അമൃതാനന്ദമയി അമ്മ
വലിയ പരീക്ഷ പാസ്സായി വലിയ ജോലി നേടിയ പലരും നമുക്കു ചുറ്റുമുണ്ട്. അതുപോലെ വ്യവസായരംഗത്തും കച്ചവടരംഗത്തും മുന്നേറുന്ന പലരേയും നമ്മള്‍ കാണാറുണ്ട്. ഭൗതിക നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതില്‍ മുന്നിലുള്ള ഇവരെ കാണുമ്പേള്‍ ആരും പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ആധ്യാത്മികജീവിതത്തില്‍ മുന്നേറാനുള്ള ശ്രമം ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ടോ? അതിനുവേണ്ടി ശ്രമിക്കുമ്പോള്‍ ആദ്യം ഉയരുന്ന ഒരു ചോദ്യം ഉണ്ട്. ആധ്യാത്മിക ജീവിതത്തില്‍ മുന്നേറാന്‍ ആദ്യമായി എന്താണ് വേണ്ടത്?
ഒരു പുഷ്പം മൊട്ടായിരിക്കുമ്പോള്‍ അതിന്റെ പരിമളവും സൗന്ദര്യവും അറിയാനാവില്ല അതു വിടരണം. ക്ഷമയില്ലാതെ അതു വലിച്ചുകീറിയാല്‍ ഒരു പ്രയോജനവുമില്ല. ആ മൊട്ട് സ്വാഭാവികമായി വിടരാന്‍ വേണ്ടി, ക്ഷമയോടെ കാത്തിരിക്കണം. അപ്പോള്‍ മാത്രമേ അതിന്റെ സൗന്ദര്യവും സൗരഭ്യവും പൂര്‍ണ്ണമായി അനുഭവിക്കാന്‍ കഴിയൂ. ഇവിടെ വേണ്ടത് ക്ഷമയാണ്. ഏതുകല്ലിലും വിഗ്രഹം ഒളിഞ്ഞിരിപ്പുണ്ട്. ശില്‍പി അതിന്റെ വേണ്ടാത്ത ഭാഗങ്ങള്‍ കൊത്തിമാറ്റുമ്പോഴാണ് വിഗ്രഹം തെളിഞ്ഞു വരുന്നത്. എന്നാല്‍ ആ കല്ല് എത്രയോനേരം ശില്പിയുടെ മുന്നില്‍ ക്ഷമയോടെ ഇരുന്ന് കൊടുക്കുന്നതിന്റെ ഫലമാണ്, അതിന്റെ ആ സൗന്ദര്യരൂപം തെളിഞ്ഞുവരുന്നത്.
തമാശയായി പറയാറുള്ള ഒരു കഥ അമ്മയ്ക്ക് ഇപ്പോള്‍ ഓര്‍മവരുന്നു. ഒരു മഹാക്ഷേത്രത്തിന്റെ പുറത്ത് വഴിയില്‍ ഒരു കല്ല് കിടന്നിരുന്നു. ആ കല്ല് ഒരു ദിവസം പറഞ്ഞു :’ഞാനും കല്ലാണ്, ക്ഷേത്രത്തിലുള്ള വിഗ്രവും കല്ലാണ്. എന്നെ എല്ലാവരും ചവുട്ടുന്നു. ക്ഷേത്രത്തിലെ വിഗ്രഹത്തെ എല്ലാവരും ആരാധിക്കുന്നു.’ ഇതുകേട്ട ക്ഷേത്രത്തിലെ വിഗ്രഹം പറഞ്ഞു:’ഇപ്പോള്‍ എന്നെ എല്ലാവരും ആരാധിക്കുന്നത് മാത്രമേ നീ കാണുന്നുള്ളൂ. എന്നാല്‍ ഇവിടെ വരുന്നതിന് മുന്‍പ് ഒരു ശില്പി എന്റെ ദേഹത്ത് ഉളികൊണ്ട് ലക്ഷക്കണകിനു കൊത്തുകള്‍ കൊത്തി. ആ സമയമെല്ലാം ഞാന്‍ നിശ്ചലനായി ഇരുന്നുകൊടുത്തു. അതിന്റെ ഫലമാണ് എന്നെ ഇന്ന് അനേകര്‍ ആരാധിക്കുന്നത്.’ ശില്പിയുടെ ക്ഷമയാണ് ഇന്നതിനെ പൂജാവിഗ്രഹമാക്കി മാറ്റിയിരിക്കുന്നത്.
