അമൃതാനന്ദമയി അമ്മ
അക്ഷരമാല ശരിക്കു പഠിക്കണമെങ്കില്‍ ‘ഹരിഃശ്രീ’യില്‍ നിന്നു തന്നെ തുടങ്ങണം. വിദ്യാരംഭത്തിന് നാവില്‍ എഴുതി തുടങ്ങുന്നതും ‘ഹരിഃശ്രീ’ തന്നെയാണ്. അല്ലാതെ ശ,ഷ,സ,ഹ എന്നല്ല. അതുകൊണ്ട് ആദ്യം നന്നായാല്‍ മധ്യവും അന്ത്യവും നന്നാവും. എല്ലാകര്‍മ്മങ്ങള്‍ക്കും എല്ലാ പ്രവൃത്തികള്‍ക്കും ഇതു ബാധകമാണ്. തെറ്റായ അടിത്തറയില്‍ നിലയുറപ്പിച്ച് തുടക്കം കുറിക്കുന്നത് കൊണ്ടാണ് സ്ത്രീകള്‍ക്ക് പലതും നഷ്ടമാകാന്‍ ഇടയാകുന്നത്. ഉദാഹരണത്തിന് പുരുഷനോടൊപ്പം സമൂഹത്തിന്റെ എല്ലാ രംഗങ്ങളിലും സ്ത്രീക്ക് സ്ഥാനം വേണം എന്നാണ് നമ്മള്‍ ആവശ്യപ്പെട്ടത്. ഇത് ന്യായമായ ഒരാവശ്യമാണ്. അതിനുവേണ്ടി പ്രയത്നിക്കേണ്ടതും ശരിതന്നെ. എന്നാല്‍ തുടക്കം ശരിയായിരിക്കണം.
പക്ഷേ, ഇന്ന് തുടക്കം തെറ്റി, അതിനെക്കുറിച്ചുള്ള ധാരണയും തെറ്റി എന്നാണ് അമ്മയ്ക്ക് പറയാനുള്ളത്. നമ്മുടെ സ്ത്രീകള്‍ എന്താണു ചെയ്യുന്നത്? ആദ്യം വിട്ട്, അല്ലെങ്കില്‍ തുടക്കം ഉപേക്ഷിച്ച് ഒടുക്കത്തിലേക്ക് ആണ് സ്ത്രീകള്‍ ചാടിപ്പിടിക്കുന്നത്. അതായത് ഹരിഃശ്രീ പഠിക്കാതെ ശ,ഷ,സ,ഹയില്‍ നിന്ന് തുടങ്ങാന്‍ ശ്രമിക്കുന്നതുപോലെ.
പുരുഷന് ചെയ്യാന്‍ കഴിയുന്നതെല്ലാം സ്ത്രീക്കും കഴിയും. ബുദ്ധിശക്തികൊണ്ടും കഴിവുകൊണ്ടും സ്ത്രീ പുരുഷനെക്കാള്‍ താഴെയല്ല. ഏതു കര്‍മ്മരംഗമായാലും സ്ത്രീക്ക് അസാധാരണമായ വിജയം നേടാന്‍ സാധിക്കും. ബഹിരാകാശത്തുവരെ സ്ത്രീകള്‍ ചെന്നെത്തിയല്ലോ? കൊടുമുടികള്‍ കീഴടക്കിയ സംഘത്തിലും സ്ത്രീകള്‍ ഉണ്ടായിരുന്നു. ഇതിനൊക്കെയുള്ള ഇച്ഛാശക്തിയും കര്‍മ്മശേഷിയും സ്ത്രീക്കുമുണ്ട്. ഹൃദയശുദ്ധിയും ബുദ്ധിവൈഭവവും സ്ത്രീക്കുണ്ട്.
