അമൃതാനന്ദമയി അമ്മ
അമ്മയുടെ പാശ്ചാത്യരായ മക്കള്‍ യുദ്ധം കണ്ടു മടുത്തവരാണ്. അവര്‍ മനം മടുത്ത് അമ്മയോട് പലപ്പോഴും ചോദിക്കാറുണ്ട് ‘ഈ യുദ്ധങ്ങള്‍ക്ക് അറുതിയില്ലേ’എന്ന്.
ലോകാരംഭം മുതല്‍ ഭൂമിയില്‍ സംഘര്‍ഷമുണ്ട്. അതു പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിക്കില്ല എന്നു പറഞ്ഞാല്‍ മനോവിഷമം ഉണ്ടാകുന്ന കാര്യമാണ്. എങ്കിലും സത്യം അതല്ലേ? കാരണം, നല്ലതും ചീത്തയും ലോകത്തില്‍ എവിടെയുമുണ്ട്. നന്മയെ സ്വീകരിക്കാനും തിന്മയെ തിരസ്ക്കരിക്കാനുമുള്ള ശ്രമത്തിനിടയില്‍ സംഘര്‍ഷങ്ങളുണ്ടാകാന്‍ സാധ്യത ധാരാളമാണ്. അത്തരം സംഘര്‍ഷങ്ങള്‍ ആഭ്യന്തര ലഹളകളായും യുദ്ധമായും സമരമായുമൊക്കെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയെല്ലാം, ചില വ്യക്തികളുടെയും വിഭാഗങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നുവെന്ന് പറയാന്‍ സാധിക്കില്ല. അത്തരം സംഘര്‍ഷങ്ങളില്‍ അപൂര്‍വം ചിലതെങ്കിലും ഒരു രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും പൊതുവായ വികാരം മാനിച്ച് ചില മഹത്തായ ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടിയായിരുന്നു.
നിര്‍ഭാഗ്യവശാല്‍ മനുഷ്യര്‍ നടത്തിയിട്ടുള്ള ഒട്ടുമിക്ക യുദ്ധങ്ങളും സത്യത്തിനും നീതിക്കും നിരക്കാത്തവയായിരുന്നു. അത്യന്തം സ്വാര്‍ഥതനിറഞ്ഞ ലക്ഷ്യങ്ങളാണ് അവരുടെ എല്ലാം പിന്നിലുണ്ടായിരുന്നത്. ഏകദേശം ആയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ കാലഘട്ടം വരെ ഭാരതത്തില്‍ നടന്നിട്ടുള്ള യുദ്ധങ്ങളില്‍ സത്യത്തിനും ധര്‍മത്തിനും വലിയ സ്ഥാനമുണ്ടായിരുന്നു. അക്കാലത്ത് ഒരുമഹായുദ്ധമുണ്ടായി. ശത്രുവിനെ ആക്രമിച്ച് കീഴ്പ്പെടുത്തുക, വേണ്ടിവന്നാല്‍ നശിപ്പിക്കുക എന്നതൊക്കെ യുദ്ധത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍, യുദ്ധക്കളത്തിലും യുദ്ധമുറയിലും വ്യക്തവും നീതിഷ്ഠവുമായ നിയമങ്ങള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, കാലാള്‍പ്പട മറുപക്ഷത്തെ കാലാള്‍പ്പടയിലെ ഭടന്ന്മാരുമായി മാത്രമേ പൊരുതുവാന്‍ പാടുള്ളൂ. ആന, രഥം, കുതിര എന്നിവയില്‍ സഞ്ചരിക്കുന്ന ഭടന്മാരുടെ കാര്യവും അതുപോലെ തന്നെയായിരുന്നു. ഗദ, വാള്, അമ്പും വില്ലും എന്നീ ആയുധങ്ങളേന്തി യുദ്ധം ചെയ്യുന്നവരും ഇതേ നിയമം പാലിക്കണം. യുദ്ധത്തില്‍ മുറിവേറ്റ ആളിനെയോ, നിരായുധനായ ഭടനെയോ ആക്രമിക്കാന്‍ പാടില്ല. സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍ എന്നിവരെ ഉപദ്രവിക്കരുത്. സൂര്യോദയത്തില്‍ ശംഖനാദം മുഴക്കി യുദ്ധം ആരംഭിക്കും. സൂര്യാസ്തമനമായാല്‍ യുദ്ധം നിര്‍ത്തും. അതുകഴിഞ്ഞാല്‍ ഇരുപക്ഷവും ഒരുമിച്ച് ആഹാരം കഴിച്ച സന്ദര്‍ഭങ്ങളെക്കുറിച്ചു പോലും നമ്മള് കേട്ടിട്ടുണ്ട്. വീണ്ടും പ്രഭാതത്തില്‍ യുദ്ധം ആരംഭിക്കും.
