അമൃതാനന്ദമയി അമ്മ
നമ്മുടെ പൂര്‍വികരായ ഋഷികളും സന്ന്യാസികളും ഏറെ സമയവും മൗനമായിരുന്നു. സനാതന ധര്‍മ്മത്തിന്റെ സാരഥികളായ അവര്‍ സ്വയം ഒന്നും അവകാശപ്പെട്ടിട്ടില്ല. ആത്മനിഷ്ഠരായിരുന്ന അവര്‍ക്ക് പരമമായ സത്യം പ്രത്യക്ഷമായിരുന്ന അനുഭവമായിരുന്നു. വാക്കുകളിലൂടെ അത് വിവരിക്കുക വിഷമമാണ്. പരിമിതമായ വാക്കുകള്‍ക്കൊണ്ട്, ഭാഷകൊണ്ട് വാക്കുകള്‍ക്കതീതമായ സത്യത്തെക്കുറിച്ച് എങ്ങനെ പറയും? അതുകൊണ്ടാണവര്‍ ഏറെ സമയവും മൗനമായിരുന്നത്.
എങ്കിലും ജ്ഞാനമാകുന്ന ഇരുട്ടില്‍ അലയുന്നവരോടും ഈശ്വര സാക്ഷാല്‍ക്കാരത്തിനു വ്യാകുലപ്പെടുന്നവരോടും അവര്‍ക്ക് കരുണയുണ്ടായിരുന്നു. അതുകൊണ്ട് ഒടുവില്‍ അവര്‍ സംസാരിക്കുക തന്നെ ചെയ്തു പക്ഷേ, പറയുന്നതിനുമുന്‍പ് അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു.
‘സര്‍വേശ്വരാ, എന്റെ വാക്കുകള്‍ മനസ്സില്‍ പ്രതിഷ്ഠിതമാവട്ടെ. എന്റെ മനസ്സ് വാക്കില്‍ പ്രതിഷ്ഠിതമാകട്ടെ.’
നമ്മള്‍ ആരും ഇങ്ങനെ പ്രാര്‍ത്ഥനയോടെ സംസാരിക്കാന്‍ തുടങ്ങാറില്ല. മാത്രമല്ല ജ്ഞാനികളായ ഋഷിമാരും സന്യാസിമാരും പരമാത്മാവിനോട് പ്രാര്‍ഥിച്ചു.’പരമമായ സത്യത്തിന്റെ അനുഭവം ഞാന്‍ വാക്കുകളില്‍ വര്‍ണ്ണിക്കുവാന്‍ ശ്രമിക്കുകയാണ്. എന്റെ അനുഭവം പൂര്‍ണ്ണതയാണ്. അതു വാക്കുകൊണ്ടു വിവരിക്കുവാന്‍ സാധിക്കുകയില്ല. എങ്കിലും ഞാന്‍ ശ്രമിക്കുകയാണ്. ഞാന്‍ സംസാരിക്കുമ്പോള്‍ സത്യത്തിന്റെ പൊരുള്‍ എന്റെ വാക്കുകളില്‍ക്കൂടി പ്രകാശിക്കുവാന്‍ അനുഗ്രഹിക്കേണമേ. എന്റെ വാക്കുകള്‍ എന്റെ അനുഭവത്തിലും എന്റെ അനുഭവം വാക്കുകളിലും പ്രതിഫലിക്കുമാറാകണമേ.’
മക്കള്‍ ഈ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം മനസ്സിലാക്കണം. വാക്കില്‍ സത്യത്തിന്റെ പൊരുള്‍ ഉണ്ടാവണം എന്നാണ് ഋഷികള്‍ പ്രാര്‍ത്ഥിച്ചത്. ഒരു പ്രത്യേക മതവിഭാഗം ഉണ്ടാക്കാനല്ല ഋഷികള്‍ ശ്രമിച്ചത്. അവര്‍ മാനുഷിക മൂല്യങ്ങള്‍ക്കും ആധ്യാത്മിക സത്യങ്ങള്‍ക്കും സ്ഥാനം കൊടുത്തു. അവര്‍ പ്രാര്‍ത്ഥിച്ചത് മുഴുവന്‍ പ്രപഞ്ചത്തിനുവേണ്ടിയാണ്.