ഇതൊക്കെയുണ്ടെങ്കിലും സ്ത്രീയുടെ ഹരിഃശ്രീ, അതായത് അവളുടെ ജീവിതത്തിന്റെ അടിത്തറ എന്താണ്? സ്ത്രീയെ സ്ത്രീയാക്കുന്നത് എന്താണ് അവളുടെ അടിസ്ഥാന ഗുണങ്ങളായ മാതൃത്വം, പ്രേമം, കാരുണ്യം ,ക്ഷമ എന്നിവയാണ്. സ്ത്രീ ഏതുരംഗത്ത് പ്രവര്‍ത്തിച്ചാലും പ്രകൃതി അല്ലെങ്കില്‍ ഈശ്വരന്‍ കനിഞ്ഞുതന്നിരിക്കുന്ന ഈ ഗുണങ്ങള്‍ അവള്‍ മറക്കാന്‍ പാടില്ല. എന്നുമാത്രമല്ല, ഈ ഗുണങ്ങളുടെ അടിത്തറയില്‍ ഉറച്ചു നിന്നുകൊണ്ടായിരിക്കണം സ്ത്രീകള്‍ ഏതുമേഖലയിലും കര്‍മ്മം ചെയ്യേണ്ടത് അവളുടെ ജീവിതത്തിന്റെ ഹരിഃശ്രീ, മാതൃത്വമാണ്.
പുരുഷന്മാരില്‍ സാധാരണയായി കാണാത്ത പലവഴികളും സ്ത്രീകളില്‍ കാണാം. പ്രവൃത്തിയായാലും ചിന്തയായാലും പുരുഷമനസ്സ് പൊതുവെ അതുമായി ഒട്ടിച്ചേര്‍ന്ന് പോകും. ഒഴുകാത്ത വെള്ളക്കെട്ടുപോലെ, ഒഴുകാത്ത ഊര്‍ജ്ജമാണ് പുരുഷന്റേത്. മനസ്സിനെ ഒരു ഭാവത്തില്‍ നിന്ന് വിടര്‍ത്തി മറ്റൊരു ഭാവത്തിലേക്ക് കൊണ്ടുവരാന്‍ പുരുഷന് പ്രയാസമാണ്. ഇതുകൊണ്ടാണ് പല പുരുഷന്മാരുടെയും ഔദ്യോഗിക ജീവിതവും കുടുംബജീവിതവും കെട്ടുപിണഞ്ഞുപോകുന്നത്. രണ്ടും രണ്ടായി കാണാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഔദ്യോഗിക ജീവിതത്തിലെ മുഴുവന്‍ ടെന്‍ഷനും അവര്‍ വീട്ടിനുള്ളിലേക്ക് കൊണ്ടുവരുന്നു. എന്നാല്‍ സ്ത്രീ ഇങ്ങനെയല്ല. ജന്മസിദ്ധമായ കഴിവുകൊണ്ട് അവള്‍ അവരെ രണ്ടായി കാണുന്നു.
ഒഴുകുന്ന നദിപോലെ,ഒഴുകുന്ന ഊര്‍ജ്ജമാണ് സ്ത്രീയുടെത്. അതുകൊണ്ട് പലകാര്യങ്ങളില്‍ വ്യാപൃതയാകാനും ചെയ്യുന്ന കര്‍മ്മങ്ങളിലെല്ലാം ഭംഗിയും പൂര്‍ണതയും കൈവരിക്കുവാനും സ്ത്രീക്ക് സാധിക്കുന്നു. വാത്സല്യമയിയായ അമ്മയാകാനുള്ള കഴിവ് പോലെ തന്നെ ശിക്ഷണവും വിവേഗബുദ്ധിയും പകര്‍ന്ന് അവള്‍ കുട്ടികളെ വളര്‍ത്തുന്നു.