ആധ്യാത്മിക ജീവിതത്തില്‍ മുന്നേറാന്‍ മുഖ്യമായി വേണ്ട ഗുണം ക്ഷമയാണ്. കുന്തിയുടെയും ഗാന്ധാരിയുടെയും കഥ എല്ലാവര്‍ക്കും അറിവുള്ളതാണ്. ക്ഷമയുടെയും അക്ഷമയുടെയും ഉദാഹരണമായി ഇവരെ കാണിക്കാം. കുന്തി പ്രസവിച്ചപ്പോള്‍ ഗാന്ധാരിക്കു വിഷമമായി. തന്റെ കുട്ടി രാജാവാകണമല്ലോ, എന്നാല്‍, കുട്ടി ജനിക്കുന്നുമില്ല. വെപ്രാളമായി. ക്ഷമ നശിച്ചു. വയറ്റിലിടിച്ച് പ്രസവിച്ചു. കിട്ടിയതോ മാംസപിണ്ഡം. അതു കഷണങ്ങളാക്കി കുടത്തിലടച്ചു. അങ്ങനെ നൂറ്റുവര്‍ ജനിച്ചതായി കഥ പറയും. അവസാനം വരെ കാത്തിരിക്കാന്‍ ക്ഷമ ഉണ്ടായില്ല. ഫലമോ, അക്ഷമയുടെ സൃഷ്ടി നാശത്തിനു കാരണമായി. ക്ഷമയില്‍ നിന്ന് ഉടലെടുത്തത് വിജയം നേടി.
ഒരു കുട്ടിയെപ്പോലെ തുടക്കക്കാരനാവാന്‍ നാം പഠിക്കണം. തുടക്കക്കാരനേ ക്ഷമയുണ്ടാകുകയുള്ളൂ. ശ്രദ്ധ ഉണ്ടാകുകയുള്ളൂ. നമ്മില്‍ ഒരു കുട്ടിയുണ്ട്. അത് ഉറങ്ങിക്കിടക്കുകയാണ് എന്നു മാത്രം. അതിനെ ഉണര്‍ത്തണം. ഇപ്പോഴുള്ള ‘ഞാന്‍’ അഹങ്കാരത്തിന്റെ സൃഷ്ടിയാണ്. എന്നാല്‍,’ഉറങ്ങിക്കിടക്കുന്ന കുട്ടി’ ഉണര്‍ന്നു കഴിയുമ്പോള്‍, നിഷ്കളങ്കത താനേ വരും. ഏതില്‍ നിന്നും പാഠങ്ങള്‍ ഗ്രഹിക്കുവാനുള്ള ആഗ്രഹം വരും. അപ്പോള്‍ ക്ഷമയും ശ്രദ്ധയും താനേ വന്നുചേരും. അങ്ങനെ നമ്മിലെ ആ കുട്ടി വളരുമ്പോള്‍ ക്ഷമയും ശ്രദ്ധയും നമ്മളില്‍ നിറയും. പഴയ ‘ഞാനി’ന്, അഹങ്കാരത്തിന്റെ സൃഷ്ടിയായ’ഞാനി’ന്, പിന്നെ അവിടെ വസിക്കാന്‍ ഇടം കിട്ടില്ല. എപ്പോഴും ആ തുടക്കക്കാരന്റെ ഭാവമാണ് മക്കള്‍ക്ക് ഉണ്ടാവേണ്ടത്. എങ്കില്‍, ഏതില്‍ നിന്നും എന്തില്‍ നിന്നും ഏത് അവസരത്തിലും പാഠങ്ങള്‍ പഠിക്കുവാന്‍ മക്കള്‍ക്ക് സാധിക്കും. തുടക്കക്കാരന്റെ ഈ ഭാവം ജീവിതത്തില്‍ ഉടനീളം നിലനിര്‍ത്താന്‍ മക്കള്‍ ശ്രമിക്കണം. അതുകൊണ്ട് നേട്ടം മാത്രമേ ഉണ്ടാകുകയുള്ളൂ.
ഇന്ന് എല്ലാവര്‍ക്കും പല്ലു കാട്ടിയുള്ള ചിരി മാത്രമേ അറിയുകയുള്ളൂ. എന്നാല്‍ യഥാര്‍ത്ഥചിരി ഹൃദയത്തിന്റേതാണ്. നിഷ്കളങ്കമായ ഹൃദയത്തില്‍ക്കൂടി മാത്രമേ നമുക്കു യഥാര്‍ഥ ആനന്ദം അനുഭവിക്കുവാനും പകരുവാനും കഴിയൂ. അതിനുവേണ്ടത് ഇന്ന് മറഞ്ഞു കിടക്കുന്ന ആ ശിശുഹൃദയത്തെ പുറത്തുകൊണ്ട് വരികയാണ്. അതിനെ വളര്‍ത്തിയെടുക്കണം. ‘ഹീറോ’ ആവാന്‍ ആഗ്രഹിക്കുന്നമക്കളോട് അമ്മയ്ക്ക് ഒന്നു പറയാന്‍ ഉണ്ട് സീറോ ആയാല്‍ ‘ഹീറോ’ ആകാം എന്നു കേട്ടിട്ടില്ലേ? അഹങ്കാരത്തിന്റെ ‘ഞാന്‍’ഇല്ലാതാകുന്നതിനെപ്പറ്റിയാണ് അത്.
ആധ്യാത്മിക ജീവിതത്തിലേക്കുള്ള ചവിട്ടു പടികളില്‍ ഒന്നാമത്തേത് ക്ഷമയാണ്. അഹങ്കാരത്തിന്റെ ‘ഞാന്‍’ മാറിയ, കുട്ടിയുടെ മനസ്സുള്ള മക്കള്‍ക്ക് ആധ്യാത്മിക ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കും.
കടപ്പാട്: മാതൃഭുമി