‘ഓം ലോകാ സമസ്താ സുഖിനോ ഭവന്തുഃ’ എന്നാണ് അവര്‍ പ്രാര്‍ഥിച്ചത്. മാത്രമല്ല.
ഓം സര്‍വേഷാം സസ്വതിര്‍ ഭവതു
സര്‍വേഷാം ശാന്തിര്‍ ഭവതു
സര്‍വേഷാം പൂര്‍ണം ഭവതു
സര്‍വേഷാം മംഗളം ഭവതു
ഓം ശാന്തി ശാന്തി ശാന്തിഃ’
‘എല്ലാവര്‍ക്കും സ്വസ്തിയും ശാന്തിയും പൂര്‍ണ്ണതയും മംഗളവും ഭവിക്കട്ടെ’ എന്ന ഈ പ്രാര്‍ത്ഥനയാണ് നമ്മളും സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കേണ്ടത്.
പക്ഷേ, എന്താണ് ഇപ്പോള്‍ നമ്മുടെ ചുറ്റും സംഭവിക്കുന്നത്? ഒരിക്കല്‍ ഒരാള്‍ ഒരു സന്യാസിയെ വീട്ടിലേക്ക് ക്ഷണിച്ചു. തന്റെ മരിച്ചു പോയ ഭാര്യയുടെ ആത്മാവിന് മോക്ഷവും ശാന്തിയും കിട്ടുവാന്‍ പ്രാര്‍ത്ഥിക്കുവാന്‍ അപേക്ഷിച്ചു. സന്ന്യാസി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ‘ഈശ്വരാ, എല്ലാവരും സന്തോഷമായിരിക്കണേ, എങ്ങും ദുഃഖമുണ്ടാവാതെ, ലോകത്തിന് മുഴുവന്‍ മംഗളം ഭവിക്കണമേ, എല്ലാവരും പൂര്‍ണതയിലെത്തേണമേ.’
ഇതു കേട്ട ഭര്‍ത്താവ് നിരാശനായി. അയാള്‍ പറഞ്ഞു.’സ്വാമിന്‍, അങ്ങ് എന്റെ ഭാര്യയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ, അങ്ങ് അവളുടെ പേരു ഒരു തവണപോലും ഉച്ചരിച്ചില്ലല്ലോ.’ സന്യാസി പറഞ്ഞു. ‘ക്ഷമിക്കണം, എനിക്ക് ഒരു പ്രത്യേക വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കഴിയില്ല. എന്റെ മതവും എന്റെ ഗുരുവും എല്ലാവര്‍ക്കും വേണ്ടിയും ലോകത്തിനു മുഴുവന്‍ വേണ്ടിയും പ്രാര്‍ത്ഥിക്കുവാനാണ് എന്നെ പഠിപ്പിച്ചത്. ലോകത്തിനൊട്ടാകെ വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ ഓരോ ആള്‍ക്കും ഗുണമുണ്ടാകുകയുള്ളൂ. സമസ്ത ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ നിങ്ങളുടെ ഭാര്യയുടെ ആത്മാവിന് ശാന്തി കൈവരൂ. ഇങ്ങനെയല്ലാതെ മറ്റൊരു രീതിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ എനിക്കറിയില്ല.’ സന്ന്യാസിക്ക് ഈ തത്വത്തില്‍ ഉറച്ചവിശ്വാസം ഉണ്ടായിരുന്നു. ഭര്‍ത്താവിന് സമ്മതിക്കുകയല്ലാതെ തരമില്ലാതായി.
ഇത് പഴയ കഥയാണെങ്കില്‍, ഇന്നത്തെ ഭര്‍ത്താവ് സന്യാസിയോട് എന്തു പറയുമെന്ന് മക്കള്‍ക്കറിയാമോ? ‘നിര്‍ബന്ധമാണെങ്കില്‍ അങ്ങയുടെ ഇഷ്ടം പോലെ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചുകൊള്ളൂ. പക്ഷേ, എന്നോട് അതിര്‍ത്തി തര്‍ക്കം ഉള്ള എന്റെ അയല്‍ക്കാരനെ പ്രാര്‍ത്ഥനയില്‍ നിന്ന് ഒഴിവാക്കിക്കൂടെ?’