ഒരേ സമയം അമ്മയായും ഭാര്യയായും ഭര്‍ത്താവിന് ആത്മവിശ്വാസം പകര്‍ന്നു സുഹൃത്തായും അവള്‍ ജീവിക്കുന്നു. കുടുംബത്തിന്റെ വഴികാട്ടിയാകാനും സ്ത്രീക്ക് പ്രത്യേക കഴിവുണ്ട്. വലിയ വലിയ ഉദ്യോഗത്തിലിരിക്കുന്ന സ്ത്രീകളെ കണ്ടിട്ടില്ലേ? ഐ.എ.എസ്സും, ഐ.പി.എസ്സും പാസ്സായി കളക്ടറും പോലീസ് മേധാവികളുമായി സ്ത്രീകള്‍ ശോഭിക്കുന്നു. ഇവര്‍ ഉത്തമ കുടുംബിനികളും ആയിരിക്കും. ഗൃഹജീവിതവും ഔദ്യോഗിക ജീവിതവും കൂട്ടിക്കുഴയ്ക്കാതിരിക്കാനും അവള്‍ക്ക് കെല്പുണ്ട്. പുരുഷന്‍ന്മാര്‍ക്ക് ഈകഴിവ് അപൂര്‍വമായേ കാണൂ. ഓഫീസിലെ പ്രശ്നങ്ങള്‍ വീട്ടിലേക്ക് മനസ്സിലേറ്റി കൊണ്ടുവരികയും അത് ഭാര്യയോടും മക്കളോടുമുള്ള പെരുമാറ്റത്തില്‍ പ്രകടമാക്കുന്നതും പലപുരുഷന്മാരുടെയും സ്വഭാവമാണ്. സ്ത്രീകളില്‍ ഈ ദൗര്‍ബല്യങ്ങള്‍ പ്രായേണകുറവാണ്.
പുരുഷന്‍ സാഹജര്യങ്ങളോട് ഉടന്‍ പ്രതികരിക്കുന്നു. അവയെ കാരുണ്യപൂര്‍വം പരിഗണിക്കാന്‍ പുരുഷമനസ്സിന് പ്രയാസമാണ്. എന്നാല്‍, പ്രതികരിക്കാനും സാഹചര്യങ്ങളെ കാരുണ്യ പൂര്‍വം പരിഗണിക്കാനും കഴിയുന്ന മനസ്സാണ് സ്ത്രീയുടേത്. അന്യന്റെ ദുഃഖം വേണ്ടവണ്ണം മനസ്സിലാക്കാനും അതിനോട് കാരുണ്യപൂര്‍വം പ്രതികരിക്കാനും സ്ത്രീക്ക് കഴിയും. അതേ സമയം തന്നെ വെല്ലുവിളികളെ നേരിടുമ്പോള്‍, സന്ദര്‍ഭത്തിനനുസരിച്ചുയര്‍ന്ന് ശക്തിയായി പ്രതികരിക്കാനുള്ള കഴിവും സ്ത്രീക്കാണ്കൂടുതല്‍. എന്തുകൊണ്ടാണ് സ്ത്രീക്ക് ഈ ഗുണങ്ങള്‍ എന്ന് അറിയാമോ?
പ്രതികാരവും പ്രതിഫലനവും സന്തുലനം ചെയ്യാന്‍ സ്ത്രീയെ പ്രാപ്തയാക്കുന്നത് മാതൃത്വത്തിന്റെ ശക്തിയാണ്. ആ ശക്തിയുമായി അവള്‍ എത്രമാത്രം താദാത്മ്യം പ്രാപിക്കുന്നുവോ അത്രമാത്രം ശക്തിയും അവളിലുണരും. അപ്പോഴാണ് സ്ത്രീ ഉണരുന്നത്. അവളുടെ ശബ്ദം ലോകം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. മാതൃത്വത്തിന്റെ ശക്തികൊണ്ട് ലോകത്തില്‍ മാറ്റത്തിന്റെ വിത്തുപാകുവാന്‍ എല്ലാമക്കള്‍ക്കും കഴിയട്ടെ.
കടപ്പാട്: മാതൃഭുമി