരയാലിനു പ്രദക്ഷിണം വെയ്ക്കുമ്പോഴും പശുവിനു പുല്ലു നല്കുമ്പോഴും അവന്റെ മനസ്സ് ഭഗവാനിലാണ്. കുവളത്തിന് വളമിടുമ്പോള്‍ അത് ശിവന് പ്രീതികരമായിത്തീരുന്നു എന്നാണ് ശിവഭക്തന്‍ കരുതുന്നത്. പ്രകൃതിയിലെ വസ്തുക്കളെ പൂജിക്കുന്നതിലൂടെ നാനാത്വമായ ഈ ലോകത്തില്‍ ഏകസത്ത ദര്‍ശിക്കുവാന്‍ മനുഷ്യനു കഴിവുവരുന്നു.
‘തൊട്ടുതൊഴുന്തു നമസ്ക്കരിക്കുക’ എന്നതാണ് പൂജയെന്ന് പലരും വിചാരിക്കുന്നു. പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും സ്നേഹപൂര്‍വം പരിചരിക്കുന്നതും ശുശ്രുഷിക്കുന്നതും ഈശ്വരപൂജയുടെ ഭാഗമായിരുന്നു. രാവിലെ എഴുന്നേല്‍ക്കുന്നതും കുളത്തില്‍ കുളിച്ചു വന്ന് തുളസിക്കും ആലിനും കൂവളത്തിനും വെള്ളമൊഴിച്ചു പ്രദക്ഷിണം വെയ്ക്കുന്നതും ഓട്ടു വിളക്കില്‍ എണ്ണയൊഴിച്ചു തിരികത്തിച്ച് ഈശ്വരനാമങ്ങള്‍ ജപിക്കുന്നതും ഉദയാഭിമുഖമായിനിന്ന് സൂര്യനമസ്കാരം നടത്തുന്നതും കൊണ്ട് ഈശ്വര പ്രീതി മാത്രമല്ല ലഭിച്ചിരുന്നത്. ഈ പ്രവര്‍ത്തികള്‍ ശരീരത്തിന്റെയും മനസ്സിന്റെയും തമസ്സകറ്റാനും ബുദ്ധിക്ക് ഉണര്‍വ് ഉണ്ടാകാനും ആരോഗ്യം നിലനിര്‍ത്താനും ഉതകിയിരുന്നു. നിത്യാനുഷ്ടാനത്തിന്റെ ഭാഗമായി ആചരിച്ചു പോന്ന ഈ ക്രിയകള്‍ നമ്മുടെ പൂര്‍വ്വികരില്‍ ശ്രദ്ധയും വിവേകബുദ്ധിയും വളര്‍ത്താനുതകി. ഈവക അനുഷ്ടാനങ്ങളിലൂടെ മനുഷ്യന്റെ പിരിമുറുക്കം ഇല്ലാതെയാവുന്നു. ശാന്തിയും സമാധാനവും ഉന്മേഷവും കൈവരുന്നു.
മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ശരിയായബന്ധം വളര്‍ത്താനാണ് സര്‍വ്വമതങ്ങളും പഠിപ്പിക്കുന്നത്. പ്രകൃതിയെ സ്നേഹിക്കാനും പൂജിക്കാനുമാണ് മതാചാരങ്ങള്‍ അനുശാസിക്കുന്നത്, നശിപ്പിക്കാനല്ല.
കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള സന്ധ്യാനാമജപം ഇപ്പോള്‍ എവിടെയാണുള്ളത്? എല്ലാവരും ആ സമയത്ത് ടി.വി.ക്കു മുമ്പിലാണ്. സന്ധ്യാനാമജപം കുടുംബത്തില്‍ ശാന്തിയും ഐക്യവും നിലനിര്‍ത്തിയിരുന്നു. ഔഷധചെടികളില്‍ തട്ടി എത്തുന്ന ഇളം കാറ്റും ഏകാഗ്രതയോടെയുള്ള പ്രാര്‍ഥനയും കീര്‍ത്തനത്തിന്റെ ശ്രുതിയും താളവും സന്ധ്യാനേരത്തെ അന്തരീക്ഷത്തെപ്പോലും ശുദ്ധമാക്കും. ഏതു ജോലിത്തിരക്കിനിടയിലും ഈശ്വരാരാധനയ്ക്ക് സമയം കണ്ടെത്തിയതു കാരണം മനഃസംഘര്‍ഷം ഒഴിവാക്കാനും മനഃശാന്തിയോടെ ഉറങ്ങുവാനും ഏതു സാഹചര്യത്തെയും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കുവാനും നമ്മുടെ പൂര്‍വികര്‍ക്കു കഴിഞ്ഞു.
അതുകൊണ്ട് നമ്മുടെ പ്രാര്‍ഥനകള്‍ മനുഷ്യനന്മയ്ക്കു വേണ്ടി ഉള്ളതാവണം. പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കുന്നതാവണം നമ്മുടെ പ്രാര്‍ഥനയുടെ കരുതല്‍. ഈശ്വരനോടുള്ള ഭയഭക്തി വിവേക പൂര്‍വം കര്‍മ്മം ചെയ്യാന്‍ നമുക്കുള്ള പ്രേരണ ആയിത്തീരട്ടെ എന്നാണ് അമ്മയ്ക്ക് പറയാനുള്ളത്. സ്നേഹത്തിനും നന്മയ്ക്കും സമാധാനത്തിനും വേണ്ടി മക്കള്‍ പ്രാര്‍ഥിക്കണം.
കടപ്പാട്: മാതൃഭുമി