മക്കളേ, ഇന്നത്തെ ജനങ്ങളുടെ മനോഭാവം ഇതാണ്. ഹ്യദയം പങ്കിടുവാനുള്ള കഴിവും മനസ്സും നമുക്കിന്ന് നഷ്ടമായിരിക്കുന്നു.
വൃക്ഷത്തിന്റെ ശിഖരത്തില്‍ വെള്ളമൊഴിച്ചാല്‍ വെള്ളം നഷ്ടമാകും. എന്നാല്‍ അതിന്റെ കടയ്ക്കല്‍ വെള്ളം ഒഴിച്ചാല്‍ വേര് ആ ജലം വലിച്ചെടുത്ത് വൃക്ഷത്തിന്റെ ഓരോഭാഗത്തും എത്തിക്കും. അതുപോലെ സമസ്തലോകത്തിനും വേണ്ടി പ്രാര്‍ഥിച്ചാല്‍ എല്ലാവര്‍ക്കും നന്മവരും.
പ്രകൃതിയുടെ ഉദ്ദേശ്യം സകലചരാചാരങ്ങളുടെയും രക്ഷയാണ്. ഇതാണ് നമ്മള്‍ പ്രകൃതിയില്‍ നിന്ന് മനസ്സിലാക്കേണ്ട ആദ്യപാഠം. ജീവിക്കാന്‍വേണ്ടി ഒന്നിനേയും ദ്രോഹിക്കാതെ സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ കണ്ടെത്തണം. സ്വയം ഉയര്‍ച്ചയ്ക്ക് വേണ്ടി മറ്റുള്ളവരെ നശിപ്പിക്കുവാന്‍ നാം തുനിയരുത്. മനുഷ്യരാശിക്ക് ആപത്തുണ്ടാക്കുന്ന ആയുധങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നവര്‍ ലോകത്തിന്റെ പലഭാഗത്തും ഉണ്ട്. സ്വാര്‍ഥമതികളായ അവര്‍ക്ക് മറ്റുള്ളവരുടെ കഷ്ടപ്പാടിനെക്കുറിച്ച് ചിന്തയില്ല.
ക്ഷേത്രങ്ങളിലും പള്ളികളിലും പോയി ആരാധന നടത്തുന്നതുകൊണ്ടുമാത്രം മതവിശ്വാസവും ഭക്തിയും പൂര്‍ണ്ണമാകുന്നില്ല. സര്‍വ ജീവജാലങ്ങളിലും ആത്മാവിനെ, ഈശ്വരനെ ദര്‍ശിക്കുവാന്‍ സാധിക്കണം. അതാണ് യഥാര്‍ഥ ഭക്തി.
കൂടുതല്‍ സമയം മൗനത്തിലും ധ്യാനത്തിലും ഇരുന്ന നമ്മുടെ പൂര്‍വ പരമ്പരകളിലെ ഋഷിമാരും സന്ന്യാസിമാരും ചെയ്തത് അതായിരുന്നു. അതുകൊണ്ട് എന്നും മക്കളുടെ പ്രാര്‍ഥനകളില്‍ ഒരു വാചകം അമ്മ കൂട്ടിചേര്‍ക്കാം. ഇനി മക്കളുടെ ദൈനംദിന പ്രാര്‍ഥനകളില്‍ ഇതും കൂട്ടിചേര്‍ക്കണം.
‘ഓം ലോകാ സമസ്താ സുഖിനോ ഭവന്തുഃ’
ലോകം മുഴുവന്‍ സുഖമായും സന്തോഷമായി കഴിയാനുള്ള പ്രാര്‍ത്ഥനയാണ് ഇത്. ലോകത്തില്‍ സുഖവും സന്തോഷവും ഉണ്ടായാല്‍ മക്കളുടെ മനസ്സിലും സന്തോഷവും സമാധാനവും ഉണ്ടാകും.
കടപ്പാട്: മാതൃഭുമി