അമൃതാനന്ദമയി അമ്മ
ഭാഗ്യമത്സരത്തിന്റെ ടികറ്റ് എടുത്ത ഒരാളുടെ കഥ അമ്മ പറയാം. അയാള്‍ക്ക് ആ ലോട്ടറിയില്‍ ഒന്നാം സമ്മാനം ലഭിച്ചു. ധാരാളം പണം സമ്മാനമായി ഉണ്ടായിരുന്നു. വലിയ പണക്കാരനായ അയാള്‍ സിനിമ നിര്‍മ്മിക്കാന്‍ തുടങ്ങി. മാത്രമല്ല ചിത്രത്തില്‍ നായികയായി അഭിനയിച്ച സുന്ദരിയെ വിവാഹം കഴിക്കുകയും ചെയ്തു. ഒരു ദിവസം അയാളും ഭാര്യയും കൂടി കുതിരപ്പുറത്ത് യാത്ര ചെയ്തു. ഒരു മലയുടെ മുകളിലേക്ക് അയാളും ഭാര്യയും കുതിര സവാരി നടത്തുകയായിരുന്നു. പെട്ടെന്ന് വലിയൊരു കാറ്റടിച്ചു. കാറ്റില്‍പ്പെട്ട് കുതിരയും അതിലുള്ള യാത്രക്കാരും താഴെയുള്ള വന്‍ കുഴിയിലേക്ക് വീണു. ആ വീഴ്ചയില്‍ അയാള്‍ക്ക് ഭാര്യയു കുതിരയും എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു. ഒരു മരച്ചില്ലയില്‍ പിടിക്കിട്ടിയതുകൊണ്ട് അയാള്‍ രക്ഷപ്പെട്ടു. മരക്കൊമ്പില്‍ നിന്ന് ശ്രദ്ധിച്ച് ഒരു തരത്തില്‍ താഴേയ്ക്ക് ചാടി. കണ്ണടച്ച് താഴേക്ക് ചാടിയ അയാള്‍ കണ്ണു തുറന്നപ്പോള്‍ കുതിരയെയോ ഭാര്യയെയോ കോടിക്കണക്കിനുള്ള സ്വത്തോ കാണാനില്ലായിരുന്നു. സ്വന്തം കുടിലിന്റെ മണ്ണുമെഴുകിയ ചുമരും കൂരയും മാത്രം കാണാനുണ്ട്. രണ്ടു ദിവസത്തെ പട്ടിണി മൂലം അയാള്‍ ക്ഷീണിച്ച് അയാള്‍ കട്ടിലില്‍ വന്നു കിടന്നു പോയതാണ്. തളര്‍ച്ച മൂലം പെട്ടെന്ന് മയങ്ങി. താന്‍ കണ്ടതെല്ലാം പകലുറക്കത്തില്‍ കണ്ട കിനാവുകളായിരുന്നു എന്ന് അയാള്‍ക്ക് മനസ്സിലായി. ഭാര്യയും കുതിരയും സമ്പത്തും നഷ്ടപ്പെട്ടതില്‍ അയാള്‍ക്ക് വിഷമം തോന്നിയില്ല. കാരണം, അതെല്ലാം വെറും സ്വപ്നമായിരുന്നു. സ്വപ്നം കണ്ടു കൊണ്ടിരിക്കുമ്പോള്‍ തികച്ചും യാഥാര്‍ഥ്യമായിരുന്നു അതെല്ലാം.
ഇതുപോലെ തന്നെയാണ് മായ-ശാശ്വതമായ ശാന്തിതരാന്‍ കഴിവില്ലാത്തതാണ് മായ-ഇന്ദ്രിയങ്ങളെക്കൊണ്ട് ഗ്രഹിക്കുന്ന ഭൗതികവസ്തുക്കള്‍ക്കൊന്നും നമുക്ക് ശാന്തി തരാന്‍ കഴിയില്ല. അതില്‍ നിന്ന് ദുഃഖവും ഉണ്ടാവും. സത്യത്തില്‍ അവയെല്ലാം സ്വപ്നം പോലെ ഇല്ലാത്തതാണ്. സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നാല്‍ മാത്രമേ യാഥാര്‍ഥ്യം എന്തെന്നറിയാന്‍ കഴിയൂ.