യുദ്ധം ജയിച്ച രാജാവ്, ശത്രുപക്ഷത്തുനിന്നും താന്‍ പിടിച്ചെടുത്ത രാജ്യവും സമ്പത്തും കീഴടങ്ങിയ രാജാവിനോ അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ക്കോ സന്തോഷത്തോടെ മടക്കിക്കൊടുത്ത ചരിത്രവുമുണ്ട്. ഇതായിരുന്നു ധര്‍മ്മയുദ്ധത്തിന്റെ പൊതുവായ സ്വഭാവം. യുദ്ധക്കളത്തിലും യുദ്ധാനന്തരവും ശത്രുവിനെ ആദരവോടും ദയയോടും പരിഹരിക്കുന്ന മഹത്തായ പാരമ്പര്യം! ശത്രുരാജ്യത്തിലെ ജനങ്ങളുടെ വികസനവും അവരുടെ സംസ്കാരവും മാനിച്ചിരിക്കുന്ന ധീരമായ കാഴ്ചപ്പാടായിരുന്നു അന്ന് ഉണ്ടായിരുന്നത്.
ഇന്ന് ഭീകരാക്രമണം തടയാന്‍ സുരക്ഷാനടപടികള്‍ കര്‍ക്കശമായിരിക്കുന്നു. അങ്ങനെയുള്ള നടപടികള്‍ അത്യാവശ്യമില്ല എന്ന് അമ്മ പറയുന്നില്ല. എന്നാല്‍ ഈ പരിശോധനകള്‍ ഒന്നിനും ശാശ്വതപരിഹാരമാകുന്നില്ല. സ്ഫോടനവസ്തുക്കള്‍ക്കുവേണ്ടി തിരച്ചില്‍ നടത്താന്‍ യന്ത്രങ്ങളും നായകളും ഉണ്ട്.
എന്നാല്‍ ഏറ്റവും വിനാശകാരിയായ ഒരു സ്ഫോടകവസ്തുവുണ്ട്. അതിനെ കണ്ടെത്താന്‍ കഴിയുന്ന യന്ത്രങ്ങള്‍ ഇന്നില്ല. ഒരു വിമാനതാവളത്തിലും അവ സ്ഥാപിക്കപ്പെട്ടിട്ടില്ല. അത് മനുഷ്യമനസ്സിലെ പകയും വെറുപ്പും വിദ്വേഷവുമാണ്. ഇത്തരം വിനാശകാരികളായ വികാരങ്ങള്‍ തുടച്ചുനീക്കാതെ ലോകത്തില്‍ യുദ്ധങ്ങളും ഭീകരാക്രമണങ്ങളും അവസാനിപ്പിക്കാന്‍ കഴിയില്ല.
