അമൃതാനന്ദമയി അമ്മ

നമ്മുടെ ചുറ്റും സുഖം തേടി പായുന്നവരെയാണ് കാണുന്നത്. സുഖമായി ജീവിക്കാന്‍ വേണ്ടി പരക്കം പായുന്നവര്‍. ഇതിനിടെ എല്ലാവര്‍ക്കും സ്വന്തം സുഖമാണ് വലുത്. അതില്‍ക്കവിഞ്ഞ് അവര്‍ ആരെയും സ്നേഹിക്കുന്നില്ല. പക്ഷേ എല്ലാവരോടും സ്നേഹമാണന്ന് ഉറക്കെ വിളിച്ചു പറയുന്നു.

അമേരിക്കയില്‍ വെച്ച് ഒരു മോന്‍ അമ്മയുടെ അടുത്തുവന്ന് സ്വന്തം കഥ പറഞ്ഞു. ആ മോന്റെ ഭാര്യ മരിച്ചിട്ട് അധികദിവസം കഴിഞ്ഞില്ല. അദ്ദേഹത്തിന് ഭാര്യ എന്നുവെച്ചാല്‍ ജീവനായിരുന്നു. ഭാര്യ കൂടെയില്ലെങ്കില്‍ കുത്തിയിരുന്ന് നേരം വെളുപ്പിക്കും. ഭാര്യ ആഹാരം കഴിക്കാതെ അദ്ദേഹവും ആഹാരം കഴിക്കില്ല. ഭാര്യ എവിടെ എങ്കിലും പോയാല്‍ മടങ്ങി വരുന്നതുവരെ കാത്തിരിക്കും അത്ര സ്നേഹമായിരുന്നു. ഭാര്യയ്ക്ക് പെട്ടെന്ന് ഒരസുഖം പിടിപെട്ടു. ഒരാഴ്ച ആസ്പത്രിയില്‍ കിടന്നു, മരിക്കുകയും ചെയ്തു. ശവം അടക്കുന്നതിനായി സെമിത്തേരിയില്‍ കൊണ്ടുപോയി. രാത്രിയില്‍ മരിച്ച ഭാര്യയുടെ ശവവുമായി സെമിത്തേരിയില്‍ എത്തിയത് പിറ്റേ ദിവസം രാവിലെയാണ്. സുഹൃത്തുക്കളും ബന്ധുക്കളുമായി ധാരാളം ആളുകള്‍ ശവസംസ്കാരത്തിന് എത്തിച്ചേര്‍ന്നിരുന്നു. അവരെല്ലാം കണ്ട് ആദരവ് അര്‍പ്പിച്ചതിനു ശേഷമേ ശവം മറവു ചെയ്യൂ. ഭര്‍ത്താവിന് വിശപ്പ് സഹിക്കാനും വയ്യ.

‘എത്രയും പെട്ടെന്ന് ശവം അടക്കിയെങ്കില്‍, ശവം അടക്കിയെങ്കില്‍’-ആ മോന്‍സ്വയം പറഞ്ഞു. അതുകഴിഞ്ഞാല്‍ എന്തെങ്കിലും കഴിക്കാമല്ലോ? പിന്നെയും ഒന്നു രണ്ടു മണിക്കൂര്‍ കാത്തുനിന്നു. ശവം ഉടനെയൊന്നും അടക്കുന്ന ലക്ഷണം കണ്ടില്ല. വിശപ്പ് ഒട്ടും അടക്കാന്‍ വയ്യ. അദ്ദേഹം അടുത്ത കടയില്‍ നിന്നും ആഹാരം വരുത്തി കഴിച്ചു. ഈ സംഭവത്തെക്കുറിച്ച് വളരെ വ്യത്യാസത്തോടെയാണ് ആ മോന്‍ പറഞ്ഞത്.’അമ്മേ, എന്റെ ജീവന്‍ കൂടി ഭാര്യയ്ക്കു സമര്‍പ്പിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ വിശപ്പിനു മുന്‍പില്‍ ഞാനെല്ലാം മറന്നു.’ ഈ സംഭവം നടന്നത് അമേരിക്കയിലാണ്.