ശ്മശാനത്തിനടുത്തു താമസിക്കുന്നവര്‍ക്ക് അവിടെ താമസിക്കാനോ അതു വഴി നടക്കാനോ യാതൊരു ഭയവുമില്ല. ശവം ദഹിപ്പിക്കുന്ന ഒരു സ്ഥലം എന്നതില്‍ക്കവിഞ്ഞ് അവര്‍ യാതൊന്നും ചിന്തിക്കുന്നില്ല. എന്നാല്‍ ദൂരെ നിന്ന് വന്ന് ആ വഴിയെ പോകുന്നവര്‍ക്ക് ആകെ പേടിയാണ്. അവര്‍ക്ക് പിശാചിന്റെ വാസസ്ഥലമാണ് അത്. അതിലെ, രാത്രി ഒറ്റക്ക് നടന്ന് പോകുമ്പോള്‍ കാലൊന്ന് തട്ടിയാല്‍ മതി, ഓല അനങ്ങുന്നത് കണ്ടാല്‍ മതി, ഭയന്നു താഴെ വീഴും. എന്ത് കണ്ടാലും അവര്‍ക്കത് പിശാചാണ്, പ്രേതമാണ്, ഭൂതമാണ്!
ഇതുപോലെ ഇന്ന് ഓരോവസ്തുവിലും തെറ്റായ ആരോപം മൂലം നാം നശിച്ചുകൊണ്ടിരിക്കുകയാണ്. കാലില്‍ ഒരു മുള്ള് കൊണ്ടാല്‍, പാമ്പ് കടിച്ചതാണ് എന്നുകരുതി അലറി വിളിക്കുന്നവരെ കണ്ടിട്ടില്ലേ? പാമ്പു കടിച്ചാല്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ പോലും അവര്‍ കാണിക്കും. വിഷവൈദ്യന്‍ വന്ന് പാമ്പുകടിച്ചിട്ടില്ല എന്നു പറയുന്നതുവരെ അവര്‍ വിഷബാധയേറ്റതുപോലെ ഭയന്നിരിക്കും. അമ്മയ്ക്ക് ഇതുപോലെ അനുഭവമുള്ള പലരെയും അറിയാം.
ഇല്ലാത്തതിനെപ്പറ്റി ചിന്തിച്ചു തളരുന്നു. ശരി കാണാനുള്ള കവില്ലാത്തതുകൊണ്ട് നമ്മുടെ ഇന്നത്തെ ജീവിതവും ഇതുപോലെ മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഭൗതിക വസ്തുക്കളുമായി ഇത്രയേറെ കെട്ടുപാട് ഉണ്ടാവരുതെന്ന് അമ്മ പറയുന്നത്. അവയോടുള്ള കൂടുതല്‍ ബന്ധം ദുഃഖം മാത്രമേ സമ്മാനിക്കൂ. അക്കാരണത്താലാണ് ഇത് മായയാണന്ന് പറയുന്നത്. എന്നാല്‍ എല്ലാറ്റിലും ചൈതന്യവുമായി ദര്‍ശിച്ചാല്‍ ദുഃഖിക്കേണ്ടതില്ല.