ശത്രുരാജ്യങ്ങെളെ എല്ലാവിധത്തിലും നശിപ്പിക്കുക, അവയുടെ മേല്‍ ആതിപത്യം സ്ഥാപിക്കുക, അവരുടെ ഭൂമിയും സമ്പത്തും കൊള്ളയടിച്ച് ആസ്വദിക്കുക, തലമുറകള്‍ പഴക്കമുള്ള അവയുടെ സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും തായ്വേരറുക്കുക, നിരപരാധികളെ നിഷ്കരുണം കൊന്നുതള്ളുക ഇങ്ങനെ പലമുറകളുമുണ്ട് യുദ്ധത്തിന്. യുദ്ധത്തിന് ഉപയോഗിക്കുന്ന ബോബും മറ്റായുധങ്ങളും അന്തരീക്ഷത്തില്‍ വിഷം വിതറുന്നു. അത് ഇനിവരുന്ന തലമുറകളുടെ പോലും ശാരീരികവും മാനസ്സികവുമായ ആരോഗ്യത്തെയും ബാധിക്കുന്നു. പേരറിയാത്ത പലരോഗങ്ങളും ഇങ്ങനെയാണ് ഉണ്ടാകുന്നത്. തുടര്‍ന്ന് ദാരിദ്ര്യവും പട്ടിണിമരണവും പകര്‍ച്ചവ്യാധികളും നടമാടുന്നു. ഇതൊക്കെയാണ് യുദ്ധം മനുഷ്യന് സമ്മാനിക്കുന്നത്.
സമ്പന്ന രാജ്യങ്ങള്‍ നിര്‍മ്മിക്കുന്ന ആധുനിക ആയുധങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ടിയും യുദ്ധങ്ങള്‍ നടപ്പിലാക്കുന്നു. ഏതു കര്‍മമായാലും ഏതു യുദ്ധമായാലും ശരി സത്യധര്മ്മാദികള് സംരക്ഷിക്കുക എന്നുള്ളതായിരിക്കണം ലക്ഷ്യം. യുദ്ധം വേണമെന്ന് അമ്മ പറഞ്ഞതായി മക്കള്‍ ധരിക്കരുത്.
ഒരുകാലത്തും യുദ്ധം ഒരാവശ്യമേയല്ല-എന്നാലും മനുഷ്യന്റെ മനസ്സില്‍ സംഘര്‍ഷം ഉള്ളിടത്തോളം കാലം പുറം ലോകത്തെ യുദ്ധം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ നമുക്ക് കഴിയുമോ?
ശാസ്ത്രത്തെയും മതവിശ്വാസത്തെയും രണ്ടാക്കി മാറ്റിയതാണ് സമൂഹത്തില്‍ക്കാണുന്ന പല സഘര്‍ഷങ്ങള്‍ക്കും കാരണം. മതവും ശാസ്ത്രവും കൈകോര്‍ത്ത് പോകേണ്ടതാണ്. ശാസ്ത്രീയ പിന്‍ബലത്തോടെ മനുഷ്യന്റെ മനസ്സില്‍നിന്നും പകയും വിദ്വേഷവും തുടച്ചു നീക്കാന്‍ നമുക്ക് മുന്നിട്ടിറങ്ങണം. എല്ലാ മതങ്ങളുടെയും കാതല്‍ സ്നേഹംതന്നെയാണ്. ശാസ്ത്രനേട്ടങ്ങള്‍ മനുഷ്യരാശിയുടെ സമാധാനത്തിന് വേണ്ടി ആയിരിക്കണം.
ചരിത്രത്തിലെ ഇന്നലെകള്‍ നമുക്ക് പാഠമാക്കണം. പക്ഷേ, അവിടെ ജീവിക്കരുത്. ഭൂതകാലത്തിന്റെ ഇടവഴികളില്‍ നിന്നും ശാന്തിയുടെയും സമാധാനത്തിന്റെയും ആകാശത്തിലേക്കു വരാന്‍ നമ്മള് ശ്രമിക്കണം. ഇതിനുവേണ്ടി മക്കള്‍ പ്രയത്നിക്കണം.
കടപ്പാട്: മാതൃഭുമി