നമ്മുടെ നാട്ടില്‍ നടന്നതു കേള്‍ക്കണ്ടേ? അവിടെ ആശ്രമത്തില്‍ വന്ന ഒരുമോള്‍ പറഞ്ഞതാണ്. അവരുടെ ഭര്‍ത്താവ് സൈക്കിളില്‍ പോയപ്പോള്‍ വണ്ടിയിടിച്ച് മരിച്ചു. അയാളുടെ രണ്ടാം ഭാര്യയാണ് ഇവര്‍. ആദ്യഭാര്യ മരിച്ചു. അതില്‍ രണ്ടുമൂന്ന് കുട്ടികളുമുണ്ട്. ഭര്‍ത്താവ് മരിച്ചു എന്നുകേട്ടപ്പോള്‍ ഇവര്‍ ശവം കാണുവാനോ, കൊണ്ടു വരാനോപോയില്ല. ആ നാട്ടിലെ സേവനമനസ്കരായ ചെറുപ്പക്കാര്‍ ശവം വീട്ടിലെത്തിക്കാന്‍ ഉത്സാഹിച്ചു. അപ്പോള്‍ ഈ രണ്ടാംഭാര്യ, അപ്പോള്‍ ഭര്‍ത്താവിന്റെ അലമാരയുടെ താക്കോല്‍ എടുക്കാന്‍ ഓടി. താക്കോല്‍ എടുക്കാന്‍ ഓടിയപ്പോഴെക്കും ശവവുമായി ആളുകള്‍ വീട്ടിലെത്തിക്കഴിഞ്ഞിരുന്നു. അപ്പോള്‍ ആദ്യ ഭാര്യയിലെ മക്കളും അവിടെ എത്തി. അച്ഛന്‍ മരിച്ചു എന്ന് കേട്ടുവന്ന അവരും തിരിഞ്ഞത് അലമാരയുടെ താക്കോലിനായിരുന്നു. രണ്ടാനമ്മ എടുക്കുന്നതിന് മുന്‍പ് അത് സ്വന്തമാക്കണം. അല്ലെങ്കില്‍ അച്ഛന്റെ പണം മുഴുവന്‍ അവര്‍ സ്വന്തമാക്കില്ലേ? പക്ഷേ, മക്കള്‍ എത്താന്‍ അല്പം വൈകി. രണ്ടാം ഭാര്യ അത് വേണ്ട സ്ഥാനത്തേക്ക് മാറ്റി. ഇത്രയും ലാളിച്ചു വളര്‍ത്തിയ മക്കളുടെ സ്നേഹമെവിടെ? തന്നെ ജീവനെക്കാളുപരി സ്നേഹിക്കുന്നെന്ന് പറഞ്ഞ ഭാര്യയുടെ സ്നേഹമെവിടെ? എല്ലാവരുടെയും ദൃഷ്ടി സ്വത്തില്‍ മാത്രമായിരുന്നു.

മക്കളെ, ഇതാണ് ലോകം. എല്ലാവരും അവരുടെ തൃപ്തിക്കുവേണ്ടി സ്നേഹിക്കുന്നു. അവരുടെ സ്വാര്‍ഥതയ്ക്കുവേണ്ടി സ്നേഹിക്കുന്നു. ഭാര്യ അന്യപുരുഷനോട് സംസാരിക്കുന്നത് കണ്ടാല്‍ ചിലര്‍ക്ക് ഭാര്യയെ കൊല്ലാനുള്ള വാശിയാണ്. അച്ഛന്‍ രോഗശയ്യയില്‍ കിടക്കുമ്പോള്‍ മകന് സ്വത്ത് വീതം വെക്കുവാനുള്ള ധൃതിയാണ്. ഭാഗം വെയ്ക്കുമ്പോള്‍ വലിയ ഒരു പറമ്പ് കിട്ടിക്കഴിഞ്ഞാല്‍ അച്ഛന്റെ കഥ കഴിക്കാനും മടിയില്ല.

അമ്മ പറയുന്നതു കേട്ട് മക്കള്‍ വിഷമിക്കരുത്. ലോകം ഇങ്ങനെയാണ് എന്ന് കരുതുക. യാതൊരു കര്‍മ്മവും ചെയ്യാതെ ഇരിക്കണം എന്നല്ല.

ഭാര്യയും ഭര്‍ത്താവും മക്കളുമെല്ലാം എക്കാലത്തും എനിക്ക് കൂട്ടായിരിക്കും. മരിച്ചുചെന്നാലും കൂടെയുണ്ടാകും മറ്റുമുള്ള പ്രതീക്ഷകള്‍ പാടില്ല. ഓരോരുത്തര്‍ക്കും ഓരോ ധര്‍മം ഉണ്ട്. സ്വന്തം ധര്‍മം എന്താണന്നറിഞ്ഞ് അതനുസരിച്ച് ജീവിക്കുവാന്‍ പഠിക്കുക. ഭാര്യയ്ക്ക് ഭാര്യയുടെ ധര്‍മ്മം,പുത്രന് പുത്രന്റെ ധര്‍മം…

പ്രതീക്ഷവെക്കാതെ കര്‍മം ചെയ്യുക. സ്നേഹമോ സമ്പത്തോ പദവിയോ ഒന്നും പ്രതീക്ഷിക്കരുത്. കര്‍മം ചെയ്യന്നത് നമ്മുടെ അന്തഃകരണ ശുദ്ധിക്ക് വേണ്ടിയാവണം. ബന്ധം ആധ്യാത്മികത്തോട് ആയിരിക്കണം. അതിലേ ആനന്ദമുള്ളൂ. മറ്റുള്ളവരില്‍ പ്രതീക്ഷവെച്ച് കര്‍മം ചെയ്താല്‍ ദുഃഖം മാത്രമേ കുട്ടായി വരികയുള്ളൂ. മറിച്ച് തത്വം അനുസരിച്ച് ജീവിച്ചാല്‍ ഭൂമിയിലും സ്വര്‍ഗ്ഗം, മരിച്ചാലും സ്വര്‍ഗ്ഗം. ലോകത്തിനും ഗുണം, നമുക്കും ഗുണം.

കടപ്പാട്: മാതൃഭുമി