പ്രപഞ്ചം മായയാണ് ഇന്ന് നമ്മുടെ ഋഷിശ്രേഷ്ഠന്മാര് പറഞ്ഞിരുന്നു. കാരണം ഇതില്‍പ്പെട്ടു പോകുന്നവര്‍ക്ക് ദുഃഖവും പ്രതിബന്ധങ്ങളും മാത്രമേ ഉണ്ടാകാറുള്ളൂ. നിത്യാനിത്യങ്ങളെ വിവേചിച്ചറിയുമ്പോള്‍ അനിത്യമായ ഇത് മായയാണെന്നു ബോദ്ധ്യപ്പെടും. പ്രപഞ്ചം മായയാണെങ്കിലും അതിലെ നന്മ മാത്രം ഉള്‍ക്കെണ്ടു ജീവിച്ചാല്‍ അത് നമ്മെ ബന്ധിക്കില്ല. വയല്‍ വരമ്പിലൂടെ നടന്ന് പോകുമ്പോള്‍ കാല് വഴുതി ചെളിയില്‍ വീണു. കാലില്‍ മുഴുവന്‍ ചെളിയായി. നമുക്കത് അഴുക്കായിതോന്നും. എന്നാല്‍ അതുവഴിവന്ന ഒരു കുലാലന് ആ ചെളിയുടെ പ്രയോജനത്തെപ്പറ്റി ചിന്ത വരും. ആ ചെളിനല്ലതാണെന്ന് മനസ്സിലാക്കിയ അയാള്‍ അതുകൊണ്ട് കുടവും പാത്രങ്ങളും നിര്‍മിക്കും. കുലാലന് ആ ചെളി അഴുക്കായി തോന്നിയില്ല. തീ ഉപയോഗിച്ച് ആഹാരം പാകം ചെയ്യാം. പുരയും കത്തിക്കാം സൂചികൊണ്ട് തയ്ക്കുകയും കണ്ണു കുത്തിപൊട്ടിക്കുകയും ചെയ്യാം. ഡോക്ടര്‍ക്കു കത്തി രോഗിയെ രക്ഷിക്കാനുള്ള ഉപകരണമാണ്. കൊലയാളിയുടെ കൈയ്യില്‍ അത് മാരകായുധമാണ്. അതിനാല്‍ എല്ലാം മായയാണെന്നു പറഞ്ഞു തള്ളാതെ ഏതൊരു വസ്തുവിന്റെയും യഥാര്‍ത്ഥ തത്വം മനസ്സിലാക്കി അതു ജീവിതത്തില്‍ പ്രയോഗിക്കുക. ചീത്തവശത്തെ ഉപയോഗിക്കുക. ഋഷിശ്വരന്മാര് പ്രപഞ്ചവസ്തുക്കളില്‍ നന്മ ദര്‍ശിച്ചവരാണ്. മായയെ അറിഞ്ഞവര്‍ ലോകത്തെ രക്ഷിക്കുന്നു. അവര്‍ ഒരിക്കലും മായയ്ക്ക് അധീനരാവുന്നില്ല. എന്നാല്‍ മായയെ മനസ്സിലാക്കാത്തവര്‍ സ്വയം നശിക്കുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് ഭാരമാവുകയും ചെയ്യുന്നു.
എല്ലാറ്റിന്റെയും നല്ലവശം സ്വീകരിച്ച് മുന്നോട്ട് പോകുന്ന മക്കള്‍ മുന്നേറും. ‘ഞാന്‍'(അഹങ്കാരം)ഉള്ളിടത്തോളം കാലം മാത്രമേ ഈ മായയുള്ളൂ എന്ന് മക്കള്‍ ഓര്‍മ്മിക്കണം. ‘ഞാന്‍’ ഇല്ലെങ്കില്‍ പ്രപഞ്ചവുമില്ല, ഈ മായയുമില്ല സൂര്യന് മലയ്ക്ക് മുകളില്‍ എത്തിയാല്‍ പിന്നെ നിഴലുണ്ടാവില്ല.ജ്ഞാനം പൂര്‍ണ്ണമല്ലാത്തതുകൊണ്ടാണ് മായയുണ്ടെന്ന് തോന്നുന്നത്. ജ്ഞാനോദയത്തിനു ശേഷം ഉണ്മ മാത്രമേ കാണൂ.
കടപ്പാട്: മാതൃഭുമി